തൃപ്പൂണിത്തുറ: ഇന്ത്യയെ അടുത്തറിയാനാണ് ഈ യാത്ര... ഉള്‍ഗ്രാമങ്ങളുടെ തുടിപ്പു തൊട്ടറിഞ്ഞ് ഒരു യാത്ര. കാറിനു മുകളിലൊരു കൂടാരവുമായാണ് അംബരീഷും ശ്രീജിത്തും യാത്ര പുറപ്പെട്ടത്. ഈ കോവിഡ് കാലത്ത് സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കുന്നതിനാണ് കാറിന് മുകളില്‍ ഉറങ്ങാനുള്ള കൂടാരവുമായി ഇവര്‍ യാത്ര ചെയ്യുന്നത്.

തൃപ്പൂണിത്തുറ എരൂര്‍ ഭവന്‍സിനു സമീപം തിട്ടയില്‍ അംബരീഷ് മുകുന്ദനും സൗത്ത് ചെല്ലാനം വലിയവീട്ടില്‍ വി.സി. ശ്രീജിത്തും വെള്ളിയാഴ്ച രാവിലെ എരൂര്‍ കണിയാംപുഴ പാലത്തിന് സമീപത്തു നിന്നാണ് യാത്ര തിരിച്ചത്. പകല്‍സമയം മടക്കി കാറിനുള്ളില്‍ത്തന്നെ െവയ്ക്കുകയും രാത്രി കിടക്കാനായി ഉപയോഗിക്കാനാവുന്ന വിധത്തിലുമാണ് കൂടാരം. മഴ നനയാത്ത വിധത്തിലും കാറ്റുപിടിക്കാത്ത രീതിയിലുമാണ് ഇതിന്റെ നിര്‍മാണമെന്ന് യുവാക്കള്‍ പറഞ്ഞു.

വിദേശങ്ങളില്‍ ഇത്തരം കൂടാരങ്ങള്‍ വാഹനങ്ങളില്‍ കാണാറുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇതു നിര്‍മിച്ചതെന്നും ഇവര്‍ പറഞ്ഞു. നാല്പതിനായിരത്തോളം രൂപയാണ് ചെലവായത്. കൂടാരം ഉണ്ടാക്കിയ ശേഷം കാറുമായി പരീക്ഷണത്തിനായി മൂന്നാര്‍ യാത്രയും നടത്തിയിരുന്നു. നാലു പേര്‍ക്ക് കിടക്കാവുന്നതാണ് കൂടാരം. പകല്‍ യാത്രയും ഭക്ഷണം സ്വയം ഉണ്ടാക്കി കഴിച്ച്, രാത്രി കാറിനു മുകളില്‍ കൂടാരത്തില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന വിധമാണ് യാത്രാ പ്ലാന്‍. പ്രാഥമികാവശ്യങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളിലെ സൗകര്യം ഉപയോഗിക്കും.

2019-ല്‍ ബൈക്കില്‍ ലഡാക്കില്‍ പോയിട്ടുണ്ട് അംബരീഷും ശ്രീജിത്തും. 50 ദിവസം കൊണ്ട് തമിഴ്‌നാട്, വിശാഖപട്ടണം, ഒഡിഷ, ബംഗാള്‍, സിക്കിം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവ കടന്ന് കശ്മീര്‍ വരെ പോയി രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലൂടെ തിരിച്ചെത്തും.

ഫോര്‍ട്ട്‌കൊച്ചി എം.ഇ.എസിലെ ജീവനക്കാരനാണ് അംബരീഷ്. ശ്രീജിത്ത് ഓട്ടോ കണ്‍സള്‍ട്ടന്റും. ഗ്രാമങ്ങളില്‍ കോവിഡ് ബോധവത്കരണവും യാത്രയുടെ ഉദ്ദേശ്യമാണ്. കോവിഡ് വാക്‌സിന്‍ ബോധവത്കരണത്തിനായി നോട്ടീസും ഇവര്‍ നല്‍കുന്നുണ്ട്. വിതരണത്തിനായി മാസ്‌കും കരുതിയിട്ടുണ്ട്. കെ. ബാബു എം.എല്‍.എ. യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

Content Highlights: sleeping tent on car, all india travel, travel news