"ത് നേരവും ഫോണില്‍ കുത്തിക്കളിച്ചോണ്ടിരുന്നോ". സ്വന്തം വീട്ടില്‍ ഇങ്ങനെയൊരു പല്ലവി കേള്‍ക്കാത്ത യുവാക്കള്‍ കുറവായിരിക്കും. പക്ഷേ ഈ ഫോണിലെ കുത്തിക്കളി അല്‍പ്പം സീരിയസായി കാണുന്നവരുണ്ട്. പ്രത്യേകിച്ച് യാത്ര ചെയ്യുന്നവരില്‍. പലര്‍ക്കും യാത്ര ചെയ്യേണ്ട ഐഡിയ കിട്ടുന്നതുപോലും സോഷ്യല്‍ മീഡിയ വഴിയാണ്. യാത്ര എങ്ങനെ, എങ്ങോട്ട്, ഏതുവഴി പോകണമെന്ന് മാത്രമല്ല, ഒരു യാത്രയ്ക്കിടെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ പ്രചരിക്കുന്നതും.

ഫെയ്‌സ്ബുക്കാണ് കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. യുവാക്കളാണ് ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് എന്നതാണ് അതിന് കാരണം. ഫെയ്‌സ്ബുക്കായിട്ടും വാട്ട്‌സാപ്പ് ആയിട്ടും ഇന്‍സ്റ്റാഗ്രാമിന്റെ രൂപത്തിലും സോഷ്യല്‍ മീഡിയ അവരുടെ കയ്യില്‍ ഏത് നേരവും ഉണ്ടാവും. ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളേക്കാള്‍ സ്വാധീനം ചെലുത്താന്‍ ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ക്കായിട്ടുണ്ട്.

ശബരിമലയിലെ പ്ലാസ്റ്റിക് നിക്ഷേപം വനംവകുപ്പിന് വലിയ തലവേദനയായപ്പോള്‍ സീസണ്‍ കഴിഞ്ഞ ഉടന്‍ അത് വൃത്തിയാക്കുന്നത് ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സഞ്ചാരിയാണ്. വനംവകുപ്പോ, തദ്ദേശസ്വയംഭരണവകുപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകളോ ശ്രമിച്ചാല്‍ ലഭിക്കുന്ന പരമാവധി ആളുകളുടെ എണ്ണത്തേക്കാല്‍ കൂടുതല്‍ പേരെ സംഘടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയക്ക് സാധിക്കും. ഒരപകടമുണ്ടായാല്‍ വിവരങ്ങളറിയാനും പ്രസ്തുത സ്ഥലത്തേക്ക് എത്തിച്ചേരാനും ഒരു സംഘടനയുടെയോ സര്‍ക്കാര്‍ സംവിധാനത്തിന്റെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ക്ക് പെട്ടന്ന് കഴിയണമെന്നില്ല. അവിടെയാണ് ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കുന്നവര്‍ നാടിന്റെ പലഭാഗങ്ങളില്‍ നിന്നായി ഒരേ മനസോടെ ദുരന്തമുഖത്തേക്കെത്തുന്നത് കാണാനാവുക. അവരില്‍ പലര്‍ക്കും പരസ്പരം നേരിട്ട് പരിചയം പോലുമുണ്ടാവില്ല.

സ്ഥിരം സംവിധാനമല്ലാത്തതുകൊണ്ടും സംഭവവികാസങ്ങളുടെ ഓരോ തുടിപ്പും ലോകത്തിന്റെ പലഭാഗങ്ങളിലായി ഒരുപാടുപേര്‍ ഒരേസമയം അറിയുന്നതുകൊണ്ടും കാര്യങ്ങള്‍ ക്രോഡീകരിച്ച് വിജയത്തിലെത്തിക്കാനും സാമൂഹികമാധ്യമങ്ങള്‍ സഹായിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ സമയത്ത് സോഷ്യല്‍ മീഡിയകളുടെ ശക്തി നമ്മള്‍ നേരിട്ട് മനസിലാക്കിയതാണ്. മറ്റൊരുദാഹരണമെടുത്താല്‍ പെട്ടന്നൊരു കാട്ടുതീയുണ്ടാവുന്ന സമയത്ത് കുറച്ചുപേരെ രക്ഷാപ്രവര്‍ത്തനത്തിന് വേണമെന്നുവച്ചാല്‍ ഒരു ക്ലബിനോ സന്നദ്ധസംഘടനയ്‌ക്കോ പെട്ടന്ന് കിട്ടണമെന്നില്ല. പക്ഷേ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ഒന്ന് കുറിച്ചാല്‍ അതെത്തുന്നത് ലക്ഷക്കണക്കിന് പേരിലേക്കായിരിക്കും. അതില്‍ നിന്നും സന്നദ്ധസേവനനിരതരായി ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിലുമധികം പേരായിരിക്കും രക്ഷാപ്രവര്‍ത്തത്തിന് എത്തുന്നത്. ബന്ദിപ്പൂരില്‍ കഴിഞ്ഞമാസമുണ്ടായ കാട്ടുതീ സാമൂഹിക മാധ്യമങ്ങള്‍ വഴി അറിഞ്ഞെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത് നിരവധി പേരാണ്.

സഞ്ചാരികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമേ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പുറത്തെത്തിക്കുന്നതിലും സാമൂഹിക മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ഒരുദാഹരണം പറയാം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട്ടില്‍ മുത്തങ്ങ-ബന്ദിപ്പുര്‍ റോഡില്‍ ആനയെ പ്രകോപിപ്പിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ കുടുങ്ങിയത് പിന്നാലെ വന്ന മറ്റൊരുകൂട്ടം സഞ്ചാരികള്‍ ആ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ്. ദൃശ്യം വൈറലായതോടെ പ്രതികളെ വനംവകുപ്പ് പിടികൂടി ശിക്ഷിച്ചു. ഇതുപോലുള്ള ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടാല്‍ തക്കതായ ശിക്ഷ ലഭിക്കുമെന്ന് ആളുകളില്‍ ഒരു ബോധം വന്നിട്ടുണ്ടെന്ന് 'സഞ്ചാരി' അഡ്മിന്‍കൂടിയായ ഹമീദലി വാഴക്കാട് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. നേരത്തെ പറഞ്ഞ സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് മുന്നോട്ടുവന്നതും സോഷ്യല്‍ മീഡിയയാണ്.

''കാനനപാതകളിലും ചുരങ്ങളിലും 'കാനനപാതയില്‍ കല്ലെറിയല്ലേ' എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ തന്നെ നടത്തി. ഒരാഴ്ച നീണ്ടുനില്‍ക്കുന്നത്. മൃഗങ്ങള്‍ ഇറങ്ങിവരുന്ന ചുരങ്ങളിലെല്ലാമാണ് ക്യാമ്പയിന്‍ നടത്തിയത്. നോട്ടിസെല്ലാം അച്ചടിച്ച് വാഹനങ്ങള്‍ രണ്ട് മിനിറ്റ് തടഞ്ഞുനിര്‍ത്തിയും മറ്റുമായിരുന്നു ബോധവത്ക്കരണം. അതെല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു.'

- ഹമീദലി വാഴക്കാട്, സഞ്ചാരി അഡ്മിന്‍. (കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 400-ഓളം പേരുള്ള ഒരു വാട്ട്‌സാപ്പ് കൂട്ടായ്മയും ഇദ്ദേഹത്തിനുണ്ട് )

 

 

Content Highlights: Role of Social Media in Travel, Safe Tourism Save Tourism, Travel Series