പ്രക്യതിയൊരുക്കിയ സ്യഷ്ടികളില്‍ നിന്നും വിഭിന്നമാണ് മനുഷ്യകരങ്ങളില്‍ വിരിഞ്ഞ അത്ഭുതങ്ങള്‍. സാങ്കേതികവിദ്യകള്‍ കൈയ്യെത്താ ദൂരത്തായിരുന്ന പ്രാചീനകാലത്ത് മനുഷ്യകരങ്ങളിലൊരുങ്ങിയ ചില അത്ഭുതസ്യഷ്ടികളുണ്ട്. അത്തരമൊരു അത്ഭുതമാണ് ഏഴ് ലോകാത്ഭുതങ്ങള്‍ അഥവാ സ്പതാത്ഭുതങ്ങള്‍. അലക്‌സാന്‍ഡ്രിയന്‍ കാലഘട്ടത്തിലാണ് ഏഴ് ലോകാത്ഭുതങ്ങളെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇതിനും മുന്‍പ് തന്നെ ഹെറഡോട്ടസിന്റെ ചില ചരിത്രഗ്രന്ഥങ്ങളില്‍ പുരാതന ലോകാത്ഭുതങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഈ ഏഴ്  പ്രാചീന ലോകാത്ഭുതങ്ങളില്‍ ഇന്നും ലോകാത്ഭുതമായി നില്‍ക്കുന്നത് ദി ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ മാത്രമാണ്.  അലക്‌സാന്‍ഡ്രിയന്‍ കാലഘട്ടത്തിനു ശേഷമാണ് ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികകള്‍ പ്രചാരത്തില്‍ വരുന്നത്. 

great pyramid of giza
ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ |photo-gettyimages

ദി ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ 
പുരാതന ലോകാത്ഭുതങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഒരു ലോകാത്ഭുതമാണ് ദി ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ. 26 ബിസിയിലാണ് പിരമിഡ് പണികഴിപ്പിച്ചതെന്ന് കരുതുന്നത്.  481 അടിയുള്ള ഗ്രേറ്റ് പിരമിഡ് 3,800 വര്‍ഷങ്ങളോളം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിതിയായി നിലകൊണ്ടു. നാലാം രാജവംശത്തിലെ ഈജിപ്ഷ്യന്‍ ഫറവോ ഖുഫുവിന്റെ ശവകൂടീരമായിട്ടാണ് പിരമിഡ് നിര്‍മ്മിച്ചത്. ചതുരാക്യതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളുമാണ് ഈ പിരമിഡിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പിരമിഡിന്റെ അകത്ത് പ്രധാനമായും മൂന്ന് ചേമ്പറുകളാണുള്ളത്. ദി കിങ്‌സ്, ദി ക്വീന്‍സ്, ദി സബ് ടെറേനിയന്‍ ചേമ്പര്‍ എന്നിവയാണത്. 80 ടണ്ണോളം ഭാരമുള്ള കരിങ്കല്ലുകളും ഇതിലുണ്ട്. കൈറോയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള അസ്വവാനില്‍ നിന്നും ഈ കരിങ്കല്ലുകള്‍ കൊണ്ടുവരുന്നതായി പറയുന്നു. 

the hanging garden of babylon
ദി ഹാങിംഗ് ഗാര്‍ഡന്‍ ഓഫ് ബേബിലോണ്‍ |photo-gettyimage

ദി ഹാങിംഗ് ഗാര്‍ഡന്‍ ഓഫ് ബേബിലോണ്‍ 
ദി ഹാങിംഗ് ഗാര്‍ഡന്‍ ഓഫ് ബേബിലോണാണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്. പുരാതന നഗരമായ ബേബിലോണിലാണ് ഇത് നിര്‍മ്മിച്ചത്. നിലവില്‍ ഈ നഗരം ബാബില്‍ പ്രവിശ്യയിലെ ഹിലാഹ് ആണ്. ഇതിന്റെ നിര്‍മ്മിതിയെ പറ്റി രണ്ട് കഥകളാണ് നിലനില്‍ക്കുന്നത്.  നിയോ ബേബിലോണ്‍ രാജാവായ നിബുചാഡ്‌നെസര്‍ തന്റെ പത്‌നി അമിറ്റിസിന് വേണ്ടി പണിതതാണിതെന്ന് പറയുന്നുണ്ട്. അതോടൊപ്പം സെമീരാമിസ് എന്ന് രാജ്ഞി  പണികഴിപ്പിച്ചതാണിതെന്നും പറയുന്നു. അതിനാല്‍ ഇതിനെ ഹാങിംഗ് ഗാര്‍ഡന്‍ ഓഫ് സെമീരാമിസ് എന്നും പറയുന്നു. എന്നാല്‍ ഹാങിംഗ് ഗാര്‍ഡിന്റെ യഥാര്‍ഥ സ്ഥാനം ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പുരാതന ലോകാത്ഭുതങ്ങളില്‍ ഇപ്പോഴും യഥാര്‍ഥ സ്ഥാനം കണ്ടെത്താന്‍ കഴിയാത്ത ഒരേ ഒരു നിര്‍മ്മിതിയാണിത്. ബേബിലോണിയന്‍ ഗ്രന്ഥങ്ങളില്‍ എവിടെയും ഇതിനെ കുറിച്ച് പറയുന്നില്ല. ഇത്തരത്തില്‍ തൂങ്ങുന്ന പൂന്തോട്ടം നിലനിന്നിരുന്നതിനായി തെളിവുകളുമില്ല. ബി.സി ഒന്നാം നൂറ്റാണ്ടില്‍ ഇത് ഭൂകമ്പത്തില്‍ നശിച്ചതായി പറയുന്നു. 

temple of artemis
ജീര്‍ണിച്ച ടെംപിള്‍ ഓഫ് ആര്‍ടെമിസ് |photo-gettyimage

ടെംപിള്‍ ഓഫ് ആര്‍ടെമിസ് 
ലിഡിയയലെ രാജാവായിരുന്ന ക്രോസസ് ബി.സി 350 ല്‍ പണികഴിപ്പിച്ചതാണ് ടെംപിള്‍ ഓഫ് ആര്‍ടെമിസ്.  ടെംപിള്‍ ഓഫ് ആര്‍ടെമിസ് ടെംപിള്‍ ഓഫ് ഡയാന എന്നും അറിയപ്പെടുന്നു. എഫേസസ്സിലാണ് ഇത് സ്ഥിതി ചെയ്യപ്പെട്ടിരുന്നത്. ഇപ്പോഴിത് ടര്‍ക്കിയിലെ സെല്‍കുക്കാണ്. രണ്ട് തവണയാണ് ടെംപിള്‍ ഓഫ് ആര്‍ടെമിസ് പൂര്‍ണമായും പുനര്‍നിര്‍മ്മിച്ചതായി പറയുന്നത്. നിലവില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ആര്‍ടെമിസ് എന്ന ദേവതയെയാണ് ഇവിടെ ആരാധിച്ചിരുന്നത്. പ്രളയത്തിലാണ് ക്ഷേത്രം ആദ്യമായി നശിക്കപ്പെട്ടത്. പിന്നീട് ക്ഷേത്രം പുതുക്കി പണിയുന്നത് 550 ബി.സിയിലാണ്. അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയോടെ ക്ഷേത്രം പൂര്‍ണമായി അടച്ചു. 

statue of zeus
സ്റ്റാച്യു ഓഫ് സിയൂസ് |photo-gettyimage

സ്റ്റാച്യു ഓഫ് സിയൂസ്
സ്റ്റാച്യു ഓഫ് സിയുസ് 435 ബി.സിയില്‍ ഗ്രീക്ക് ശില്‍പ്പി ഫിദിയാസാണ് നിര്‍മ്മിച്ചത്. ഗ്രീക്ക് പുരാണത്തിലെ ദേവനായ സിയൂസിനായിട്ടാണ് പ്രതിമ സ്ഥാപിക്കപ്പെട്ടത്. സിയൂസ് ദേവന്‍ ഇരിക്കുന്ന രൂപത്തിലാണ് ഇതിന്റെ നിര്‍മാണം. 41 അടിയോളം ഉയരത്തിലാണ് സിയൂസ് ദേവന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത്.  എ.ഡി അഞ്ചാം നൂറ്റാണ്ടിലാണ് പ്രതിമ പൂര്‍ണമായും നശിപ്പിക്കപ്പെട്ടത്. ഒളിമ്പിക് ഗെയിംസിന്റെ നടത്തിപ്പുക്കാരായ എലിയന്‍സാണ് ഫിദിയാസിനെ ശില്‍പ്പത്തിന്റെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. 

mausolium
മൗസോളിയം ഓഫ് ഹലികര്‍ണ്ണാസസ്| Photo-Gettyimage

മൗസോളിയം ഓഫ് ഹലികര്‍ണ്ണാസസ്
പ്രാചീന ലോകാത്ഭുതങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഹലികര്‍ണ്ണാസസ്സിലെ ശവകൂടീരം അഥവാ മൗസോളിയം ഓഫ് ഹലികര്‍ണ്ണാസസ് . ഇതിനെ മൗസൊളസ്സിന്റെ ശവകുടീരമെന്നും അറിയപ്പെടുന്നു. ബി.സി 353 നും 350 നും ഇടയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഗ്രീക്ക് ആര്‍ക്കിടെക്ടായ സാട്രിയോസും പൈതുയീസ് ഓഫ് പ്രെയീനിയും ചേര്‍ന്നാണ് നിര്‍മ്മിതി രൂപകല്‍പ്പന ചെയ്തത്. 45 അടിയോളം വരുന്ന നിര്‍മ്മിതിയുടെ നാല് ഭാഗങ്ങളും നാല് ശില്‍പ്പികളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലിയോചാരസ്,ബ്രയായസിസ്, സ്‌കോപാസ് ഓഫ് പറോസ്, ടിമോതിയസ് എന്നിവരാണ് നാല് ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. 12 മുതല്‍ 15 നൂറ്റാണ്ടിന് ഇടയിലുണ്ടായ ഭൂകമ്പങ്ങളിലാണ് ഇത് നശിച്ചത്. 

colossus of rhodes
കൊളോസസ്സ് ഓഫ് റോഡ്‌സ്|Photo-Gettyimage

കൊളോസസ്സ് ഓഫ് റോഡ്‌സ്
കൊളോസസ്സ് ഓഫ് റോഡ്‌സ് 280 ബി.സിയില്‍ ചാരസ് ഓഫ് ലിന്‍ഡോസ് പണികഴിപ്പിച്ചതാണ്. ഗ്രീക്ക് സൂര്യ ദേവനായ ഹീലിയോസിന് വേണ്ടി റോഡ്‌സിലാണ് പ്രതിമ സ്ഥാപിക്കപ്പെട്ടത്. ഡിമീട്രിയസ് പോളിയോര്‍സീറ്റ്‌സിന്റ ആക്രമണത്തെ റോഡ്‌സ് നഗരം എതിര്‍ത്തതിന്റെ സന്തോഷസൂചകമായിട്ടാണ് പ്രതിമ സ്ഥാപിക്കപ്പെട്ടത്. 33 അടിയോളം ഉയരമുണ്ടായിരുന്ന പ്രതിമ 226 ബി.സിയിലെ ഭൂകമ്പത്തിലാണ് നിലംപൊത്തിയത്. പ്രതിമ പൂര്‍ണമായും തകര്‍ന്നുവെങ്കിലും അതിന്റെ ഭാഗങ്ങള്‍ സംരക്ഷിക്കപ്പെട്ടു. പ്രതിമ പിന്നീട് പുനസ്ഥാപിച്ചിട്ടില്ല. എന്നാല്‍ പ്രതിമ എവിടെയാണ്  യഥാര്‍ഥമായി നില നിന്നിരുന്നതെന്ന് വിഷയത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

lighthouse of alexandria
ലൈറ്റ്ഹൗസ് ഓഫ് അലക്‌സാന്‍ഡ്രിയ |Photo-Gettyimage

ലൈറ്റ്ഹൗസ് ഓഫ് അലക്‌സാന്‍ഡ്രിയ 
ലൈറ്റ്ഹൗസ് ഓഫ് അലക്‌സാന്‍ഡ്രിയ അഥവാ ഫറോസ് ഓഫ് അലക്‌സാന്‍ഡ്രിയ  ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ നഗരത്തിനടുത്തുള്ള ഫറോസ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ബി.സി 285 ലാണ് ഇത് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നത്. നഗരത്തില്‍ നിന്നും 70 മൈല്‍ അകലെ കടലില്‍ നിന്നു വരൈ ലൈറ്റ് ഹൗസിന്റെ പ്രകാശം കാണപ്പെടുമായിരുന്നു. എന്നാല്‍ എ.ഡി 956 നും 1323 നും ഇടയിലുണ്ടായ മൂന്ന് ഭൂകമ്പങ്ങളില്‍ ലൈറ്റ്ഹൗസിന് കാര്യമായ കേടുപാടുകളുണ്ടായി.

Content Highlights:ancient wonders of world