മഹാബോധി മഹാവിഹാരത്തിന്റെ നേര്പുറകിലാണ് മഹാബോധിവൃക്ഷം. മനുഷ്യവ്യഥയുടെ കാരണംതേടി ഒരു മനുഷ്യന് തപസ്സുചെയ്ത വൃക്ഷഛായ. ഫാഹിയാന്‍ അഭിദര്‍ശിച്ച ഭൂമിയുടെ നാഭി. വൃക്ഷം ഇലപടര്‍ത്തിയ ഹരിതശാന്തിയിലിരുന്നു. ചുറ്റിലും അലൗകികമായൊരു മൗനസ്നിഗ്ധത. ചിറകുലര്ത്തിയ കപോതം ശുഷ്കമായൊരു ശാഖിയും പഴുത്തടര്ന്നൊരു ഇലയും മുന്നിലിട്ടു (ബോധി വൃക്ഷത്തണലില്‍ ആരും വികാരാധീനരാകാറില്ല).
ബോധ്ഗയയിലെ സഹചാരിയായ സുഹൃത്ത് ശങ്കര്‍ ശാഖി കൈയിലെടുത്തു പറഞ്ഞു: ഇതില്‍നിന്ന് നാല് ബുദ്ധന്മാരെ ഉണ്ടാക്കാം. ശില്പികളുണ്ട്. ഒന്നും മനസ്സിലായില്ല. ബോധ്ഗയയിലെ പ്രധാന പാതയ്ക്കരികില്‍ കെട്ടിടത്തിന്റെ കീഴറയിലാണ് ബുദ്ധശില്പി എന്ന് സ്വയം നാമകരണംചെയ്ത ബീരേന്ദറിന്റെ പണിശാല. ചെറിയൊരു മുറി നിറഞ്ഞുകവിഞ്ഞ് ബുദ്ധവിഗ്രഹങ്ങള്‍. പറഞ്ഞതുപോലെ ശുഷ്കശാഖിയില്നിന്ന് അടുത്ത ദിവസത്തേക്ക് നാലു ബുദ്ധന്മാര് പിറവികൊണ്ടു. ഭൂമി-നിര്‍വാണ-അഭയ-ധ്യാന മുദ്രകളില്‍. വിസ്മയിച്ചുപോയി. ബീരേന്ദറിനോടടുത്തു. അങ്ങനെയാണ് ബുദ്ധശില്പികളുടെ ഗ്രാമമായ കുക്ക്ഡിയിലെത്തുന്നത്.
ബോധ്ഗയയില്നിന്ന് ബൈക്കില്‍ ഒരു മണിക്കൂറോളം സഞ്ചരിച്ച് വേണം കുക്ക്ഡിയിലെത്താന്. ഒരു തനി ബിഹാര്‍ ഗ്രാമം. പ്രാഥമിക ജീവിതസൗകര്യങ്ങള്ക്കുപോലും ഞെരുക്കം. സാക്ഷരതാനിലവാരം വളരെ കുറവ്. ജനന നിയന്ത്രണത്തെക്കുറിച്ച് ഒരറിവുമില്ലാത്ത സമൂഹം. 26 വയസ്സിനുള്ളില്‍ ആറു കുട്ടികളുടെവരെ അമ്മയായവര്‍. ഗ്രാമത്തിലാകെ കുടിവെള്ള ക്ഷാമം. പന്നികളും മനുഷ്യമാലിന്യവും ഇഴുകിക്കിടക്കുന്ന ഇടുങ്ങിയ വഴികള്‍ക്കിരുവശവും തിങ്ങിനിറഞ്ഞ ഗ്രാമഗൃഹങ്ങള്. എന്നാലും മണ്ണ് മെഴുകിയ കുടിലിന്റെ ചുമരുകളിലും കാണാം ബുദ്ധന്റെയും പൂക്കളുടെയും ശില്പചിത്രങ്ങള്‍.
ഗ്രാമത്തിലേക്കെത്തുന്നത് കല്ലിലും മരത്തിലും ഉളിവീഴുന്ന ശബ്ദം കേട്ടുകൊണ്ടാവും. ജോലിക്കാര്‍ക്കും ക്ലിപ്തസമയമൊന്നുമില്ല. ഉണര്‍ന്നിരിക്കുമ്പോഴെല്ലാം നിര്മിതിയില്ത്തന്നെ മുഴുകും. കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധന്മാര്വരെ നീളുന്ന പ്രവൃത്തിപഥം. സ്ത്രീകള്‍ ചന്ദനത്തിരിനിര്മാണ രംഗത്താണ്. കല്ലിലും മരത്തിലും ഒരുപോലെ നിര്‍മാണ വൈദഗ്ധ്യം പ്രകടമാണ്. എന്നാല്‍ വിവിധഭാവങ്ങളിലുള്ള ബുദ്ധബിംബങ്ങളില് മാത്രം ഇവര്‍ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതിനു ഉത്തരമില്ല. ഇത്തരം സങ്കീര്‍ണമായ ആരായലുകള്ക്കൊന്നും വിശദീകരണം തരാന്‍ ഈ ഗ്രാമീണര്‍ പ്രാപ്തരുമല്ല.
ശില്പികളുടെ നേരിയ രചനാവൈവിധ്യം മാറ്റിനിര്‍ത്തിയാല്‍ ഇവര്‍ തീര്‍ക്കുന്ന ബുദ്ധശില്പങ്ങള്ക്കെല്ലാം ഒരു ശൈലിയുണ്ട്. തലമുറകള്‍ പകര്‍ത്തി ആര്‍ജവം വന്ന ശൈലി. താജിന്റെ നിര്‍മിതിയില്‍ ഉള്‍പ്പെട്ടവരുടെ ഇന്നത്തെ ജീവിക്കുന്ന തലമുറയും മാര്‍ബിള്‍ ചിത്രണത്തില്‍ പിന്‍പറ്റി തുടരുന്നതിന് സമാനമാണിത്. ഇടനിലക്കാരോ വിലപേശല്‍ കുറേക്കൂടി മനസ്സിലാക്കിയ ശില്പികള് തന്നെയോ ആണ് ഗ്രാമവാസികളുടെ വിപണന കവാടം. സംഘടിത സ്വാശ്രയ സംഘങ്ങളൊന്നുമില്ല. പുറത്ത് വന്‍ വിലയ്ക്ക് ഇവ വിറ്റുപോവുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹത്തായൊരു ജീവിതമാതൃക ഉപദേശിച്ച ഗൗതമബുദ്ധന്റെ കര്മചര്യയെ ഈ ബുദ്ധ ശില്പികള് മൗനികളായി ഇരുന്ന് കോറിയെടുക്കുമ്പോള് ജീവിതം മറ്റൊരു തലമുറയിലേക്ക് അതിവര്‍ത്തിക്കുക കൂടിയാണ്.
കുക്ക്ഡിയിലേക്കെത്താന്
ഡല്‍ഹിയില്‍നിന്ന് ഒരു രാത്രി യാത്രകൊണ്ട് ഗയ ജങ്ഷനിലെത്താം. അവിടെനിന്ന് 22 കി.മീ ബോധ്ഗയയിലേക്ക്. ഷെയര്‍ ഓട്ടോവിലോ, ടാക്സിയിലോ, സുഖമായി എത്താം. അവിടെനിന്ന് കുക്ക്ഡിയിലേക്ക് ഒരുമണിക്കൂര്‍ യാത്ര. ബൈക്കിലായാല്‍ ഗ്രാമത്തനിമ കാണാം. ബോധ്ഗയയില്‍ ബജറ്റ് ഹോട്ടലുകള്‍ മുതല്‍ ലക്ഷ്വറി താമസംവരെ ലഭ്യമാണ്. ബുദ്ധപ്രതിമകള്‍ ശില്പികളില്നിന്ന് നേരിട്ട് വാങ്ങാന്‍ ശ്രമിക്കുന്നത് നന്നാവും.