കരുളായി: കാട്ടാനച്ചന്തം കാണാന്‍ പാരിസ്ഥിതിക വിനോദസഞ്ചാരകേന്ദ്രമായ നെടുങ്കയത്തേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. ജില്ലയില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഏറെയുണ്ടെങ്കിലും കാട്ടാനച്ചന്തം കാണാന്‍ നെടുങ്കയത്തുതന്നെ വരണം. കഴിഞ്ഞ കുറേദിവസങ്ങളായി നെടുങ്കയത്തെത്തുന്ന സഞ്ചാരികളുടെ മനം കവരുകയാണ് കാട്ടാനക്കൂട്ടങ്ങള്‍. ചെറുപുഴ ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് നെടുങ്കയത്തേക്കുള്ള കാനനപാതയ്ക്കരികില്‍ തരിശിലാണ് കാട്ടാനക്കൂട്ടമുള്ളത്.

കരിമ്പുഴയിലേക്ക് വെള്ളം കുടിക്കാനും നീരാടാനും കൂട്ടമായി പോകുമ്പോഴും, നീരാട്ടുകഴിഞ്ഞ് മടങ്ങുമ്പോഴുമാണ് ഇവര്‍ കാനനപാത മുറിച്ചുകടക്കുന്നത്. പലപ്പോഴും ഇവ റോഡ് മുറിച്ചുകടക്കുന്ന കാഴ്ചയും കാണാനാകും. കൂട്ടത്തിലുള്ള കുട്ടിയാനകളുടെ കുസൃതികളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. കഴിഞ്ഞ കുറെദിവസങ്ങളായി നെടുങ്കയത്തെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുള്ളതായി വനം അധികൃതര്‍ പറഞ്ഞു. ചെറുപുഴ ചെക്ക്പോസ്റ്റ് കഴിഞ്ഞ് രണ്ടരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ നെടുങ്കയത്തെത്താം. ഇതില്‍ ഒന്നരകിലോമീറ്ററോളം റോഡ് കടന്നുപോകുന്നത് ആനത്താരയിലൂടെയാണ്. അതുകൊണ്ടുതന്നെ ആനകളെ കാണാനുള്ള സാധ്യതയും ഏറെയാണ്.

നെടുങ്കയം കോളനിയിലേക്കുള്ള വാഹനങ്ങളും, വനംവകുപ്പിന്റെ വാഹനങ്ങളും നിത്യേന കടന്നുപോകുന്ന ഈ വഴിയില്‍ അടുത്തകാലത്തൊന്നും ആനകള്‍ വാഹനങ്ങളെയും ആളുകളെയും ആക്രമിച്ചിട്ടില്ല. എങ്കിലും ഒച്ചയെടുത്തും മറ്റും പ്രകോപനമുണ്ടാക്കിയാല്‍ ആനകള്‍ ആക്രമിച്ചേക്കാം. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി കുട്ടികളേയും മറ്റും ഇറക്കി അധികനേരം ആനകളെ നിരീക്ഷിക്കരുതെന്ന് വനം അധികൃതര്‍ മുന്നറിയിപ്പുനല്‍കുന്നു. ചെറുപുഴയിലും, നെടുങ്കയത്തും വാനരക്കൂട്ടങ്ങളുടെ കുസൃതികളും കാണാം.

Content Highlights: forest elephants in nedumkayam