ശ്യമനോഹരമായ സ്ഥലങ്ങളിലേക്ക് ഒരു കൂട് വിട്ട് കൂട് മാറ്റം. അതാണ് യാത്ര കൊണ്ട് പലരും ലക്ഷ്യം വെയ്ക്കുന്നത്. ജോലിയുടെ തിരക്കിലും പിരിമുറുക്കങ്ങള്‍ക്കുമിടയില്‍ ചിലര്‍ മരുഭൂമിയിലെ ജലാശയം എന്ന കണക്ക് യാത്രകളില്‍ ആശ്വാസം കണ്ടെത്തുകയാണ്. നമ്മള്‍ എവിടെയെങ്കിലും വെറുതെ പോയി വരുമ്പോള്‍ അത് യാത്രയാവില്ല. യാത്രയ്ക്കിടയിലുള്ള ഓരോ നിമിഷവും ആസ്വദിക്കാന്‍ കഴിയണം. യാത്രാമദ്ധ്യേ കണ്ടെത്തുന്ന ഓരോന്നിനും ഓരോന്നിലും ഓരോ കഥകളുണ്ടാവും. ആ കഥകള്‍ക്ക് കാതോര്‍ക്കണം. കാതോര്‍ക്കുമ്പോള്‍ യാത്ര ഓരോ അനുഭവങ്ങളായി മാറും. യാത്രകള്‍  പലരുടെയും സ്വപ്നങ്ങളാണ്. എന്നാല്‍ യാത്ര പാഷനാക്കിയ ചിലരുണ്ട്.  മഹാമാരിക്കാലത്ത് നമ്മുടെ ജീവിതരീതികളില്‍ മാത്രമല്ല, യാത്രകളിലും ഒരുപാട് മാറ്റങ്ങളുണ്ടായി. അത്തരം യാത്രകളെ പറ്റി പ്രതികരിക്കുകയാണ് പ്രമുഖ ട്രാവല്‍ വ്‌ളോഗേഴ്‌സ്.

roby das
റോബി ദാസ്‌

യാത്രയിലെ പുതിയ ശീലങ്ങള്‍
യാത്രകളില്‍ പ്രധാനപ്പെട്ട വസ്തുകളില്‍ ഒന്നായി മാസ്‌ക് ഇടം പിടിച്ചു. കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മാസ്‌കും സാനിറ്റൈസറും യാത്രകളില്‍ ഒപ്പം കൂടി. യാത്രകളുടെ ആസ്വാദനത്തെ മാസ്‌ക് തടയുന്നതായി തോന്നിയിട്ടുണ്ട്. പണ്ട് യാത്രകളില്‍ എല്ലാവരുമായി അടുത്തിടപഴകുവാന്‍ സാധിക്കുമായിരുന്നു. ഷേക്ക് ഹാന്‍ഡ് കൊടുക്കുക, ഹഗിങ് അതുപോലെയുള്ള കാര്യങ്ങളൊക്ക മാറി. എല്ലാവരുമായി ഒരു ഗ്യാപ് അല്ലെങ്കില്‍ ഡിസ്റ്റന്‍സ് മെയിന്റൈന്‍ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ യാത്ര ദുബായ്, യുക്രെയ്ന്‍ എന്നിവിടങ്ങളിലേക്കായിരുന്നു. ഫ്ളൈറ്റില്‍ അടുത്തിരിക്കുന്നവരെ എല്ലാം സംശയത്തിന്റെ കണ്ണിലാണ് എല്ലാവരും നോക്കി കാണുന്നത്. അവര്‍ക്ക് രോഗം ഉണ്ടാകുമോ എനിക്ക് പകരുമോ എന്നൊക്കെ സംശയമുണ്ടാകും. പണ്ട് യാത്രകളിലുണ്ടായിരുന്ന ഫ്രീഡം കുറഞ്ഞു. ഇപ്പോള്‍ ടൂറിസ്റ്റ് വിസയ്ക്ക് പോലും മെഡിക്കല്‍ ചെക്കപ്പിന്റെ ആവശ്യമുണ്ട്. പുതിയ ശീലങ്ങളായി ഇത് മാറി കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും കോവിഡിനൊപ്പം ജീവിക്കാന്‍ പഠിച്ചു.

റോബി ദാസ്
ചാനല്‍-റോബി ഓണ്‍ വീല്‍സ്


 

nidhi sosa kurian
നിഥി ശോശാകുര്യന്‍

ലോക്ക്ഡൗണ്‍ പൊടിതട്ടിയെടുത്ത യാത്രകള്‍
ആളുകള്‍ കുറച്ചുകൂടി ഹെല്‍ത്ത് കോണ്‍ഷ്യസ് ആയപോലെ തോന്നി. സാനിറ്റൈസര്‍ ഉപയോഗിക്കണം ശുചിത്വം പാലിക്കണമെന്നൊക്കെയുള്ള ബോധം എല്ലാവര്‍ക്കും തോന്നി തുടങ്ങി. ലോക്ക്ഡൗണ്‍ കാലം പലര്‍ക്കും യാത്ര ചെയ്യാനുളള ആഗ്രഹങ്ങളെ പൊടിതട്ടിയെടുത്തു. അതിന് മുന്‍പ് പലര്‍ക്കും ഒഴിവുസമയങ്ങള്‍ എന്നത് ഇല്ലായിരുന്നു. കേരളത്തിനുള്ളില്‍ ആളുകള്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. പക്ഷേ കേരളത്തിന് പുറത്ത് അത്ര ശ്രദ്ധയുണ്ടോ എന്നത് സംശയമാണ്. ഇപ്പോള്‍ യാത്ര ചെയ്യുമ്പോള്‍ കേരളത്തിലെ ചെറിയ കടകളില്‍ പോലും സാനിറ്റൈസര്‍ ലഭ്യമാണ്. കേരളത്തിന് സ്വന്തമായ കുറേ കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ പലപ്പോഴും എക്സപ്ലോര്‍ ചെയ്യപ്പെടാറില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ടൂറിസം  ഒളിഞ്ഞു കിടപ്പുണ്ട്. ബാംഗ്ലൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധിയാണ്. പ്രൊഡക്റ്റീവാകാനും മൈന്‍ഡ് ഫ്രഷാകാനും ഇത് സഹായിക്കും. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എക്കോ ഫ്രണ്‍ഡ്ലിയായി മെയിന്റൈന്‍ ചെയ്യണം. തിരിച്ചറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളില്‍ ശ്രദ്ധചെലുത്തുകയാണെങ്കില്‍ കേരളത്തിന് അതൊരു വരുമാന സ്രോതസ്സ് കൂടിയാകും.

നിഥി ശോശാ​ കുര്യന്‍
ചാനല്‍-നിഥി കുര്യന്‍


 

geethu mohandas
ഗീതു മോഹന്‍ദാസ്

ആശങ്കകളുടെ യാത്ര
പണ്ടൊക്കെ ജോലിക്കിടയിലുള്ള ടെന്‍ഷനും മറ്റും മാറാന്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും എല്ലാവരും യാത്ര ചെയ്യുമായിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ നിയന്ത്രണങ്ങള്‍ വന്നു. ജോലി പലതും വര്‍ക്ക് ഫ്രം ഹോമായി. ഓഫീസില്‍ ചെന്ന് കൂട്ടുകാരുമൊക്കെയായി സംസാരിച്ചു ഉല്ലസിക്കാന്‍ കഴിയാതെ വന്നു. ഇത് പലര്‍ക്കും പല തരത്തിലുള്ള പിരിമുറുക്കങ്ങളുണ്ടാക്കി. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ നോക്കി യാത്ര ചെയ്തിരുന്ന കാലമൊക്കെ കഴിഞ്ഞു. പലരും ഗൂഗിളും മറ്റും നോക്കി തിരിച്ചറിയാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആരംഭിച്ചു. തിരക്കുള്ള സ്ഥലങ്ങളോട് പ്രിയം കുറഞ്ഞു. തിരക്ക് കുറഞ്ഞ സ്ഥലങ്ങള്‍ മതി. പ്രാദേശികമായ സ്ഥലങ്ങള്‍ പലതും ടൂറിസത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നു. യാത്രളില്‍ ആശങ്കകള്‍ കോവിഡ് കാലത്ത് ഉടലെടുത്തു. യാത്ര പോകുന്നയിടത്ത് ആര്‍ടി-പിസിആര്‍ വേണോ, വാക്സിന്‍ സിംഗിള്‍ ഡോസ് വേണോ ഡബിള്‍ ഡോസ് വേണോ...അങ്ങനെയങ്ങനെയുള്ള ആശങ്കകള്‍. ഇത്തരം ആശങ്കകള്‍ കാരണം പലരും യാത്ര മാറ്റിവെയ്ക്കുന്നു. കോവിഡിന് മുന്‍പുള്ള യാത്രയില്‍ എവിടെ താമസിക്കണം, കാണാനുള്ള കാഴ്ചകള്‍, സൗകര്യങ്ങള്‍ ഇതൊക്കെ ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. 

ഗീതു മോഹന്‍ദാസ്
ചാനല്‍-ട്രാവല്‍ഗീത്


 

sherin paul
ഷെറിന്‍ പോള്‍

കോവിഡ് കാലത്തെ ടിക്കറ്റുകള്‍ 
ഒരേ സ്ഥലത്തേക്ക് യാത്ര പോകുകയാണെങ്കിലും വ്യത്യസ്ത അനുഭവങ്ങളുണ്ടാകും. ഒരേ സ്ഥലത്ത് രണ്ടു തവണ പോകുമ്പോള്‍ ഈ വ്യത്യാസം തിരിച്ചറിയാം. കോവിഡ് മാറിയിട്ടൊരു യാത്ര ഇനിയുമേറെ ദൂരയാണ്. അതിനാല്‍ ഇപ്പോഴുള്ള സാഹചര്യം മനസ്സിലാക്കി അതിനോടൊപ്പം യാത്ര ചെയ്യുക. യാത്രയില്‍ ഇപ്പോള്‍ മാസ്‌കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റും ഇടം നേടി. യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കുക എന്ന് പറയുന്നത് പോലെയാണിത്. ലോക്ക്ഡൗണ്‍ ആയതോടെ സമയം കളയാന്‍ പലരുമിപ്പോള്‍ യൂട്യൂബിനെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ പലരും യാത്ര വീഡിയോകളും മറ്റും കണ്ട് പുതിയ സ്ഥലങ്ങള്‍ എക്സപ്ലോര്‍ ചെയ്യുകയാണ്. ചെറുപ്പം മുതലേ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാര വീഡിയോകള്‍ കണ്ട് ആവേശം കയറിപ്പോള്‍ ഈ സ്ഥലങ്ങളെല്ലാം നേരിട്ട് കാണണമെന്ന് തോന്നി. 

ഷെറിന്‍ പോള്‍
ചാനല്‍-ഷെറിന്‍സ് വളോഗ്സ്

Content Highlights; covid time travel changes; a small statement by travel vloggers