വ്യത്യസ്തമായ ഏതെങ്കിലും രുചി പരീക്ഷിച്ച ശേഷം അതിന്റെ ഉത്ഭവസ്ഥാനം തേടുന്നവര്‍ സഞ്ചാരികള്‍ക്കിടയിലുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് കുറച്ച് നിരാശയായിരിക്കും ഹാഗിസ് എന്ന വിഭവം നല്‍കുക. സ്‌കോട്ട്ലന്‍ഡില്‍ യാത്ര പോകുന്നവര്‍ക്ക് പരീക്ഷിക്കാവുന്നൊരു വിഭവമാണിത്.

സ്‌കോട്ട്ലന്‍ഡിന്റെ ദേശീയ കവിയായ റോബര്‍ട്ട് ബേണ്‍ അഡ്രസ് ടു എ ഹാഗിസ് എന്നൊരു കവിത തന്നെ രചിച്ചിട്ടുണ്ട്. അതുകൊണ്ട് സ്‌കോട്ട്ലന്‍ഡിന്റെ ദേശീയ ഭക്ഷണമായാണ് ഹാഗിസ് കരുതപ്പെടുന്നത്. ആടിന്റെ ഹൃദയം, കരള്‍, ശ്വാസകോശം എന്നിവ ഉള്ളിയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ന്ന കൂട്ടിനൊപ്പം ആടിന്റെ ആമാശയത്തില്‍ത്തന്നെ വേവിച്ചാണ് ഹാഗിസ് തയ്യാറാക്കുന്നത്.  റോബര്‍ട്ട് ബേണിന്റെ ജന്മദിനമായ ജനുവരി 25-ന് നടക്കുന്ന ബേണ്‍ സപ്പറിനാണ് പ്രധാനമായും ഹാഗിസ് വിളമ്പുന്നത്. ഒപ്പം കഴിക്കാന്‍ വെവ്വേറെ വേവിച്ച ഉരുഴളക്കിഴങ്ങും നീപ്പും (ഒരുതരം കിഴങ്ങ്) ഡ്രാം എന്ന സ്‌കോച്ച് വിസ്‌കിയുമുണ്ടാവും.

സ്‌കോട്ട്ലന്‍ഡിന്റെ ദേശീയഭക്ഷണമാണെങ്കിലും സ്‌കോട്ട്ലന്‍ഡ് തന്നെയാണോ ഹാഗിസിന്റെ ജന്മനാട് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും ഈ ഭക്ഷണത്തേക്കുറിച്ച് രാജ്യത്ത് പ്രചരിക്കുന്ന കഥകളിലൊന്ന് അന്നുണ്ടായിരുന്ന ആട്ടിടയന്മാരുമായി ചേര്‍ത്താണ്. കാലികളേയും തെളിച്ച് എഡിന്‍ബര്‍ഗ് ചന്തവരെ ദീര്‍ഘദൂരം നടക്കേണ്ടതിനാല്‍ ഭക്ഷണം കയ്യില്‍ക്കരുതേണ്ടിയിരുന്നു. ജോലിക്ക് പോകുന്നവര്‍ക്ക് കൊണ്ടുപോകാന്‍ എളുപ്പത്തിനായി കഴിക്കാനുള്ള ഭക്ഷണമെല്ലാം കന്നുകാലിയുടെ ആമാശയത്തിലാണ് വീട്ടുകാര്‍ പൊതിഞ്ഞുനല്‍കിയിരുന്നത്. ഇതാണ് പിന്നീട് ഹാഗിസ് എന്ന പേരില്‍ അറിയപ്പൈന്‍ തുടങ്ങിയത്.

രണ്ട് തരത്തിലുള്ള ഹാഗിസുകള്‍ ഇന്ന് വിപണിയിലുണ്ട്. നോണ്‍ വെജിറ്റേറിയനും വെജിറ്റേറിയനും. ആടിന്റെ ഹൃദയം, കരള്‍, ശ്വാസകോശം എന്നിവ ഉള്ളി, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍, ധാന്യപ്പൊടി, കുരുമുളകുപൊടി, വെള്ളം എന്നിവ ചേര്‍ത്ത് ആടിന്റെ തന്നെ ആമാശയം വൃത്തിയാക്കി അതിലിട്ട് പുഴുങ്ങുകയോ ഫ്രൈ ചെയ്തെടുക്കുകയോ ചെയ്യുന്നതാണ് നോണ്‍ വെജ് ഹാഗിസിന്റെ പ്രത്യേകത. 1960-കളിലാണ് സ്‌കോട്ടിഷ് വ്യാപാരസ്ഥാപനങ്ങള്‍ വെജിറ്റേറിയന്‍ ഹാഗിസ് വിപണിയിലെത്തിക്കുന്നത്. മാംസത്തിന് പകരം പച്ചക്കറികളും ധാന്യങ്ങളും മാത്രം ഉപയോഗിക്കുന്നു എന്നുമാത്രം.