മഴക്കാലമാണെന്ന് കരുതി മടിപിടിച്ചിരിക്കേണ്ട. ഓരോ മണ്‍സൂണും പ്രകൃതി തരുന്ന നിധിയാണ്. കാട്ടുപച്ചയും ആകാശനീലിമയും നീരുറവകളും സംഗമിക്കുന്ന വയലട സഞ്ചാരികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ഇനി മണ്‍സൂണ്‍ ടൂറിസത്തിന്റെ സജീവ ദിനങ്ങള്‍.

മണ്‍സൂണ്‍ ടൂറിസത്തില്‍ മലബാറിലെ ശ്രദ്ധാകേന്ദ്രമാകാനുള്ള തയ്യാറെടുപ്പിലാണ് വയലട. മണ്‍സൂണിലെ അല്പം തെളിഞ്ഞ കാലാവസ്ഥയുള്ള ദിനങ്ങള്‍ വയലട യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നവരെ കാത്തിരിക്കുന്നത് നയന മനോഹരമായ കാഴ്ചകളാണ്.

മഴയും വെയിലും ഇടകലര്‍ന്ന ദിനങ്ങളില്‍ വയലട വ്യൂ പോയന്റിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. മഴയെ ആസ്വദിക്കാനുള്ള മനസ്സോടെ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പാണ് ആദ്യം വേണ്ടത്.

മഴ ഉണ്ടെങ്കിലും ഇല്ലെങ്കിലും വയലടയിലെ 2,000 അടി മുകളില്‍ നിന്നുള്ള കാഴ്ച ആകര്‍ഷണീയം തന്നെ. കണ്‍മുന്നില്‍ മേഘ കൂട്ടങ്ങളും അതിനെ താഴെ നിരനിരയായി മലനിരകളും ജലാശയങ്ങളും അണിനിരക്കുന്ന കാഴ്ച ഏതൊരു യാത്രികനും ആഗ്രഹിക്കുന്നതിലും അപ്പുറമാണ്.

ഈ കാഴ്ചയും കാലാവസ്ഥയും തന്നെയാണ് വയലടയെ മലബാറിന്റെ 'ഗവി' ആക്കി മാറ്റുന്നത്. ബാലുശ്ശേരിയില്‍ നിന്ന 12 കിലോമീറ്റര്‍ അകലെയാണ് വയലടയിലെ വ്യൂ പോയന്റുകള്‍. കോഴിക്കോട് നിന്ന് വരുന്നവര്‍ക്ക് ബാലുശ്ശേരി വഴിയും താമരശ്ശേരി വഴി വരുന്നവര്‍ക്ക് എസ്റ്റേറ്റ് മുക്ക് വഴിയും വയലടയിലെത്താം.

ബാലുശ്ശേരിയില്‍ നിന്ന് മണിക്കൂറുകളുടെ ഇടവേളയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ:സുണ്ട്. മുള്ളന്‍കുന്ന് മലയിലെ വ്യൂ പോയന്റിലേക്കുള്ള കയറ്റം അത്ര പ്രയാസമുള്ളതല്ല. ബാലുശ്ശേരിയില്‍ നിന്ന് വളഞ്ഞും പുളഞ്ഞും മലമ്പാതകള്‍ കയറി മുകളിലെത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകള്‍.

കക്കയം റിസര്‍വോയര്‍, കൂരാച്ചുണ്ട്, കക്കയം, പേരാമ്പ്ര ടൗണുകളുടെ ദൃശ്യങ്ങളും ഇവിടെ നിന്ന് കാണാം.