അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട് നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍. പക്ഷേ ഒന്ന് ശ്രദ്ധിച്ചാല്‍ അപകടങ്ങളെ ഒന്നൊന്നായി ഒഴിവാക്കി സുരക്ഷിതമാക്കാം വിനോദസഞ്ചാരകേന്ദ്രങ്ങളെ. തേക്കടി മുതല്‍ ഇങ്ങോട്ട് കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഉണ്ടായ അപകടങ്ങളെക്കുറിച്ചും അത്തരത്തിലുള്ള അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നുമാണ് സേഫ് ടൂറിസം, സേവ് ടൂറിസം യാത്രാ പരമ്പര ചര്‍ച്ച ചെയ്യുന്നത്.

 

ന്നൊരു ബുധനാഴ്ചയായിരുന്നു. നേരത്തെ പോയ ബോട്ട് തിരിച്ചുവന്നിട്ടുവേണമായിരുന്നു ആ ഉദ്യോഗസ്ഥനടക്കമുള്ള ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിക്കാന്‍. മൊബൈല്‍ ഫോണിന് റേഞ്ചുള്ള സ്ഥലം നോക്കി വിളിച്ചു. അല്‍പ്പസമയം ശ്രമിച്ചിട്ടാണെങ്കിലും ലൈന്‍ കിട്ടി. മണക്കവല ഭാഗത്ത് ബോട്ടുണ്ടെന്നും ഉടന്‍ തിരിച്ചുവരുമെന്നും വിവരം കൈമാറിക്കൊണ്ടിരിക്കേ പൊടുന്നനേ മറുതലയ്ക്കല്‍ നിന്നും ഒരു ആര്‍ത്തനാദം. ''ബോട്ട് മറിയുന്നു സാറേ''. നാടാകെ നടുങ്ങി വിറച്ച മണിക്കൂറുകള്‍. അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന, ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ബോട്ടിങ്ങിന്റെ ചുമതലയുള്ള എസ്.ഐ സുരേഷിന്റെ വാക്കുകളില്‍ അന്നനുഭവിച്ച അതേ നടുക്കം.

2009 ഒക്ടോബറിലുണ്ടായ ബോട്ടപകടത്തേപ്പറ്റി ചോദിച്ചപ്പോള്‍ അതൊക്കെ മറക്കാന്‍ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി. സഹോദരന്മാര്‍ക്കൊപ്പം ഹോട്ടലിലിരിക്കുമ്പോഴായിരുന്നു സുരേഷിന് സി.ഐ.യുടെ ഫോണ്‍ വരുന്നത്. മണക്കവലയില്‍ 'ജലകന്യക' ബോട്ടുമുങ്ങിയ വിവരമറിഞ്ഞതോടെ സ്ഥലത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ കുതിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം സഹോദരന്മാരും ടൂറിസം പോലീസിന്റെ പ്രതിനിധികളും. മറിഞ്ഞത് ജലകന്യകയാണെങ്കില്‍ നിരവധിപേര്‍ ബോട്ടിലുണ്ടായിരുന്നിരിക്കണം എന്ന ചിന്തയായിരുന്നു ദുരന്തസ്ഥലത്തെത്തുന്നതുവരെ ആ രക്ഷാപ്രവര്‍ത്തകന്റെ മനസില്‍. കരഞ്ഞുകൊണ്ട് കരയിലിരിക്കുന്ന വിദേശ ടൂറിസ്റ്റുകളായ പത്തുപതിനഞ്ചുപേര്‍. തടാകത്തില്‍ കമിഴ്ന്ന് പൊങ്ങിക്കിടക്കുന്ന ബോട്ട്. അടിത്തട്ടില്‍ നിന്നും രക്ഷപ്പെടാനായി ആരൊക്കെയോ മുട്ടുന്ന ശബ്ദം. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത നിമിഷങ്ങള്‍.

119 അടി വെള്ളമുണ്ടായിരുന്നു അന്ന് തടാകത്തില്‍. തരംഗിണി, ജലരാജ എന്നിങ്ങനെയുള്ള രണ്ടുബോട്ടുകള്‍ വരുത്തിച്ചു. പിന്നെ അവിടെയുണ്ടായിരുന്ന വലിയ ബോട്ടിലേയും തന്റെ പോലീസ് ബോട്ടിലേയും കയറുകള്‍ ചേര്‍ത്തുകെട്ടി ജലകന്യകയില്‍ ബന്ധിപ്പിച്ച് കരയില്‍ നിന്ന് വലിച്ചടുപ്പിച്ചു. കരയ്‌ക്കെത്തിച്ച ബോട്ടിന്റെ ചില്ല് സുരേഷും മറ്റുരണ്ടുപേരും ചേര്‍ന്ന് ചവിട്ടിപ്പൊട്ടിച്ചു. ബോട്ടിനടിയില്‍പ്പെട്ടവരെ രക്ഷിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നു എന്നതിനാല്‍ ഇതിനിടയില്‍ കാല്‍മുട്ടിന്റെ ചിരട്ട തെന്നിപ്പോയതൊന്നും അദ്ദേഹം അറിഞ്ഞില്ല. 12 പേരെയാണ് അന്ന് ജീവനോടെ രക്ഷിക്കാനായതെന്ന് അന്ന് പോലീസിന്റെ ബോട്ട് ഡ്രൈവറായിരുന്ന സുരേഷ് ഓര്‍ക്കുന്നു. ''പോലീസിന്റെ കഴിവും ആത്മാര്‍ത്ഥതയുമാണ് അതിന് കാരണം. പ്രകൃതി പോലും കരയുന്നു എന്നപോലെ മഴ കോരിച്ചൊരിയുന്നുണ്ടായിരുന്നു. പോലീസ് ബോട്ടായതിനാല്‍ എങ്ങോട്ടും പോവാന്‍ പറ്റാത്ത അവസ്ഥ, ആളുകളെ ഇനിയും കിട്ടാനുണ്ട്. അഞ്ച് ദിവസം തിരച്ചില്‍ തുടര്‍ന്നു.'' സുരേഷ് പറയുന്നു.

Thekkady Boat Mishap 1

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായാണ് അന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സി.ഐ അനില്‍ ശ്രീനിവാസും തേക്കടി ദുരന്തത്തെ ഓര്‍ക്കുന്നത്. ദുരന്തത്തിന് ശേഷം വിനോദസഞ്ചാരികളുടേതായി ലഭിച്ച വസ്ത്രങ്ങളും മറ്റും പോലീസിന്റെ ചിലവില്‍ത്തന്നെയാണ് അന്ന് അയച്ചുകൊടുത്തത്. ഇതില്‍ മുംബൈയില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ വസ്ത്രം തിരികെ അയച്ചുകൊടുത്തപ്പോള്‍ കിട്ടിയ മറുപടി 'ഞങ്ങളുടെ ജീവന്‍  കിട്ടിയല്ലോ, അത് മതി സാര്‍' എന്നായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന നാളുകളില്‍ ഏതെങ്കിലും മൃതദേഹം തടാകത്തിനടിയിലെ കുറ്റികളില്‍ തട്ടിനില്‍ക്കുന്നുണ്ടാവുമോ എന്ന സംശയത്തില്‍ നടത്തിയ ഒരു തിരച്ചില്‍ അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് തദ്ദേശവാസികളായ ചിലരുടെ സഹായത്തോടെ തടാകത്തിനടിയില്‍ തോട്ട പൊട്ടിച്ചാണ് ആ അവസാന ശ്രമം നടത്തിയതത്രേ. തോട്ട പൊട്ടുമ്പോഴുണ്ടാവുന്ന തരംഗത്തില്‍ കുറ്റിയില്‍ തട്ടി നില്‍ക്കുന്ന മൃതദേഹങ്ങള്‍ പുറത്തുവരും എന്ന പ്രതീക്ഷയിലായിരുന്നു അത്. അത് വിജയിച്ചുവെന്ന് അനില്‍ ശ്രീനിവാസ് പറഞ്ഞു.

തേക്കടി - അപകടത്തിന് ശേഷം

കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നതാണ് തേക്കടിയില്‍ അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് ശേഷം ഇതുവരെ കാര്യക്ഷമമായ രീതിയില്‍ത്തന്നെ തേക്കടിയില്‍ ബോട്ടിന്റെ ക്ഷമത പരിശോധിക്കുന്നുണ്ട്. ഇതിനായി എല്ലാവര്‍ഷവും കൊച്ചി മുനമ്പത്തുനിന്നും തുറമുഖവകുപ്പ് അധികൃതര്‍ എത്തുന്നുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചെങ്കില്‍ മാത്രമേ ബോട്ടുകള്‍ക്ക് ഇപ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറുള്ളൂ. എല്ലാ യാത്രികരും ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് കര്‍ശനനിര്‍ദേശമുണ്ട്. എന്നാലും ഹര്‍ത്താലും പ്രളയവുമെല്ലാം കാരണം തേക്കടിയില്‍ സഞ്ചാരികളുടെ വരവ് മുന്‍വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ ബോട്ട് ലഭിക്കണമെങ്കില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയായിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങള്‍ നേരെ തിരിഞ്ഞു.

തടാകത്തിനടിയില്‍ ബണ്ടുകളും കുറ്റികളും നിറഞ്ഞിരിക്കുന്നതിനാല്‍ ജലനിരപ്പ് 110 അടിയാവുമ്പോഴേക്കും ബോട്ട് സര്‍വീസ് നിര്‍ത്താറാണ് പതിവ്. രണ്ടുവര്‍ഷം മുമ്പാണ് അധികൃതര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. 2017-ലാണ് വെള്ളക്കുറവിന്റെ പേരില്‍ അവസാനമായി ബോട്ടിങ് നിര്‍ത്തിവെച്ചത്.

ബോട്ടിങ്ങും സുരക്ഷയും

അപകടങ്ങളൊഴിവാക്കുന്നതില്‍ സഞ്ചാരികള്‍ക്കും അധികൃതര്‍ക്കും തുല്യ പങ്കാണുള്ളത്. ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അച്ചടക്കമുള്ളവരാവാന്‍ സഞ്ചാരികള്‍ ബാധ്യസ്ഥരാണ്. നീന്തലറിയാമെങ്കിലും ഇല്ലെങ്കിലും നദിയില്‍ ആഴമുണ്ടെങ്കിലും ഇല്ലെങ്കിലും ലൈഫ് ജാക്കറ്റ് ധരിക്കാനുള്ള സന്നദ്ധത സഞ്ചാരികളും കാണിക്കണം. അതുപോലെ നിയമങ്ങള്‍ സഞ്ചാരികളിലേക്ക് എത്തുന്നു എന്നത് അധികൃതരും ഉറപ്പുവരുത്തണം.

വാല്‍ക്കഷണം: തേക്കടി ദുരന്തസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത സി.ഐ. അനില്‍ ശ്രീനിവാസ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി സോണല്‍ ഓഫീസില്‍ അസി. ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുന്നു. അന്ന് സി.പി.ഓ ആയിരുന്ന സെയ്ദ് ഇടുക്കി ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനാണ്. 2012-ല്‍ വിശിഷ്ട സേവനത്തിന് പ്രധാനമന്ത്രിയുടെ പുരസ്‌കാരവും ഇവരടക്കം ആറുപേര്‍ക്ക് ലഭിച്ചു.

അടുത്ത ഭാഗം: കാട് കത്തുന്നതോ, കത്തിക്കുന്നതോ?

Content Highlight: Thekkady Boat Mishap, Safe Tourism Save Tourism, Travel Series