ജഗദല്‍പുര്‍ എന്നും ബസ്തര്‍ എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്ന ചിത്രങ്ങള്‍ തോക്കുധാരികളായ നക്സലൈറ്റുകളുടെയും കുഴിബോംബ് സ്ഫോടനങ്ങളുടെയുമൊക്കെയാവാം. എന്നാല്‍ ഈ സങ്കല്പത്തെ തച്ചുടയ്ക്കുന്നതായിരുന്നു അവിടേക്കുള്ള യാത്ര. കേരളത്തിന്റെ നാലിലൊന്നോളം വലുപ്പമുണ്ട് ബസ്തര്‍ ജില്ലയ്ക്ക്. ബസ്തര്‍ ജില്ലയുടെ ഭരണതലസ്ഥാനമാണ് ജഗദല്‍പുര്‍. പ്രകൃതിവിഭവങ്ങളാലും വന്യജീവിസമ്പത്തിനാലും അനുഗൃഹീതമായ സ്ഥലം. നിബിഢവനങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാല്‍ സമ്പന്നം. ജില്ലാതലസ്ഥാനത്തിന് നമ്മള് പ്രതീക്ഷിക്കുന്ന വലുപ്പവും സൗകര്യങ്ങളുമൊന്നും ജഗദല്പുരിനില്ല. സാമാന്യം വൃത്തിയോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ചെറിയ പട്ടണം. അംബരചുംബികളായ കെട്ടിടങ്ങളോ ആഡംബര ഹോട്ടലുകളോ ഒന്നുംതന്നെ അവിടെയില്ല. തനതുശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ലളിതമായ വ്യാപാരസമുച്ചയങ്ങളും സര്‍ക്കാര്‍കെട്ടിടങ്ങളും വഴിയോരക്കച്ചവടക്കാരുമെല്ലാം ചേര്‍ന്ന് ശാന്തവും മനോഹരവുമായ ചെറുപട്ടണമാണ് ജഗദല്‍പുര്‍. ഒന്നുരണ്ട് മലയാളി ഹോട്ടലുകള്‍ ജഗദല്പുരിലും ഉണ്ട്! കേരളത്തില്‍നിന്ന് ചെന്ന് കൃഷിയും കച്ചവടവും നടത്തുന്ന അനേകം മലയാളികള്‍ ജഗദല്പുരിലുണ്ട്. തലമുറകളായി അവിടെ സ്ഥിരതാമസമാക്കിയവരും ധാരാളം.
ജഗദല്‍പുരിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഖോന്ഡ്, മുരിയ തുടങ്ങിയ ഗോത്രങ്ങളില്‍നിന്നുള്ളവരാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഗോത്രവിഭാഗമായ ഖോന്ഡ് ആണ് ജഗദല്പുരിലും ഏറെയുള്ളത്. പരമ്പരാഗത സംസ്കാരത്തില്‍ പ്രശസ്തമായ ജഗദല്പുരിന്റെ സ്വകാര്യ അഭിമാനമാണ് അവിടത്തെ പുകള്‍പെറ്റ ഇരുമ്പ്/ഓട് കരകൗശല നിര്‍മിതി. പ്രാദേശിക ദൈവങ്ങള്‍, യോദ്ധാക്കള്‍, പക്ഷിമൃഗാദികള്‍ എന്നിവയെല്ലാം അവരുടെ ശില്പങ്ങള്ക്ക് ആശയമാകാറുണ്ട്. അലങ്കാരത്തിനും ആരാധനയ്ക്കുമാണ് ഈ ശില്പങ്ങള് പ്രധാനമായും ഉപയോഗിച്ചുപോരുന്നത്. ടൂറിസത്തിന്റെ വികാസത്തോടെ ആദിവാസികളുടെ നിര്‍മിതികള്‍ക്ക് വിപണനസാധ്യത കൂടി. അവരുടെ നിര്‍മിതികള്‍ പുറംലോകത്തേക്ക് എത്തിക്കുന്നതിനും അതുവഴി അവര്‍ക്ക് ജീവിതമാര്‍ഗം ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഛത്തീസ്ഗഢ് ടൂറിസം ബോഡിന്റെ അനേകം ഷോറൂമുകള്‍ വഴി ഈ നിര്‍മിതികള്‍ വില്പനയ്ക്കുവെച്ചിരിക്കുന്നതും കാണാം.
ഇവിടത്തെ കാഴ്ചകള്‍ ആരംഭിക്കേണ്ടത് ആന്ത്രപ്പോളജിക്കല്‍ മ്യൂസിയത്തില്‍നിന്നാണ്. സിറ്റി സെന്ററില്‍നിന്ന് ഏകദേശം നാലുകിലോമീറ്റര്‍ മാറിയാണ് മ്യൂസിയം. 1972-ല്‍ നിര്‍മിച്ച ഈ മ്യൂസിയം ബസ്തറിലെ ഗോത്രസമൂഹത്തിന്റെ സംസ്കാരത്തിലേക്കും ജീവിതശൈലിയിലേക്കും വെളിച്ചംവീശുന്ന എണ്ണമറ്റ വസ്തുക്കളുടെയും ചിത്രങ്ങളുടെയും മനോഹരമായ ഒരു ശേഖരമാണ് കരുതിവെച്ചിട്ടുള്ളത്. ആദിവാസികള്‍ ദൈനംദിനജീവിതത്തില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, മനോഹരമായ കൊത്തുപണികള്‍, ചിത്രങ്ങള്‍ മുതലായവ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തിങ്കള്‍മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനസമയം. പ്രവേശനം സൗജന്യമാണ്. മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള മ്യൂസിയവും പരിസരവും ജഗദല്‍പുര്‍ സന്ദര്‍ശിക്കുന്ന ചരിത്രസ്നേഹികള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാകാത്ത സ്ഥലംതന്നെയാണ്. ജഗദല്‍പുരില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരെയാണ് കാംഗേര്‍വാലി നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഏകദേശം 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. അതിനുള്ളിലൂടെ ഒഴുകുന്ന കാംഗേര്‍ നദിയുടെ പേരില്‍നിന്നാണ് ദേശീയോദ്യാനത്തിന് ആ പേര് ലഭിച്ചത്. ദേശീയോദ്യാനത്തിനുള്ളിലൂടെ പത്തുകിലോമീറ്റര്‍ യാത്രചെയ്തുവേണം കൊടുംസര്‍ ഗുഹയിലെത്താന്‍. സ്വകാര്യവാഹനങ്ങള്‍ അകത്തേക്ക് കടത്തിവിടില്ല. അകത്തേക്ക് പോകാനായി ജിപ്സിസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ജിപ്സിക്ക് 1200 രൂപയാണ് വാടക. ഏഴുപേര്‍ക്കുവരെ അതില്‍ യാത്രചെയ്യാന്‍ കഴിയും. ഒരു ഗൈഡിന്റെ സേവനവും ലഭിക്കും.
ചുണ്ണാമ്പുകല്ലിന്റെ വിവിധ രൂപങ്ങള്‍
ഇന്ത്യയിലെ രണ്ടാമത്തെ നീളംകൂടിയ പ്രകൃതിദത്ത ഗുഹയാണിത്. 1327 മീറ്റര്‍ നീളമുള്ള ഈ ഗുഹയ്ക്ക് ഭൂനിരപ്പില്‍നിന്ന് 35 മീറ്റര്‍വരെ ആഴമുണ്ട്. ഇടുങ്ങിയ ഒരു വിടവിലൂടെവേണം ഗുഹയ്ക്കകത്തേക്ക് നൂണിറങ്ങാന്‍. ഗൈഡിന്റെ കൈയിലുള്ള ടോര്‍ച്ചും കൈയിലെ മൊബൈല്ഫോണുമല്ലാതെ മറ്റൊരു പ്രകാശസ്രോതസ്സും ഗുഹയ്ക്കകത്തില്ല. ടോര്‍ച്ച് ഒന്ന് അണച്ചാല് തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാന്സാധിക്കാത്തത്ര കുറ്റാക്കൂരിരുട്ട്. വവ്വാലുകളുടെ ചിറകടിശബ്ദവും തീക്ഷ്ണമായ ഗന്ധവും. ഈര്‍പ്പം കൂടുതലായതിനാല്‍ ക്യാമറാ ലെന്‍സും കണ്ണടയുമെല്ലാം മൂടല്പിടിച്ചുപോകുന്നു. ശ്വസിക്കാന്‍പോലും ബുദ്ധിമുട്ട്. ആകെ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുവരാന്‍ കുറച്ച് സമയമെടുക്കും.
അപകടംപിടിച്ച വഴിയാണ് ഗുഹയ്ക്കകത്ത്. മിക്കയിടത്തും കോണ്‍ക്രീറ്റ്ചെയ്ത വഴികളും സ്റ്റീല്‍ കൈവരികളും നിര്‍മിച്ചിട്ടുണ്ട്. അവയുടെ സഹായമില്ലാതെ അകത്ത് നടക്കുക അസാധ്യമാണ്. ടോര്ച്ച്വെളിച്ചത്തില് ഗൈഡ് ഗുഹയുടെ മുക്കും മൂലയും വിശദീകരിച്ചു. പാറയില്‍നിന്ന് ഊര്‍ന്നിറങ്ങിയ ചുണ്ണാമ്പുകല്ലുകള്‍കൊണ്ട് രൂപപ്പെട്ടിരിക്കുന്ന വിസ്മയരൂപങ്ങള്ക്ക് കയ്യുംകണക്കുമില്ല. സ്റ്റാലക്റ്റൈറ്റ് (ടമേഹമരശേലേ), സ്റ്റാലഗ്മൈറ്റ് (ടമേഹമഴാശലേ) എന്നിങ്ങനെ രണ്ടുതരത്തിലുള്ള പാറകളാണ് ഇവിടെ കാണാന്‍സാധിക്കുക. ഗുഹയുടെ മേല്‍ക്കൂരയില്‍നിന്ന് താഴേക്ക് വളരുന്ന പാറകളാണ് സ്റ്റാലക്റ്റൈറ്റ്. ഗുഹയുടെ നിലത്തുനിന്ന് മുകളിലേക്ക് വളരുന്ന പാറകളെ പറയുന്നത് സ്റ്റാലഗ്മൈറ്റ് എന്നാണ്. പാറയുടെ ആകൃതികള്‍ ചേര്‍ന്ന് പല രൂപങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ശിവലിംഗത്തിന്റെ ആകൃതിയിലുള്ള പാറയില്‍ പൂജയും മറ്റും ആളുകള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഗുഹയ്ക്കകത്ത് കര്‍പ്പൂരവും ചന്ദനത്തിരിയുമെല്ലാം പുകയ്ക്കുന്നത് മലിനീകരണം ഉണ്ടാക്കുകയും ഗുഹയിലെ ജൈവവൈവിധ്യത്തിന് കോട്ടംവരുത്തുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലായതോടെ അവയെല്ലാം നിരോധിക്കപ്പെട്ടു. ഒരിഞ്ച് വലുപ്പത്തില്‍ ഇത്തരം പാറകള്‍ രൂപപ്പെടാന്‍ ഏകദേശം 6000 വര്‍ഷങ്ങള്‍ വേണമത്രേ. എത്രയോ ലക്ഷം വര്‍ഷംകൊണ്ട് പ്രകൃതി ഒരുക്കിയ വിസ്മയത്തിനുമുന്നിലാണ് നാം നില്‍ക്കുന്നത് എന്നോര്‍ത്ത് അദ്ഭുതപ്പെട്ടുപോയി. ഗുഹയ്ക്കകത്തെ മറ്റൊരു പ്രത്യേകത കണ്ണില്ലാത്ത ഒരുതരം പ്രത്യേക മത്സ്യമാണ്. ഗുഹയ്ക്കകത്തുകൂടി ഒഴുകുന്ന ചെറു അരുവിയില്‍ ചിലയിടങ്ങളില്‍ നമുക്ക് അവയെ കാണാം. ഗുഹയ്ക്കകത്തെ ഇരുട്ടില്‍ രൂപാന്തരം പ്രാപിച്ചുണ്ടായവയാണത്രെ അവ. അല്ലെങ്കില്‍ത്തന്നെ ആ ഇരുട്ടില്‍ കണ്ണുണ്ടായിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ! മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്നതിനാല്‍ ജൂണ്‍മുതല്‍ ഒക്ടോബര്‍ വരെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.
ഗുഹയിലെ കാഴ്ചകള്‍ കണ്ടുകഴിഞ്ഞാല്പിന്നെ പോകേണ്ടത് തൊട്ടടുത്തുതന്നെയുള്ള തീരത്ഗഢ് വെള്ളച്ചാട്ടം കാണാനാണ്. കാംഗേര്‍വാലി നാഷണല്‍ പാര്ക്കിനുള്ളില്തന്നെയുള്ള കാംഗേര്‍ നദിയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കൊടുംബസര് ഗുഹയില്‍നിന്ന് ഏകദേശം ആറുകിലോമീറ്റര്‍ യാത്രചെയ്താല്‍ നമുക്ക് വെള്ളച്ചാട്ടത്തിലെത്താം. നിരവധി അരുവികള്‍ കടന്ന് വ്യത്യസ്തമായ പാതകളിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് വെള്ളമെത്തുന്നത്. ഏകദേശം 300 അടി ഉയരത്തില്‍നിന്ന് തട്ടുകളായി വെള്ളം പതഞ്ഞിറങ്ങുന്ന ദൃശ്യം നയനാനന്ദകരമാണ്. ഗുഹയില്‍ നടത്തിയ സാഹസികയാത്രയുടെ ക്ഷീണം തീര്‍ക്കാന്‍ താഴെ വെള്ളം വന്ന് വീഴുന്ന തടാകത്തില്‍ ഒന്ന് നീന്തിക്കുളിക്കുകയുമാവാം. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള ഇടതൂര്‍ന്ന വനങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. തട്ടുകളായുള്ള വെള്ളച്ചാട്ടമായതിനാല്‍ താഴെനിന്ന് മുകളിലേക്ക് നടന്നുകയറാന്‍ ശ്രമിക്കുന്ന ധാരാളം യാത്രക്കാരെയും അവിടെ കണ്ടു. അപകടസൂചനകള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെങ്കിലും അവ പാലിക്കാന്‍ യാത്രികര്‍ തീരേ ശ്രദ്ധിക്കുന്നില്ല. അപകടകരമായ ഉയരത്തില്‍നിന്ന് സെല്‍ഫിയെടുക്കുന്ന യുവാക്കളെ കണ്ടപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിന്റെ സാന്നിധ്യം ഉചിതമെന്ന് തോന്നി. പ്രകൃതിഭംഗി മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രത്യേകത. പ്രശസ്തമായ ഒരു ശിവപാര്‍വതീക്ഷേത്രം സമീപത്തായി സ്ഥിതിചെയ്യുന്നതിനാല്‍ മതപരമായ പ്രാധാന്യംകൂടി തീരത്ഗഢിനുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ക്ഷേത്രദര്ശനവുംകൂടി നടത്തുന്നതിനായി നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്. ഒക്ടോബര്‍മുതല്‍ ജനുവരിവരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യം.
ജഗദല്പുരില് പോയാല്‍ ഒരിക്കലും വിട്ടുപോകാന്പാടില്ലാത്ത സ്ഥലമാണ് ഇന്ത്യന്‍ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടം. ജഗദല്‍പുരില്‍നിന്ന് ഏകദേശം 38 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഇന്ദ്രാവതിനദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്. കുതിരലാടത്തിന്റെ ആകൃതിയില്‍, നയാഗ്ര വെള്ളച്ചാട്ടത്തിനോട് സാദൃശ്യമുള്ളതിനാലാണ് ഈ വെള്ളച്ചാട്ടം ഇന്ത്യന്‍ നയാഗ്ര എന്ന് അറിയപ്പെടുന്നത്. ചിത്രകൂട് വെള്ളച്ചാട്ടം അതിന്റെ പൂര്‍ണരൂപത്തില്‍ ആസ്വദിക്കണമെങ്കില്‍ വര്‍ഷക്കാലത്ത് സന്ദര്‍ശിക്കണം. കലങ്ങിമറിഞ്ഞ്, ഇരുകരകളും നിറഞ്ഞ് രൗദ്രഭാവത്തില്‍ ആര്‍ത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന വര്‍ഷകാലത്തെ കാഴ്ച അനിര്‍വചനീയമാണ്. വേനല്ക്കാലമാകുമ്പോഴേക്കും വീതി കുറഞ്ഞ് ശാന്തമായി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള തടാകത്തില്‍ ബോട്ടിങ്ങിനുള്ള സൗകര്യം ഛത്തീസ്ഗഢ് ടൂറിസംവകുപ്പ് ഒരുക്കിയിട്ടുണ്ട്. 50 രൂപ കൊടുത്താല്‍ റബ്ബര്‍ബോട്ടില്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരും. ഇത്ര ശാന്തമായി കാണപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തെത്തുമ്പോഴേ അതിന്റെ ശക്തിയും വന്യതയും മനസ്സിലാകൂ. വെള്ളച്ചാട്ടത്തില്‍നിന്ന് പാറിയെത്തുന്ന വെള്ളത്തുള്ളികള്‍ ചുറ്റും മൂടല്‍മഞ്ഞ് തീര്‍ക്കുന്ന അനുഭവം പറഞ്ഞറിയിക്കാന്കഴിയില്ല. പതഞ്ഞുവീഴുന്ന ചില്ലുവെള്ളത്തില്‍നിന്ന് പാറിക്കളിക്കുന്ന തണുത്ത ജലകണങ്ങളുടെ നടുവില്‍ നില്ക്കുമ്പോള് ഒരുനിമിഷത്തേക്ക് എല്ലാം മറന്ന് പ്രകൃതിയില്‍ ലയിച്ചുചേരും. ഒരുതവണ അടുത്ത് പോയിട്ട് മതിവരാത്തതിനാല്‍ ഞാന്‍ വീണ്ടും ബോട്ടിന് ടിക്കറ്റെടുത്തു. വെളുത്ത മഞ്ഞായി, മഴയായി മനസ്സില്‍ പതിച്ച വെള്ളച്ചാട്ടം ഇപ്പോഴും ഒരനുഭൂതിയായി മനസ്സില്‍ തങ്ങിനില്ക്കുന്നു.
പട്ടാളക്കാരന്
ചിത്രകൂട് വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് ഛത്തീസ്ഗഢ് ടൂറിസംവകുപ്പിന്റെ ദണ്ഡാമി ലക്ഷ്വറി റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ താമസസ്ഥലമാണിത്. വളരെ മിതമായ നിരക്കില്‍ റൂമുകളും ടെന്റുകളും ലഭ്യമാണ്. ടൂറിസംവകുപ്പിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ റൂമുകള്‍ ബുക്ക്ചെയ്യാം.