ശ്രീലങ്കയുടെ വടക്കേയറ്റത്തുള്ള പോയിന്റ് പെട്രോയുമായി മുഖംനോക്കിനില്‍ക്കുന്ന ഒരു മണല്‍ദ്വീപാണ് തമിഴ്നാടിന്റെ തെക്കുകിഴക്കേയറ്റത്ത് കോറോമണ്ഡല്‍ തീരത്തുള്ള കോടിക്കര. പാല്‍ക്കല കടലിടുക്കിന് (Palk strait)  ഇരുവശത്തുമായി നിലകൊള്ളുന്ന ഈ ഭൂവിഭാഗങ്ങള്‍ ആദിമകാലത്ത് ഒന്നായി കിടന്നതാണ്. കാവേരിയുടെ ഡെല്‍റ്റ പ്രദേശമാണീ ഭൂപ്രദേശം. കടല്‍ പിന്‍വാങ്ങി ഉപ്പളങ്ങളും ചതുപ്പുനിലങ്ങളുമായി കിടക്കുന്ന ഇവിടെ ക്രമേണ കാട് രൂപപ്പെട്ടു. 

ഇരിപ്പയും കണ്ടലുകളും വന്‍തിരയില്‍നിന്നും ദ്വീപിനെ കാത്തുപോന്നു. വേളാങ്കണ്ണി യാത്രയില്‍ ഒരിക്കല്‍ കോടിക്കര സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഒരു പഠനയാത്രതന്നെ വേണ്ടിവരുമെന്ന് കണക്കുകൂട്ടി പ്രശസ്ത പക്ഷിനിരീക്ഷകനായ ഡോ. ആര്‍. സുഗതനുമായി ബന്ധപ്പെട്ട് അവിടെ എത്തിയപ്പോഴാകട്ടെ അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ഒരുങ്ങിയിരിക്കുന്ന ഒരിടമാണ് കോടിക്കര എന്ന് തിരിച്ചറിയാനായി. ദേശാടനപ്പക്ഷികളെക്കുറിച്ച് നിരീക്ഷിച്ച് പഠനം നടത്തുവാന്‍ എട്ടുവര്‍ഷങ്ങളാണ് ഡോ. ആര്‍. സുഗതന്‍ പ്രോജക്ട് സയന്റിസ്റ്റ് ആയി ഇവിടെ ചെലവിട്ടത്. കാലടിക്കാരനായ അദ്ദേഹം ഇപ്പോള്‍ തട്ടേക്കാട് പക്ഷിനിരീക്ഷണ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്നു. വേളാങ്കണ്ണിയില്‍നിന്നും 45 കിലോമീറ്റര്‍ ദൂരമുണ്ട് കോടിക്കരയിലേക്ക്. വേദാരണ്യത്തുനിന്നും തെക്കോട്ടുള്ള റോഡ് ഇവിടെ അവസാനിക്കുന്നു. കോടിക്കാട്, കോടിക്കര എന്നീ രണ്ട് ഗ്രാമങ്ങള്‍. ആഴംകുറഞ്ഞ പാക് കടലിടുക്ക് ജാഫ്നാതീരത്തെ വേര്‍തിരിക്കുന്ന ഇവിടെനിന്നും ശ്രീലങ്കയിലേക്കുള്ള ദൂരം 48 കിലോമീറ്റര്‍ മാത്രം. 

ഉപ്പുസത്യാഗ്രഹംകൊണ്ട് പ്രസിദ്ധമാണ് വേദാരണ്യം. മഹാത്മഗാന്ധിയുടെ ദണ്ഡി മോഡലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ 1930 ഏപ്രില്‍ 13-ന് സി. രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ തിരിച്ചിറപ്പള്ളിയില്‍നിന്നും 150 മൈല്‍ ദൂരേയുള്ള വേദാരണ്യം കടല്‍ത്തീരത്തേക്ക് 150 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുയായികള്‍ നടത്തിയ ഉപ്പുസത്യാഗ്രഹവും ഉപ്പുകുറുക്കലും ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന പോരാട്ടങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ്. തന്ത്രപ്രധാനമായ മുനമ്പായതുകൊണ്ട് രണ്ടാം ലോകമഹായുദ്ധഘട്ടത്തില്‍ കോടിക്കര ഒരു സൈനികത്താവളവും റഡാര്‍ സ്റ്റേഷനും ആയി വികസിച്ചു. 1936-ല്‍ ബ്രിട്ടീഷുകാര്‍ തിരുത്തുറപ്പുണ്ടിയില്‍നിന്നും വേദാരണ്യംവരെ ഉണ്ടായിരുന്ന റെയില്‍പ്പാത ഇങ്ങോട്ട് നീട്ടി. ഭക്ഷണവും വെടിക്കോപ്പുകളും എത്തിക്കാനായിരുന്നു റെയില്‍പ്പാത നിര്‍മിച്ചതെങ്കിലും വേദാരണ്യത്തുനിന്നും ഉപ്പ് നാഗപട്ടണത്തേക്ക് എത്തിക്കുവാന്‍ അത് ഉപകരിച്ചു. 1995 വരെ നിലനിന്ന റെയില്‍പാത പൊളിച്ചുമാറ്റുകയാണ് ചെയ്തത്. ഇംഗ്ലീഷുകാര്‍ തീര്‍ത്ത കോട്ടയുടെ ബാക്കിപത്രം ലൈറ്റ് ഹൗസിന് സമീപത്തുണ്ട്.

bird

ഇരിപ്പ മുതലായ കാട്ടുവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന ചതുപ്പില്‍ ബ്രിട്ടീഷുകാരാണ് ചൂളമരവും യൂക്കാലിയും വെച്ചു പിടിപ്പിച്ചത്. കിഴക്കേയറ്റത്തെ മുനമ്പില്‍ കണ്ടല്‍ക്കാടുകള്‍ നിലനിര്‍ത്തിയത് കടലാക്രമണം തടയാന്‍ പര്യാപ്തമായതുകൊണ്ടാണ്. കടലിനോട് ചേര്‍ന്നുള്ള മുനിയപ്പന്‍ ഏരി ഒരു തിട്ടയായി രൂപപ്പെട്ടിരുന്നു. ഇതേപേരില്‍തന്നെ പടിഞ്ഞാറുഭാഗത്ത് വിസ്തൃതമായ ഒരു തടാകവുമുണ്ട്. തെക്കുഭാഗത്ത് ചൂളമരങ്ങള്‍ അതിരിട്ട തോട്ടങ്ങള്‍. കിഴക്കേ മുനമ്പില്‍ കടല്‍നാവികര്‍ക്ക് അത്താണിയാകുന്ന ലൈറ്റ് ഹൗസ്. പുല്‍മേടുകള്‍കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന കാട്. പെരിയ നന്തുപള്ളം, പെരളം എന്നിവ പുല്‍മേടുകളാണ്. വന്യജീവിസങ്കേതമായി വികസിപ്പിച്ചത് ഈ ഭാഗങ്ങളാണ്. കാടിനകത്തുകൂടി പഴയ റെയില്‍പാളവും റോഡും കടന്നുപോകുന്നു. 

പടിഞ്ഞാറുഭാഗത്ത് രാമര്‍പാദം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. സീതാദേവിയെത്തേടി അലഞ്ഞുനടന്ന ശ്രീരാമന്റെ കാല്പാദം പതിഞ്ഞ രണ്ടടി നീളമുള്ള കല്ല് ശ്രീലങ്കയെ കണ്‍പാര്‍ത്ത് നിലകൊള്ളുന്നു. തെക്കേയറ്റത്ത് രാമേശ്വരത്തും മറ്റൊരു രാമര്‍പാദമുണ്ട്. രാമനവമി ദിനമാഘോഷിക്കാന്‍ തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍നിന്നും ഇവിടെ തീര്‍ഥാടകരെത്തുന്നു. കോടിക്കാട് ശിവക്ഷേത്രവും ഇവിടെയുണ്ട്. ഏഴാംനൂറ്റാണ്ടില്‍ ചോളരാജാക്കന്മാര്‍ നിര്‍മിച്ചതാണിതെന്ന് ക്ഷേത്രലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഔലിയക്കനി ദര്‍ഗ ഒരു മുസ്ലിം സൂഫിവര്യന്റെ ശവകുടീരം നിലകൊള്ളുന്ന ഇടമാണ്. രാമര്‍പാദത്തിനുസമീപമാണ് ഈ ദര്‍ഗ. ഇവിടത്തെ ചന്ദനക്കുടം ഉത്സവത്തിന് എല്ലാ മതക്കാരും എത്തുന്നു.

കടല്‍ത്തീരത്തൊരു കാട്

ഇന്ത്യന്‍ വന്‍കരയില്‍ ഇന്ന് അവശേഷിക്കുന്ന ഏക നിത്യഹരിതവനം (Tropical dry evergreen forest)  പോയിന്റ് കാലിമീറിലാണ് നിലകൊള്ളുന്നത്. സമുദ്രനിരപ്പില്‍തന്നെ നിലകൊള്ളുന്ന കാട്ടില്‍ പാലവര്‍ഗത്തില്‍പ്പെട്ട മനില്‍കാര (manilkara) യും കാട്ടുഞാവല്‍ ആയ സിസിഫസും (ziziphus)  വളരുന്നു. പക്ഷികള്‍ക്ക് ഏറെ പഥ്യമാണ് സിസിഫസ് പഴങ്ങള്‍. കരിംതുവരയും കായാമ്പു എന്നും കാസാ എന്നും അറിയപ്പെടുന്ന വൃക്ഷങ്ങള്‍ വടക്കുഭാഗത്ത് വളരുന്നു. അനേകം ഔഷധച്ചെടികളാല്‍ സമ്പന്നമാണ് കാട്. സങ്കാലിയ എന്ന ചെടി ജ്വരചികിത്സയ്ക്കായി ഉപയോഗിക്കുന്നു. കുഡിനാ, അക്കേഷ്യാ മുതലായ ഇലകൊഴിയുംമരങ്ങളും അവിടെയുണ്ട്. 25 ചതുരശ്ര കിലോമീറ്ററാണ് വനത്തിന്റെ വിസ്തീര്‍ണം. മഴക്കാലത്ത് തുറന്നസ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നു. മൃഗങ്ങള്‍ ദാഹം തീര്‍ക്കുന്നതും ഇവയില്‍നിന്നുതന്നെ. കാട് അവസാനിക്കുന്ന പടിഞ്ഞാറുഭാഗത്ത് ചതുപ്പുകളും ഉപ്പളങ്ങളും കടലിലേക്ക് നീണ്ടുപോകുന്നു. 

കടല്‍ പിന്‍വാങ്ങി രൂപപ്പെട്ട തുരുത്താണ് പോയിന്റ് കാലിമീര്‍ എന്ന് പറഞ്ഞുവല്ലോ. ചതുപ്പും മണലില്‍ കുരുത്ത കാടും ഈ തുരുത്തില്‍ വേറിട്ടൊരു ആവാസവ്യവസ്ഥ രൂപപ്പെടുത്തി. ആഴംകുറഞ്ഞ കടലില്‍ വില്ലുപോലെ നീണ്ടുകിടക്കുന്ന മണല്‍ത്തിട്ടകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന ഇടംപാല്‍ക്കലസന്ധിയില്‍ ശ്രീലങ്കയെ വേര്‍തിരിക്കുന്ന ഭാഗത്ത് കപ്പല്‍ച്ചാല്‍. കടലിലേക്ക് നീണ്ടുകിടക്കുന്ന മണ്‍ചിറയിലൂടെ ഒരു കിലോമീറ്റര്‍വരെ നടന്നുപോകാം. തമിഴ്നാട്ടില്‍ ഏറ്റവും തകൃതിയായി മീന്‍പിടിത്തം നടക്കുന്നത് ഇവിടെയാണ്. ചുതപ്പുകളില്‍ നീരൊഴുക്കുള്ളയിടങ്ങളിലൊക്കെ വലകള്‍ സ്ഥാപിച്ചിട്ടുണ്ട്. കണമ്പും ചെമ്മീനും ആണ് ഏറെ കിട്ടുന്നത്. കടലില്‍ നാട്ടിയ ചൂളക്കഴകളിലിരുന്ന് ചൂണ്ടയിടുന്നവരുടെ കാഴ്ച ശ്രീലങ്കയിലും കോടിക്കരയിലും മാത്രമേ നമുക്ക് കാണാന്‍ കഴിയൂ. വാച്ച് ടവറില്‍നിന്നും കടലിലേക്കുള്ള കാഴ്ചയില്‍ അകലേ മണല്‍ത്തിട്ടകളില്‍ തിരകളൊടുങ്ങുന്നതും വള്ളങ്ങള്‍ സഞ്ചരിക്കുന്നതും മനസ്സ് നിറയ്ക്കും. 

fish

ആഴംകുറഞ്ഞ കടലിന്റെ അടിത്തട്ടില്‍ ജൈവവസ്തുക്കള്‍ ചീഞ്ഞ് രൂപപ്പെടുന്ന പ്ലവം സമൃദ്ധിയായിട്ടുള്ളതുകൊണ്ടാണ് ഇവിടം പക്ഷികളുടെ പറുദീസയായി മാറിയത്. കടലില്‍ കൊഞ്ചിന്റെ പ്രത്യുത്പാദനം നടക്കുന്ന ഇടംകൂടിയാണ് പോയിന്റ് കാലിമീര്‍. ഇവിടെ താമസസൗകര്യം പരിമിതമാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റെസ്റ്റ്ഹൗസ് യാതൊരു പരിപാലനവുമില്ലാതെ കിടക്കുന്നു. ജലക്ഷാമവുമുണ്ട്. വേദാരണ്യത്തിലോ വേളാങ്കണ്ണിയിലോ തങ്ങുന്നതാണ് ഉചിതം. ചെറിയൊരു ഹോട്ടല്‍ മാത്രമേ കോടിക്കരയിലുള്ളൂ. മീന്‍പിടിത്തവും കാലിമേയ്ക്കലുമാണ് ജനങ്ങളുടെ പ്രധാന തൊഴില്‍. സ്ത്രീകളും കുട്ടികളും ഉപ്പളങ്ങളില്‍ തൊഴില്‍ചെയ്യുന്നു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനത്തില്‍ മാത്രമേ ഡീര്‍ പാര്‍ക്ക് സന്ദര്‍ശനം സാധ്യമാകൂ. 

കടല്‍ത്തീരത്ത് കുറച്ച് വീടുകള്‍ മാത്രമേയുള്ളൂ. ഫിഷിങ് ബോട്ടുകള്‍ തിരിച്ചുവന്ന് മീനിറക്കുന്നതു ശ്രദ്ധിച്ചു. അയിലയും കടല്‍കോലാനുമാണ് ഏറെ കിട്ടിയിരിക്കുന്നത്. തൊട്ടടുത്തുതന്നെ മീന്‍ പൊരിച്ച് കൊടുക്കുന്ന ഒരു ഹോട്ടലുണ്ട്. ബോട്ടുകാര്‍ ഏറെയും കുളച്ചിലില്‍നിന്നും നീണ്ടകരയില്‍നിന്നും ഉള്ളവരാണ്. രാമേശ്വരം മുതല്‍ തൂത്തുക്കുടിവരെ മീന്‍പിടിച്ച് മാസങ്ങള്‍ക്കുശേഷം തിരിച്ചുപോകുന്നവര്‍, ദേശാടനപക്ഷികളെപ്പോലെയാണ്. എറണാകുളത്തേക്കാണ് ഇവിടെനിന്ന് മീന്‍ കയറ്റിപ്പോകുന്നതെന്ന് അവര്‍ പറഞ്ഞു. കൊഞ്ചും നെയ്മീനുമാണ് ഏറെ ഡിമാന്റ്. ബോട്ടില്‍നിന്ന് ഇറങ്ങിയവര്‍ എല്ലാവരും ബ്രാണ്ടിഷാപ്പിന് നേരെ നടന്നു. പെട്ടെന്നുതന്നെ ഹോട്ടലിലേക്ക് തിരിച്ചുവരികയും ചെയ്തു. കോലാനും അയിലയുമാണ് സ്‌പെഷ്യല്‍. മീന്‍പൊരിച്ചതും കൂട്ടി ചോറ് തിന്ന് ഞങ്ങള്‍ പടിഞ്ഞാറുഭാഗത്തെ ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി നടന്നു. 

ഡീര്‍ സാങ്ച്വറി വന്യമൃഗസങ്കേതത്തില്‍ പെടുന്ന കോടിക്കരയെ വേറിട്ടതാക്കുന്നത് സംരക്ഷിത ഇനത്തില്‍പ്പെട്ട കൃഷ്ണമാനിന്റെ (Black Bucks - Indian Gazelle) യും ദേശാടനപക്ഷികളുടേയും സങ്കേതമായതുകൊണ്ടാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാനുകളുടെ ഏറ്റവും വലിയ സങ്കേതമാണിത്. അയ്യായിരത്തിലേറെയാണ് ഇവയുടെ എണ്ണം. ഇറാന്‍, പാകിസ്താന്‍, സൗരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കാണുന്ന salt range gazelle എന്ന ഇനം കൃഷ്ണമാനുകളാണ് ഇവിടെയുള്ളത്. താര്‍ മരുഭൂമിയിലാണ് ഇവയുടെ എണ്ണം കൂടുതലുള്ളത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹനത്തിലേ ഡീര്‍ സാങ്ചറിയിലേക്ക് പ്രവേശിക്കാനാവൂ. പെരിയപള്ളം, പെരളം എന്നീ പുല്‍മേടുകള്‍ ചുറ്റി രണ്ടുമണിക്കൂര്‍ സഞ്ചരിക്കുന്നതറിയില്ല. കൊടൈക്കാട് വില്ലേജിലാണ് മാനുകളുടെ സംരക്ഷിതകേന്ദ്രം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട ഇവയെ 80 കേന്ദ്രങ്ങളില്‍ സംരക്ഷിക്കുന്നുണ്ട്. ഉപ്പുചതുപ്പിലെ ഏഴു കി.മീ ചുറ്റളവിലാണ് പാര്‍ക്ക്. കാട്ടുപന്നി, പുള്ളിമാന്‍ എന്നിവ കൂടാതെ വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രിട്ടീഷ് ആര്‍മി കാട്ടില്‍ ഉപേക്ഷിച്ചുപോയ കുതിരകളുടെ പരമ്പര പെറ്റുപെരുകി കാട്ടുകുതിരയായി ഇവിടെ വസിക്കുന്നുണ്ട്. കുരങ്ങുകളുടെ രണ്ടിനങ്ങള്‍ കാട്ടിലുണ്ട്. കുറുക്കന്‍, കീരി, ചെന്നായ് എന്നിവയുമുണ്ട്. മേയാനെത്തുന്ന കന്നുകാലികളും കുറക്കനുമാണ് മാനുകള്‍ക്ക് ഭീഷണിയാവുന്നത്. നാനൂറോളം പശുക്കള്‍ പുല്‍മേടുകളില്‍ മേയുന്നുണ്ട്. മാത്രമല്ല അടുപ്പെരിയുവാന്‍ കാട് വെട്ടിത്തെളിക്കുന്ന ശീലത്തില്‍നിന്നും ഗ്രാമീണരെ ഇനിയും പിന്‍തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. തലയില്‍ ചൂളമരക്കൊമ്പുകളുടെ കെട്ടുകളുമായി സഞ്ചരിക്കുന്ന സ്ത്രീകളെ കടല്‍ത്തീരത്ത് കാണാം. 

പക്ഷികളുടെ ദേശാടനം

സന്ധ്യക്ക് ഉപ്പളങ്ങളില്‍ ഇര തേടുന്ന നീര്‍പക്ഷികളുടെ ചിത്രങ്ങളെടുക്കാന്‍ ഒരു സംഘം ചുറ്റി നടന്നിരുന്നു. വിജനമായ ഇടത്തെ ഒരു കണ്ടലിന്റെ ചുവട്ടില്‍ പക്ഷികളെ കണ്‍പാര്‍ത്ത് ഏറെനേരം ഇരുന്നു. ഇരുട്ടുവീണശേഷമേ ചിത്രങ്ങളെടുക്കാന്‍ പോയവര്‍ തിരിച്ചുവന്നുള്ളൂ. ചെറിയ വട്ടവലകളുമായി മീന്‍പിടിത്തക്കാര്‍ ചുറ്റിനടക്കുന്നത് കണ്ടു. ഉപ്പളച്ചാലുകളിലെ ഒഴുക്കില്‍ വല കെണിച്ച് അവര്‍ മടങ്ങി. പിറ്റേന്ന് സൂര്യോദയത്തിനുമുമ്പേ കടല്‍ക്കരയില്‍ പക്ഷികളെ തേടി ഫോട്ടോഗ്രാഫേഴ്സിന്റെ സംഘം എത്തിയിരുന്നു. പൂഞ്ഞാറകള്‍ അനന്തതയില്‍നിന്നും പറന്നിറങ്ങുന്നതും സൂര്യോദയത്തിലേക്ക് പറയന്നുയരുന്നതും കണ്ടു. ആറുമണി മുതല്‍ കടല്‍ക്കാറ്റേറ്റ് ഉപ്പുചുവയുള്ള ചുണ്ടുമായി ദാഹിച്ച് വലഞ്ഞ് പേരറിയാത്ത ഒരു മരത്തണലില്‍ ഏകനായി ഇരുന്നു. മീനുമായി സൈക്കിളില്‍ തിരിച്ചെത്തിയ മുക്കുവരാണ് ആകെ അതുവഴി വന്നത്. കൂടെവന്ന പത്രോസച്ചന്‍ ചിത്രമെടുത്ത് മടങ്ങി വന്നത് അപരാഹ്നത്തിലാണ്. ഏഴ് കിലോമീറ്ററോളം അകലെവരെ പോയെന്ന് അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരോടൊപ്പം യാത്ര ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ പത്രോസച്ചന്‍ ചിരിച്ചു.

image

കിഴക്ക് പച്ചപ്പിന്റെ മേലാപ്പണിഞ്ഞ കാട്. പടിഞ്ഞാറ് കടലിനുമീതെ വില്ലുകുലയ്ക്കുന്ന മഴവില്ലില്‍ വര്‍ണം ചേര്‍ത്ത് നിരയിട്ട് പറക്കുന്ന പൂഞ്ഞാറകള്‍. കാറ്റില്‍ ഒഴുകുന്ന അവ കൂട്ടമായി ഉപ്പുപാടത്തേക്ക് ഊര്‍ന്നിറങ്ങുന്ന കാഴ്ച. വെള്ളയാമ്പലുകള്‍ വിടര്‍ന്നുനില്‍ക്കുന്നതുപോലെ നിശ്ചലമായി വള്ളിക്കാലുകള്‍ വെള്ളത്തിലൂന്നിയ പൂഞ്ഞാറകള്‍. കടലില്‍ പ്രതിബിംബം തീര്‍ത്ത് നിരയിട്ട് താണുപറക്കുന്ന പെലിക്കണുകള്‍. ദേശാടനപക്ഷികളുടെ സംരക്ഷണത്തിനായി പടിഞ്ഞാറുഭാഗത്തെ ചതുപ്പുനിലങ്ങള്‍ സംരക്ഷിത മേഖലയായി തിരിച്ചിട്ടുണ്ട്. നീര്‍പക്ഷികളുടെ താവളമായ ഇവിടെ പൂഞ്ഞാറകളുടെ (greater flamingos) പ്രജനനകേന്ദ്രമാണ്. 1967-ലാണ് ബേഡ്സാങ്ച്വറിക്ക് ആരംഭമിട്ടത്. ഡോ. സാലിം അലിയുടെ നേതൃത്വത്തില്‍ പക്ഷികളുടെ ദേശാടനം ശാസ്ത്രീയമായി നിരീക്ഷിക്കുവാനായി Bombay Natural history society യുടെ കീഴില്‍ 1980-ല്‍ ന്‌ തുടക്കമിട്ടു. ഡോ. ആര്‍. സുഗതന്‍ അതിന്റെ ആരംഭം മുതല്‍ എട്ടുവര്‍ഷം ഇവിടെ പ്രോജക്ട് ഓഫീസറായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവിടെയെത്തുന്ന പക്ഷികളിലേറെയും സൈബീരിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍നിന്നും ഭക്ഷണം തേടിയെത്തുന്ന പൂഞ്ഞാറകളുടെ സംഘം മാസങ്ങളോളം ഇവിടെ ചെലവിട്ട് വന്നയിടത്തേക്കുതന്നെ തിരിച്ചുപോകുന്നു. പക്ഷികളുടെ ദേശാന്തരഗമനം എന്ന പ്രതിഭാസത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശരത് കാലം ആകുമ്പോള്‍ ജലാശയങ്ങളും ചതുപ്പുകളും ദേശാടനപക്ഷികളെക്കൊണ്ട് നിറയുന്ന അനേകം സങ്കേതങ്ങള്‍ ഇന്ത്യയിലുണ്ട്. വസന്തത്തിന്റെ ആഗമനത്തോടെ അവ നീണ്ട പറക്കലിനൊരുങ്ങുന്നു. അതിന് സജ്ജമാകുവാന്‍ ശരീരത്തില്‍ കൊഴുപ്പു ശേഖരിക്കുകയും പുതിയ തൂവലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ചൂട് തേടി സഞ്ചരിക്കുന്ന പക്ഷികള്‍ പ്രത്യുത്പാദനത്തിനാണ് തിരിച്ചുപോകുന്നത്. 

ഒക്ടോബറില്‍ വന്നെത്തുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയ്ക്കുശേഷമാണ് പോയിന്റ് കാലിമീറില്‍ നീര്‍പറവകള്‍ കൂട്ടമായി എത്തുന്നത്. പൂഞ്ഞാറകള്‍ എന്നും രാജഹംസമെന്നും അറിയപ്പെടുന്ന പക്ഷികള്‍ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍നിന്നും എത്തുന്നു. ഇറാന്‍, കാസ്പിയന്‍ കടലിടുക്കുകള്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നും എത്തുന്നവയുമുണ്ട്. ഒന്‍പതടി ചിറകുവിസ്തൃതിയുള്ള പെലിക്കണുകളും എത്തുന്നു. ചില സംഘങ്ങളില്‍ ഒരുവര്‍ഷം തികയാത്ത കുഞ്ഞുങ്ങളെയും കാണാം. ആദ്യം വന്നയിടത്തുതന്നെ മാസങ്ങള്‍ക്കുശേഷം അവ തിരിച്ചെത്തുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സ്ഥാനത്തെക്കുറിച്ചുള്ള ധാരണയാണ് ദേശാന്തരഗമനത്തിന് പക്ഷികള്‍ക്ക് ദിക് സൂചന നല്കുന്നത്. ഭൂമിയുടെ കാന്തികപ്രഭാവവും യാത്രയില്‍ സഹായകമാകുന്നുണ്ടെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. ദേശാടനപക്ഷികളെ റിങ്  ചെയ്ത് സഞ്ചാരദിശകള്‍ തിരിച്ചറിയുന്നു. എണ്‍പതുകളില്‍ 75000 ത്തോളം പൂഞ്ഞാറകള്‍ കോടിക്കരയിലെ ഉപ്പളങ്ങളില്‍ എത്തിയിരുന്നുവെന്നും ഇപ്പോഴതിന്റെ എണ്ണം ഇരുപതിനായിരത്തില്‍ താഴെയാണെന്നും ഡോ. ആര്‍. സുഗതന്‍ പറയുന്നു. റഷ്യയില്‍നിന്നും സൈബീരിയയില്‍നിന്നും എത്തുന്ന പക്ഷികളെ റിങ് ചെയ്ത് നിരീക്ഷിച്ചപ്പോള്‍ ഒരാഴ്ചകൊണ്ട് അവ വന്നിടത്ത് തിരിച്ചെത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടുന്ന പക്ഷികളുടെ അളവ്, തൂക്കം എന്നിവ രേഖപ്പെടുത്തിയ ഒരു അലുമിനിയം വളയം കാലിലിടുന്ന രീതിയാണ് റിങ്. പിന്നീട് തിരിച്ചെത്തുന്നവയെ നിരീക്ഷിച്ച് കൂടുതല്‍ പഠനങ്ങളും നിഗമനങ്ങളും നടത്തുന്നു. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ഇതില്‍ സഹകരിക്കുന്നു. പോയിന്റു കാലിമീറില്‍ രണ്ടുവര്‍ഷംകൊണ്ട് 35000 പക്ഷികളെ റിങ് ചെയ്തിട്ടുണ്ട്. 

പക്ഷികളുടെ പറുദീസ

ഉപ്പുകമ്പനികളുടെ ജലസംഭരണികളിലാണ് പൂഞ്ഞാറകള്‍ ഇരതേടുന്നത്. പമ്പുഹൗസുകള്‍ മൂലമാണ് ഉപ്പളങ്ങളില്‍ ജലം ശേഖരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ഇളം പാല്‍ക്കലസന്ധിയില്‍ കാട്ടുതാറാവുകള്‍ ചേക്കേറുന്നു. കാഴ്ചയില്‍ നാടന്‍ താറാവുപോലെയാണെങ്കിലും ഉയരത്തില്‍ പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഓസ്ട്രേലിയയില്‍ നിന്നെത്തുന്ന curline sand piper  ഇനങ്ങള്‍ ഇന്‍ഡൊനീഷ്യ, ശ്രീലങ്ക എന്നീ ദേശങ്ങള്‍ ചുറ്റിയാണ് ഇവിടെ എത്തുന്നത്. കടല്‍ക്കാക്കകള്‍, ടേണുകള്‍, കാട്ടുതാറാവുകള്‍, കാട്ടുപ്രാവുകള്‍ എന്നിവയും വയര്‍ഭാഗത്ത് വെള്ളനിറമുള്ള കടല്‍ പരുന്തും ഇവിടെയുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണപരുന്തിന്റെ ഏറ്റവും വലിയ സംഖ്യ കോടിക്കരയിലാണ്. നാഗപട്ടണം കടല്‍തീരത്തും ഇവ ആകാശത്ത് ചുറ്റിയടിക്കുന്നതുകാണാം. ഉയരമുള്ള ചമതമരങ്ങളില്‍ അവയുടെ കൂടുകള്‍ കാണാറുണ്ട്. മാര്‍ച്ചുചെയ്യുന്ന പടയാളികളെപ്പോലെ ചിട്ടയോടെ ഇരതേടുന്ന പിങ്ക് നിറം വെള്ളച്ചിറകില്‍ ചാര്‍ത്തിയ രാജഹംസങ്ങളാണ് പോയിന്റ് കാലിമീറിന്റെ ഹൈലൈറ്റ്. പ്ലവജീവികള്‍, മീന്‍, കൊഞ്ച്, കടല്‍ച്ചണ്ടി മുതലായ ജലസസ്യങ്ങളും ഇവയെ ഇവിടെ തങ്ങാന്‍ പ്രേരിപ്പിക്കുന്നു. നീണ്ട കഴുത്തും ചൂണ്ടപോലെ വളഞ്ഞ കൊക്കും വെള്ളത്തില്‍ താഴ്ത്തി കൊക്കിലേക്ക് തീറ്റ വലിച്ചെടുക്കുന്ന കാഴ്ച അസ്തമയം വരെ നീളും. പുലര്‍കാലം മുതല്‍ സന്ധ്യവരെ തീറ്റ മാത്രമേ പണിയുള്ളൂ, ഇവറ്റകള്‍ക്ക്. ചതുപ്പുകളിലെ പുല്‍നാമ്പുകള്‍ക്കിടയില്‍ ചൂണ്ടപോലെ നീണ്ട കൊക്ക് നീട്ടി മീനിനെ ധ്യാനിച്ചിരിക്കുന്ന മണ്ണുചിക്കികള്‍ കാഴ്ചയാവുന്നു. ടേണുകളുടെ (terns) എട്ട് ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തറയില്‍ മുട്ടയിടുന്ന ചെറിയ ടേണുകള്‍ (little terns) ഇവിടെ ചതുപ്പുനിലങ്ങളിലെ സ്ഥിരം കാഴ്ചയാണ്. നീണ്ട ചുണ്ടും പൊക്കം കൂടിയ കാലുകളുമുള്ള മണ്ണുചിക്കികള്‍  ഇവിടെ എല്ലാ സീസണിലും എത്താറുണ്ട്. കരണ്ടി ചുണ്ടന്‍ മണ്ണുചിക്കി , താറാവിന്റെ ചുണ്ടുപോലെ അറ്റം വൃത്താകൃതിയില്‍ പരന്ന ചുണ്ടോടുകൂടിയ ഇവ തിരകളോടൊപ്പം മണ്ണില്‍ ഇരതേടുന്നു. ഉച്ചത്തില്‍ കരയുന്ന ആളെക്കാട്ടി പക്ഷി  ഇവിടത്തെ സ്ഥിരവാസിയാണ്. പുല്‍മേടുകളാണ് ഇവയുടെ താവളം. സ്റ്റില്‍റ്റ്, അവോസിറ്റ്, കര്‍ല്യൂ, വിംബ്രല്‍ എന്നീ ഇനങ്ങളും കടലോരത്തുണ്ട്. വെള്ളക്കെട്ടുകളില്‍ ഇരതേടുന്ന വേഡേഴ്സ്, തവിച്ചുണ്ടന്‍ കൊക്ക്, പലയിനം കൊക്കുകള്‍, പ്ലവര്‍ ഇനത്തില്‍പ്പെട്ട ദേശാടനക്കാരും സ്ഥിരവാസികളും, കരിമുണ്ടി, ചേരക്കോഴി (Darter), സുര്യസ്‌നാനി എന്നിവയും ഇവിടെ വന്നത്തെന്നു. വെള്ള ഐബീസും കറുത്ത ഐബീസും തീര്‍ഥാടകകൂട്ടത്തിലുണ്ട്. പാട്രിഡ്ജ്, വേലിത്തത്ത, നാകമോഹന്‍  എന്നിവ പശ്ചിമഘട്ടത്തില്‍നിന്നും ശ്രീലങ്കയിലേക്ക് പലായനം നടത്തുമ്പോള്‍ ഇടത്താവളമായി കോടിക്കരയെ ഉപയോഗിക്കുന്നു. ഉപ്പുകമ്പനിക്കാരുടെ ജലസംഭരണികളും ഫാക്ടറികളും പുറത്തുവിടുന്ന വിഷജലം പക്ഷികളുടെ ഈ ആവാസകേന്ദ്രത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രണ്ട് ഫാക്ടറികള്‍ അന്തരീക്ഷമലിനീകരണം നടത്തുന്നതാണ് ഇവിടെ പക്ഷികളുടെ വരവ് കുറയാന്‍ കാരണം. 

ഹാര്‍ബറും അഭയാര്‍ഥികളും

വടക്കുകിഴക്കന്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിയും ജാഫ്നയും കിളിനൊച്ചിയും കേന്ദ്രീകരിച്ച് നടന്ന തമിഴ് ഈഴം മുന്നേറ്റത്തില്‍ LTTE യുടെ പ്രധാന താവളങ്ങളില്‍ ഒന്നായിരുന്നു കോടിക്കര. 1975 മുതല്‍ ഇവിടെ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രഭാകരന്റെ മരണത്തോടെ 2009-ല്‍ LTTE യുടെ മിലിറ്ററിവിഭാഗം നാമാവശേഷമായി. തമിഴ്പുലികളിലെ ചാവേറുകളും നാവികയൂണിറ്റും ഇവിടെ തങ്ങിയിരുന്നുവത്രെ. 1991-ലെ രാജീവ്ഗാന്ധിവധത്തിനുശേഷം ഇവിടത്തെ പ്രവര്‍ത്തനം ജാഫ്നക്കു മാറ്റിയെങ്കിലും മെഡിക്കല്‍ സേവനങ്ങളെ ആശ്രയിച്ചിരുന്ന ബോട്ടുകള്‍ എത്തിയിരുന്നത് കോടിക്കരയിലാണ്. ഇവിടത്തെ കാടുകളിലാണ് വെടിക്കോപ്പുകള്‍, പെട്രോള്‍, ഡീസല്‍ എന്നിവ ഒളിപ്പിച്ചുവെച്ചിരുന്നത്. കുഴികളില്‍ ഇവ സൂക്ഷിച്ച് അവയ്ക്കുമീതെ കരിയില വിരിച്ച് ചാണകം കൊണ്ട് മൂടിയാണ് സൂക്ഷിച്ചിരുന്നത്. ചാണകക്കുഴിയാണെന്ന് ധരിച്ച് ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. തലൈമന്നാറില്‍നിന്നുള്ള മീന്‍പിടിത്ത ബോട്ടുകള്‍ വഴി ദുബായില്‍നിന്നും ശ്രീലങ്ക വഴി കടന്നുപോരുന്ന സ്വര്‍ണബിസ്‌ക്കറ്റുകള്‍ കോടിക്കരയില്‍നിന്നും ചെന്നൈയിലെത്തിയിരുന്നു. 2009-ലെ യുദ്ധത്തിനുശേഷം കോടിക്കര ശാന്തമായെന്നുപറയാം. തമിഴ്പുലികളും ഈഴവും ഇന്നൊരു പഴങ്കഥമാത്രമായി. കള്ളക്കടത്തും ഏതാണ്ട് അവസാനിച്ചമട്ടായി. 

ലൈറ്റ് ഹൗസുകള്‍

2004-ലെ സുനാമിയില്‍ കിഴക്കേയറ്റത്ത് നിലകൊണ്ടിരുന്ന, ചോളന്മാര്‍ പണികഴിപ്പിച്ച ആയിരംവര്‍ഷം പഴക്കമുള്ള ലൈറ്റ് ഹൗസ് നിലംപതിച്ചു. അതിന്റെ തറയൊഴികെയുള്ള ഭാഗങ്ങള്‍ നൂറ് മീറ്റര്‍ അകലെവരെ ചിതറിത്തെറിച്ചു. ഇളംതിണ്ണപോലെ ഇഷ്ടിക പടുത്ത വൃത്താകൃതിയിലുള്ള തറ മാത്രമേ ബാക്കിയുള്ളൂ. അന്നത്തെ സുനാമിയില്‍ പത്തുമീറ്ററോളം ഉയരമുള്ള തിരകളാണ് കോടിക്കരയില്‍ ഉയര്‍ന്നത്. എന്നാല്‍ കിഴക്കുഭാഗത്തെ മുത്തുപെട്ടിലുള്ള കണ്ടല്‍ക്കാടുകള്‍ കാടിനെപൂര്‍ണമായും സംരക്ഷിച്ചു. ശ്രീലങ്കതീരത്ത് നാശം വിതച്ച സുനാമി നാഗപട്ടണത്ത് അയ്യായിരത്തിലേറെ പേരെയും വേളാങ്കണ്ണിയില്‍ രണ്ടായിരം പേരെയും മുക്കിക്കൊന്നെങ്കിലും കോടിക്കരയില്‍ യാതൊരു നാശവുമുണ്ടായില്ല.

Birds

പഴയ ലൈറ്റ്ഹൗസിന്റെ തറയ്ക്കുചുറ്റും ചതുപ്പില്‍ വേലിയിറക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യങ്ങള്‍ ചെളിയില്‍ ഇഴഞ്ഞുനീങ്ങി കടലിലേക്ക് സഞ്ചരിക്കുന്നതുകണ്ടു. കൂട്ടമായി സഞ്ചരിക്കുന്ന ഇവയെ പക്ഷേ, ആരും ശേഖരിക്കുന്നില്ല. ചതുപ്പുകള്‍ അപകടകാരികളാണെന്നുമാത്രമല്ല കാണാക്കയത്തില്‍ അകപ്പെട്ടാല്‍ വേലിയേറ്റം വരുമ്പോള്‍ കടല്‍സമാധിയാണുണ്ടാവുക. മുകളില്‍ കടല്‍ മുറിച്ചുകടക്കുന്ന പക്ഷികള്‍. താഴെ ചെളി മുറിച്ച് ഇഴയുന്ന മീനുകള്‍. ഈ കടല്‍ മുറിച്ചാണ് ഇരുട്ടിന്റെ മറവില്‍ ശ്രീലങ്കയില്‍നിന്നും പോരാളികളെത്തിയതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അനന്തതയിലേക്ക് ദൃഷ്ടി പായിച്ചു. നിരയിട്ടു നീങ്ങുന്ന മീന്‍പിടിത്തബോട്ടുകള്‍ കരയിലടുക്കുന്ന കാഴ്ച.

1890-ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച 43 അടി ഉയരമുള്ള മറ്റൊരു ലൈറ്റ് ഹൗസ് തൊട്ടടുത്ത് തന്നെയുണ്ട്. കോറോമണ്ഡല്‍ തീരത്തുകൂടി കടന്നുപോകുന്ന കടല്‍യാത്രികര്‍ക്ക് 24 അടി ദൂരെനിന്ന് ഇതിന്റെ വെളിച്ചം ദൃശ്യമാകും. കോടിക്കര ബീച്ചില്‍ അഞ്ച് കി.മീ. കിഴക്കുമാറി നിലകൊള്ളുന്ന പുതിയ ലൈറ്റ്ഹൗസ് 1988-ല്‍ പണിതീര്‍ത്തതാണ്. 148 അടി ഉയരമുള്ള ഇതിന്റെ വെളിച്ചം ശ്രീലങ്കയില്‍നിന്നാല്‍ ദൃശ്യമാകുമെന്ന് പറയുന്നു.