കോതമംഗലം: അയ്യേ ഇതാണോ ഭൂതത്താന്‍കെട്ട്....കാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തുന്ന ആരും വഴിയോരത്തെ മാലിന്യം കണ്ടാല്‍ ഇങ്ങനെ ചോദിച്ചുപോകും. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭംഗിക്ക് കളങ്കമാകുകയാണിത്. അതുപോലെ വാഹനങ്ങള്‍ റോഡിലും പാലത്തിലും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് ഗതാഗതത്തിനും തടസ്സമാകുകയാണ്.

കാടിന്റെ വന്യതയില്‍ അല്പസമയം ചെലവഴിക്കാനെത്തുന്നവര്‍ക്ക് മാലിന്യക്കൂമ്പാരത്തിനു നടുവിലൂടെ പോകേണ്ട സ്ഥിതിയാണ്. ഭൂതത്താന്‍കെട്ട് ഡാമിന് സമാന്തരമായുള്ള പുതിയപാലം വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്.

ഡാമിന് താഴെ പുഴയോരത്ത് സഞ്ചാരികള്‍ക്ക് കാടുംപുഴയും ആസ്വദിച്ച്് വിശ്രമത്തിനായി പണിത ഇരിപ്പിടത്തിന്റെ പരിസരത്താണ് കുറ്റിക്കാടും മാലിന്യവും നിറഞ്ഞിരിക്കുന്നത്. പാര്‍ക്കിലും വേണ്ട സജ്ജീകരണമായിട്ടില്ല. അടിക്കാട് വെട്ടിത്തെളിച്ചിട്ട് ഏറെയായി. കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമുള്ളത് വേണ്ട പരിപാലനം ഇല്ലാതെ നശിക്കുകയാണ്.

നടത്തിപ്പുകാര്‍ക്ക്്ഉത്തരവാദിത്വമില്ലേ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഓഗസ്റ്റിലാണ് കേന്ദ്രം തുറന്നത്. കണ്‍ടെയ്ന്‍മെന്റ് സോണായതോടെ വീണ്ടും അടച്ചു. പിന്നീട് ഒരാഴ്ച മുമ്പാണ് തുറന്നത്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ തിരക്കേറിയതോടെ പലയിടത്തും മാലിന്യവും കുമിഞ്ഞുകൂടുകയാണ്. മാസങ്ങളായി ടൂറിസ്റ്റ് കേന്ദ്രത്തിലെ മാലിന്യനീക്കം സ്തംഭിച്ചിരിക്കുകയാണ്. ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിക്കാണ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ചുമതലയെങ്കിലും നടത്തിപ്പ് ചുമതല സ്വകാര്യ ഏജന്‍സിക്ക് ലീസ് കൊടുത്തിരിക്കുകയാണ്. അവരാകട്ടെ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കാടിനും ഭീഷണി

വനംവകുപ്പിന് കീഴിലുള്ള പഴയ ഭൂതത്താന്‍കെട്ടിലേക്കുള്ള പാതയും പരിസരവും മാലിന്യഭീഷണിയിലാണ്. പാറക്കെട്ടുകളും നിബിഡവനവും ചേര്‍ന്ന ഇവിടം ആന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. പ്ലാസ്റ്റിക് കാരിബാഗില്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടം പലയിടത്തും ചിതറിക്കിടക്കുന്നത് ഭക്ഷിക്കുന്ന വന്യജീവികള്‍ക്ക് അപകടത്തിന് സാധ്യതയുണ്ട്്.

കുമിയുന്ന മാലിന്യം

റോഡിന്റെ ഓരങ്ങളിലും കുറ്റിക്കാടുകള്‍ക്കുള്ളിലുമെല്ലാം മാലിന്യം കുന്നുകൂടുകയാണ്. സന്ദര്‍ശകരും വഴിയോര കച്ചവടക്കാരുമെല്ലാം മാലിന്യം വലിച്ചെറിയുന്നു. മാസ്‌ക് മുതല്‍ പേപ്പര്‍ പ്ലേറ്റ്്, ശീതളപാനീയ-ബിയര്‍ കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയെല്ലാം നിരത്തുകളിലെങ്ങുമുണ്ട്. നാട്ടുകാര്‍ക്ക് പുറമേ വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളും ധാരാളമായെത്തുന്ന ഭൂതത്താന്‍കെട്ടില്‍ ശുചിത്വം ഉറപ്പാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. ഇടപെടല്‍ വൈകിയാല്‍ ഭൂതത്താന്‍കെട്ടിന്റെ സൗന്ദര്യവും മാലിന്യക്കൂമ്പാരത്തില്‍ മുങ്ങുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
 

Content Highlights: bhoothathankettu full of waste