2019 ഫെബ്രുവരി 23, ഉച്ചസമയം. ചൂടിന്റെ ആലസ്യത്തിലായ കേരളത്തെ ഒട്ടൊന്ന് ഞെട്ടിച്ചുകൊണ്ട് ഒരു വാര്‍ത്ത ബ്രേക്കിങ് ന്യൂസായി ടി.വി.സ്‌ക്രീനിന് ചുവട്ടിലൂടെ മിന്നിത്തെളിഞ്ഞു. കോട്ടയത്തിനടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നില്‍ തൂക്കുപാലം തകര്‍ന്നു വീണിരിക്കുന്നു. പരിക്കേറ്റത് 15 പേര്‍ക്ക്. എല്ലാവരും അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. അപകടകാരണമാവട്ടെ അനുവദിക്കപ്പെട്ടതിലുമധികം പേര്‍ തൂക്കുപാലത്തില്‍ കയറിയതും. 

അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് വ്യക്തമായ മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് കേരളം. സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2012-ലാണ് സര്‍ക്കാര്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി രൂപീകരിക്കുന്നത്. കൂടാതെ ഇന്റര്‍നാഷണല്‍ മൗണ്ടന്‍ ബൈക്കിങ് മത്സരങ്ങള്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍, സ്‌കൂബാ ഡൈവിങ്‌, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും കേരളത്തില്‍ പിന്നാലെ തുടക്കമായി. 

തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജ്, കൊല്ലം ജില്ലയിലെ തെന്മല ആശ്രാമം, വയനാട്ടിലെ കര്‍ലാട്, മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന് എന്നിവയാണ് കേരളത്തില്‍ സാഹസിക ടൂറിസം പാര്‍ക്കുകള്‍ സജ്ജീകരിച്ചിട്ടുള്ള കേന്ദ്രങ്ങള്‍. ഒപ്പം കൊല്ലം ജില്ലയില്‍ പി.പി.പി മാതൃകയില്‍ വികസിപ്പിക്കുന്ന ജഡായുപ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമായും അഡ്വഞ്ചര്‍ പാര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ സാഹസിക ടൂറിസം ഇവന്റുകള്‍ നടത്താനായി പ്രത്യേകം കേന്ദ്രങ്ങളുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍, കൊല്ലം ജില്ലയിലെ തെന്മല, വയനാട്ടിലെ പൊഴുതന എന്നിവയാണ് സര്‍ക്കാര്‍ അംഗീകൃത മൗണ്ടന്‍ സൈക്കിളിങ് കേന്ദ്രങ്ങള്‍. പാരാസൈക്കിളിങ് നടത്താനായി കണ്ണൂരെ മുഴപ്പിലങ്ങാട് ബീച്ചും സ്‌കൂബാ ഡൈവിങ്ങിനായി കോവളവും കയാക്കിങ്ങിനായി കോഴിക്കോട് തുഷാരഗിരിയും പാരാഗ്ലൈഡിങ്ങിനായി ഇടുക്കിയിലെ വാഗമണും സഞ്ചാരികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

എല്ലാത്തിനും പുറമേ സാഹസിക ടൂറിസത്തിനു വേണ്ടിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ദേശീയ - അന്തര്‍ദേശീയ തലങ്ങളിലേക്ക് കേരളാ ടൂറിസത്തെ എത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തിവരികെയാണ് വാഗമണില്‍ സംഭവിച്ചതുപോലെയുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ടൂറിസം രംഗത്തെ ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും വകുപ്പ് ഉദ്ദേശിക്കുന്നുണ്ടെന്ന് നിയമസഭയില്‍ എം.എല്‍.എമാരായ ഡോ.എം.കെ.മുനീര്‍, എന്‍.ഷംസുദ്ദീന്‍, എന്‍.എ.നെല്ലിക്കുന്ന്, പി.കെ. ബഷീര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടിയായി നല്‍കിയിരുന്നു.

ടൂറിസം മേഖലയില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നത് മുന്‍നിര്‍ത്തി ഒരു ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്ന കാര്യവും അന്ന് വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നിയമാനുസൃതമായ ലൈസന്‍സില്ലാതെ വിനോദസഞ്ചാരരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുക, നിയമലംഘന പ്രവൃത്തികള്‍ ജുഡീഷ്യല്‍ അതോറിറ്റിയുടെ മുന്നില്‍ കൊണ്ടുവരിക, സേവനദാതാക്കള്‍ ഗുണനിലവാരമുള്ള സേവനം നല്‍കുന്നു എന്നുറപ്പുവരുത്തുക, മേഖലയിലെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് പിഴ നിശ്ചയിക്കുക, വിനോദസഞ്ചാര മേഖലയില്‍ സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിക്കുന്ന ഭരണപരവും ധനപരവുമായ പ്രവൃത്തികള്‍ നടപ്പാക്കുക തുടങ്ങിയവയാണ് ടൂറിസം റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

ഇപ്പറഞ്ഞവയൊന്നും പാതിവഴിയില്‍ മുടങ്ങിപ്പോവാതെ, ഉഴപ്പാതെ കൃത്യമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കാം. (അവസാനിച്ചു)

Content Highlights: Adventure Tourism in Kerala, Safe Tourism Save Tourism, Travel Series