കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലാണ് ഭക്തിയും വിനോദവും ഇടകലര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്. ഏകദേശം 1300 അടി ഉയരത്തില്‍ 36 ഏക്കറിലായി നിറഞ്ഞുനില്‍ക്കുന്നു പാണ്ഡവന്‍പാറ. പുനലൂരില്‍ നിന്ന് ഏകദേശം 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  ഉറുകുന്നിലെത്താം. അവിടെനിന്ന് രണ്ട് കിലോമീറ്റര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ യാത്ര ചെയ്താല്‍ പാണ്ഡവന്‍ പാറയുടെ അടിവശമെത്തി.

Pandavanpara 1
പാണ്ഡവന്‍ പാറയുടെ മുകളില്‍ നിന്ന് കനാലുകളും 
ഉറുകുന്ന് ഗ്രാമവും ദൂരക്കാഴ്ചയില്‍

പിന്നെ അല്പം കാനനപാതയും പിന്നിട്ട് ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ പാണ്ഡവന്‍ പാറയുടെ മുകളിലെത്താം. പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് കയറ്റവും, പടവുകളും, കല്ലും നിറഞ്ഞ ഈ  പാത ദുഷ്‌കരമായി തോന്നില്ല. വഴിയുടെ അരികിലെല്ലാം പലയിനം കാട്ടുപൂക്കളുടെയും കുറ്റിച്ചെടികളുടെയും കേന്ദ്രമാണ്. പാറയുടെ മുകളിലെത്തുന്ന സഞ്ചാരിക്ക് ലഭിക്കുന്നതാകട്ടെ കണ്ണും മനസ്സും കുളിര്‍ക്കുന്ന കാഴ്ചകളും. ഒരുവശത്ത് പാണ്ഡവന്‍പാറ ശിവ പാര്‍വ്വതീ ക്ഷേത്രവും അടുത്തായി കുരിശുമല തീര്‍ഥാടനകേന്ദ്രവും സ്ഥിതി ചെയ്യുന്നു.

Siva Parvathi Temple
പാണ്ഡവന്‍ പാറയുടെ മുകളിലെ ശിവ പാര്‍വ്വതീ ക്ഷേത്രം

മുകള്‍ ഭാഗത്ത് നല്ല  കാറ്റുള്ളതിനാല്‍ ഉച്ചസമയത്തുപോലും ചൂട് അനുഭവപ്പെടില്ല. വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നെന്നാണ് ഐതിഹ്യം. അവര്‍ താമസിച്ച ഗുഹ ഇതിന് തെളിവായി ക്ഷേത്ര ഐതിഹ്യത്തില്‍ പറയുന്നുണ്ട്. കൂടാതെ ശങ്കരിയെന്നും ശങ്കരനെന്നും പേരുള്ള വണ്ടുകളും നമ്മെ അതിശയിപ്പിക്കും. ഇവിടുത്തെ സോമന്‍ പോറ്റി ഇവരുടെ പേര് നീട്ടി വിളിക്കുമ്പോള്‍തന്നെ ഇവ പറന്ന് തനിക്കായുള്ള ഇരിപ്പിടത്തില്‍ എത്തുന്നത് ആരെയും അദ്ഭുതപ്പെടുത്തും.

Kurisumala
പാറ മുകളില്‍ കുരിശുമല തീര്‍ത്ഥാടനം നടത്തുന്ന ഭാഗം

ഒരിക്കല്‍ തേനീച്ചക്കൂട്ടം ഇളകി സോമന്‍പോറ്റിയെ കുത്താന്‍ വന്നപ്പോള്‍ ശങ്കരനും ശങ്കരിയുമാണ് തേനീച്ചകളെ ഓടിച്ച് രക്ഷക്കെത്തിയതെന്ന് പോറ്റി അത്ഭുതത്തോടെ ഇന്നും ഓര്‍ക്കുന്നു. ഈ ഭാഗത്ത് പാറയില്‍ ഭഗവാന്‍  ശ്രീ പരമേശ്വരന്റെ കാല്‍പാദങ്ങളും കാണാം. ഈ പാറയുടെ മറ്റൊരു വശത്തായുള്ള മതസൗഹാര്‍ദത്തിന്റെ പ്രതീകമായി കുരിശും സ്ഥിതിചെയ്യുന്നു. ഇവിടേക്ക് നൂറുകണക്കിന് വിശ്വാസികളാണ് വര്‍ഷത്തില്‍ കുരിശുമല തീര്‍ത്ഥാടനം നടത്തുന്നത്. കുരിശുമലയില്‍ നിന്ന് നോക്കുമ്പോള്‍ ദേശീയപാതയോടു ചേര്‍ന്നുള്ള ഉറുകുന്ന് കനാല്‍ പള്ളി വ്യക്തമായി കാണാം.

Parappar Dam
പാണ്ഡവന്‍ പാറയുടെ മുകളില്‍ നിന്ന് 
തെന്മല പരപ്പാര്‍ ഡാം കാണുമ്പോള്‍

പാറയുടെ മുകളിലെത്തുന്ന സഞ്ചാരിക്ക് ഏത് ഭാഗത്തേക്ക് നോക്കണമെന്ന ആശയക്കുഴപ്പം മാത്രമേ ഉണ്ടാവൂ. ഒരു ഭാഗത്ത് സഹ്യപര്‍വ്വത താഴ്‌വരകളും അതിനോടു ചേര്‍ന്ന് നിരവധി പാലങ്ങളോട് ചേര്‍ന്ന പുതിയ ബ്രോഡ്‌ഗേജ് തീവണ്ടിപ്പാതയും ഒറ്റക്കല്‍ തീവണ്ടി സ്റ്റേഷനും. മറുഭാഗത്ത് വിദൂര കാഴ്ച്ചയില്‍ വെള്ളം കെട്ടിനില്‍ക്കുന്ന തെന്മല പരപ്പാര്‍ അണക്കെട്ടും പരിസരവും ഡാമിലൂടെ ഒഴുകിവരുന്ന വെള്ളം തടഞ്ഞു നിര്‍ത്താനുള്ള ലുക്ക് ഔട്ട് തടയണയും കനാലുകളും പരന്നുകിടക്കുന്ന എണ്ണപ്പനത്തോട്ടവും സംസ്‌കരണ കേന്ദ്രവും. കൂടാതെ ഇടമണ്‍ പവര്‍‌സ്റ്റേഷനും പുനലൂരിലെ ജപ്പാന്‍ കുടിവെള്ള വിതരണ കേന്ദ്രവും. അങ്ങനെ പ്രകൃതി തീര്‍ത്ത ഒരു മനോഹര ചിത്രമാവുന്നു പാണ്ഡവന്‍പാറ.

Look Out Thadayana
പാണ്ഡവന്‍ പാറയുടെ
മുകളില്‍ നിന്നുള്ള ലുക്ക് ഔട്ട് തടയണയുടെ കാഴ്ച