Paithal Malaസൗന്ദര്യത്തിന്റെ നിറപ്പൊലിമയിലാണ് പൈതല്‍മല. പച്ചപുതച്ച പുല്‍മേടുകളില്‍ അരിച്ചിറങ്ങിയെത്തുന്ന കോടമഞ്ഞ് സന്ദര്‍ശകരുടെ മനംമയക്കുന്ന കാഴ്ചയാണ്. പൊട്ടന്‍പ്ലാവില്‍നിന്നുള്ള പ്രവേശനകവാടമായ പൊടിക്കളം മുതല്‍ മസ്തകഭാഗം വരെ ഒരുപോലെ വളര്‍ന്നുനില്‍ക്കുകയാണ് പുല്‍മേടുകള്‍.

കുടക് മലനിരകളിലെ വെള്ളച്ചാട്ടങ്ങളും താഴ്ന്നിറങ്ങിയെത്തുന്ന മേഘങ്ങളും കൂടിയാവുമ്പോള്‍ പൈതല്‍മലയിലെത്തുന്നവര്‍ക്ക് മറക്കാനാവാത്ത ദൃശ്യങ്ങളാണ് ലഭിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മലയിലെ ജൈവസമ്പത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാട്ടുതീയില്ലാതെ കടന്നുപോയ വര്‍ഷം കൂടിയാണ് കഴിഞ്ഞ സീസണിലെത്.

പുല്‍മേടുകളില്‍ കണ്ണാന്തളിയും ചിറ്റേലവും ഓര്‍ക്കിഡുകളും തലയുയര്‍ത്തി വളര്‍ന്നുവരുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യവും മദ്യക്കുപ്പികളും വലിച്ചെറിയുന്നത് കുറഞ്ഞതും പൈതല്‍മലയ്ക്ക് രക്ഷയായിട്ടുണ്ട്. കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയാണ് സന്ദര്‍ശകരെ വനപാലകര്‍ വനത്തിനുള്ളിലേക്ക് കടത്തിവിടുന്നത്.