മീപകാലങ്ങളില്‍ ഉണ്ടായ കാട്ടുതീ എല്ലാം തന്നെ സ്‌കൂളുകളില്‍ പഠിച്ചപോലെ ഉണങ്ങിയ മരങ്ങള്‍ തമ്മില്‍ ഉരസി ഉണ്ടാവുന്നവയല്ല. അതെല്ലാം തന്നെ ബോധപൂര്‍വം കത്തിക്കുന്നതാണ്. ബന്ദിപ്പൂരില്‍ കഴിഞ്ഞമാസമുണ്ടായ കാട്ടുതീ തന്നെ ഉദാഹരണമായെടുക്കാം. അവസാനം നാലു പേരുടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയത്. 

വനത്തില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ അതിനുള്ള നടപടികള്‍ വനംവകുപ്പ് മാത്രമാണ് കൈക്കൊള്ളേണ്ടത് എന്ന ധാരണ സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍ക്കടക്കം വന്നിട്ടുണ്ട്. പക്ഷേ വനംവകുപ്പ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ കാട്ടുതീ കെടുത്താന്‍ സാധിക്കും എന്ന ജനങ്ങളുടെ ആ ചിന്തയാണ് ആദ്യം മാറ്റേണ്ടത്. രണ്ടാമത്തെ വിഷയം ഫയര്‍ലൈനുകളാണ്. കോടിക്കണക്കിന് രൂപ മുടക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ പ്രതിരോധ ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ അശ്രദ്ധകൊണ്ടുണ്ടാകുന്ന അഗ്നിയെ പ്രതിരോധിക്കാന്‍ ഇതുമതിയാവുമെങ്കിലും കടന്നുകയറി മനഃപൂര്‍വമുണ്ടാക്കുന്ന തീ പ്രതിരോധിക്കാന്‍ ഈ ഫയര്‍ലൈനുകള്‍ക്ക് കെല്‍പ്പുണ്ടാവുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വയനാട് ഉള്‍പ്പെടുന്ന പ്രദേശത്താണ് അടുത്തിടെ ഏറ്റവും കൂടുതല്‍ കാട്ടുതീയുണ്ടായത്. ഒന്നു ശ്രദ്ധിച്ചാല്‍ ഫെബ്രുവരി പകുതിയോടെയാണ് എല്ലാവര്‍ഷവും കാട്ടുതീയുണ്ടാകുന്നതെന്ന് മനസിലാക്കാം. അതായത് കേരളത്തില്‍ തുടര്‍ച്ചയായി 60-70 ദിവസങ്ങളോളം മഴ വിട്ടുനില്‍ക്കുന്നത് ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. മാര്‍ച്ചില്‍ വേനല്‍മഴയെത്തും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കത്തിക്കുന്നവരെല്ലാം അവസരം കാത്തിരിക്കുന്നത് ഫെബ്രുവരി പകുതി അല്ലെങ്കില്‍ അവസാന ദിവസങ്ങളായിരിക്കും. ഇക്കാരണത്താല്‍ അഗ്നിബാധയുണ്ടായാല്‍ സഹായിക്കാന്‍ ഒരാളെ പോലും കിട്ടാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തനിയേ തീയണയ്‌ക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്.

കാടെങ്ങനെ നമ്മളെ സഹായിക്കുന്നു, കാടും പുഴയും, കാടില്ലെങ്കില്‍ കാലാവസ്ഥ തകിടം മറിയും, മഴയും പുഴയും ഇല്ലെങ്കില്‍ കൃഷിയില്ല എന്നിങ്ങനെയെല്ലാമുള്ള ബോധ്യം നമുക്ക് ആദ്യം വരണം. ഇത്തരം വിഷയങ്ങളെ കൂടുതല്‍ ജനകീയമാക്കാന്‍ പറ്റിയിട്ടില്ല എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പരാജയം തന്നെയാണ്. ഒരുദാഹരണമെടുത്താല്‍ കടുവാ സങ്കേതമാകാനുള്ള എല്ലാ ചുറ്റുപാടും യോഗ്യതയും വയനാടിനുണ്ട്. കാരണം നീലഗിരിയുടെ ഭാഗമായുള്ള കാടുകളില്‍ ഏറ്റവും കൂടുതല്‍ കടുവകളെ കാണുന്നത് മുതുമല, ബന്ദിപ്പുര്‍, നാഗര്‍ഹോള, വയനാട് എന്നിവയാണ്. ഇതില്‍ ബന്ദിപ്പൂരും നാഗര്‍ഹോളയും കര്‍ണാടകയിലാണ്. മുതുമല തമിഴ്‌നാട്ടിലും. ശ്രദ്ധിക്കേണ്ട വസ്തുത എന്താണെന്നുവച്ചാല്‍ ഒരേ സര്‍ക്കിളാണെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് കാടുകളും ടൈഗര്‍ റിസര്‍വ് ആയിട്ട് പത്തുവര്‍ഷത്തോളമായെന്നും നമ്മുടേതിന് അങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ ഇതുവരെ ആയിട്ടില്ല എന്നുമാണ്. 

മറ്റുസംസ്ഥാനങ്ങള്‍ ടൈഗര്‍ റിസര്‍വ് എന്ന നിലയിലുള്ള ഫണ്ടും മറ്റാനുകൂല്യങ്ങളും നേടി കാടിനെ വേണ്ട രീതിയില്‍ സംരക്ഷിക്കാന്‍ നോക്കുമ്പോള്‍ നേരെ വിപരീതമാണ് കേരളത്തിന്റെ അവസ്ഥ. അതായത് 
ഈ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിച്ച് പ്രവര്‍ത്തിച്ചാല്‍ കാടിനുള്ളില്‍ മനഃപൂര്‍വമുണ്ടാക്കുന്നതോ അല്ലാതെയോ ഉള്ള അപകടങ്ങള്‍ക്ക് വിരാമമാവുമെന്നര്‍ത്ഥം. അതുവഴി കാടും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവും. കാടിനുള്ളില്‍ കടുവകളെ സൃഷ്ടിക്കുന്നതല്ല യഥാര്‍ത്ഥത്തില്‍ കടുവാസങ്കേതം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ടൈഗര്‍ റിസര്‍വായി പ്രഖ്യാപിക്കുന്നതിലൂടെ ഒരു മൂല്യം ആ കാടിനുകൊടുക്കുകയാണ് അതുവഴി. സൈലന്റ് വാലി തന്നെ ഏറ്റവും വലിയ ഉദാഹരണം. ഒരു സാദാ റിസര്‍വ് വനമായിരുന്ന സൈലന്റ് വാലിയെ ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്കായി ഉയര്‍ത്തിയപ്പോള്‍ ധാരാളം മരം നടുകയല്ല ചെയ്തത്, മറിച്ച് കാടിനെ പൊന്നുപോലെ സംരക്ഷിക്കും എന്ന ഉറപ്പുനല്‍കുകയാണ് ചെയ്തത്.

ടൈഗര്‍ റിസര്‍വായി പ്രഖ്യാപിക്കുന്നതുവഴി വിവിധതരം ഫണ്ടുകള്‍, വനംവകുപ്പിനുള്ള വാഹനങ്ങള്‍, കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍, വാച്ചര്‍മാര്‍ അങ്ങനെയെല്ലാം പിന്നാലെ ലഭിക്കും. അതുവഴി കാടിനോടനുബന്ധിച്ച് നടക്കുന്ന അപകടങ്ങള്‍ കുറയ്ക്കാനും കാടിനെ കൂടുതല്‍ സംരക്ഷിക്കാനും കളമൊരുങ്ങും.

(തുടരും)

Content Highlights: Kerala Wild fire, Safe Tourism Save Tourism, Travel Series