പറവൂര്‍: ഒടിഞ്ഞുചെരിഞ്ഞ മേല്‍ക്കൂരകള്‍. കാടുപിടിച്ച കൊട്ടാരവളപ്പ്. പകല്‍ പോലും കടന്നുചെല്ലാന്‍ ഭയം തോന്നുന്ന അന്തരീക്ഷം... പൈതൃകവും പാരമ്പര്യവുമുള്ള കണ്ണന്‍കുളങ്ങരയിലെ കൊട്ടാരക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.

നാട്ടുരാജഭരണകാലത്ത് പറവൂരിന്റെ ഭരണാധിപനായിരുന്ന പറവൂര്‍ തമ്പുരാന്‍ പണിതതാണിത്. ഒട്ടേറെ നാട്ടുരാജാക്കന്‍മാരും ദിവാന്‍മാരും പ്രമാണിമാരും തമ്പുരാന്റെ ആതിഥേയത്വം സ്വീകരിച്ചു താമസിക്കുകയും വിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചരിത്രമന്ദിരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. 

കാലപ്പഴക്കത്തില്‍ കെട്ടിടഭാഗങ്ങള്‍ നാശോന്മുഖമായി. കാലാകാലത്തില്‍ അറ്റകുറ്റപ്പണി ഉണ്ടായില്ല. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പറവൂരില്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഒരേക്കറോളം വരുന്നതാണ് കൊട്ടാരവളപ്പ്. സമീപത്തുതന്നെ പടിപ്പുരയുള്ള കുളവുമുണ്ട്.

ഇതും നാശത്തിന്റെ വക്കിലാണ്. തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തുനിന്ന് വടക്ക് കൊച്ചി, മലബാര്‍ യാത്രാവേളകളില്‍ പ്രധാന ഇടത്താവളം പറവൂരായിരുന്നു. ജലമാര്‍ഗം പറവൂര്‍ പുഴയിലൂടെ വള്ളത്തിനും മറ്റും എത്തുന്നവര്‍ക്ക് ഇവിടെ ഇറങ്ങാന്‍ പുഴയോരത്ത് തട്ടുകളുള്ള കടവ് (ഇപ്പോള്‍ തട്ടുകടവ്) അക്കാലത്ത് പണിതീര്‍ത്തിരുന്നു.

കണ്ണന്‍കുളങ്ങര ക്ഷേത്രം അക്കാലത്ത് പ്രധാന ഊട്ടമ്പലങ്ങളില്‍ ഒന്നായിരുന്നു. ക്ഷേത്രത്തിനു കിഴക്കേ നടയില്‍ അഗ്രഹാരവുമുണ്ട്. രാജഭരണം അവസാനിച്ചപ്പോള്‍ ക്ഷേത്രവും കൊട്ടാരവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലായി. ഏതാനും വര്‍ഷംമുമ്പ് ചരിഞ്ഞ ദേവസ്വം ആനയായ കണ്ണന്‍കുളങ്ങര ശശിയെ തളച്ചിരുന്നത് കൊട്ടാരവളപ്പിലാണ്. കാലങ്ങളായി ഇവിടം അവഗണനയില്‍ കിടക്കുന്നതിനാല്‍ കെട്ടിടവും സ്ഥലവും നാശത്തെ നേരിടുകയാണ്. കൊട്ടാരം സംരക്ഷിച്ചില്ലെങ്കില്‍ പറവൂരിന്റെ പഴയകാല ചരിത്രത്തിന്റെ പരിച്ഛേദമാണ് നേര്‍ക്കാഴ്ചയില്‍ നിന്നും അപ്രത്യക്ഷമാവുക.

വികസനം നടപ്പാക്കാനായില്ല

മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ രണ്ടരക്കോടി രൂപയുടെ വികസനം വി.ഡി. സതീശന്‍ എം.എല്‍.എ. നടപ്പിലാക്കാന്‍ ഏഴു വര്‍ഷം മുമ്പ് വിശദമായ പദ്ധതി തയാറാക്കി. ദേവസ്വത്തിന്റെ ഉടമസ്ഥത നിലനിര്‍ത്തികൊണ്ടുതന്നെ കൊട്ടാരവും ഊട്ടുപുരയും ആനക്കൊട്ടിലും തനിമ ചോരാതെ പുനരുദ്ധരിക്കാനായിരുന്നു പദ്ധതി. പറവൂരിലും കൊടുങ്ങല്ലൂരിലുമായി വ്യാപിച്ചുകിടക്കുന്ന മുസിരിസ് പൈതൃക ടൂറിസം പദ്ധതിയില്‍ ഇതും ഒരു പ്രധാന കേന്ദ്രമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ വികസനം നടപ്പിലായില്ല.

മാതൃകയായി പൈതൃക പുനഃസ്ഥാപനം

മുസിരിസ് പദ്ധതിപ്രകാരം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ പൈതൃക പാരമ്പര്യ പുനഃസ്ഥാപന സംരക്ഷണ നവീകരണ പദ്ധതികള്‍ ഇപ്പോഴും നടപ്പിലാക്കിവരുന്നുണ്ട്. പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഊട്ടുപുര നിലവറ മാളിക, ടെമ്പിള്‍ മ്യൂസിയം, ക്ഷേത്ര സംഗ്രഹാലയം എന്നിവ ഇതില്‍പ്പെടുന്നു.

ഒന്‍പതാം നൂറ്റാണ്ടില്‍ തളിയാതിരിമാര്‍ നിര്‍മിച്ച പ്രാചീന ക്ഷേത്രമായ കീഴ്ത്തള്ളി ക്ഷേത്രവും പുരാവസ്തു വകുപ്പിന്റെ അതിപ്രധാന സംരക്ഷിത സ്മാരകമാണ്. ചേരമാന്‍ ജുമാ മസ്ജിദ്, ചേന്ദമംഗലം ഹോളിക്രോസ് പള്ളി എന്നിവയും ഈ ശൃംഖലയില്‍ തനിമ നിലനിര്‍ത്തി പുനരുദ്ധരിച്ചുവരുന്നു. ഗോതുരുത്തില്‍ ചവിട്ടുനാടക പെര്‍ഫോമന്‍സ് സെന്ററും മ്യൂസിയവുമുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക സ്മാരക കേന്ദ്രങ്ങളിലൊന്നായി മുസിരിസ് പൈതൃക പ്രദേശങ്ങളെ ഉള്‍പ്പെടുത്താനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

Content Highlights: kannankulangara palace faces bad situation