നീലക്കടലും നീലഗുഹകളുമുള്ള സ്വപ്നദീപാണിത്. ചെറിയൊരു ദ്വീപ്. മധ്യധരണ്യാഴിയില്‍ ഒരു പൊട്ടുപോലെ. ഗ്രീസിന്റെ ഭാഗം. കസ്റ്റല്ലോറിസോ (Kastellorizo) പ്രകൃതിസ്നേഹികളെയും ടൂറിസ്റ്റുകളെയും വശീകരിക്കുന്നു. നീലക്കടലാണ് ദ്വീപിനെ അവിസ്മരണീയമാക്കുന്നത്. മലനിരയും കാണാം. ചുണ്ണാമ്പുകല്ലുകളും. ഒപ്പം ചെറിയൊരു വനത്തിന്റെ പ്രതീതിയില്‍ ഹരിതഭംഗി ആകര്‍ഷകമായി വിടര്ന്നുനില്ക്കുന്നു. കണ്ണിലെ കൃഷ്ണമണിപോലെ പച്ചപ്പിനെ നാട്ടുകാര്‍ സംരക്ഷിക്കുന്നു. നാട്ടുകാരിയായ മാര്‍ഗറീത്ത പറയുന്നു: ''ഷോപ്പിങ്ങിന് താത്പര്യമുണ്ടോ?'' തുര്‍ക്കിയിലേക്ക് പോകാം. കൈയെത്തുംദൂരത്തിലാണ് തുര്‍ക്കി. ദ്വീപിന്റെ അറ്റത്തുനിന്ന് രണ്ടുകിലോമീറ്ററില്‍ താഴെയാണ് ദൂരം. അവിടെയെത്താന്‍ ഉല്ലാസനൗകകള്‍ നിരവധിയുണ്ട്.
ദ്വീപിന്റെ വിസ്തീര്‍ണം പത്ത് ചതുരശ്ര കിലോമീറ്ററില്‍ താഴെമാത്രം. താമസക്കാരോ? ഏതാണ്ട് 300 പേര് വരും. ടൂറിസമാണ് ജനങ്ങളുടെ പ്രധാന തൊഴിലും വരുമാനമാര്‍ഗവും. കുറച്ചുപേര്‍ മത്സ്യബന്ധനം നടത്തുന്നു. ലോകത്തില്‍ ഒരുപക്ഷേ, ഏറ്റവും രുചിയേറിയ സമുദ്രവിഭവങ്ങള്‍ കിട്ടുന്ന റസ്റ്റോറന്റുകള്‍ ഈ ദ്വീപിലുണ്ട്. പാചകം കലയാക്കിമാറ്റിയ ആണുങ്ങളും പെണ്ണുങ്ങളും. നല്ല കൈപ്പുണ്യമുള്ളവര്‍. ദ്വീപില്‍ കടല്‍ത്തീരമില്ല. നീല ജലാശയം പോലെയാണ് കാഴ്ച. സ്വപ്നത്തിന്റെ പ്രതീതി. ചില റസ്റ്റോറന്റുകളില്‍നിന്ന് കാലെടുത്തുവെച്ചാല് നീലക്കടല്‍. ചെറിയ ബോട്ടുകളില്‍നിന്ന് റസ്റ്റോറന്റുകളിലേക്ക് കയറാവുന്നതേയുള്ളൂ. ജൂലായ് മുതല്‍ ആറുമാസക്കാലം ടൂറിസ്റ്റുകളുടെ തിരക്കാണ്. പഴയകെട്ടിടങ്ങള്‍- 200 വര്‍ഷംവരെ പഴക്കമുണ്ട് ചില കെട്ടിടങ്ങള്‍ക്ക്. അവ പൈതൃക സ്വത്തുക്കളായി നിലനിര്‍ത്തിയിട്ടുണ്ട്. പല നിറങ്ങളിലുള്ള ചായങ്ങള്തേച്ച് കെട്ടിടങ്ങള്‍ മിനുക്കിയിരിക്കുന്നു.
നീലക്കടല്തന്നെയാണ് ദ്വീപിന്റെ പ്രധാന ആകര്‍ഷണം. അത് ആസ്വദിക്കാനാണ് അല്പം ക്ലേശകരമായ യാത്ര നടത്തി യൂറോപ്പിന്റെ പലഭാഗങ്ങളില്‍നിന്നും ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നത്. യൂറോപ്പിലെങ്ങും ഇത്രയ്ക്ക് ഹൃദയഹാരിയായ നീലക്കടല്‍ ഇല്ല. അതോടൊപ്പം ദ്വീപിലുള്ള ചെറിയ പര്‍വതങ്ങളും ഗുഹയുടെ ആകൃതിയിലാണ്. നീല ഗുഹകള്‍ എന്ന് അവയ്ക്ക് പേരിട്ടിരിക്കുന്നു. രാത്രിയിലും പകലും ഗുഹകളിലേക്ക് നീലക്കടലിലൂടെ ഉല്ലാസയാത്രകള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലും നടത്തി ടൂറിസ്റ്റുകള്‍ മതിമറന്ന് ആഹ്ലാദിക്കുന്നത് കാണാം.ലോകസഞ്ചാരിയായ ഗ്രീക്ക് വനിത ഡിമിത്ര സ്റ്റാസിനോ പൗലോയുടെതാണ് ദ്വീപ് ചിത്രങ്ങള്‍. മാതൃഭൂമി 'യാത്ര' മാസികയെക്കുറിച്ച് അറിയാവുന്ന സഞ്ചാര സാഹിത്യകാരിയായ ഡിമിത്ര ചിത്രങ്ങള്‍ അതീവ സന്തോഷത്തോടെ 'യാത്ര'യ്ക്ക് നല്കി. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച അവര്‍ കൊച്ചിയിലും എത്തിയിരുന്നു. കൊച്ചി കായലിലും പൂന്തോട്ടക്കായലിലും അവര്‍ വഞ്ചിയില്‍ യാത്രചെയ്തു. ഗ്രീസിന്റെ കിഴക്കേ അറ്റത്താണ് ദ്വീപ്. ഡോഡെകാനീസ് ദ്വീപസമൂഹത്തില്പ്പെട്ടതാണിത്. ചെറിയൊരു തുറമുഖം ഇവിടെയുണ്ട്. യൂറോപ്പും ഏഷ്യയും തമ്മില്‍ നിലനിന്ന വാണിജ്യബന്ധങ്ങളുടെ വഴിയിലാണ് ദ്വീപ്. അതിനാല്‍ ചരിത്ര പശ്ചാത്തലംകൂടി ദീപിനുണ്ട്. പാറക്കൂട്ടങ്ങളും പര്‍വതനിരകളുമുള്ള ദ്വീപ്നിവാസികള് പണ്ട് മുതല്ക്കുതന്നെ മത്സ്യബന്ധനത്തില്‍ ഏര്പ്പെട്ടുജീവിച്ചവരാണ്. കൃഷിനിലങ്ങള്‍ തീരെയില്ലായിരുന്നു.
പക്ഷേ, 1991-ല്‍ ഒരു വഴിത്തിരിവുണ്ടായി. ഫ്രഞ്ച് ചലച്ചിത്ര സംവിധായകനായ ഗബ്രിയല് സാല്‍വത്തോര്‍ ദ്വീപില്‍ എത്തി. അദ്ദേഹത്തിന്റെ ചിത്രം 'മെഡിറ്ററേനിയോ' ഓസ്കര് അവാര്‍ഡ് നേടി. അതോടെ ദ്വീപ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് ഉയര്‍ന്നു. ടൂറിസ്റ്റ് പ്രവാഹത്തിന് അത് തുടക്കംകുറിച്ചു. 1991-ല്‍ മെല്ലെ തുടങ്ങിയ പ്രവാഹം ഇപ്പോള്‍ വന്‍ കുതിപ്പിലാണ്. ഗ്രീക്ക് സംസ്കാരത്തിന്റെ സ്വാധീനം ദ്വീപിലുണ്ടെങ്കിലും തുര്‍ക്കിയുടെയും പ്രതിഫലനങ്ങള്‍ കാണാം. തുര്‍ക്കിയോടുള്ള സാമീപ്യമാണ് ഇതിന് കാരണം. നവീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ ദ്വീപില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാലം കഴിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം മാതൃകയിലുള്ള കെട്ടിടങ്ങളും ഉയര്‍ന്നു. തുര്ക്കികളില്നിന്നാണ് മുസ്ലിം സ്വാധീനമുണ്ടായത്. പ്രാചീനകാലം മുതല്ക്കേ ദ്വീപില്‍ ജനവാസം ഉണ്ടായിരുന്നതിന് തെളിവുകള്‍ ദ്വീപില്‍നിന്ന് ചരിത്രകാരന്മാര്ക്ക് ലഭിച്ചിട്ടുണ്ട്. ഗ്രീക്ക് ശില്പഭംഗിയില്തന്നെയുള്ള 250-ഓളം കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ ചിലത് ലോഡ്ജുകളും ഹോട്ടലുകളുമായി മാറ്റി. ടൂറിസ്റ്റുകളുടെ പ്രവാഹത്തില്‍ ചിലപ്പോള്‍ താമസം ഹോംസ്റ്റേകളിലാക്കും. ഇവ സാധാരണ കെട്ടിടങ്ങളും. വേനല്‍ക്കാലത്ത് എയര്‍കണ്ടീഷന്‍ സൗകര്യം ഉണ്ടെന്ന് മാത്രം. കെട്ടിടങ്ങളില്‍ സാധാരണ സൗകര്യങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും നീലക്കടല്‍ കാണാനെത്തുന്നവര്‍ക്ക് മതിമറക്കാന്‍ അത് മതിയാകും.
യാത്രാസൗകര്യങ്ങള്‍ പരിമിതമാണെങ്കിലും ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുന്നു. പര്‍വതനിരകളാണ് ദ്വീപില്‍ കൂടുതലും. എളുപ്പം നടന്നുകയറാവുന്നതാണ്. അതിനാല്‍ ടൂറിസ്റ്റുകള്‍ കൂട്ടമായി സായാഹ്നങ്ങള്‍ ചെലവഴിക്കുന്നു. യാത്രാസൗകര്യങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ നാട്ടുകാരിയായ മാര്‍ഗറീത്ത പറഞ്ഞു. ''ഒരേ ഒരു ടാക്സിമാത്രം ഇവിടെയുണ്ട്. രണ്ടുമൂന്ന് സ്വകാര്യകാറുകള്‍ ഉണ്ട്. ടൂറിസ്റ്റുകള്‍ക്കായി ഒരു ബസ് ഉണ്ട്. സ്കൂട്ടറുകളും ബൈക്കുകളും നിരവധി. പക്ഷേ, യാത്രാസൗകര്യങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്ക് യാതൊരു പരാതിയുമില്ല. കാരണം മെല്ലെ നടന്നാല്‍ ദ്വീപിലെ കാഴ്ച കാണാം. പ്രധാന താത്പര്യം നീലക്കടല്‍ യാത്രയാണ്. അതിന് നിരവധി ബോട്ടുകളും തയ്യാറാണ്. ഫിഷിങ് ബോട്ടുകളും അലങ്കരിച്ച ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. പകലും രാത്രിയിലും അലതല്ലി ആഹ്ലാദിച്ച് യാത്ര. ബോട്ടിലിരുന്നും ഭക്ഷണം കഴിക്കാം. സസ്യാഹാരത്തിനും പ്രസിദ്ധി നേടിയതാണ് ഈ ദ്വീപ്. അതേസമയം രുചിക്ക് പേരുകേട്ട മത്സ്യങ്ങളുമുണ്ട്. കറിവെച്ചും പൊരിച്ചും അവ ഏത് സമയത്തും ലഭ്യമാണ്. തുര്‍ക്കിയിലെ ഷോപ്പുകളില്‍ ആകര്‍ഷകമായ തുണിത്തരങ്ങള്‍ ലഭിക്കും. അതിന് യാത്രക്കാരെ കൊണ്ടുപോകാന്‍ കടത്തുബോട്ടുകള്‍ സജ്ജമാണ്.
ദ്വീപിലെ തണ്ണിമത്തനും ജൂസും ചൂടപ്പംപോലെ റസ്റ്റോറന്റുകളില്‍ വില്‍ക്കുന്നു. മുന്തിരിങ്ങാനീരിനും പ്രിയം കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. കുടിവെള്ളത്തിന് കുപ്പിവെള്ളത്തെ ടൂറിസ്റ്റുകള്‍ ആശ്രയിക്കുന്നു. ചിക്കനും താറാവും സുലഭം. കസ്റ്റല്ലോറിസോയുടെ അര്‍ഥം എന്ത്? പല ടൂറിസ്റ്റുകളും ചോദിക്കാറുണ്ട്. 'ചുവന്നകോട്ട' എന്നാണ് അര്‍ഥം. കോട്ടപോലെയുള്ളതാണ് ചില കെട്ടിടങ്ങള്‍.
കസ്റ്റല്ലോറിസോ
ഗ്രീസിന്റെ തലസ്ഥാനമായ ആതന്‍സില്‍നിന്ന് 570 കിലോമീറ്റര്‍ അകലെയാണ് ദ്വീപ്. റോഡ്സ് എന്ന മറ്റൊരു ദ്വീപില്‍ എത്തി ബോട്ടില്‍ നാലുമണിക്കൂര്‍ യാത്രചെയ്യണം. അല്ലെങ്കില്‍ ചെറുവിമാനത്തില്‍ യാത്രയാകാം. ചെറിയൊരു വിമാനത്താവളം മലമുകളില്‍ കാണാം. ചെറിയ വിമാനത്താവളത്തില്‍നിന്ന് ഹോട്ടലുകളിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നാണ് ടൂറിസ്റ്റുകള്‍ കൂടുതല്‍. തുര്‍ക്കിയില്‍നിന്ന് രാവിലെ ബോട്ടില്‍ എത്തി വൈകീട്ട് തിരിച്ചുപോകുന്നവരുമുണ്ട്.