മലപ്പുറം:മൂന്നുപതിറ്റാണ്ട് മുമ്പാണ്. വിനോദസഞ്ചാരം ഇത്രസുഗമവും സാധാരണവുമാകുന്നതിന് മുമ്പ് കുറച്ചു കുടുംബങ്ങള്‍ക്ക് താജ്മഹല്‍ കാണണമെന്ന് മോഹമുണ്ടായി. പലതവണ പദ്ധതിയിട്ട് ഒടുവില്‍ 2004-ല്‍ ഒരു ഓണക്കാലത്ത് പുറപ്പെട്ടു.

12 കുടുംബങ്ങള്‍ 13 ദിവസം രാജ്യമെമ്പാടും കറങ്ങി. താജ്മഹലും കണ്ട് തിരിച്ചുപോരുമ്പോള്‍ അവര്‍ ഒറ്റക്കുടുംബമായിക്കഴിഞ്ഞിരുന്നു. മടക്കയാത്രയില്‍ മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്സില്‍വെച്ച് അവര്‍ ഒരു തീരുമാനമെടുത്തു. 

ഈ യാത്ര ഇവിടെ അവസാനിച്ചുകൂടാ. കുടുംബസമേതം ഇനിയും യാത്രകള്‍ നടത്തണം. അങ്ങനെ ഓടുന്ന തീവണ്ടിയില്‍ ഒരു കുടുംബയാത്രാ കൂട്ടായ്മ പിറന്നു. അപ്പോള്‍ത്തന്നെ 'സഞ്ചാരി' എന്ന് പേരിട്ട് ഭാരവാഹികളേയും നിശ്ചയിച്ചു.

അതൊരു തുടക്കമായിരുന്നു. രജിസ്റ്റര്‍ചെയ്ത ആ കുടുംബസഞ്ചാര കൂട്ടായ്മ ഇതിനകം നൂറുകണക്കിന് വലുതും ചെറുതുമായ യാത്രകള്‍ സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍നിന്നായി 136 കുടുംബങ്ങള്‍ ഇന്ന് കൂട്ടായ്മയില്‍ സജീവ അംഗങ്ങളാണ്.

കുടുംബത്തോടെയല്ലാതെ യാത്രകളില്‍ പങ്കെടുക്കാനാവില്ല. വെറുമൊരു ടൂര്‍ എതിനപ്പുറത്തേക്ക് കൃത്യമായി പദ്ധതിയിട്ട പഠനയാത്രകള്‍ തന്നെയാണ് സഞ്ചാരി സംഘടിപ്പിക്കുന്നത്. ഓരോ നാട്ടിലേയും ജീവിതവും സംസ്‌കാരവും രുചിയും ഗന്ധവുമറിഞ്ഞ്, ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഗ്രാമങ്ങളിലൂടെ ഒരു യാത്ര.

ഇതിനിടയില്‍ അതതിടങ്ങളിലെ പ്രമുഖരുമായി സഞ്ചാരികള്‍ സംവദിക്കും. കേരളത്തിലെ ആയിരത്തോളം പഞ്ചായത്തുകളില്‍ യാത്രനടത്തുകയെന്ന വേറിട്ട ഒരു പദ്ധതിതന്നെ സഞ്ചാരി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

22 സംസ്ഥാനങ്ങളില്‍ യാത്ര നടത്തി. ഒരുതവണ മലേഷ്യയിലേക്കും. അധ്യാപകനായ അലക്സ് തോമസ് പ്രസിഡന്റും വി.കെ. ഉദയന്‍ സെക്രട്ടറിയും കെ.പി.എ. ഷരീഫ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോള്‍ നയിക്കുന്നത്.

Content Highlights: 12 families travel together in country