ണ്ടുവര്‍ഷത്തിനു ശേഷമാണ് ഒരു യാത്രാവിവരണം എഴുതാനുള്ള വകുപ്പ് കൈവന്നത്. 2015ല്‍ നടത്തിയ ഉത്തരാഖണ്ഡ് ട്രെക്കിങ്ങ് വിശേഷങ്ങള്‍ പങ്കുവെച്ച ശേഷം, പിന്നീട് പ്രമാദമായ യാത്രകള്‍ ഒന്നും തന്നെ നടത്തിയില്ല എന്നത് തന്നെ കാര്യം. ആഗ്രഹമില്ലാതിരുന്നിട്ടല്ല...ഒരു ഗമണ്ടന്‍ യാത്ര നടത്തി എല്ലാവരെയും ഞെട്ടിക്കണമെന്നും അതിനായി മനസ്സും ശരീരവും പാകപ്പെടുത്തണമെന്നുമുള്ള ആഗ്രഹത്തില്‍ കുറേക്കാലം അങ്ങനെ പോയി. ഒന്നും നടന്നില്ല. ഒടുവിലുണ്ടായ തിരിച്ചറിവാണ്, യാത്ര ചെയ്യാന്‍ മനസ്സുണ്ടായാല്‍ മതിയെന്നും ശരീരം അതനുസരിച്ച് സ്വയം പാകമാകുമെന്നും. അങ്ങനെ ഞാന്‍ ഇതാ വീണ്ടും.

ഇത്തവണ അവധിക്കുവേണ്ടി അപേക്ഷിച്ചപ്പോള്‍ തന്നെ എങ്ങോട്ടു പോകണമെന്നായി ചിന്ത. മീശപ്പുലിമല, അല്ലെങ്കില്‍ ഇടുക്കിയിലെ ചൊക്രാമുടി, പാമ്പാടുംചോല അങ്ങനെ കുറച്ചു സ്ഥലങ്ങള്‍ മനസ്സിലുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കേരളത്തിലെ പേരുകേട്ട സംഘടനയായ ബെറ്റര്‍ ആര്‍ട്ട് ഫൗണ്ടേഷന്‍ (BAF) ഒരു മണ്‍സൂണ്‍ ഫോട്ടോഗ്രാഫി ക്യാമ്പ്, കര്‍ണാടകത്തിലെ അഗുംബെയില്‍ വെച്ച് സംഘടിപ്പിക്കുന്നതായി അറിഞ്ഞത്. ദക്ഷിണ ഭാരതത്തിലെ ചിറാപുഞ്ചി എന്ന് വിശേഷിപ്പിക്കുന്ന അഗുംബെയെക്കുറിച്ച് സഞ്ചാരിയില്‍ ഒന്നു രണ്ടു ലേഖനങ്ങള്‍ വായിച്ചിരുന്നു. പ്രശസ്തനായ കഥാകൃത്ത് ശ്രീ.ആര്‍.കെ.നാരായണന്റെ 'മാല്‍ഗുഡി ഡേയ്‌സ്' എന്ന ടെലിവിഷന്‍ സീരിയല്‍ നിര്‍മിച്ച ലൊക്കേഷന്‍, നിത്യഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രകൃതി ഭംഗി, രാജവെമ്പാലകളുടെ ആവാസകേന്ദ്രം  ഇങ്ങനെ ചില വിശേഷണങ്ങള്‍ വായിച്ചറിഞ്ഞു. എന്നാല്‍ ഇത്തവണ അങ്ങോട്ട് തന്നെ പോയേക്കാം എന്ന് തീരുമാനിച്ചു. വേഗം തന്നെ അതിന്റെ കോഓര്‍ഡിനേറ്റര്‍ ശ്രീ. ബിജു രാമന്‍കുട്ടിയെ ബന്ധപ്പെട്ടു ഒരു സീറ്റു സംഘടിപ്പിച്ചു.

Agumbe 1

നാട്ടിലെത്തിയ ഉടനെ എന്റെ സഹ ഷട്ടര്‍മാര്‍  ഷബീബ്, മെല്‍ബിന്‍ ഇവരെയും കൂടി ഈ യാത്രയില്‍ കൂട്ടാനായി അത്യാവശ്യം ഒരു നല്ല ചാക്കും കയ്യില്‍ കരുതിയിരുന്നു. ഷബീബ് ഭായിയെ ആദ്യം തന്നെ ഒടിച്ചുമടക്കി ചാക്കില്‍ കയറ്റി. മെല്‍ബിന്‍ വാഴുതിമാറി നടന്നു. അങ്ങനെ അവനെ ഒഴിവാക്കി, ബാക്കി യാത്രയുടെ ഒരുക്കങ്ങളുമായി മുന്നേറി. ജൂലായ് 79 വരെയായിരുന്നു യാത്ര. ജൂലായ് 6നു തൃശൂര്‍ വെച്ചു കാണാം എന്ന് ഷബീബ് ഭായിയുമായി ധാരണയായി. കഴിഞ്ഞ ഹിമാലയ യാത്ര വീട്ടുകാരോട് പറയാതെയാണ് നടത്തിയതെങ്കില്‍ ഇത്തവണ ആദ്യം തന്നെ പരോള്‍ വാങ്ങിയിരുന്നു. എവിടെയെങ്കിലും പോകാന്‍ തുടങ്ങുമ്പോള്‍ വീട്ടില്‍ സ്ഥിരമുള്ള ഒരു ആചാരമുണ്ട്. പെട്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഭാര്യ ആ ആചാരത്തിനു തിരികൊളുത്തി. 'സത്യം പറ, നിങ്ങള്‍ പോകുന്നത് അഗുംബെയിലേക്കാണോ അതോ ഞാനറിയാതെ എവിടെയെങ്കിലും പോയി റൂമെടുത്തു വെള്ളമടിക്കാനോ?'. ഈ ചോദ്യം എന്റെ മനസ്സിനെ ഒരുപാടു വേദനിപ്പിച്ചുവെങ്കിലും, അതൊന്നും കണക്കാക്കാതെ, ഞാന്‍ എല്ലാതവണയും പോലെ അവളുടെ തലയില്‍ കൈവെച്ച് സത്യം ചെയ്തു. 'കാവിലമ്മേ'..അങ്ങനെ കള്ളസത്യം ചെയ്താല്‍ ആ തല പൊട്ടിത്തെറിക്കുമെന്നാണല്ലോ...അമ്മ വെറുതെ എന്തിനാ സ്വന്തം തല പൊട്ടിത്തെറിക്കാനുള്ള ഓരോ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതെന്ന ഒരു ഭാവം ശ്രീക്കുട്ടിയുടെ മുഖത്ത് മിന്നിമറഞ്ഞു. ആരും കാണാതെ കണ്ണുനീര്‍ തുടച്ചു ഞാന്‍ പടിയിറങ്ങി.

Agumbe 2

എറണാകുളം സൗത്തില്‍ നിന്ന് നേത്രാവതി പിടിച്ച് തൃശൂരിറങ്ങി. പിന്നെ നൊസ്റ്റാള്‍ജിയ അയവിറക്കാനായി നേരെ കാസിനോയിലേക്ക്. അവിടെ നിന്ന് നേരെ റീജന്‍സി ക്ലബില്‍ രാത്രി താമസം. അടുത്ത ദിവസം വെളുപ്പിന് നാലുമണിക്ക് ക്ലബ്ബില്‍ നിന്ന് പിക്കപ്പ് ചെയ്യാമെന്ന് ബിജു ഭായിയും സമ്മതിച്ചു. അപ്പോഴാണ് തൊടുപുഴ നിന്ന് മെല്‍ബിന്റെ വിളി. 'അണ്ണാ, ഞാനും വരട്ടെ കൂടെ'. ഭാഗ്യത്തിന് ഒരു സീറ്റ് ഒഴിവുണ്ടായിരുന്നു. അങ്ങനെ മെല്‍ബിനും ചാക്കിലായി. മെല്‍ബിന്‍ എത്തിയപ്പോള്‍ ഏകദേശം വെളുപ്പിനു ഒരു മണി. വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന് ഒന്ന് മയങ്ങിയേക്കാം എന്ന് തീരുമാനിച്ചു കിടന്നതു മാത്രമേ ഓര്‍മ്മയുള്ളൂ. ഏതോ ഒരമ്പലത്തില്‍ നിര്‍ത്താതെ മണിയടിക്കുന്നത് കേള്‍ക്കുന്നു. കേട്ടില്ല എന്ന മട്ടില്‍ തിരിഞ്ഞു കിടന്നു. സഹികെട്ടപ്പോള്‍ കണ്ണ് തുറന്നു. അമ്പലമല്ല, ഡോര്‍ബെല്‍ അടിക്കുന്നതാണ്. കതകു തുറന്നപ്പോള്‍ മുന്നില്‍ സാക്ഷാല്‍ ബിജു രാമന്‍കുട്ടി. ഞങ്ങളെ പിക്ക് ചെയ്യാന്‍ വന്നതാണ്. സമയം നാലര. അപ്പോള്‍ തന്നെ ബാഗുമെടുത്ത് ഇറങ്ങി. പല്ലു തേക്കുന്നില്ലേ എന്ന് ഷബീബ് ഭായിയുടെ ചോദ്യം. 'ഓഹ്, എന്തിന്, ഫുഡ് കഴിക്കുമ്പോള്‍ പല്ല് താനേ ക്ലീന്‍ ആയിക്കോളും' എന്ന് പറഞ്ഞു ഞാന്‍ മുന്നോട്ടു നടന്നു. അവര് രണ്ടുപേരും പല്ലു തേപ്പ്, കുളി, പ്രാര്‍ത്ഥന ഇതൊക്കെ കഴിഞ്ഞാണ് ഇറങ്ങിയതെന്നു തോന്നുന്നു. ഞാന്‍ വണ്ടിയില്‍ കയറിയപാടേ ഉറക്കാന്‍ പിടിച്ചു. മാത്രമല്ല വൈകിയതു കാരണം ബിജു ഭായിയുടെ മുഖത്ത് നോക്കാന്‍ ഒരു വൈക്ലബ്യം. വൈക്ലബ്യം ഉണ്ടാകുമ്പോള്‍, അതൊഴിവാക്കാനുള്ള ഏറ്റവും ബെസ്‌റ് മാര്‍ഗം ഉറക്കമാണ്. അങ്ങനെ ഞങ്ങളുടെ ടെമ്പോ ട്രാവലര്‍ അങ്ങനെ ചീറിപ്പായുകയാണ്. എവിടെയൊക്കെയോ നിര്‍ത്തുന്നു, ആരൊക്കെയോ കയറുന്നു. ആഹാരത്തിന്റെ മണം അന്തര്‍ധാരകളെ തൊട്ടുണര്‍ത്തിയപ്പോഴാണ് കണ്ണ് തുറന്നത്. രാവിലെ തന്നെ പെറോട്ടയും മുട്ട റോസ്റ്റും വെട്ടി, ഒന്ന് ലെവല്‍ ആയി, കൂടെയുള്ള യാത്രികരെ പരിചയപ്പെടാന്‍ തുടങ്ങി.

Agumbe 3

ഞങ്ങളുടെ ട്രിപ്പിന്റെ സംഘാടകന്‍ പ്രവീണ്‍ മോഹന്‍ദാസ്, അറിയപ്പെടുന്ന ഒരു ആര്‍ക്കിടെക്ട്, മാത്രമല്ല ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫര്‍ ആണ്. ശ്രീ. ബിജു രാമന്‍കുട്ടിയാണ് ടൂര്‍ മാനേജര്‍. ബാങ്കിലെ ജോലി വേണ്ടെന്നു വെച്ച് ഇപ്പോള്‍ ഫോട്ടോഗ്രാഫി ഒരു തപസ്യയായി കൊണ്ടുനടക്കുന്നു. പിന്നെ കൂട്ടത്തിലുള്ളവര്‍ എല്ലാം തന്നെ ഫോട്ടോഗ്രാഫിക്ക് വേണ്ടി മരിക്കാന്‍ തന്നെ തീരുമാനിച്ച് ഇറങ്ങിത്തിരിച്ചവര്‍. എല്ലാവരും ചെറുപ്പക്കാര്‍. വയസ്സായവര്‍ ഞാനും ഷബീബ് ഭായിയും മാത്രം. ഏതു യാത്രയിലും ഉണ്ടാവുമല്ലോ ചില തലതെറിച്ചവന്മാര്‍. അത് ഞങ്ങള്‍ രണ്ടാളുമാണെന്ന് മനസ്സിലായി.

ഇനി ഒരു ഫാസ്‌റ് എഡിറ്റ്...കേരളത്തിലെ ഇടുങ്ങിയ റോഡുകള്‍ കടന്ന് ഞങ്ങള്‍ കര്‍ണാടകത്തിലെ വിശാലമായ റോഡുകളിലൂടെ കുതിച്ചുപാഞ്ഞു. മംഗലാപുരത്തു നിന്ന് 30 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ആണ് പാടുബിദ്രി, അവിടെനിന്നാണ് അഗുംബെയിലേക്കുള്ള വഴി തിരിയുന്നത്. അവിടെനിന്ന് ഏകദേശം 80 കി.മി ആണ് അഗുംബെയിലേക്കുള്ളത്. എന്നാല്‍ ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത് കൊപ്പ എന്ന സ്ഥലത്ത് അമ്മാഡി ബംഗ്ലാവിലാണ്. അതിനെക്കുറിച്ച് വിശദമായി എഴുതാം. പാടുബിദ്രിയില്‍ നിന്ന് സുമാര്‍ 32 കി.മി സഞ്ചരിച്ചാല്‍ കര്‍ക്കാല എന്ന സ്ഥലത്തെത്തും. അവിടെനിന്ന് സോമേശ്വര വന്യമൃഗ സങ്കേതത്തിലൂടെ പോകുന്ന റൂട്ട് പിടിച്ചാല്‍ 49 കിലോമീറ്ററിനപ്പുറം അഗുംബെയാണ്. കര്‍ക്കാല എത്തിയപ്പോള്‍ നേരമിരുട്ടിത്തുടങ്ങിയിരുന്നു. മാത്രമല്ല ഇടയ്ക്കും മുറയ്ക്കും മുഖം കാണിച്ച് പോയിരുന്ന മഴ, ഇപ്പോള്‍ വാശിയോടെ, ആര്‍ത്തിരമ്പി പെയ്യുന്നു. ഒരു 20 30 കിലോമീറ്റര്‍ സ്പീഡിനപ്പുറം ഡ്രൈവ് ചെയ്യാന്‍ കഴിയില്ല. റോഡിന്റെ അവസ്ഥ പരിഗണിച്ച് ഞങ്ങള്‍ സോമേശ്വര റൂട്ട് വേണ്ടെന്നു വെച്ചു. കര്‍ക്കലയിലെ നിന്ന് മംഗലാപുരം ഷോലാപൂര്‍ ഹൈവേ പിടിച്ച് നേരെ ശൃങ്കേരി വഴി കൊപ്പ  ഏകദേശം 90 കി.മി കുദ്രേമുഖ് നാഷണല്‍ പാര്‍ക്കിനുള്ളിലൂടെ കടന്നു പോകുന്ന റോഡാണിത്. കുദ്രേമുഖ് നാഷണല്‍ പാര്‍ക്കിലേക്ക് കടക്കുമ്പോള്‍ ഉള്ള ചെക്ക് പോസ്റ്റില്‍ വാഹനത്തിന്റെ വിവരങ്ങളും ഫീസുമടച്ച് ഞങ്ങള്‍ കാട്ടിലേക്ക് കടന്നു. നിത്യഹരിത വനത്തിനുള്ളിലൂടെയുള്ള യാത്ര ഹരമുളവാക്കുന്നതാണെങ്കിലും കേരളത്തില്‍ നിന്നുള്ള യാത്രയുടെ ദൈര്‍ഘ്യം എല്ലാവരെയും നന്നേ തളര്‍ത്തിയിരുന്നു. ബസിമുള്ളില്‍ ശ്മശാന മൂകത താലികെട്ടി നിന്നു. കൂട്ടത്തില്‍ ഉള്ള ഡേവിഡ് രാജു, ഒരു നല്ല പൊളപ്പന്‍ നാച്ചുറലിസ്റ്റ് ആണ്. അങ്ങേര്‍ക്കറിയാത്ത താവളകളില്ല, പാമ്പുകളില്ല, ചിത്രശലഭങ്ങളില്ല..എല്ലാം ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പുള്ളി മാത്രം തല വെളിയിലിട്ട് 'ദാ, ആ ശബ്ദം കേട്ടോ, ഈ ശബ്ദം കേട്ടോ' എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ എന്തായാലും ഒരു ശബ്ദം കേട്ടു 'വിശപ്പിന്റെ വിളി'...ഷബീബ് ഭായ് മൃതപ്രായനായി സൈഡില്‍ കിടന്നുറങ്ങുന്നു. മെല്‍ബിന്റെ അനക്കമില്ല. അങ്ങനെ പ്രസിദ്ധമായ ശൃങ്കേരിയും പിന്നിട്ട ഞങ്ങള്‍ ഹരിഹരപുര എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. അവിടെനിന്നു 10 കിലോമീറ്റര്‍ യാത്ര ചെയ്തു ഞങ്ങളുടെ താമസം ഒരുക്കിയിരിക്കുന്ന അമ്മാഡി ബംഗ്‌ളാവിലേയ്ക്കും. വെളുപ്പിന് 4 മണിക്ക് തൃശൂരില്‍ നിന്ന് തുടങ്ങിയ യാത്ര, ഏകദേശം 9 മണിയോടെ അവസാനിച്ചു.

Agumbe 4

അമ്മാഡി ബംഗ്‌ളാവ് (അല്ലെങ്കില്‍ അമ്മാഡി ഹോം സ്റ്റേ)

ഏകദേശം മുന്നൂറു വര്‍ഷം പഴക്കമുള്ള ഒരു അണ്ഡകടാഹം ബംഗ്‌ളാവ്...പ്രശസ്ത കന്നഡ എഴുത്തുകാരനും ചിന്തകനായും കവിയുമായ സര്‍വോപരി പദ്മവിഭൂഷണ്‍ ജേതാവുമായ ശ്രീ. കുവെംബു (കെ.വി.പുട്ടപ്പ)വിന്റെ അമ്മവീട് എന്നാണു ഇപ്പോള്‍ അവിടെ താമസിക്കുന്ന ശ്രീ. ശ്രീനിവാസ് പറഞ്ഞത്. നാട്ടിലെ ഒരു എട്ടുകെട്ടിന്റെ ഒക്കെ പ്രതീതി ജനിപ്പിക്കുന്ന നിര്‍മാണ വൈദഗ്ദ്യം. ഒരു നടുത്തളവും തുളസിത്തറയും..അസാമാന്യ കരവിരുതില്‍ തീര്‍ത്ത തടിപ്പണികളും...അവിടെ കയറിയപ്പോള്‍ തന്നെ ക്ഷീണമൊക്കെ പമ്പകടന്നു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഞങ്ങളെ കാത്ത് ഒരു വ്യക്തി അവിടെയുണ്ടായിരുന്നു. രതീഷ്...തിരുവനന്തപുരംകാരന്‍  പേരുകേട്ട സോഫ്ട്‌വെയര്‍ കമ്പനിയിലെ ജോലി നിഷ്‌കരുണം വലിച്ചെറിഞ്ഞ് ഇപ്പോള്‍ ബുള്ളറ്റില്‍ ഊരുചുറ്റുന്നു....അയാളുടെ മുഖത്ത് അതിന്റെ വെളിച്ചം കാണുന്നുണ്ടായിരുന്നു. അത്താഴത്തിനോടൊപ്പം പരിചയപ്പെടലിനുള്ള സമയമായി. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരേ ഒരു പെണ്‍തരി തൃശൂരില്‍ നിന്ന് വന്ന സുരഭി, സിവില്‍ എന്‍ജിനീയര്‍, കൂട്ടത്തില്‍ അയാളുടെ അമ്മയുമുണ്ട്. ഭക്ഷണത്തിനു മുന്‍പ് ഞാനും ഷബീബ് ഭായിയും ക്ഷീണമകറ്റാന്‍ കയ്യില്‍ കരുതിയിരുന്ന അരിഷ്ടം ഒരു മൂന്നു ഗ്ലാസ് വീതം കഴിച്ചു. ആയുര്‍വേദ മരുന്നിന്റെയൊക്കെ ഓരോ ഗുണമേ! ക്ഷീണം പമ്പകടന്നു...പരിചയപ്പെടലിനു ശേഷം ഗ്രൂപ്പിന്റെ മെന്റര്‍ പ്രവീണ്‍ അടുത്തത രണ്ടുദിവസത്തെ പരിപാടി എന്തൊക്കെയാണെന്ന് അവതരിപ്പിച്ചു. അടുത്ത ദിവസം ആദ്യത്തെ യാത്ര അഗുംബെയിലെ മഴക്കാടുകളിലേക്കാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ...ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വെളുപ്പാന്‍കാലത്തോട് വല്ലാത്ത ഒരു അഭിനിവേശമാണ്... എഴുന്നേറ്റ ഉടനെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച് ക്യാമറയും തൂക്കി പുറത്തിറങ്ങി... ബംഗ്‌ളാവിന്റെ മുന്നില്‍ തന്നെ ഒരു 5 ദിവസത്തേയ്ക്ക് ഫോട്ടോ എടുക്കാനുള്ള സംഗതികള്‍ പ്രകൃതിയും പിന്നെ ബംഗ്ലാവിന്റെ ഓണറും ഒരുക്കി വെച്ചിട്ടുണ്ട്...ഓരോരുത്തരും ഒരൂ വശത്തേയ്ക്കു നീങ്ങി...ഒരു ഈച്ചയുടെ ചുവടുപറ്റി ഞാനും...

Agumbe 5

എട്ടരയോടുകൂടി നല്ല ആവി പറക്കുന്ന ഇഡ്ഡലിയും വടയും സാമ്പാറും റെഡി. പിന്നെ എല്ലാം യാന്ത്രികം ആയിരുന്നു. ഒരു യുദ്ധം നടക്കുന്ന പ്രതീതി. ഒക്കെ കഴിച്ച് ഒരു കപ്പ് കാപ്പിയും കുടിച്ചപ്പോള്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റുന്നില്ല. ഇനി അഗുംബെയിലേയ്ക്ക്...

അഗുംബെ

കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ പെട്ട തീര്‍ത്ഥഹള്ളി (ശ്രീഹള്ളിയല്ല) താലൂക്കിലെ ഒരു ചെറിയ ഗ്രാമം..ജയന്റെ കോളിളക്കം ഇതുവരെ ഇവിടെ റിലീസ് ആയിട്ടില്ല... 45 മാടക്കടകള്‍, ഒരു ബസ്റ്റാന്‍ഡ്, ഒരു ലോഡ്ജ്, പിന്നെ 500 പേരോളം വരുന്ന ജനസംഖ്യ...ഇതാണ് അഗുംബെ. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗം...അഗുംബെയിലേക്കുള്ള യാത്രയ്ക്കിടയില്‍ കേരളത്തില്‍ ഇപ്പോള്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന കൃഷിഭൂമികള്‍ കാണാം..യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ നാടാണിത്.

Agumbe 4

അഗുംബെയില്‍ എത്തിയപ്പോള്‍ അവിടെ നമ്മുടെ നാച്ചുറലിസ്റ്റ് ഡേവിഡ് ഭായിയുടെ സുഹൃത്ത് റാം കാത്തുനില്‍പ്പുണ്ടായിരുന്നു. റാമും ഡേവിഡിനെപ്പോലെ തന്നെ...രണ്ടുപേരുടെയും കൂടെ നടന്നാല്‍ കാണാത്ത കാഴ്ചകള്‍ കാട്ടിത്തരും...രാവിലെ മഴപൊടിയുന്നുണ്ടായിരുന്നു...റെയിന്‍ കവര്‍ എടുത്തു ക്യാമറ പൊതിഞ്ഞു ഞങ്ങള്‍ നടപ്പു തുടങ്ങി..മെയിന്‍ റോഡില്‍ നിന്ന് ഒരു 2 കി.മി. നടക്കുമ്പോള്‍ എത്തിച്ചേരുന്നത് ഒരു പുല്‍മേട്ടിലാണ്...ചുറ്റും കുന്നുകളാല്‍ കോട്ട തീര്‍ത്ത്, പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന 'വെല്‍ക്കം ഡ്രിങ്ക്'...ആ പ്രദേശമാകെ കോട നിറഞ്ഞു ഒരു പ്രത്യേക ഫീല്‍ ആയിരുന്നു. തുമ്പികളും ചിത്രശലഭങ്ങളും നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നു. കൂടെയുള്ള പക്ഷിപ്രേമികള്‍ ഓരോരുത്തരും പക്ഷികളുടെ പിന്നാലെയാണ്...ചിത്രങ്ങള്‍ പകര്‍ത്തിയും കഥ പറഞ്ഞും നടന്നു ഞങ്ങള്‍ കാടിനുള്ളിലേക്ക് കടന്നു...എല്ലാവരും ഫോട്ടോ എടുക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്. മാക്രോ ഫോട്ടോഗ്രാഫിയില്‍ ആണ് എനിക്ക് താല്‍പ്പര്യം. എന്നാല്‍ ചുറ്റും പറക്കുന്ന തുമ്പികളും ചിത്രശലഭങ്ങളും എവിടെയും സ്ഥിരമായി ഇരുന്ന് പോസ് ചെയ്തു തരുന്നുമില്ല. ആകെ കുരുപൊട്ടി നടക്കുന്ന സമയത്ത് മെല്‍ബിന്‍ വരുന്നു. 'അണ്ണാ, പടമൊന്നും കിട്ടുന്നില്ലല്ലോ'. ഇതുകേട്ടപ്പോഴാണ് തെല്ലൊരാശ്വാസമായത്. എനിക്ക് കിട്ടിയില്ലെങ്കിലെന്ത്..അവനും കിട്ടിയില്ലല്ലോ...അങ്ങനെ അവന്‍ മാത്രം സുഖിക്കണ്ട...

ഇതിനിടയില്‍ ഡേവിഡ് ഭായ് ഓട്ടിവന്നു പറഞ്ഞു 'ദേ, അവിടെയൊരു പാമ്പ്'. രാജവെമ്പാലയാണെന്ന് കരുതി തിരിഞ്ഞോടാന്‍ തുടങ്ങുമ്പോളാണ് 'അതൊരു ചെറിയ പാമ്പാണ്' എന്ന് ഡേവിഡ് പറഞ്ഞത്..ങാഹാ.. എങ്കിലൊന്നു കണ്ടിട്ടു തന്നെ കാര്യം...അവിടെപ്പോയി നോക്കിയപ്പോള്‍ ഒരു ഒന്നൊന്നര ജനക്കൂട്ടം...കാര്യമായി എന്തോ നോക്കുകയാണ്...അമ്പടാ...ഒരു ഇത്തിരിക്കുഞ്ഞന്‍ പാമ്പ്...മലബാര്‍ പിറ്റ് വൈപ്പര്‍ അഥവാ മലബാര്‍ കുഴി മണ്ഡലി...ഞാന്‍ അടുത്തു പോയി ഫോക്കസ് ചെയ്തപ്പോള്‍ തന്നെ അവന്‍ തലപൊക്കി...'എന്ത്, ഞാനല്ലാതെ ഇവിടെ മറ്റൊരു പാമ്പോ?' എന്ന ഭാവത്തില്‍...കിട്ടിയ തക്കത്തിന് ഞാനവനെ ഫ്രേയിമിനുള്ളിലാക്കി...

Snake

ഞങ്ങള്‍ മുന്നോട്ടു നടന്നു, പാമ്പിനെ കണ്ടതോടെ ഞാന്‍ ഗ്രൂപ്പിന്റെ ഏറ്റവും പിന്നിലാണ് നടന്നത്..അഥവാ പാമ്പോ മറ്റോ വന്നാല്‍ പുറകില്‍ നിന്ന് എല്ലാവര്ക്കും സംരക്ഷണം കൊടുക്കാന്‍ ആരെങ്കിലും വേണ്ടേ...അട്ടകളുടെ ആക്രമണമായിരുന്നു അടുത്തത്...അട്ട / പാമ്പ് ഇവയുടെ കടികിട്ടാതിരിക്കാനുള്ള ഗെയിറ്റര്‍ കൊച്ചിയിലെ ഡെക്കാത്തലണില്‍ വാങ്ങാന്‍ കിട്ടും.Rs.499. അത് വാങ്ങി മുട്ടിനു കീഴ്‌പ്പോട്ടു കെട്ടിയാല്‍ അത്യാവശ്യം സംരക്ഷണം കിട്ടും. ചിലരൊക്കെ വെറും കാര്‍ഗോ ഷോര്‍ട്ട് മാത്രമേ ഇട്ടിട്ടുള്ളൂ. കയ്യിലൊരു ഡെറ്റോള്‍ കുപ്പിയും. അഥവാ അട്ട കടിച്ചാല്‍ ഉടന്‍ തന്നെ ഡെറ്റോള്‍ പുരട്ടിയാല്‍ വിട്ടുപോകുമത്രേ...അല്ലെങ്കില്‍ തീപ്പെട്ടി കത്തിച്ച് കടിച്ച ഭാഗത്ത് ചൂടുകൊള്ളിച്ചാലും മതിയാകും. നടന്നു നടന്നു ഞങ്ങള്‍ ഒരു അരുവിയുടെ തീരത്തെത്തി. പിന്നീട് മുന്നോട്ടു പോകണ്ട എന്ന് തീരുമാനമായി. അവിടെ നിന്ന് സെല്‍ഫിയെടുക്കലും മറ്റും കഴിഞ്ഞ് തിരിച്ചുള്ള നടത്തത്തില്‍ ഞങള്‍ അഗുംബെ റയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. നിത്യഹരിത വനങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും സംരക്ഷണത്തെ കുറിച്ചും പഠിക്കുവാന്‍ 2005ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ഥലം...രാജവെമ്പാലയുടെ പ്രത്യേക സ്വഭാവ വിശേഷണങ്ങള്‍ പഠിക്കുവാന്‍ ആദ്യമായി റേഡിയോ ടെലിമെട്രി സംവിധാനം ഉപയോഗിച്ചത് എവിടെയാണ്..

ഇതിനിടയില്‍ ഞങ്ങളുടെ ഗൈഡ് ആയി കൂടിയ റാം അദ്ദേഹത്തിന്റെ അനുഭവങ്ങളും അറിവുകളും ഗ്രൂപ്പുമായി പങ്കുവെയ്ക്കുകയുണ്ടായി. പാമ്പുകള്‍ ഡ്രൈ ബൈറ്റ് ചെയ്യുമെന്ന് കേട്ടത് ആദ്യത്തെ അറിവാണ്.വിഷം കുത്തിവെയ്ക്കാതെയുള്ള കടിയെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഒരു തവണ കൊത്തുമ്പോള്‍ കുത്തിവെയ്‌ക്കേണ്ട വിഷത്തിന്റെ അളവും പാമ്പുകള്‍ക്ക് നിശ്ചയിക്കാന്‍ കഴിയുമത്രേ... അടുത്ത പ്രധാന പരിപാടി ഊണാണ്...അഗുംബെ ജംക്ഷനില്‍ ഉള്ള ഒരു ഹോട്ടലില്‍ കയറി, എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. അനിര്‍വചനീയമായ സ്വാദുള്ള ഭക്ഷണം...നല്ല എരിവും...വെറും ചോറ് മാത്രം കഴിക്കാനും നല്ല ടെയിസ്റ്റാണ്. ചോറ്, ചിക്കന്‍ കറി, ഓംലെറ്റ്, തുടങ്ങിയവ അകത്താക്കി ഞങ്ങള്‍ അടുത്ത ലൊക്കേഷനിലേക്ക് യാത്ര തിരിച്ചു. അതുവരെ മാറിനിന്ന മഴ ശക്തിയോടെ പെയ്യുവാന്‍ തുടങ്ങി...

കുന്ദാദ്രി ഹില്‍സ്

Agumbe 6അഗുംബെയില്‍ നിന്ന് ഏകദേശം 19 കി.മി യാത്ര ചെയ്താല്‍ കുന്ദാദ്രി ഹില്‍സ് എത്തിച്ചേരാം. പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിക്കപ്പെട്ട ഒരു ജെയിന്‍ അമ്പലമാണ് പ്രത്യേകത. അമ്പലത്തിന്റെ പുറത്ത് തുറന്ന പ്രദേശത്ത് പാറക്കെട്ടും ഒരു ചെറിയ തടാകവും സ്ഥിതി ചെയ്യുന്നു. ഉഡുപ്പി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വീക്കെന്റ് ട്രിപ്പിനു വരുന്നവരെക്കൊണ്ട് ആ സ്ഥലം നിറഞ്ഞിരുന്നു. കുന്നിനു മുകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റുമുള്ള ഗ്രാമങ്ങളുടെയും കൃഷിയിടങ്ങളുടെയും കാഴ്ചകള്‍ കാണുവാന്‍ സാധിക്കും. മേഘാവൃതമായ ആകാശമായതിനാല്‍ ചിത്രങ്ങള്‍ക്ക് ഒരു ഗും കിട്ടിയില്ല. പിന്നെ ഞങ്ങള്‍ കുറെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളില്‍ മുഴുകി. രാത്രിയോടെ തിരികെ അമ്മാഡി ബംഗ്‌ളാവിലെത്തി.

രാത്രി ഭക്ഷണം തനി കര്‍ണാടക സ്‌റ്റൈലിലുള്ള പുയോഗരെ, മീന്‍ ഫ്രൈ  ഇതായിരുന്നു മെയിന്‍ കോഴ്‌സ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു കോംപ്രമൈസും ഇല്ല എന്ന നിലപ്പാട്ടില്‍ തന്നെ ഉറച്ച് നിന്നു. എത്ര കഴിച്ചാലും മതിവരാത്ത പുളിയോഗരെ റൈസ്  സാമ്പാര്‍ റൈസിന്റെ മറ്റൊരു രൂപം. ഭക്ഷണത്തിനു ശേഷം ഡേവിഡ് രാജുവിന്റെ വിവിധതരം തവളകളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും പ്രവീണ്‍ മോഹന്‍ദാസിന്റെ സ്റ്റഡി ക്ലാസ്സും ഉണ്ടായിരുന്നു. ക്ലാസിലിരുന്ന് കൂര്‍ക്കം വലിച്ചതിനു എന്നെ പുറത്തക്കുകയും ചെയ്തു. അന്ന് രാത്രി ഡേവിഡ്, വിനു, സൂരജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാതിരാ ഫോട്ടോഗ്രാഫി ഉണ്ടായിരുന്നു. വിവിധ തരം ജീവജാലങ്ങളുടെ രാത്രികാല ജീവിതം പകര്‍ത്തതുകയായിരുന്നു പദ്ധതി. അതില്‍ പങ്കെടുക്കാതെ കിടന്നുറങ്ങിയത് ഒരു നഷ്ടമായെന്ന് ഇപ്പോള്‍ തോന്നുന്നു..

ഗണ്ടിക്കോട്ടെ പക്ഷി താവളം / സിരിമാനെ വെള്ളച്ചാട്ടം

പക്ഷി പ്രേമികള്‍ക്കും നിരീക്ഷകര്‍ക്കും പറ്റിയ സ്ഥലം. ഞാന്‍ അവിടെയൊക്കെ വെറുതെ സിഗരറ്റും വലിച്ച് കറങ്ങിനടന്നു. പക്ഷെ ആ സ്ഥലം തീരെ കലങ്ങിയില്ല എന്നാണ് ഗ്രൂപിലുണ്ടായിരുന്ന പുലി പറഞ്ഞത്. തിരികെ റൂമിലെത്തി ഉച്ചഭക്ഷണവും കഴിച്ച് ചെക്ക് ഔട്ട് ഞങ്ങള്‍ അടുത്ത ലൊക്കേഷനായ സിരിമാനെ വെള്ളച്ചാട്ടം കാണുവാനായി പുറപ്പെട്ടു. നന്നേ വൈകയായിരുന്നു പുറപ്പെട്ടത്.

Agumbe 5

മംഗലാപുരം റൂട്ടില്‍ ശൃംഗേരിയില്‍ നിന്ന് വരുമ്പോള്‍ തുങ്കഭദ്ര നദിക്കു കുറുകെയുള്ള പാലം കടക്കുന്നതിനു മുന്‍പ് വലത്തേയ്ക്കുള്ള ചെറിയ റോഡില്‍ പതിനഞ്ച് കിലോമീറ്ററോളം യാത്ര ചെയ്താല്‍ സിരിമാനെ വെള്ളചാട്ടത്തിനരികില്‍ എത്തിച്ചേരാം. ആതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ ഫോര്‍മാറ്റ്. മഴ തകര്‍ത്തു പെയ്യുന്നതിനാലും മടക്കയാത്രയുടെ മൂഡിലായതിനാലും ഫോട്ടോയൊന്നും എടുത്തതില്ല. വെള്ളച്ചാട്ടത്തിനു കീഴിലുള്ള പാറക്കെട്ടില്‍ കയറിനിന്ന് കുറെ നനഞ്ഞു. ക്യാമറ കയ്യിലില്ലാത്തത് അനുഗ്രഹമായി തോന്നി. കരയില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനേക്കാള്‍ ഫീല്‍ വെള്ളച്ചാട്ടത്തിനടിയില്‍ നില്‍ക്കുമ്പോളാണ്. അനുഭവിച്ചുതന്നെ അറിയണം.

തിരികെ ഹൈവേയിലെത്തി ഭക്ഷണം കഴിച്ചത് മാത്രമേ ഓര്‍മയുള്ളൂ...അടുത്ത ദിവസം കണ്ണ് തുറക്കുമ്പോള്‍ വീണ്ടും ഇടുങ്ങിയ റോഡുകള്‍...നിലയില്ലാത്തൊഴുകുന്ന വാഹനങ്ങളുടെ നീണ്ട നിര...വല്യ കെട്ടിട സമുച്ചയങ്ങള്‍....മനസ്സും ക്യാമറയും നിറയെ നല്ല ഓര്‍മ്മകളുമായി വീണ്ടും വിരസതയിലേയ്ക്കുള്ള പ്രയാണം...