എസ്‌കിമോകളുടെ ഇഗ്ലൂ പോലൊരു വീട്. മഞ്ഞിനു പകരം മില്‍ക്ക്‌ചോക്ലേറ്റ്. വാതിലുകളും ജനലുകളും ഡാര്‍ക്ക് ചോക്ലേറ്റു കൊണ്ട്. ഇടയ്ക്കിടെ അലങ്കാരത്തിനായി ജെംസ് മുട്ടായികള്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഏറ്റവും വലിയ ഒരു ഫാന്റസി (അതോ സ്വപ്‌നമൊ) ആയിരുന്നു അത്. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നതു കൊണ്ടാവാം ഇവര്‍ ഫ്രന്‍സ്വാ ലൂയീസ് കയേര്‍, ഡാനിയല്‍ പീറ്റര്‍, ഹെന്റി നെസ്‌ലെ (ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ലെങ്കിലും) എനിക്ക് ഒരു പാട് ഇഷ്ടവും നന്ദിയുമുള്ള ആളുകളായത്.. പണ്ട് പണ്ട് വളരെകുറച്ചാള്‍ക്കാര്‍ക്കു മാത്രം പ്രാപ്യമായിരുന്ന, ഒരു മരുന്നായി ഉപയോഗിച്ചു കൊണ്ടിരുന്ന ചോക്കലേറ്റിനെ ഇപ്പോ കാണുന്ന 'യമ്മിടേസ്റ്റികോലത്തി'ലാക്കി മാറ്റിയവരില്‍ പ്രമുഖരാണിവര്‍. അതു കൊണ്ട് തന്നെ ഒരു അതിതീവ്രചോക്കലേറ്റ് പ്രേമിയായ ഞാനിവരെ സ്‌നേഹിച്ചില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ.. അവരോടും സര്‍വ്വോപരി ചോക്കലേറ്റിനോടുമുള്ള സ്‌നേഹമാണ് എന്നെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ കയേര്‍നെസ്ലെ (CaillerNestle) ചോക്കലേറ്റ് ഫാക്ടറിയിലും എത്തിച്ചത്. 

choc

ജനീവയില്‍ വിമാനമിറങ്ങി  ഒരു ട്രെയിനില്‍ കയറി മോണ്‍ത്രൂ (Motnreux) എത്തി അവിടുന്ന് പുറപ്പെടുന്ന ചോക്കലേറ്റ് ട്രെയിനില്‍ കേറി പറ്റാം. ശരിക്കും ആ ട്രെയിനിന്റെ പേരാണ് ചോക്കലേറ്റ് ട്രെയിന്‍ന്ന്! പേരു കേള്‍ക്കുമ്പോ തന്നെ അറിയാതെ കേറിപ്പോവില്ലേ?  (നമ്മുടെ നാട്ടിലെ ട്രെയിനുകളിലും ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്. രാജധാനി, ശതാബ്ദി, മലബാര്‍ എക്‌സ്പ്രസ് എന്ന ബോറു പേരുകളൊക്കെ മാറ്റി വല്ല മസാലദോശാ എക്‌സ്‌പ്രെസ്സ്, ആലൂപൊറോട്ടാ പാസഞ്ചര്‍ എന്നൊക്കെ ആക്കുകയാണെങ്കില്‍ ഇപ്പോഴത്തെ വരുമാനത്തിന്റെ ഇരട്ടിയാവുംന്നുറപ്പ്. ഉള്ള ഭക്ഷണപ്രേമികളൊക്കെ തള്ളിക്കേറിക്കൊളും).!. മോണ്‍ത്രൂവിലെ മുന്തിരിത്തോട്ടങ്ങളും  പെയിന്റിംഗ് പോലെ മനോഹരമായ സ്വിസ് ഗ്രാമങ്ങളുമൊക്കെ കടന്നാണ് ട്രെയിന്‍ പോകുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഒരു ഏകദേശ മട്ടും ഭാവവുമൊക്കെ ആ യാത്രയില്‍ നിന്നും കിട്ടും. എങ്ങും നിര്‍ത്താതെ പോയാല്‍ രണ്ടു മണിക്കൂറിനടുത്തേ എടുക്കൂ ഈ യാത്രയ്ക്ക്. പക്ഷെ  ഇടയ്ക്ക് ഗ്രുയേര്‍സ്ല്‍ ചീസ് ഫാക്ടറി ടൂറിനായി ട്രെയിന്‍ നിര്‍ത്തും. അതെല്ലാം കഴിഞ്ഞ് ബ്രോക് ലെ (Le Broc)ചോക്കലേറ്റ് ഫാക്ടറിയിലെത്താന്‍ ഏതാണ്ട് അഞ്ചു മണിക്കൂറിനടുത്തടുക്കും. 

ഒറ്റ നോട്ടത്തില്‍ ഒരു സ്‌കൂള്‍ കെട്ടിടം പോലെ തോന്നും ഫാക്ടറി കണ്ടാല്‍. പല ദേശക്കാരായുള്ള വിസിറ്റേര്‍സ് ഇവിടെക്കെത്താറുണ്ട്. അതു കൊണ്ടു തന്നെ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് അങ്ങനെ പല ഭാഷകളിലും ഉള്ള ഓഡിയൊ ടൂറുകളും ഉണ്ട്. ആ ഫാക്ടറിയുടെ പരിസരത്തേക്കു ചെല്ലുമ്പോഴേ ചോക്കലേറ്റിന്റെ സുഗന്ധം വന്നു തുടങ്ങും! അതില്‍ മയങ്ങി മയങ്ങി അങ്ങ് അകത്തു കേറുമ്പോള്‍ ഒരു ബുക്ക്‌ലെറ്റും തരും പിന്നെ ഏതു ഭാഷയിലാണ് ടൂര്‍ വേണ്ടതെന്നും ചോദിക്കും. ഞാന്‍ ഒരു 'ഇംഗ്ലീഷുകാരി' ആയതു കൊണ്ട് ഇത്തിരി വെയ്റ്റ് ചെയ്യേണ്ടി വന്നു. കുറച്ചൂടെ ഇംഗ്ലീഷ് ഭാഷക്കാരു വരാനായിട്ട്. ഓരോ ഭാഷക്കാരുടേം കൊച്ചു കൊച്ചു ഗ്രൂപ്പ് ആയിട്ടേ അകത്തേക്കു കടത്തി വിടൂ. കാരണം പിന്നെയാണ് മനസിലായത്. ടൂറിന്റെ ഓരോ സ്ഥലങ്ങളിലും എത്തുമ്പോള്‍ ഒരു മള്‍ട്ടി മീഡിയ ഷോ വഴി ആണ് വിവരിക്കുന്നത്. അപ്പൊ പല ഭാഷക്കാരുടെ ഗ്രൂപ്പ് ആണെങ്കില്‍ ആകെ അവിയലു പരുവമാവില്ലേ? അതാണ്.

ആദ്യത്തെ കുറച്ചു ദൂരം നടക്കുമ്പോള്‍ പഴയ കുറെ പടങ്ങളും പോസ്റ്ററുകളും പണ്ടത്തെ ചോക്കലേറ്റ് പരസ്യങ്ങളുമൊക്കെയാണ്. ഒരു മള്‍ട്ടി മീഡിയ ഷോ വഴി ഒരോന്നിനെ പറ്റിയും ഉള്ള വിശദീകരണവും തരുന്നുണ്ട്. എനിക്കാണെങ്കില്‍ ചരിത്രം കേള്‍ക്കാനുള്ള ക്ഷമയൊന്നുമില്ലായിരുന്നു. എത്രയും പെട്ടെന്ന് ചോക്കലേറ്റ് ഉണ്ടാക്കുന്ന സ്ഥലത്തെത്തുക, കണ്‍കുളിര്‍ക്കെ അതൊക്കെ കാണുക. അതായിരുന്നു എന്റെ പ്ലാന്‍. പക്ഷെ ഇത്തിരി അങ്ങു നടന്നപ്പോള്‍ തോന്നി, എന്തൊക്കെയാണെങ്കിലും നമ്മടെ ചോക്കലേറ്റിന്റെ ഹിസ്റ്ററിയല്ലേ, അങ്ങു കേട്ടേക്കാം എന്ന്. ഒക്കേം കേട്ടുകഴിഞ്ഞപ്പൊള്‍ എനിക്കെന്നോടു തന്നെ പുച്ഛം തോന്നിപ്പോയി.  ഇത്രേം ചരിത്രവും പാരമ്പര്യവും ഒക്കെയുള്ള ഒരു സാധനത്തിനെയാണല്ലോ കേവലം ഒരു ഭക്ഷ്യവസ്തു എന്ന നിലയില്‍ മാത്രം ഞാന്‍ കണ്ടോണ്ടിരുന്നത് എന്നോര്‍ത്ത്. നമ്മളു വിചാരിക്കുന്നതു പോലെ അത്ര നിസാരമൊന്നുമല്ല ഈ ചോക്ലേറ്റ്. 'ദൈവത്തിന്റെ ഭക്ഷണം' എന്നര്‍ത്ഥം വരുന്ന തിയോബ്രോമ കൊക്കൊ അഥവാ കൊക്കോബീന്‍സില്‍ തുടങ്ങി പലപല കാലഘട്ടങ്ങളിലൂടെ പല സംസ്‌കാരങ്ങളിലൂടെ കടന്നുവന്ന് ഇന്നിപ്പോ നമ്മുടെ മുന്നില്‍ പലവര്‍ണ്ണക്കടലാസുകളിലും പല രൂപങ്ങളിലും ഇരുന്ന് നമ്മളെ കൊതിപ്പിക്കുന്ന ചോക്കലേറ്റിന് സംഭവബഹുലമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു പോലും!!

choc

പുരാതന അസ്‌ടെക് വംശം കൊക്കൊബീന്‍സിനെ കറന്‍സിയായി ഉപയോഗിച്ചിരുന്നു. അതും പോരാതെ  മായാ സംസകാരത്തില്‍ കൊക്കോദൈവം പോലും ഉണ്ടായിരുന്നൂന്ന്. പതിയെപ്പതിയെ ലോകത്തെ ഉന്നതകുലജാതര്‍ക്കു മാത്രം ഉപയോഗിക്കാവുന്ന ഒരു മരുന്നായി ചോക്കലേറ്റ് പ്രചരിച്ചു. ഇന്നത്തെ പോലല്ല, ദ്രാവകരൂപത്തില്‍ മധുരമൊന്നുമില്ലാതെ (ഒരു മാതിരി കഷായം പോലുണ്ടാവും.). അങ്ങനങ്ങനെ 1800കള്‍ ആയപ്പോഴേക്കും ഒരു ഡച്ച് കെമിസ്റ്റ് കൊക്കോയില്‍ നിന്നും അതിന്റെ കൊഴുപ്പു നീക്കി എന്തൊക്കെയൊ പരീക്ഷണങ്ങളൊക്കെ ചെയ്ത് ചോക്ലേറ്റു ദ്രാവകത്തെ കട്ടകളാക്കി മാറ്റി.

Chocolate train

എതാണ്ട് ആ കാലഘട്ടത്തില്‍ തന്നെയാണ് ഇങ്ങ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നമ്മുടെ കഥാനായകന്‍ ഫ്രന്‍സ്വാ ലൂയീസ് കയേര്‍  ചൊക്കലേറ്റ് ഫാക്ടറി തുറന്നത്. അന്നത്തെ ഒരു വിവരം വച്ച് ഡാര്‍ക്ക് ചോക്ലേറ്റുകളായിരുന്നു ഉല്പാദിപ്പിച്ചിരുന്നത്. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ ലൂയിയുടെ മരുമകന്‍ ഡാനിയെല്‍ പീറ്ററിന് ഒരൈഡിയ. ആയിടയ്ക്കാണ് അയല്‍ക്കാരന്‍ ഹെന്റി നെസ്ലേ പാലില്‍ നിന്നും കണ്ടന്‍സ്ഡ് മില്‍ക്ക് ഉണ്ടാക്കുന്നതില്‍ വിജയിച്ചത്. പീറ്റര്‍ ഈ പാലുമായി ചൊക്കലേറ്റിനെ കലര്‍ത്തി ലോകത്തിലെ ആദ്യത്തെ മില്‍ക്ക് ചോക്കലേറ്റ് ഉണ്ടാക്കി. അതു വന്‍വിജയമായി. കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ കയേര്‍ ഫാക്ടറിയെ ബ്രോക്ക്‌ലെക്ക് മാറ്റി. ആ പ്രദേശത്തെ ധാരാളമായി കിട്ടുന്ന പാല്‍ ആയിരുന്നു അതിനു കാരണം. കാലാന്തരത്തില്‍ നെസ്ലെയും കയേറും മെര്‍ജ് ചെയ്ത് അത് കയേര്‍നെസ്ലെ ഫാക്ടറി ആയി. 1800കളുടെ അവസാനം സ്ഥാപിച്ച, ചോക്കലേറ്റിന്റെ ചരിത്രം തിരുത്തിക്കുറിച്ച ആ ഫാക്ടറിയിലാണ് ആ ചരിത്രവും കേട്ട് അന്തം വിട്ട് ഞാന്‍ നിന്നിരുന്നത്.

Chocolate train

ഭൂതകാലം കഴിഞ്ഞ് ടൂര്‍ വര്‍ത്തമാനകാലത്തിലേക്കു കടന്നു. ഇനി ചോക്ലേറ്റിന്റെ നിര്‍മ്മാണമാണ്. കൊക്കോബീന്‍സില്‍ നിന്നും ചോക്കലേറ്റ് മിശ്രിതം വരെയായി അതിനെ പലപല മെഷീനുകളിലൂടെ കടത്തിവിട്ട് ഷേപ്പ് ചെയ്ത് കട് ചെയ്ത് പാക്ക് ചെയ്യുന്നത് ഒക്കേം സംഭവിക്കുന്നത് നമ്മുടെ കണ്മുന്നിലാണ്. അങ്ങനെ ചുടുചുടാന്ന് ഉണ്ടായി വരുന്ന ചോക്കലേറ്റ് പീസുകള്‍ നമ്മക്ക് കഴിക്കാനും തരും.  ആ സന്തോഷത്തില്‍ നിന്ന് അടുത്ത റൂമിലെത്തിയപ്പോഴേക്കും ഞാന്‍ സന്തോഷസാഗരത്തില്‍ ആറാടിപ്പോയി. എന്താണെന്നോ.. ആ റൂമിലെ റ്റേബിലില്‍ നിരത്തി വച്ചിരിക്കുന്ന. പല പല ടൈപ്പ് ചോക്ലേറ്റുകള്‍. ഒന്നും രണ്ടുമല്ല, ഏതാണ്ട് അമ്പതില്‍ പരം വെറൈറ്റി ചോക്ലേറ്റുകള്‍... സാദാ ചോക്കലേറ്റ്, പൊന്നുംവിലയുള്ളത്, പാല്‍ ചേര്‍ന്നത്, പാലിന്റെ അംശമേ ഇല്ലാത്തത്, പല പല നട്‌സുകള്‍ ചേര്‍ന്നത്, പല ഫ്‌ളേവറുകളിലുള്ളത് അങ്ങനെ. എത്ര വേണമെങ്കിലും കഴിക്കാം. ഒക്കേം ഫ്രീ.. പാത്രങ്ങള്‍ ഒഴിയുന്നതിനനുസരിച്ച് അവരു വന്ന് നിറച്ചോളും. ഹോ.. കഴിച്ചുകഴിച്ചു തളര്‍ന്നു. എന്നിട്ടും ആ റൂമില്‍ നിന്നിറങ്ങുമ്പൊള്‍ പോലും വായില്‍ കുളുകുളാന്ന് ചോക്ലേറ്റുകള്‍ നിറഞ്ഞുകവിഞ്ഞിരിപ്പുണ്ടായിരുന്നു.  ആ ചോക്കലേറ്റ് സദ്യയ്ക്കു ശേഷം എത്തിയത് അവരുടെ ചോക്കലേറ്റ് സ്‌റ്റോറിലെക്കാണ്. എവിടെ നോക്കിയാലും വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ പലതരം ചോക്കലേറ്റ്‌സ് വില്‍ക്കാന്‍ വച്ചിരിക്കുന്നു. ചുമരുകളൊന്നും കാണില്ല.. അത്രേം ഉയര്‍ത്തിലാണ് ഓരൊ ഷെല്‍ഫുകള്‍. ലോകത്തില്‍ അവയ്‌ലബില്‍ ആയ ചൊക്കലേറ്റുകളില്‍ മിക്കതും  അവിടെ ലഭിക്കും. ഫാക്ടറിസന്ദര്‍ശനത്തിന്റെ ഒര്‍മ്മയ്ക്കായി കുറച്ച് ചോക്ലേറ്റുകള്‍ വാങ്ങി ഞാനാ ഫാക്ടറിയില്‍ നിന്നിറങ്ങി. കയറി വന്നത് ചോക്കലേറ്റ് മണത്തില്‍ മയങ്ങിയായിരുന്നെങ്കില്‍ ഇറങ്ങിപ്പോയത് ചോക്ലേറ്റുകള്‍ വാരി വലിച്ചു കഴിച്ചതിന്റെ മയക്കത്തിലായിരുന്നു.

ആ മയക്കത്തിലിരുന്നു ചിന്തിച്ചപ്പോല്‍ എനിക്കു തോന്നി, സ്വിറ്റ്‌സര്‍ലാന്‍ഡിന് പല മുഖങ്ങളുണ്ട്. ഒരു ആംഗിളില്‍ നോക്കിയാല്‍  ഉജാല കലക്കിയതു പോലെ നിറമുള്ള തടാകങ്ങളുടെ നാടാണിത്. മറ്റൊരു തരത്തില്‍ നോക്കിയാലോ  അപ്പൂപ്പന്‍താടികള്‍ കൂന കൂട്ടി വച്ചതു പോലുള്ള മഞ്ഞുമലകളുടെ നാട്. ചിലപ്പോള്‍ തോന്നും പച്ചപ്പുല്ലുകള്‍ കൊണ്ട് വെല്‍വെറ്റ് കാര്‍പെറ്റ് വിരിച്ച നാടാണെന്ന്. പക്ഷെ എല്ലാറ്റിനുമുപരി  സ്വിറ്റ്‌സര്‍ലാന്‍ഡ് ചോക്ലേറ്റുകളുടെ നാടാണ് . ഈ എല്ലാ ചേരുവകളും ചേര്‍ത്ത് മേമ്പൊടിക്കിത്തിരി ഭാവനയും പ്രവര്‍ത്തിപ്പിച്ചു കഴിഞ്ഞപ്പോള്‍  സ്വിറ്റ്‌സര്‍ലാന്‍ഡിന് എന്റെ മനസില്‍ ഒരു രൂപമുണ്ടായി. പഞ്ഞിപൊലെ നരച്ച മുടിയുള്ള നീല ടോപ്പും പച്ചപ്പാവാടയുമിട്ട, കൈയില്‍ നിറയെ ചോക്ലേറ്റുമായി നില്‍ക്കുന്ന അതിസുന്ദരിയായ ഒരു മുത്തശ്ശിയുടെ രൂപം.