കുട്ടനാട്-ലോകത്തില്‍ പിന്നെ ഇങ്ങനെയൊരിടം നെതര്‍ലെന്‍ഡ്‌സില്‍ മാത്രമാണ്. സമുദ്രനിരപ്പിനെക്കാള്‍ താണ സ്ഥലത്ത് കായലില്‍ വെള്ളക്കെട്ടിനുള്ളില്‍ ചിറ കെട്ടി വെള്ളം വറ്റിച്ച് കൃഷിചെയ്യുന്ന മനുഷ്യാധ്വാനത്തിന്റെ ഗാഥകള്‍ നിങ്ങള്‍ക്കീ ഓളങ്ങള്‍ പാടുന്നത് കേള്‍ക്കാം. അല്ല കേള്‍ക്കണം. ജീവിതത്തിലൊരിക്കലെങ്കിലും കുട്ടനാട് സന്ദര്‍ശിക്കണം. തകഴി ശിവശങ്കരപ്പിള്ളയുടെ കഥകളിലൂടെയും നോവലുകളിലൂടെയും ഒരുപക്ഷേ, കുട്ടനാടന്‍ജീവിതത്തിന്റെ വാങ്മയചിത്രങ്ങളിലൂടെ നിങ്ങള്‍ സഞ്ചരിച്ചുണ്ടാവും. എന്നാല്‍ കാലം മാറിയപ്പോള്‍ കഥകളും മാറി. പരിഷ്‌കാരങ്ങളും നഗരജീവിതവേഗങ്ങളും കുട്ടനാടിന്റെ മുഖവും ഏറെ മാറ്റിക്കഴിഞ്ഞു. അതിന്റെ ഗുണവും ദോഷവും എല്ലാം ഇവിടെ കാണാം.

Paddy
പച്ചപ്പാടങ്ങള്‍

പണ്ട് കേരളത്തിന്റെ നെല്ലറകളിലൊന്നായിരുന്നു കുട്ടനാടെങ്കില്‍ ഇന്ന് വിനോദസഞ്ചാരഭൂപടത്തിലെ ഒരു മരതകമുത്താണിത്. വിദേശസഞ്ചാരികളും സ്വദേശസഞ്ചാരികളും ഒഴുകിയെത്തുന്ന, അവര്‍ക്ക് ആതിഥേയത്വമരുളാന്‍ 2800 പുരത്തോണികളും ഒട്ടേറെ ഹോംസ്റ്റേകളും ഷിക്കാരകളും നാടുകാണിക്കുന്ന നാടന്‍ വള്ളങ്ങളും കാത്തിരിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ജലോപരിതലദേശം. കുട്ടനാടന്‍ ജീവിതം അടുത്തറിയാന്‍ നഗരത്തിലെ ഹോട്ടലുകളില്‍ താമസിക്കുന്നതിനെക്കാള്‍ ഹോംസ്റ്റേതന്നെ നല്ലത് എന്നുകരുതി കൈനകരിയിലെ ആയുര്‍ ഹോംസ്റ്റേയില്‍ താമസമാക്കി. ഇവിടെ റോഡ്ഗതാഗതം തീരെയില്ല. പഴയൊരു തറവാടുവീട് ഹോംസ്റ്റേ ആക്കിയതാണ്. അവിടെ വിശാലമായ കോലായയും സ്വീകരണമുറിയും രണ്ട് ബെഡ്റൂമുകളുമാണുള്ളത്. മുറ്റത്തിരുന്നാല്‍ പമ്പയാറൊഴുകുന്നതിന്റെ ഓളമേളം കേള്‍ക്കാം. ബോട്ടുകളും കൊച്ചുവള്ളങ്ങളും കടന്നുപോവുന്നത് കാണാം. അക്കരെയും ഇക്കരയുമായി കത്തോലിക്കരുടെയും ഓര്‍ത്തഡോക്സുകാരുടേതുമായി രണ്ട് വലിയ പള്ളികള്‍ കാണാം. സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ നടവരമ്പിലൂടെ ഇത്തിരി അഭ്യാസത്തോടെ സൈക്കിള്‍ കൊണ്ടുപോവുന്നുണ്ട്. കരമാര്‍ഗമുള്ള ഏക വാഹനം അതാണ്.

House Boat

വെയില്‍ താണപ്പോള്‍ റോച്ച തന്റെ യന്ത്രത്തോണിയുമായെത്തി. അന്താരാഷ്ട്ര കയാക്കിങ് താരമാണ് റോച്ച. അവനാണ് ഈ കുട്ടനാടന്‍ യാത്രയുടെ സാരഥി. തോണിയേറി ഞങ്ങള്‍ മുന്നോട്ട്. പാലത്തിക്കാട് അമ്പലത്തില്‍ സപ്താഹമാണ്. ഉച്ചഭാഷിണിയിലൂടെ ഭക്തിപ്രഭാഷണം ഒഴുകിവരുന്നു. അതുകഴിഞ്ഞുള്ള കടവിലാണ് തങ്കച്ചന്റെ ഒഴുകുന്ന ഹോള്‍സെയില്‍ കട കണ്ടത്. പഴയൊരു ചുരുളന്‍വള്ളത്തില്‍ മേല്‍മൂടിയിട്ട് ഭദ്രമാക്കിയതിനുള്ളില്‍ പലചരക്കുകളും സ്റ്റേഷനറി സാധനങ്ങളും സിഗരറ്റ് തീപ്പെട്ട്യാദികളുമായി ഒരു സഞ്ചരിക്കുന്ന ഹോള്‍സെയില്‍ കട. അതാണ് തങ്കച്ചന്‍. ''40 കൊല്ലമായി ഞാനീ പണി തുടങ്ങിയിട്ട്. പണ്ട് തുഴഞ്ഞാണ് പോയിക്കൊണ്ടിരുന്നത്. പിന്നീട് പത്തുവര്‍ഷം മുമ്പ് യമഹ പിടിപ്പിച്ചു. ആദ്യമായി കുട്ടനാട്ടില്‍ യമഹ എഞ്ചിന്‍ പിടിപ്പിച്ച വള്ളം കൊണ്ടുപോയിത്തുടങ്ങിയത് ഞാനാണ്. അതുകൊണ്ടുതന്നെ ഈ കടയ്ക്ക് യമഹ എന്നൊരു പേരും വീണിട്ടുണ്ട്.'' തങ്കച്ചന്‍ പറഞ്ഞു. തങ്കച്ചനോട് ടാറ്റപറഞ്ഞ് ഞങ്ങള്‍ അയ്യനാട് പാടശേഖരത്തിലേക്ക് പോയി. മഞ്ഞനിറമാര്‍ന്ന് കതിരണിഞ്ഞുകിടക്കുന്ന പുഞ്ചപ്പാടം സായാഹ്നസൂര്യന്റെ പൊന്‍കിരണങ്ങള്‍കൂടി ഏറ്റതോടെ വെട്ടിത്തിളങ്ങാന്‍തുടങ്ങി. പാടവരമ്പത്തിരുന്ന് വിജയന്‍ചേട്ടന്‍ ഈ കൊല്ലത്തെ വിളവിനെപ്പറ്റി നല്ലത് പറഞ്ഞു. തുരുത്തിലമ്പലം എന്ന ഇളംകാവ് ദേവീക്ഷേത്രം കൈനകരി ഹോളിഫാമിലി ഗേള്‍സ് ഹൈസ്‌കൂള്‍, പള്ളിക്കടത്ത് എന്നിവ കടന്ന് തോണി മുന്നോട്ടുപോയി. ഇരുള്‍ കനക്കാന്‍തുടങ്ങിയതോടെ തിരിച്ചുപോന്നു. രാത്രി കായല്‍കാറ്റേറ്റ് തീരത്തിരിക്കാന്‍ നല്ല സുഖം.

Yamaha
കാലം മാറി കടത്തും. ഇപ്പോള്‍ യമഹയാണ് എല്ലായിടത്തും

തൊട്ടടുത്തൊരു ഹോംസ്റ്റേയുണ്ട്. ധാരാളം വിദേശികള്‍ വരുന്നയിടമാണ്. നമുക്ക് അവിടെവരെ ഒന്നു പോവാം. തൊട്ടടുത്താണ് ഗ്രീന്‍ഫാം ഹോംസ്റ്റേ. അങ്ങോട്ട് കടന്ന് ചെന്നതും പ്രത്യേക ഒരന്തരീക്ഷം. പഴയ കുട്ടനാടന്‍ തറവാട് വീട് ഹോംസ്റ്റേ ആക്കി മാറ്റിയതാണ്. നല്ല അപ്പവും കോഴിക്കറിയും അടിച്ചോണ്ടിരിക്കുകയാണ് ജര്‍മ്മനിയില്‍ നിന്നുള്ള യാത്രാസംഘം. ഗൃഹനാഥനായ തൊമ്മച്ചന്‍ എന്ന തോമസ്‌കുട്ടി താറാവുകറിയും കരിമീന്‍ മപ്പാസുമെല്ലാം സഞ്ചാരികള്‍ക്ക് വിളമ്പിക്കൊടുക്കുന്നു. വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ജീവിതവുമായി ഒത്തു ചേര്‍ന്നു പോകുന്ന ഈ ഹോംസ്റ്റേ യഥാര്‍ഥ ഹോംസ്റ്റേ തന്നെയാണ്. ഹോംസ്റ്റേ എന്ന പേരില്‍ ഹോട്ടല്‍ പോലെ നടത്തുന്നവരും ഇവിടെയുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ അംഗീകാരമുള്ള ഈ ഹോംസ്റ്റേയ്ക്കൊപ്പം അതേ പറമ്പില്‍ തന്നെ രണ്ട് ഹോംസ്റ്റേകള്‍ കൂടിയുണ്ട്. എല്ലാ തൊമ്മച്ചന്റെ ബന്ധുക്കളുടേതു തന്നെ. പിറ്റേദിവസം നേരം പരപരാ വെളുക്കുംമുന്‍പുതന്നെ യാത്ര തുടങ്ങി. റോച്ച വന്ന് വിളിക്കുമ്പോള്‍ സൂര്യന്‍ എഴുന്നേറ്റിട്ടില്ല. പുഴയോരക്കാഴ്ചകള്‍ പിന്നിട്ട് കായലിന്റെ വിശാലതയിലേക്ക് പ്രവേശിച്ചതും ഇതെന്താ കടലായോ എന്നു മധു ''അല്ല ഇതാണ് കായല്‍, വേമ്പനാട്ട് കായല്‍.'' റോച്ച പറഞ്ഞു. ആ കായലില്‍ ചെളികുത്തി ബണ്ടുയര്‍ത്തിയുണ്ടാക്കിയ റാണി ചിത്തിര മാര്‍ത്താണ്ഡം കായലിലേക്കാണ് ഞങ്ങള്‍ പോവുന്നത്.

Home Stay
ജീവിതവും രുചിയുമറിഞ്ഞ് വീട്ടുകാര്‍ക്കൊപ്പം.
തോമസ്‌കുട്ടിയുടെ ഹോംസ്‌റ്റേ

വഴിക്ക് ചായകുടിക്കാന്‍ ഒരു കൊച്ചുകടയില്‍ കയറി. നല്ല നാടന്‍ പാലൊഴിച്ച ചായ കിട്ടി. ചൂടോടെ നാല് ദോശയും ചമ്മന്തിയും. തൊട്ടടുത്ത കടവിലിരുന്ന് വിളക്ക് തേച്ചുമിനുക്കുന്ന ചേച്ചിയെ കണ്ട് മധു പടമെടുക്കാന്‍ പോയി. ചേച്ചിയും ഒരു കുട്ടനാടന്‍ കഥാപാത്രമാണ്. എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അവരുടെ ശരീരത്തില്‍ ദേവി വിളയാടുമത്രെ. ചായകുടിച്ചുകൊണ്ടിരിക്കെ ഒരു യമഹത്തോണി വരുന്നത് കണ്ടു. തോണിക്കാരനൊപ്പം ഒരു നായയും ഉണ്ട്. തകഴിയുടെ വെള്ളപ്പൊക്കം എന്ന പ്രശസ്തമായ കഥയിലെ നായയെയാണ് ഓര്‍മവന്നത്. ഞങ്ങളുടെ വള്ളത്തോട് ചേര്‍ന്ന് ആ വള്ളവും നിര്‍ത്തി. നായ അതില്‍നിന്ന് ചാടി ഞങ്ങളുടെ തോണിയില്‍ ഇരിപ്പായി. തോണിക്കാരന്‍ അനില്‍ ചായ കുടിക്കാനായി കടയിലേക്ക് കയറി. നായയ്ക്കും ഒരു ദോശ വാങ്ങിക്കൊടുത്തു. എന്താണിതിന്റെ പേര് ഞാന്‍ ചോദിച്ചു. അപര്‍ണ. ങേ ആദ്യമായാണ് നായയ്ക്ക് ഇങ്ങനെയൊരു പേര് കേള്‍ക്കുന്നത്. അനിലിന്റെ സന്തതസഹചാരിയാണ് അപര്‍ണ. കായലിലേക്ക് തൊഴിലാളികളെയും കൊണ്ടുപോവുന്ന വള്ളമാണിത്. അമരത്ത് എപ്പോഴും അപര്‍ണയുണ്ടാവും. ''ഇവളെയുംകൊണ്ട് ആലപ്പുഴയില്‍ പോയി ഞാനൊന്ന് കുടുങ്ങിയതാണ്. അവളോട് വള്ളത്തിലിരിക്കാന്‍ പറഞ്ഞ് ഒന്ന് മിനുങ്ങാമെന്ന് കരുതി ബാറില്‍ കയറിയതാണ്. തിരിഞ്ഞുനോക്കുമ്പോഴുണ്ട് അവളും ബാറില്‍. കുടിക്കാന്‍ വന്നവര്‍ ഇളകി. അവസാനം ഒരു തുള്ളി കുടിക്കാന്‍പറ്റാതെ പുറത്തിറങ്ങേണ്ടിവന്നു.''

Aparna's Shikkara
അപര്‍ണയുടെ നൗക

തൊട്ടടുത്ത് മറ്റൊരു കടയിലേക്കും ഞങ്ങള്‍ തോണി അടുപ്പിച്ചു. അവിടെ ഒരു കൊച്ച് പുല്‍ത്തുരുത്തുണ്ടായിരുന്നു. അതും നോക്കി കുറച്ചാടുകള്‍ കരയിലും. ഇതിങ്ങനെ ഒഴുകിവരുന്ന പുല്‍ത്തുരുത്താണ്. കടകല്‍ എന്നിവിടെ പറയും. ഇടയ്ക്ക് തോണിയിലിരുന്ന് പുല്ലരിഞ്ഞ് ആടുകള്‍ക്ക് കൊടുക്കും. തോമസ്‌കുട്ടിച്ചേട്ടന്‍ പറഞ്ഞുതന്നു. ചേട്ടന് മീന്‍കച്ചവടമാണ് പണി. രാത്രി ചൂണ്ടയിടാന്‍ പോയവരും വലയിടുന്നവരും വരുന്നത് കാത്തിരിക്കുകയാണ്. ആ മീനും വാങ്ങി തോണിയേറി കൈത്തോടുകളുടെ കരയിലെ വീടുകളിലെത്തിച്ചുകൊടുക്കും. അങ്ങനെയാണ് ഉപജീവനം. തൊഴിലാളികളെ കയറ്റി വള്ളങ്ങളിങ്ങനെ ഇടയ്ക്കിടെ പോയ്ക്കൊണ്ടിരിക്കുന്നതും കാണുന്നുണ്ടായിരുന്നു. എല്ലാം കായലുകളിലേക്ക് കൃഷിപ്പണിക്ക് പോവുന്ന തൊഴിലാളികളാണ്.

Shikkara
ജീവിതനൗക

ഞങ്ങളും അവര്‍ക്കുപിന്നാലെ വിട്ടു. റാണിക്കായലിലാണ് ആദ്യം ഇറങ്ങിയത്. അവിടെ തൃശ്ശൂരില്‍നിന്നുള്ള തൊഴിലാളികളും കൊയ്ത്തുയന്ത്രവും കാത്തിരിക്കുന്നു. ഒരുവശത്ത് കൊയ്ത് മെതിച്ച് ചാക്കുകളിലാക്കിയ നെല്ലുകള്‍ കേവുവള്ളങ്ങളിലാക്കി നെടുമുടി എ.സി. റോഡിലേക്ക് കൊണ്ടുപോവുന്ന തൊഴിലാളിസംഘം. പണ്ട് ഭക്ഷ്യക്ഷാമം രൂക്ഷമായകാലത്ത് തിരുവിതാംകൂര്‍ രാജാക്കന്മാരെ കണ്ട് മുരിക്കന്‍ ഈ കായലില്‍ കൃഷിചെയ്യാനുള്ള സാധ്യത പറഞ്ഞുകൊടുത്തു. അങ്ങനെ വിശാലമായ കായല്‍നടുവില്‍ 600 ഏക്കര്‍ ചെളികുത്തി ബണ്ട് നിര്‍മിച്ച് ചക്രം ചവിട്ടി വെള്ളം കളഞ്ഞാണ് ഈ കായല്‍ നെല്‍വയലാക്കിയത്. മുരിക്കന്‍ കായല്‍രാജാവ് എന്നും അറിയപ്പെട്ടു.

Shikkara 2
നാടന്‍ ഷിക്കാരയില്‍

അന്ന് ചക്രം ചവിട്ടി വെള്ളം വറ്റിച്ച സ്ഥാനത്ത് പിന്നെ പെട്ടിയും പറയും വന്നു. പിന്നെ വൈദ്യുതി ഉപയോഗിച്ചുള്ള മോട്ടോറുകള്‍തന്നെയായി. പക്ഷേ, പില്‍ക്കാലത്ത് തൊഴിലാളിക്ഷാമവും സമരങ്ങളും കൃഷിയെ പ്രതികൂലമായി ബാധിച്ചു. വര്‍ഷങ്ങളോളം വെള്ളം കയറ്റി തരിശിട്ട നിലങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെകാലത്താണ് വീണ്ടും ഏറ്റെടുത്ത് കൃഷിയിറക്കിയത്. പലര്‍ക്കായി പകുത്തുകൊടുത്ത ഈ മിച്ചഭൂമിയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു സ്വകാര്യവ്യക്തിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. സ്ഥലമുടമകള്‍ക്ക് സര്‍ക്കാര്‍ പാട്ടം കൊടുക്കുന്നു. മൂന്നുവര്‍ഷം ഇങ്ങനെ കൃഷിയിറക്കിയശേഷം പിന്നെ സ്ഥലമുടമകള്‍ക്കുതന്നെ കൃഷിയിറക്കാം എന്ന വ്യവസ്ഥയിലാണിത്. പണ്ട് മുരിക്കന്റെകാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്ന തൊഴിലാളികള്‍ വരമ്പില്‍ കൂരകുത്തി താമസിച്ചായിരുന്നു കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. അന്ന് അവര്‍ക്കുവേണ്ടി മുരിക്കന്‍ പണിത പള്ളി, ചിത്തിരപ്പള്ളി ഇപ്പോഴും പഴയ പ്രതാപകാലത്തിന്റെ ഓര്‍മകളോടെ ചിത്തിരക്കായലിന്റെ ബണ്ടില്‍ കാണാം. 

Kuttanadu 2

Kuttanad is a unique landscape spread in three ditsricts of Kerala, namely Alappuzha, Kottayam and Pathanamthitta. It is also known as the granary of Kerala.

How to reach: By Air Cochi(60km).

By Rail:  Alappuzha(4km).

By Road:

There are bus services operating from cities like Cochin, Thiruvananthapuram, Kozhikode.

By boat: When you are visiting places like Kuttanad, it’s better to opt for boats, as many places in Kuttanad are inaccessible by road.

Contact: DTPC ✆0477 225 1796

For country boat ride: ✆ 9645633078House boat: ✆ 9447791919

റാണിയിലെ കൊയ്ത്തുത്സവവും കണ്ട് ചിത്തിരപ്പള്ളിയിലും കയറി നേരേ ആര്‍ ബ്ളോക്കിലേക്ക് വിട്ടു. ആര്‍ ബ്ലോക്ക് വെള്ളം വറ്റിച്ച് കരയാക്കി അവിടെ തെങ്ങും പ്ലാവും മാവും കൊക്കോയും തുടങ്ങി ഫലവൃക്ഷങ്ങള്‍ കൃഷിചെയ്തുകൊണ്ടിരുന്നിടമാണ്. ചെത്തുകാരുടെ പറുദീസയായിരുന്നു. വെള്ളം വറ്റിച്ചുകൊണ്ടേയിരിക്കണം. പക്ഷേ, മോട്ടോര്‍ കേടായി വെള്ളംവറ്റിക്കല്‍ നിലച്ചതോടെ കൃഷി നശിച്ചു. മൊത്തത്തില്‍ നഷ്ടത്തിലായതിനാല്‍ ആരും ശ്രദ്ധിക്കാതെ പുറംബണ്ടുകളില്‍ മാത്രമായി തെങ്ങും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ചെത്തുകാരും ഇതുകൊണ്ട് ഈ കായലിനെ കൈയൊഴിഞ്ഞു. ഇന്ന് പേരിന് ചെത്തുന്നുണ്ട്. കനകന്റെമൂല ജെട്ടിയിലെ കടയില്‍ വിനോദസഞ്ചാരികള്‍ വരുമ്പോള്‍ ഭക്ഷണവും അത്യാവശ്യ സാധനങ്ങളും കിട്ടുന്നൊരു കടയുമുണ്ട്. കനകനായിരുന്നു ഇവിടെ കട നടത്തിക്കൊണ്ടിരുന്നത് അങ്ങനെയാണ് ജെട്ടിക്ക് ആ പേര് വന്നത്. അന്ന് 90 കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. ഇന്നത് 22 ആയി ചുരുങ്ങി. അതില്‍തന്നെ പലര്‍ക്കും മറ്റിടങ്ങളിലും വീടുകളായി. കനകന്റെ കട ഇപ്പോള്‍ മകനാണ് നടത്തുന്നത്. നല്ല ബീഫും മീനും കോഴിയും കൂട്ടി കപ്പയടിക്കാന്‍ ബോട്ടുകളും പുരത്തോണികളും ഈ ജെട്ടിയില്‍ അടുക്കുന്നു, ആലപ്പുഴ കോട്ടയം ബോട്ടും ഈ വഴിയാണ് പോവാറ്.

ചിറക് ഉണക്കുന്ന നീര്‍ക്കാക്കകളെ കണ്ടു. മീന്‍ തിന്ന് ക്ഷീണം തീര്‍ക്കുകയാണവ. അപാര ദഹനശേഷിയുള്ള നീര്‍ക്കാക്കകള്‍ക്ക് എത്ര മീന്‍ കിട്ടിയാലും മതിയാവില്ലെന്നാണ് പറയാറ്. കാക്കകളുടെയും മറ്റു കിളികളുടെയും കാഷ്ടം വീണ് വെളുത്തുപോയ മരശിഖരങ്ങള്‍. ഇരുവശത്തും വിശാലമായ പാടശേഖരങ്ങള്‍. നടുവിലെ വിശാലമായ തോട്ടിലൂടെ ഞങ്ങളുടെ വള്ളം മടക്കയാത്ര തുടങ്ങി.

Meenampathi
മീനംപതി കായലിലെ ഹൗസ്‌ബോട്ട് പാര്‍ക്കിങ് ഏരിയ

കുഞ്ഞച്ചന്റെ നാടന്‍വള്ളവും നാടന്‍ ഊണും

പി എന്‍ ചാക്കോ എന്ന കുഞ്ഞച്ചന്‍ വളം വാങ്ങാന്‍ ആലപ്പുഴയ്ക്ക് പോയതായിരുന്നു. തന്റെ കൊച്ചുവള്ളത്തില്‍ രണ്ട് ചാക്ക് വളവുമായി നഗരത്തില്‍നിന്ന് കൈനകരിയിലെ തന്റെ വീട്ടിലേക്ക് തുഴയാന്‍ തുടങ്ങുമ്പോള്‍ ഒരു ഇംഗ്ലീഷുകാരന്‍ ചാടിവീണു. 'എങ്ങോട്ടാ പോവുന്നേ' അയാള്‍ ചോദിച്ചു. പഴയ പ്രീമെട്രിക് പാസായ കുഞ്ഞച്ചന് അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനറിയാമായിരുന്നു. 'ഞാന്‍ വീട്ടിലേക്ക് പോവുകയാണ്.' 'എന്നാന്‍ ഞാനും കൂടെ പോരട്ടെ' എന്നായി സായിപ്പ്. 'ഓ വേണ്ട കുറച്ചുദൂരമുണ്ട് തിരിച്ചുവരാന്‍ പാടാവും.' 'ഓ അതൊന്നും സാരമില്ല.' 'തിരിച്ച് ബോട്ടുണ്ടാവില്ല.' അധികം സംസാരിക്കും മുന്‍പേ അയാള്‍ വള്ളത്തിലേക്ക് ചാടിക്കയറി ഇരിപ്പുറപ്പിച്ചു.

Kunhachan

അങ്ങനെ വേമ്പനാട്ട് കായലിന്റെ വിശാലതയിലൂടെ, ഓളങ്ങളുടെ ചാഞ്ചാട്ടങ്ങളിലൂടെ അവര്‍ കൈത്തോടിന്റെ സ്വച്ഛതയിലേക്ക് പ്രവേശിച്ചു. സായിപ്പ് ഹായ് എന്നുപറഞ്ഞു. തുണികഴുകുന്നവരും പാത്രം കഴുകുന്നുവരും കുഞ്ഞച്ചന്റെ തോണിയില്‍ സായിപ്പിനെ കണ്ടമ്പരന്നു. അവരെ കൈവീശിക്കാണിച്ച് സായിപ്പ് ക്യാമറ കൈയിലെടുത്തു. വീടിനടുത്ത് തോണിയടുപ്പിക്കുമ്പോള്‍ ഭാര്യയും അന്തംവിട്ടു. ഈ മനുഷ്യന്‍ ആരേയും കൊണ്ടാ വരുന്നത്. സായിപ്പ് പക്ഷേ, ഒരു ചിരപരിചിതനെപ്പോലെ വീട്ടില്‍ കയറി. അടുക്കളയില്‍ എന്തുണ്ടെന്ന് ചോദിച്ചു. സായിപ്പിന് കൊടുക്കാന്‍ പറ്റുന്നതൊന്നും അവിടെയുണ്ടായിരുന്നില്ല. 

ഒരു ഇളനീരും മുട്ടകൊണ്ടൊരു ഓംലറ്റും രണ്ട് ബ്രഡ്ഡും കൊടുത്തു. ബോട്ടിന്റെ സമയമായപ്പോ സായിപ്പിനെ കുഞ്ഞച്ചന്‍ ജെട്ടിയിലേക്ക് നയിച്ചു. കെട്ടിപ്പിടിച്ച് വിടവാങ്ങുമ്പോള്‍ സായിപ്പ് കൈയിലൊരുകെട്ട് നോട്ട് വെച്ചുകൊടുത്തു. ഇതുകൊണ്ട് നീയൊരു പുതിയ തോണി വാങ്ങണം. എന്നിട്ട് ഇതുപോലെ ടൂറിസ്റ്റുകള്‍ക്ക് കുട്ടനാടന്‍ ഗ്രാമജീവിതം കാട്ടിക്കൊടുക്കണം. നിന്റെ ഭക്ഷണം അവര്‍ക്ക് കൊടുക്കണം. അത് നിനക്കൊരു വരുമാനമാവട്ടെ. എന്നും പറഞ്ഞു. അത്രയ്ക്കൊക്കെ വേണോ എന്നാദ്യം സ്വയം ചോദിച്ചെങ്കിലും പിന്നെ കുഞ്ഞച്ചന്‍ അതൊരു ജീവിതമാക്കി. ഇന്ന് അതാണ് കുഞ്ഞച്ചന്റെ ജീവിതം. കുട്ടനാട്ടില്‍ ഒട്ടേറെപേര്‍ ഈ വഴി ജീവിതം കണ്ടെത്തുന്നുണ്ട്. 

ഒരാള്‍ക്ക് 1250 രൂപയാണ് പാക്കേജ് പ്രകാരം വാങ്ങുന്നത്. ആലപ്പുഴ ബോട്ട് ജെട്ടിയില്‍ എത്തുന്ന സഞ്ചാരിയെ സര്‍വീസ് ബോട്ടില്‍ കൈനകരിയില്‍ കൊണ്ടുവരും. ബ്രേക്ക്ഫാസ്റ്റിനുശേഷം തോണിയില്‍ കയറ്റി കൈത്തോടുകളിലൂടെ കുട്ടനാടന്‍ജീവിതം അടുത്തറിഞ്ഞൊരു യാത്ര. ഉച്ചയോടെ തിരിച്ചെത്തും. ചോറും മീന്‍കറിയും ഓംലറ്റും മീന്‍പൊരിച്ചതും കൂട്ടിയൊരു ഊണ്. ഉച്ചയ്ക്കുശേഷം താത്പര്യമുള്ളവര്‍ക്ക് ഗ്രാമത്തിലൂടെ നടക്കാം. വൈകുന്നേരം ചായയും ബിസ്‌കറ്റും കഴിച്ച് സര്‍വീസ് ബോട്ടില്‍ തിരിച്ചുപോവാം. ഇതാണ് പാക്കേജ്. താത്പര്യമുള്ളവരെ കേരളഭക്ഷണം ഉണ്ടാക്കാന്‍ ഭാര്യസാലിമ പഠിപ്പിക്കുകയും ചെയ്യും.  ഇപ്പോള്‍ കുഞ്ഞച്ചന്റെ കുഞ്ഞുവീട്ടിലെ വാതിലിനുമുകളില്‍ ട്രിപ് അഡൈ്വസറുടെ സ്റ്റിക്കര്‍ കാണാം. സന്ദര്‍ശക ഡയറിയിലെ താളുകളില്‍ സഞ്ചാരികളുടെ സന്തോഷ വാക്കുകള്‍ കാണാം. പണത്തോടൊപ്പം കുഞ്ഞച്ചന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അതൊക്കെയാണ്. 

ഞങ്ങളെങ്ങനെയോ അതുപോലെ സ്വീകരിക്കുക എന്നതാണ് അദ്ദേഹത്തിന് സഞ്ചാരികളോട് പറയാനുള്ളത്. ആലപ്പുഴ നിന്നും കോട്ടയം, കാവാലം കൃഷ്ണപുരം, കൊല്ലം ബോട്ടുകളില്‍ യാത്രചെയ്തും  കുട്ടനാടന്‍ ജീവിതം അടുത്തറിയാം.