കുട്ടിക്കാലത്ത് വായിച്ച്, ഓര്‍മകളുടെ ഷെല്‍ഫില്‍ മറന്നുവെച്ച അമര്‍ചിത്രകഥ വീണ്ടുമെടുത്ത് വായിക്കുന്നതുപോലെയാണ് രാജ്ഗീര്‍ നഗരം. പുരാണത്തില്‍നിന്ന് ജരാസന്ധന്. ചരിത്രത്തില്‍നിന്ന് ബിംബിസാരന്. വിശ്വാസപ്രമാണങ്ങളില്‍നിന്ന് ശ്രീബുദ്ധനും വര്‍ധമാന മഹാവീരനും. ചരിത്രവും പുരാണവും ഇഴപിരിക്കാനാവാത്ത വിധം ലയിച്ചുകിടക്കുന്ന രാജ്ഗീറിന് മുന്നില്‍നിന്ന് ഒരു നിമിഷം കണ്ണടച്ച് തുറന്നുനോക്കും. വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് നടന്നെത്തിയതുപോലെ തോന്നും.
അഞ്ച് മലകളുടെ മടിയില്‍ കിടക്കുന്ന രാജ്ഗീര്‍ തേരോട്ടങ്ങളുടെയും ഉത്സവങ്ങളുടെയും യുദ്ധങ്ങളുടെയും ഭൂമിയാണ്. അതിനപ്പുറം ഏകാന്ത ധ്യാനങ്ങളുടെയും പ്രാര്‍ഥനകളുടെയും സങ്കീര്‍ത്തനങ്ങളുടെയും പ്രൗഢ നാഗരികത കൂടിയാണ്. പട്നയില്‍നിന്ന് 110 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചെത്താവുന്ന ഈ ഭൂപ്രദേശം യാത്രികരെ ചരിത്രത്തിലേക്കും പുരാണങ്ങളിലേക്കും വഴിനടത്തും. മഹാഭാരതത്തിലും ബുദ്ധ-ജൈന ഗ്രന്ഥങ്ങളിലും ചൈനീസ് സഞ്ചാരികളുടെ യാത്രാരചനകളിലും നിരന്തരം പരാമര്‍ശിക്കപ്പെട്ട രാജ്ഗീര്‍, ബുദ്ധഗയയ്ക്കും നാളന്ദയ്ക്കുമൊപ്പം ബിഹാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. ലോകമെങ്ങുമുള്ള ബുദ്ധമത വിശ്വാസികളുടെ പ്രധാന തീര്ഥാടനകേന്ദ്രവുമാണിത്.
ഇന്ത്യാചരിത്രത്തിന്റെ ബൗദ്ധികബിംബമായി അടയാളപ്പെടുത്തുന്ന നാളന്ദ സര്‍വകലാശാല സ്ഥിതിചെയ്യുന്ന നാളന്ദ ജില്ലയിലാണ് രാജ്ഗീര്‍. പട്നയില്‍നിന്ന് ദേശീയപാതയിലൂടെ ഭക്ത്യാര്പുരിലെത്തി, അവിടെനിന്ന് സംസ്ഥാനപാതയിലൂടെ നാളന്ദയിലെത്താം. നാളന്ദയില്നിന്ന് കേവലം 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ രാജ്ഗീര്‍. മലകളും മരങ്ങളും നീര്‍ച്ചാലുകളും മൗനവും ശാന്തതയും പ്രത്യേക അന്തരീക്ഷമൊരുക്കുന്ന പ്രദേശം.
രാജ്ഗീറിന് ചരിത്രത്തിലും പുരാണത്തിലും പല പേരുകളുണ്ട്. വസുമതി, ബര്ഹദ്രതാപുര, ഗിരിവ്രജ, കുശാഗ്രപുര, രാജഗൃഹം തുടങ്ങിയ പേരുകളില്‍ രാജ്ഗീര്‍ അറിയപ്പെട്ടിരുന്നു. ഗിരിവ്രജ് എന്ന പേരാണ് കൂടുതല്‍ ഉപയോഗിക്കപ്പെട്ടത്. പാലി ഭാഷയില്‍ രാജഗൃഹമെന്നാണ് അര്‍ഥം. അതായത് രാജാവിന്റെ വീട്. മൗര്യസാമ്രാജ്യകാലത്താണ് ഗിരിവ്രജ് രൂപപ്പെട്ടത്. മഗധ സാമ്രാജ്യത്തിന്റെ ആദ്യത്തെ തലസ്ഥാനമാണ് രാജ്ഗീര്‍. ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും നിര്ണായകഘട്ടങ്ങള്ക്ക് രാജ്ഗീര്‍ സാക്ഷ്യംവഹിച്ചിരുന്നു. ചാര്‍വാക സിദ്ധാന്തം മുതല്‍ ഉപനിഷത് വേദങ്ങള്‍ വരെ പടര്‍ന്ന പ്രദേശം. ബി.സി. അഞ്ചാം നൂറ്റാണ്ടുവരെ മഗധരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു രാജ്ഗീര്‍. മഗധരാജവംശത്തിലെ പ്രബല രാജാവായിരുന്ന ബിംബിസാരനിലൂടെയാണ് രാജ്ഗീര്‍ അറിയപ്പെട്ടത്. ശ്രീബുദ്ധന്റെ ജീവിതകാലത്ത് ബിംബിസാരനായിരുന്നു ഭരണം. വടക്കേ ഇന്ത്യയിലെ നാല് പ്രബല രാജാക്കന്മാരില് പ്രധാനിയായിരുന്നു ബിംബിസാരന്. ബിംബിസാരന്റെ മകന് അജാതശത്രുവിന്റെ ഭരണകാലത്തും രാജ്ഗീര്‍ ആയിരുന്നു മഗധയുടെ ആസ്ഥാനം. അജാതശത്രുവിന്റെ മകന് ഉദയന്‍ തലസ്ഥാനം പാടലീപുത്രത്തിലേക്ക് (പിന്നീട് പട്ന എന്ന പേരില്‍ അറിയപ്പെട്ടു) മാറ്റുന്നതുവരെ അത് തുടര്‍ന്നു. ബി.സി. 413-ല്‍ ശിശുനാഗന് രാജ്ഗീറിനെ തലസ്ഥാനമാക്കി ശിശുനാഗ സാമ്രാജ്യം സ്ഥാപിച്ചു. ബിംബിസാരനെ മകന് അജാതശത്രു തടവിലിട്ടത് രാജ്ഗീറിലാണ്. ഒടുവില്‍ തടവില്‍ക്കിടന്നാണ് ബിംബിസാരന് മരിച്ചത്. ഈ ജയിലിന്റെ അവശിഷ്ടങ്ങള്‍ രാജ്ഗീറിന്റെ കാഴ്ചകളിലൊന്നാണ്.
മഹാഭാരതത്തിലും രാജ്ഗീറിനെക്കുറിച്ച് പരാമര്‍ശമുണ്ട്. രാജ്ഗീറിന്റെ രാജാവായിരുന്നു ജരാസന്ധന്. കംസനെ കൃഷ്ണന് കൊന്നപ്പോള്‍, കൃഷ്ണനെ നേരിടാന്‍ ജരാസന്ധന് മഥുരയിലേക്ക് സൈന്യവുമായി എത്തി. എന്നാല്‍ പരാജയപ്പെട്ടു. ജരാസന്ധനും പാണ്ഡവരും തമ്മില്‍ പലവട്ടം രാജ്ഗീറില്വെച്ച് ഏറ്റുമുട്ടിയിരുന്നു. കൃഷ്ണന് 17 വട്ടം രാജ്ഗീറില്വെച്ച് ജരാസന്ധനെ തോല്പിച്ചു. ജരാസന്ധനും ഭീമനും തമ്മില്‍ ഇവിടെവെച്ച് ദ്വന്ദ്വയുദ്ധം നടത്തിയതായും മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. മഹാഭാരതകഥ പ്രകാരം, യുദ്ധത്തില്‍ തോറ്റ ജരാസന്ധനെ ഭീമന് രണ്ട് കഷണങ്ങളായി കീറി. രണ്ട് കഷണങ്ങളും എതിര്‍ദിശകളിലേക്ക് എറിഞ്ഞു. ശരീരഭാഗങ്ങള്‍ തമ്മില്‍ ചേരാതിരിക്കാനാണ് രണ്ട് ദിശകളിലേക്ക് എറിഞ്ഞതത്രെ. ജരാസന്ധന്റെ അഖാഡ (ഗുസ്തി പരിശീലന കേന്ദ്രം) രാജ്ഗീറില്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം. ബ്രഹ്മാവിന്റെ മകനായ വസുവാണ് രാജ്ഗീര്‍ നിര്‍മിച്ചത് എന്ന മറ്റൊരു വിശ്വാസവുമുണ്ട്.
ബുദ്ധനും വര്ധമാനമഹാവീരനും
ചൈനീസ് സഞ്ചാരികളായിരുന്ന ഫാബിയാനും ഹുയാന് സാങ്ങും പലവട്ടം ഗിരിവ്രജ് എന്ന രാജ്ഗീര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവരുടെ യാത്രാവിവരണഗ്രന്ഥങ്ങളില്‍ രാജ്ഗീറിനെക്കുറിച്ച് പരാമര്‍ശമുണ്ട്. രാജ്ഗീര്‍ രണ്ടുതരമുണ്ടായിരുന്നവെന്നാണ് ഹുയാന് സാങ് പറയുന്നത്. പഴയനഗരവും പുതിയനഗരവും. ബുദ്ധജൈന മതങ്ങളുടെ പോറ്റില്ലമായിരുന്നു രാജ്ഗീര്‍. ഇന്നും ബുദ്ധമതവിശ്വാസികള്‍ രാജ്ഗീറിനെ ലക്ഷ്യമാക്കി പ്രവഹിക്കുന്നത് ഈ ചരിത്രത്തിന്റെ ആര്ദ്രതലങ്ങള് തൊട്ടറിയാന്‍. സിദ്ധാര്ഥന് കൊട്ടാരവും കുടുംബവും വിട്ടിറങ്ങിയെത്തിയത് രാജ്ഗീറിലേക്കാണെന്നാണ് ബുദ്ധോദയം ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ വ്യക്തമാക്കുന്നത്. ശ്രീബുദ്ധന്റെ ജീവിതവുമായി ഇഴയടുപ്പമുള്ള ചരിത്രം രാജ്ഗീറിന്റെ അനശ്വര അടയാളങ്ങളാണ്. ഗൗതമബുദ്ധന് മാസങ്ങളോളം ധ്യാനത്തിലിരുന്ന സ്ഥലമാണ് രാജ്ഗീര്‍. ഗിധ്രകൂടം എന്ന മലയുടെ മുകളിലാണ് ബുദ്ധന് തപസ്സിരുന്നത്. ബുദ്ധന് തന്റെ പ്രസിദ്ധങ്ങളായ ദര്‍ശനങ്ങളും ഉദ്ബോധനങ്ങളും പകര്‍ന്നത് രാജ്ഗീറിലെ താമസത്തിനിടയിലാണെന്ന് ശിഷ്യന്മാരുടെ പില്ക്കാല പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നു. ബിംബിസാരന് ഉള്‍പ്പടെയുള്ള രാജാക്കന്മാരെ ബുദ്ധമതത്തിലേക്ക് നയിച്ചതും ഇവിടെവെച്ചുതന്നെ. വേണുവന് വിഹാര്‍ എന്ന വനഭാഗമാണ് ബിംബിസാരന് ബുദ്ധന് ധ്യാനത്തിനായി നല്‍കിയത്. ബന്ധുവായ ദേവദത്തന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബുദ്ധനെ രാജകീയ ആയുര്‍വേദ വൈദ്യനായ ജീവകന് ചികിത്സിച്ചതും വേണുവന് വിഹാറിന്റെ പരിസരത്താണ്. കാഴ്ചകളില്‍ ഹരിതംനിറച്ച് വേണുവന് വിഹാര്‍ ഇപ്പോഴും രാജ്ഗീര്‍ നഗരഹൃദയത്തിലുണ്ട്. ജപ്പാനിലെ ബുദ്ധിസ്റ്റ് സൊസൈറ്റി, വേണുവന് വിഹാറില്‍ ഒരു ബുദ്ധക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്. ജീവകന്റെ പാരമ്പര്യം പിന്തുടര്ന്ന് രാജ്ഗീറിനെ ആയുര്വേദകേന്ദ്രമായി കരുതുന്നവരും ഏറെ.
ബിംബിസാരന്റെ മകന് അജാതശത്രുവും ബുദ്ധമതാനുയായി ആയിരുന്നു. ബുദ്ധന്റെ മരണത്തിന് ശേഷം മഹാകാശ്യപന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബുദ്ധിസ്റ്റ് കൗണ്‍സിലിന് വേദിയായത് രാജ്ഗീറാണ്. ബി.സി. 480-ല്‍. സപ്തപര്‍ണി ഗുഹയില്‍ ചേര്‍ന്ന ഈ കൗണ്സിലില്വെച്ചാണ് വിനായപതാക എന്ന പാഠം അംഗീകരിച്ചത്. കൗണ്‍സിലില്‍വെച്ച് 500 സന്ന്യാസിമാര്‍ ഈ സൂക്തം ചൊല്ലി. ജൈനമത ആചാര്യന് വര്‍ധമാന മഹാവീരനും രാജ്ഗീറിലേറെക്കാലം ഉണ്ടായിരുന്നു. വര്‍ധമാന മഹാവീരന് രാജ്ഗീറിലും നാളന്ദയിലുമായി 14 വര്‍ഷം ചെലവിട്ടു. ചതുര്‍മാസം അനുഷ്ഠിച്ചു. ജൈനതീര്ഥാടകര്ക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമാണ് രാജ്ഗീര്‍. ജൈനഗ്രന്ഥങ്ങളില്‍ പഞ്ചപഹാഡി എന്നറിയപ്പെടുന്നു, അതായത് അഞ്ച് മലകള്‍. ഈ അഞ്ച് മലകളിലുമായി നിരവധി ജൈനക്ഷേത്രങ്ങളുണ്ട്.
1200 വര്‍ഷം പഴക്കമുള്ള മുനിസുവ്രത് ഭഗവാന് ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ ഇപ്പോഴും രാജ്ഗീറിലുണ്ട്. എ.ഡി. മൂന്ന്, നാല് കാലഘട്ടങ്ങളില്‍ നിര്‍മിക്കപ്പെട്ട ജെയിന് ഗുഹകള്‍ രാജ്ഗീറിലെ ചരിത്രത്തിന്റെ അവശേഷിപ്പുകളാണ്. സോന ബാന്ധാര ഗുഹകള്‍ പിന്നീട് ബ്രിട്ടീഷ് പ്രഭുവായിരുന്ന കണ്ണിന്ഗാമാണ് കണ്ടെത്തിയത്. അതിനുശേഷം നിരവധി ഗവേഷകര്‍ ഈ ഗുഹകളെക്കുറിച്ച് പഠിക്കാനായി എത്തി. സിഖ് സമുദായത്തിന്റെ ആത്മീയാചാര്യന് ഗുരുനാനാക്കും രാജ്ഗീര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിപുലാചല മലയിലാണ് വര്‍ധമാന മഹാവീരന് ആദ്യത്തെ പ്രഭാഷണം നടത്തിയത്. 72 അടി ഉയരമുള്ള സംവസ്രന് ക്ഷേത്രം ഈ വിശുദ്ധ പ്രഭാഷണത്തിന്റെ അടയാളമാണ്. മഹാവീരന്റെ പ്രധാനപ്പെട്ട 11 ശിഷ്യന്മാര് മരിച്ചത് രാജ്ഗീറിലെ വിവിധ മലകളില്വെച്ചാണ്.
രാജ്ഗീറിലെ കാഴ്ചകള്‍
ജരാസന്ധന്റെ അഖാഡ: ഭീമനും ജരാസന്ധനും തമ്മില്‍ ദ്വന്ദ്വയുദ്ധം നടത്തിയ സ്ഥലം. ഇരുവരും തമ്മില്‍ മാസങ്ങളോളം മുഷ്ടിയുദ്ധം നടത്തിയെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ഈ രണഭൂമി ഗുസ്തിപ്രിയര്ക്ക് ഇന്നും പ്രാര്ഥനാഭൂമിയാണ്. ഇവിടെനിന്ന് ശേഖരിക്കുന്ന മണ്ണ് സ്വന്തം ഗുസ്തിപരിശീലനകേന്ദ്രങ്ങളില്വെച്ച് പൂജിക്കുന്നവരുണ്ട്.
അജാതശത്രു കോട്ട: ആറാംനൂറ്റാണ്ടില്‍ അജാതശത്രു നിര്‍മിച്ച കോട്ട. ആറര ചതുരശ്രമീറ്ററിലുള്ള അജാതശത്രു സ്തൂപവും അദ്ദേഹം നിര്‍മിച്ചതാണെന്ന് കരുതുന്നു. പാലിസാഹിത്യം അനുസരിച്ച് രാജ്ഗീറിലെ കോട്ടയില്‍ 34 വലിയ കവാടങ്ങളും 64 ചെറിയ കവാടങ്ങളുമുണ്ടായിരുന്നു.
ചുറ്റുമതില്‍: ഒരുകാലത്ത് 40 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. രാജ്ഗീറിന്റെ ചുറ്റുമതില്പോലെയായിരുന്നു. മൗര്യകാലഘട്ടത്തിന് മുമ്പുള്ള കാലം രേഖപ്പെടുത്തുന്ന കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സിമന്റോ പശയോ ഉപയോഗിക്കാതെ നിര്‍മിച്ച ഈ മതില് അദ്ഭുതമാണ്.
വേണുവനം: ശ്രീബുദ്ധന് താമസിക്കാനായി നിര്‍മിച്ച സ്ഥലം. ഇപ്പോള്‍ ജപ്പാന് ബുദ്ധ സൊസൈറ്റി നിര്‍മിച്ച ക്ഷേത്രം, തടാകം എന്നിവയും ഉണ്ട്. ധ്യാനത്തിന് മികച്ച ഇടം.
ബിംബിസാരനെ തടവിലിട്ട ജയില്‍: പിതാവായ ബിംബിസാരനെ തടവിലിടാന്‍ അജാതശത്രു നിര്‍മിച്ച ജയിലിന്റെ അവശിഷ്ടങ്ങള്‍. ബുദ്ധന് പ്രാര്‍ഥനയ്ക്കായി പോകുന്നത് ബിംബിസാരന് നിത്യവും ഈ തടവില്‍ക്കിടന്ന് കാണാമായിരുന്നു. 60 മീറ്റര്‍ നീളമുണ്ടായിരുന്നു. രണ്ട് മീറ്റര്‍ കനത്തിലുള്ള കല്ലുകൊണ്ട് തീര്‍ത്ത ചുറ്റുമതില്‍. ഇവിടെനിന്ന് നോക്കിയാല്‍ വിശ്വശാന്തിസ്തൂപം കാണാം.
ജൈനക്ഷേത്രങ്ങള്‍: രാജ്ഗീര്‍ നഗരത്തിനുള്ളില്‍ 26 ജൈനക്ഷേത്രങ്ങളുണ്ട്. ചരിത്രവും വിശ്വാസവും കെട്ടുപിണഞ്ഞ ജൈനക്ഷേത്രങ്ങള്‍ പ്രിയപ്പെട്ട കാഴ്ചകളാകുന്നു.
സോണ്ബാന്ധാര് ഗുഹകള്‍: റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറ് കിലോമീറ്റര്‍ യാത്രചെയ്താല്‍ ഗുഹയിലെത്താം. ഒരു കൂറ്റന്‍ പാറയ്ക്കുള്ളില്‍ രണ്ട് ഗുഹകള്‍. ബിംബിസാരന്റെ ഖജനാവായിരുന്നു ഇതെന്ന് ചരിത്രഗവേഷകര്‍. സംഖി ലിപിയിലെ എഴുത്തുകള്‍ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നവയാണ്.
ബ്രഹ്മകുണ്ഡ്: എപ്പോഴും ചൂടുവെള്ളം ലഭിക്കുന്ന ജലധാരകള്‍. നഗരത്തില്‍തന്നെയുള്ള ഈ ജലധാരകള്‍ തീര്‍ഥാടകരുടെ അതിശയജലാശയങ്ങളാണ്. ഇതില്‍ കുളിച്ചാല്‍ അസുഖങ്ങള്‍ മാറുമെന്നാണ് വിശ്വാസം. ആയുര്‍വേദ ചേരുവകളുമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ത്വഗ്രോഗങ്ങള്‍ക്ക് ഈ ജലധാരയിലെ കുളി പരിഹാരമെന്നാണ് മറ്റൊരു വിശ്വാസം.
വിശ്വശാന്തിസ്തൂപം: രാജ്ഗീറിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്ന് വിശ്വശാന്തിസ്തൂപമാണ്. 400 മീറ്റര്‍ ഉയരമുള്ള രത്നഗിരി മലയുടെ മുകളിലാണ് 160 അടി ഉയരമുള്ള ശാന്തിസ്തൂപം സ്ഥാപിച്ചിരിക്കുന്നത്. മാര്‍ബിളിലാണ് നിര്‍മിച്ചിരിക്കുന്നത്. സ്തൂപത്തിന്റെ നാല് മൂലകളില്‍ ബുദ്ധന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ലോകത്തിലുള്ള 80 സമാധാന സ്തൂപങ്ങളിലൊന്നാണ് വിശ്വശാന്തി സ്തൂപം. 1969-ല്‍ ജപ്പാന് ബുദ്ധിസ്റ്റ് സൊസൈറ്റിയാണ് വിശ്വശാന്തി സ്തൂപം സ്ഥാപിച്ചത്. 18 ലക്ഷം രൂപ ചെലവില്‍ 18 മാസംകൊണ്ടാണ് നിര്‍മിച്ചത്. രണ്ട് വഴികളിലൂടെ വിശ്വശാന്തി സ്തൂപത്തിലെത്താം. രണ്ടായിരത്തി ഇരുന്നൂറ് അടി ഉയരത്തിലേക്ക് റോപ് വേ വഴിയോ ആയിരക്കണക്കിനുള്ള പടവുകള്‍ നടന്നുകയറിയോ വിശ്വശാന്തി സ്തൂപത്തിലെത്താം. സ്തൂപത്തിനുള്ളില്‍ ധ്യാനത്തിലിരിക്കാനും പ്രാര്‍ഥിക്കാനുമുള്ള പ്രത്യേക സ്ഥലങ്ങളുണ്ട്. വിശ്വശാന്തി സ്തൂപത്തിന്റെ നിര്‍മാണത്തില്‍ രണ്ട് മലയാളികള്‍ക്കും പങ്കുണ്ട്. സാങ്കേതികവിഭാഗം കൈകാര്യം ചെയ്ത ജി. പ്രേമചന്ദ്രന്, ടി. ഭാസ്കരന് എന്നിവരുടെ പേരുകള്‍ ശിലാഫലകത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. ബിഹാര്‍ ടൂറിസം വികസന കോര്പ്പറേഷന് ഒരുക്കിയ റോപ് വേയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ റോപ് വേ യാത്ര ആസ്വാദ്യകരമായിരിക്കും.
ഗ്രിധ്രാകൂടമല: വിശ്വശാന്തിസ്തൂപത്തിന് അല്പം ദൂരെയായി ഗിധ്രാകൂടമല കാണാം. ദീര്‍ഘകാലം ബുദ്ധന് ഇവിടെ ധ്യാനത്തിലിരുന്നു. ബുദ്ധന്റെ വചനങ്ങള്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് ഇവിടെവെച്ചാണ്. തീര്‍ഥാടകരുടെ പ്രിയപ്പെട്ട പ്രദേശം.
മണിയാര്‍ മഠം: രാജ്ഗീറിന്റെ പുരാവസ്തുകാഴ്ചകളില് പ്രധാനം. മണിനാഗ പ്രതിഷ്ഠയാണ് ഇവിടെ. അകത്തെ ചുവരുകളില്‍ ആണ്നാഗവും പെണ്നാഗവും ചിത്രീകരിച്ചിരിക്കുന്നു. കല്ലുകള്‍കൊണ്ട് നിര്‍മിച്ച ക്ഷേത്രങ്ങളും കെട്ടിടങ്ങളുമാണ് ആകര്‍ഷണം. മഗധയിലെ ജനങ്ങള്‍ നാഗങ്ങളെ ആരാധിച്ചിരുന്നുവെന്നാണ് ചരിത്രം. പുരാവസ്തുഗവേഷകരുടെ നിരവധി കണ്ടുപിടിത്തങ്ങള്‍ മണിയാര്‍ മഠത്തെ ചരിത്രപ്രാധാന്യമുള്ളതാക്കുന്നു.
സപ്തപര്ണിഗുഹ, പിപ്പലിഗുഹ, കരാണ്ട ടാങ്ക്, വീരായതന് തുടങ്ങി ഇനിയുമുണ്ട് ഈ നഗരത്തിലെ കാഴ്ചകള്‍.