ഹ്യപര്‍വ്വതം കോട്ടകെട്ടി സംരക്ഷിക്കുന്ന കേരളത്തിന്റെ കോട്ടവാതില്‍ പാലക്കാട്ടാണ്. വാളയാറിലെ കുഞ്ഞുചുരം കടന്നാണ് അന്യദേശക്കാര്‍ കൂടുതലായും കേരളത്തിലെത്തുന്നത്. ഇത് കേരളത്തിന്റെ വിനോദസഞ്ചാരത്തിലേക്കുള്ള വാതായനം കൂടിയാവുന്നു. കുടുംബസമേതം പാലക്കാട് തങ്ങി കുറഞ്ഞദൂരത്തില്‍ വ്യത്യസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാം എന്നതാണ് പാലക്കാടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 

മഹത്തായ സംസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന നിളയും, ഭവാനിയും ശിരുവാണിയും. തുഞ്ചനും കുഞ്ചനും തുടങ്ങി എം.ടി.യും ഒ.വി.വിജയനും അടങ്ങുന്ന മലയാള സാഹിത്യ പാരമ്പര്യത്തിന്റെ ശക്തി സ്രോതസു കൂടിയാണീ മണ്ണ്. ഗ്രാമീണഭംഗികളും പാരമ്പര്യകലകളും രുചിഭേദങ്ങളും കൊണ്ട് അനുഗ്രഹീതമായ നാട് ആതിഥ്യമര്യാദകളുടെ മറുവാക്കുമാണ്. കല്‍പ്പാത്തി അഗ്രഹാരത്തിലെ കൊണ്ടാട്ടങ്ങളുടെയും അച്ചാറുകളുടെയും പിന്നെ രാമശ്ശേരി ഇഡ്ഡലിയുടെയും പെരുമ കടലിനക്കരെ എത്തിയതാണ്. നിത്യസന്ദര്‍ശകരേയും നവാതിഥികളേയും ഈ നാട് ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. പാലക്കാട് വന്നാല്‍ എന്തെല്ലാമാണ് കാണാനും അറിയാനുമുള്ളത്. നമുക്കൊന്നു ചുറ്റിയടിക്കാം..

പറമ്പിക്കുളത്ത് ചെന്നാല്‍ വന്യമൃഗങ്ങളെ ഉറപ്പായും കാണാം. കേരളത്തിലെ ഏറ്റവും മൃഗസമ്പത്തും ജൈവവൈവിധ്യവുമുള്ള വന്യമൃഗസംരക്ഷണ കേന്ദ്രമാണിവിടം. കാട്ടിലൂടെ ട്രെക്കിങ്, ബോട്ടിങ്, പ്രകൃതി പഠന ക്യാമ്പുകള്‍ എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പാക്കേജുകള്‍ ഇവിടെയുണ്ട്. സ്ഥലം പാലക്കാട് ജില്ലയിലാണെങ്കിലും ഇങ്ങോട്ടുള്ള റോഡ് പൊള്ളാച്ചി വഴിയാണ്. 95 കിലോമീറ്ററാണ് നഗരത്തില്‍ നിന്നും ഇവിടേക്ക്.

Parambikkulam

കേരളത്തിന് പ്രകൃതിപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ കന്യാവനമായ സൈലന്റ് വാലി മഴക്കാട് സിംഹവാലന്റെ ആവാസകേന്ദ്രവുമാണ്. മണ്ണാര്‍ക്കാടിനടുത്തുള്ള മുക്കാലിയിലാണ് സൈലന്റ് വാലിയുടെ പ്രവേശനകവാടം. ഇവിടെ നിന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ കുന്തിപ്പുഴ വരെ സഞ്ചാരികളെ കൊണ്ടുപോകും. അവിടെ വാച്ച് ടവറും സൈലന്റ് വാലി സമരചരിത്രം വ്യക്തമാക്കുന്ന മ്യൂസിയവും മറ്റും ഉണ്ട്. ഭാഗ്യമുണ്ടെങ്കില്‍ ആന, സിംഹവാലന്‍, തുടങ്ങിയ മൃഗങ്ങളേയും കാണാം. പാലക്കാട് നിന്ന് 70 കിലോമീറ്ററാണ് ദൂരം.

silent valley

കോടമഞ്ഞും മലനിരകളും ഓറഞ്ചുമരങ്ങളും മനോഹരമായ വ്യൂപോയിന്റുകളും വന്യമൃഗങ്ങളും പക്ഷികളുമെല്ലാം ചേര്‍ന്ന് നെല്ലിയാമ്പതിയെ പാലക്കാടിന്റെ സ്വര്‍ഗഭൂമിയാക്കി മാറ്റിയിരിക്കുന്നു. നെല്ലിയാംപതിയിലേക്കുള്ള ചുരം ആരംഭിക്കുന്നിടത്തെ പോത്തുണ്ടി ജലാശയവും മനോഹരമായ കാഴ്ചയാണ്. സീതാര്‍കുണ്ടും, മാമ്പാറയും മിന്നാംപാറയും മാട്ടുമലയും കേശവന്‍പാറയുമെല്ലാമാണ് കാണേണ്ട ഇടങ്ങള്‍. സാഹസിക പ്രിയര്‍ക്ക് ട്രെക്കിങ്ങിന് പോകാം. അല്ലാത്തവര്‍ക്കു പ്രകൃതിയുടെ ശാന്തതയില്‍ സ്വച്ഛമായി താമസിക്കാം. നഗരത്തില്‍ നിന്ന് 54 കിലോമീറ്ററുണ്ടാവും ഇങ്ങോട്ടേക്ക്.

ശിരുവാണിയില്‍ കാടിനുനടുവില്‍ അന്തിയുറങ്ങാന്‍ പട്ട്യാര്‍ ബംഗ്ലാവുണ്ട്. വനംവകുപ്പിന്റെ അനുമതിയോടെ മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നു മാത്രം. ഇവിടെ പകല്‍ കറങ്ങിവരികയും ചെയ്യാം. കോയമ്പത്തൂര്‍ നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന ജലസംഭരണിയാണ് ശിരുവാണിയിലേത്. ആനയും, കടുവയും പുള്ളിപ്പുലിയും രാജവെമ്പാലയുമടക്കം നിരവധി വന്യജീവികളുള്ള കാടിനു നടുവിലാണ് ഈ സംഭരണി. സംഭരണിക്കടുത്ത് കിടങ്ങിനു നടുവില്‍ സുരക്ഷിതമായാണ് പട്ട്യാര്‍ ബംഗ്ലാവ്. വനംവകുപ്പ് തന്നെ നിരവധി ട്രെക്കിങ് പ്രോഗ്രാമുകളും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. 48 കിലോമീറ്ററാണ് പാലക്കാടു നിന്ന്. 

Siruvani

കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയില്‍ കേബിള്‍കാര്‍ സവാരി, ബോട്ടിങ്, സ്നേക്ക്പാര്‍ക്ക്‌, റോക്ഗാര്‍ഡന്‍, തുടങ്ങി ഒരു ദിവസം ചെലവഴിക്കാനുള്ള വിഭവങ്ങള്‍ തന്നെയായുണ്ട്. കുട്ടികളുമൊത്ത് ഇവിടെ എത്തിയാല്‍ ഫാന്റസി പാര്‍ക്കില്‍ കയറാന്‍ മറക്കരുത്. നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. പതിനഞ്ച് കിലോമീറ്ററേയുള്ളു ധോണിമലനിരകളിലേക്ക് അവിടെ നിന്നും നാലു കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാം. പാലക്കാട്- മണ്ണാര്‍ക്കാട് റൂട്ടില്‍ തുപ്പനാട് നിന്നോ കല്ലടിക്കോട്ടില്‍ നിന്നോ തിരിഞ്ഞു പോയാല്‍ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടത്തിനരികിലെത്താം- മീന്‍വല്ലം. പാലക്കാട് നിന്ന് 31 കിലോമീറ്ററും. മണ്ണാര്‍ക്കാടിനടുത്തുള്ള കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, നെല്ലിയാംപതിയിലേക്കുള്ള വഴിയിലെ പോത്തുണ്ടിഡാം, എന്നിവ മറ്റ് കാഴ്ചകള്‍. പാലക്കാട് നഗരത്തില്‍ തന്നെയാണ് ചരിത്രസ്മരണകളുമായി നിലകൊള്ളുന്ന പാലക്കാട് കോട്ട. 1766 ല്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരാലിയാണ് കോട്ട നിര്‍മ്മിച്ചത്.  ബി.സി മൂന്നാം നൂറ്റാണ്ട് മുതല്‍ എട്ടാം നൂറ്റാണ്ട് വരെ സജീവമായിരുന്ന ജൈനസംസ്‌കൃതിയുടെ തിരുശേഷിപ്പായ ജൈനക്ഷേത്രം നഗരപരിധിയില്‍ തന്നെയാണ്.

 m

കൂട്ടുജീവിതത്തിന്റെ മികച്ച മാതൃകയായ പാലക്കാട് കല്‍പ്പാത്തിയിലെ അഗ്രഹാരം, അനങ്ങനടിയിലെ അനങ്ങന്‍മല, ചൂലന്നൂരിലെ മയിലാടും പാറ, ചെമ്പൈ സംഗീതഗ്രാമം, ചിറ്റൂര്‍ ഗുരുമഠം, കുഞ്ചന്‍ നമ്പ്യാരും തുള്ളലും മറക്കാത്ത കിള്ളിക്കുറിശ്ശിമംഗലം, കഥകളി സ്‌കൂള്‍ തലത്തിലേ പഠിപ്പിക്കുന്ന വെള്ളിനേഴി ഗ്രാമം, ഒളപ്പമണ്ണമന, തബലയും മദ്ദളവുമെല്ലാം നിര്‍മ്മിക്കുന്ന പെരുവെമ്പ് വാദ്യഗ്രാമം, പണ്ട് അറിവിന്റെയും ആരോഗ്യത്തിന്റെയും കേന്ദ്രമായിരുന്ന, ഇന്ന് വിനോദസഞ്ചാരത്തിന്റെ നവീന മുഖങ്ങളിലൊന്നായി മാറിയ പൂമുള്ളിമന, അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളുടെ പൂരപ്പറമ്പാണ് പാലക്കാട്.

Kalpathi

പൂരങ്ങളുടെയും വേലകളുടെയും നാടും ഇതു തന്നെ. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തോളമില്ലെങ്കിലും ചിനക്കത്തൂര്‍ പൂരവും ആര്യങ്കാവ് പൂരവും, അതിനോട് കിടപിടിക്കുന്നതാണ്. മണ്ണാര്‍ക്കാട് പൂരവും നെന്‍മാറ - വല്ലങ്ങി വേലയും ഒട്ടും പിന്നിലല്ല. ചിറ്റൂര്‍-കൊങ്ങന്‍പട, പരിയാനംപറ്റ പൂരം, അട്ടപ്പാടി ശിവരാത്രി, രായിരനെല്ലൂര്‍ മലകയറ്റം, കല്‍പ്പാത്തിരഥോത്സവം, മണപ്പുള്ളിക്കാവ് വേല, അങ്ങിനെ ഉത്സവാഘോഷങ്ങളുടെ കാര്യത്തിലും പാലക്കാട് സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാണ്. കൃഷിയും വിളവെടുപ്പും കഴിഞ്ഞാല്‍ പാലക്കാടന്‍ വയലുകളില്‍ കന്നുതെളിയുടെ ആരവമുയരും, വേലയും പൂരവും കഴിഞ്ഞാല്‍ ആനകള്‍ക്ക് അമൃതേത്ത് നല്‍കുന്നതും ആനയൂട്ടും പ്രത്യേക ചടങ്ങാണ്. ഏറ്റവും കൂടുതല്‍ ആനകളുള്ള തറവാട് പാലക്കാട് മംഗലാംകുന്നിലാണ്.

3binoj_nenmara.jpg

പാലക്കാട് സഞ്ചരിക്കുമ്പോള്‍ ഈ നാടിന്റെ രുചി കൂടി അറിയാന്‍ മടിക്കണ്ട. രാമശ്ശേരി ഇഡ്ഢലി, മംഗലാം കുന്നിലെ മുറുക്ക്, ആലത്തൂരിലെ ഉപ്പേരി, കല്‍പ്പാത്തിയിലെ വാഴത്തണ്ട്, താമരവളയം, ചുണ്ടയ്ക്ക കൊട്ടാട്ടം... പാലക്കാടിന്റെ രുചിവൈവിധ്യ പട്ടിക അങ്ങിനെ നീളുന്നു. നാടറിഞ്ഞ് നാടിന്റെ രുചിയറിഞ്ഞ് മടങ്ങുമ്പോള്‍ നിങ്ങള്‍ ഉറപ്പായും പറയും ഞങ്ങള്‍ വീണ്ടും വരും- അതാണ് പാലക്കാടിന്റെ വശ്യത.