മൂന്നാര്‍: ലോക ടൂറിസംദിനത്തോടനുബന്ധിച്ച് മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകള്‍, ഹരിത കേരളം, യു.എന്‍.ഡി.പി, ഉത്തരവാദിത്വ ടൂറിസം മിഷന്‍, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, റീ സിറ്റി, ഐ.ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തില്‍ എന്റെ മൂന്നാര്‍ എന്റെ ഉത്തരവാദിത്വം എന്ന പേരില്‍ മൂന്നാറിനെ മാലിന്യവിമുക്തവും ഹരിത സുന്ദരവുമായ ടൂറിസ്റ്റ് കേന്ദ്രം ആക്കുന്ന പദ്ധതിക്ക് തുടക്കമായി.

മൂന്നാറിലേക്കുള്ള സഞ്ചാരപാത പൂര്‍ണമായും ഹരിത ഇടനാഴി ആക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടി പള്ളിവാസല്‍ രണ്ടാം മൈല്‍ 'ടേക്ക് എ ബ്രേക്കി'നു സമീപം ഞായറാഴ്ച രാവിലെ ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സഞ്ചാരികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലഘുലേഖകളും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരമായി തുണിസഞ്ചികളും വിതരണംചെയ്തു.

ശേഷം കരടിപ്പാറ, രണ്ടാം മൈല്‍, മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. പരിസരം, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളിലായി സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധവത്കരണവും തുടര്‍ന്ന് ടൗസിലെ ടാക്‌സി ഡ്രൈവര്‍മാരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നല്‍കി. മൂന്നാര്‍ പള്ളിവാസല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കി.

ചടങ്ങില്‍ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴി, പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രജീഷ് കുമാര്‍, ഹരിത കേരളം കോ-ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍, യു.എന്‍.ഡി.പി. കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ എം, വി.എസ്.എസ്. എസ്. ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, റീ സിറ്റി പ്രോജക്ട് ലീഡര്‍ അബ്ദുള്‍ നൂര്‍, ഐ.ആര്‍.ടി.സി. കണ്‍സള്‍ട്ടന്റ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: my munnar, my responsibilty plan started