മഞ്ചേശ്വരം: സപ്തഭാഷാ സംസ്‌കൃതിക്കൊപ്പം പ്രകൃതി ദൃശ്യചാരുത നല്‍കി അനുഗ്രഹിച്ച നാട് കൂടിയാണ് മഞ്ചേശ്വരം. വിശാലമായ കടലോരവും ചരിത്ര സ്മാരകങ്ങളും ആരേയും മയക്കുന്ന ഉള്‍നാടന്‍ ഭൂപ്രകൃതിയുമെല്ലാമുണ്ടായിട്ടും വിനോദ സഞ്ചാര മേഖലയില്‍ കടുത്ത അവഗണനയിലാണ് ഇന്നും ഈ പ്രദേശം. മറ്റിടങ്ങളില്‍ വിനോദ സഞ്ചാര മേഖല പുതിയ വികസന സങ്കല്‍പ്പങ്ങളുമായി പുരോഗതിയിലേക്ക് ചുവടുറപ്പിക്കുമ്പോള്‍ മാറ്റത്തിന്റെ കാറ്റിനായി കാത്തിരിപ്പിലാണിവിടെ നാട്ടുകാര്‍.

ദൃശ്യവിരുന്നൊരുക്കി പൊസഡിഗുംപെ

കോടമഞ്ഞ് പുതച്ച് സഞ്ചാരികളെ മാടിവിളിക്കുന്ന മനോഹരമായ ദൃശ്യവിരുന്നാണ് പൊസഡിഗുംപെ. സമുദ്രനിരപ്പില്‍നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹില്‍സ്റ്റേഷനാണിത്.പൈവളികെ പഞ്ചായത്തിലെ പെര്‍മുദെയില്‍നിന്നും ഏതാനും കിലോമീറ്റര്‍ അകലെയാണ് പൊസഡിഗുംപെ.

ഇടുങ്ങിയ കൈവഴികളിലൂടെ അരമണിക്കൂറോളം ചെങ്കുത്തായ കയറ്റം കയറിയാല്‍ പൊസഡിഗുംപെയുടെ നെറുകയിലെത്താം.

ഇവിടെനിന്ന് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വശ്യമായ മലനിരകളുടെ ചങ്ങലവട്ടം യാത്രികര്‍ക്ക് വേറിട്ട അനുഭവമാകും. വിശാലമായ പുല്‍ത്തകിടികളും സദാസമയവും തലോടുന്ന കുളിര്‍ കാറ്റുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

മംഗളൂരു പട്ടണവും കുദ്രെമുഖ്-ചിക്കമഗളൂര്‍ മലനിരകളും വിദൂര കാഴ്ചകളായി കണ്ണില്‍ നിറയും. ദേശീയപാതയില്‍ ബന്തിയോട് നിന്ന് 15 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. കണ്ടും കേട്ടുമറിഞ്ഞ് നിരവധിപേരാണ് പൊസഡിഗുംപെയിലെത്തുന്നത്.

അവധി ദിവസമാഘോഷിക്കാന്‍ കുടുംബസമേതം എത്തുന്നവരും ഏറെയാണ്. കാലമിത്രയായിട്ടും യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. പൊസഡിഗുംപെയിലെത്തുന്ന യാത്രക്കാരെ വിസ്മയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണിവിടുത്തെ വെള്ളച്ചാട്ടം.

വികസന വഞ്ചി കാത്ത് കണ്വതീര്‍ഥ

വടക്കേ അറ്റത്തേതും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നതുമായ കടലോരമാണ് കണ്വതീര്‍ഥ. ബീച്ച് ടൂറിസത്തിന് അനന്ത സാധ്യതയുള്ള ഇടം കൂടിയായത്. തൊട്ടടുത്തായി മഞ്ചേശ്വരം ബീച്ചുമുണ്ട്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഈ കടലോര പ്രദേശത്തിന്റെ വികസന സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ല.

Content Highlights: manjeswaram faces negligence