നിങ്ങൾക്കായി ഡി.ടി.പി.സി.യുടെ ടൂറിസം പാക്കേജുകൾ തയ്യാർ. ഈ മഴക്കാലത്തൊരു വിനോദയാത്രയും...

പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലൻഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മൺറോത്തുരുത്ത് എന്നീ പാക്കേജുകൾ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്. കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികൾക്കുള്ള പാർക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച്‌ ഇനി യാത്രകൾക്ക് മടിക്കേണ്ട... മഴക്കാലം മഴയോടൊപ്പം ആഘോഷിക്കാമെന്ന തരത്തിലാണ് സഞ്ചാരികൾക്കായി യാത്രകളും കാഴ്ചകളും ക്രമീകരിച്ചിട്ടുള്ളത്.   

കല്ലടയാറിൻ തീരത്തൂടെ ഒരു യാത്ര

മൺസൂൺ ടൂറിസത്തിന്റെ പ്രധാന ആകർഷണമാണിത്. കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപത്തെ ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിലെത്തി യാത്രയ്ക്ക് തയ്യാറെടുക്കാം. വള്ളത്തിലാണ് യാത്രയെങ്കിലോ? മഴയല്ലേ നനഞ്ഞുപോകുമോ എന്ന സംശയം ഉയർന്നേക്കാം. അതോർത്ത് പേടിക്കേണ്ട. ഡി.ടി.പി.സി.യുടെ വക ഓരോ കുടയും യാത്രികരെ മഴനനയ്ക്കാതെ കൊണ്ടുപോകും. കുറഞ്ഞത് നാലുപേരുണ്ടെങ്കിൽ യാത്ര ഇതാ ആരംഭിച്ചുകഴിഞ്ഞു. 

രാവിലെ കൊല്ലത്തുനിന്ന് പെരുമൺ വഴിയാകും പോകുന്നത്. പെരുമൺ ദുരന്തസ്മരണയുണർത്തുന്ന പാലവും കണ്ട് പട്ടംതുരുത്തിലേക്ക്. അവിടെ കശുവണ്ടി ഫാക്ടറി സന്ദർശനം. കശുവണ്ടി അണ്ടിപ്പരിപ്പാകുന്ന കഴ്ചകളൊക്കെ കണ്ടശേഷം വീണ്ടും യാത്ര. കായലിൽനിന്ന് കൈത്തോടുകളിലേക്ക് കടക്കുമ്പോൾ ഗ്രാമീണഭംഗിയുടെ വശ്യതയിലൂടെ വിവിധ കാഴ്ചകളും കാണാം. ഓളങ്ങളെ അടർത്തിമാറ്റി വള്ളം നീങ്ങുമ്പോൾ ചെറു ചാറ്റൽമഴകൂടി പെയ്താൽ യാത്ര എത്ര സുന്ദരമായിരിക്കും... മഴയ്ക്കുപുറമേ തീരങ്ങളിലെ മരങ്ങളിൽനിന്നുള്ള വെള്ളംകൂടി വീഴുമ്പോൾ ചെറുമീനുകൾ പാഞ്ഞുനടക്കുന്ന കാഴ്ചയും വർണനാതീതം.

അവിടെ മീൻവളർത്തൽ കേന്ദ്രങ്ങളും കണ്ട് വീണ്ടും കായലിലേക്ക് നീങ്ങിത്തുടങ്ങും. അപ്പോഴേക്കും വിശപ്പിന്റെ വിളി ആരംഭിച്ചുകഴിയും. ഭക്ഷണവും ഈ പാക്കേജിലുണ്ട്. വിശന്നുവരുമ്പോൾ ആദ്യം കുറച്ച് വേവിച്ച കപ്പയും എരിവുള്ള മീൻകറിയുമായാലോ? അതിലൊതുങ്ങുമെന്ന് കരതേണ്ട. മറ്റു വിഭവങ്ങൾ പുറകെയുണ്ട്. നാടൻ വാഴയിലയിൽ തൂവെള്ളച്ചോറ്്‌. ഒപ്പം നല്ല ഏരിവുള്ള ഇറച്ചിക്കറിയും മസാലചേർത്ത് പൊരിച്ചെടുക്കുന്ന കായൽമത്സ്യവും കൂടെയാകുമ്പോൾ ഊണ് കെങ്കേമമാകും.

ഊണിനുശേഷം വീണ്ടും പാടശേഖരവും ദേശാടനക്കിളികളുടെ താവളവുമൊക്കെ കണ്ടാകും ബാക്കിയുള്ള യാത്ര. ചൂണ്ടയിട്ട് മീൻപിടിക്കണമെന്ന് തോന്നിയാൽ അതും ആവാം. ഏറ്റവുമൊടുവിൽ ചായയും കടിയും (പൊരിപ്പ്) കൂടി നൽകിയാകും യാത്ര അവസാനിക്കുന്നത്.

കരുനാഗപ്പള്ളിയിലെ മഴത്തുള്ളി യാത്ര

കായൽ ദൃശ്യഭംഗി ആസ്വാദ്യമാക്കുംവിധമുള്ളതാണ് ഡി.ടി.പി.സി.യുടെ കരുനാഗപ്പള്ളി കന്നേറ്റി പാക്കേജ്. ഇവിടേക്ക് ഒരു ഹൗസ്ബോട്ട് യാത്രയായാലോ? ഒപ്പം ഓണാട്ടുകര ഭക്ഷണംകൂടി ആയാൽ നന്നായിരിക്കും.നേർത്ത മഴയുടെ കുളിർമ നുകർന്ന്, പച്ചവിതച്ച ഗ്രാമങ്ങൾ കണ്ടൊരു യാത്ര... യാത്രയിൽ ഓണാട്ടുകരയുടെ നാടൻവിഭവമായ കൂട്ടുപുഴുക്കും (കപ്പ, കാച്ചിൽ, ചേമ്പ്, ചേന,നനകിഴങ്ങ്) കാന്താരിച്ചമ്മന്തിയും തക്കാളിച്ചമ്മന്തിയും നല്ല നാടൻ ചുക്കുകാപ്പിയും നുകർന്ന് യാത്ര തുടരാം... കൂടാതെ ചിരട്ടപ്പുട്ടും നാടൻ കോഴിക്കറിയുമുള്ള മറ്റൊരു മഴത്തുള്ളി യാത്രയും കരുനാഗപ്പള്ളിയിൽ ഒരുക്കിയിട്ടുണ്ട്. രണ്ടുമണിക്കൂർകൊണ്ട് പോയിവരാവുന്നതാണിവ. 

കുട്ടികൾക്കുള്ള പാർക്കായി മാറി ജലകേളീകേന്ദ്രം

ജില്ലയിലെ കായൽ ടൂറിസത്തിന്റെ പ്രധാന ഏടായ ജലകേളീകേന്ദ്രം ഇനി കൂട്ടികൾക്കുള്ള പാർക്കായി മാറും. അഷ്ടമുടിക്കായലിനെയും പരവൂർ കായലിനെയും ബന്ധിപ്പിച്ച് ബോട്ട് യാത്ര എന്ന ആശയം മുന്നിൽക്കണ്ട്‌ ജലകേളീകേന്ദ്രത്തിന്റെ പ്രവർത്തനം, കൊല്ലം തോട് നവീകരണം ആരംഭിച്ചതോടെയാണ് നിർത്തിവെച്ചത്. എന്നാൽ നവീകരണം പൂർത്തിയാകാത്തതിനാൽ ഇത് നാശത്തിന്റെ വക്കിലെത്തുമെന്നിരിക്കെയാണ് ടൂറിസം വകുപ്പുതന്നെ മുൻകൈയെടുത്ത് ‘ചിൽഡ്രൻസ് പാർക്കാ’യി പുതിയ രൂപം നൽകുന്നത്.  കുട്ടികൾക്ക് മാത്രമല്ല നിലവിൽ കൊല്ലം ബീച്ചിൽ എത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരു വിശ്രമകേന്ദ്രം എന്ന സ്വപ്നമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. ഇതിനായി ജലകേളീകേന്ദ്രം കൂടുതൽ സൗന്ദര്യവത്കരിച്ച് പാർക്കും വിശ്രമസ്ഥലവും ചേർത്ത് കൂടുതൽ മനോഹരമാക്കുന്നതുമാണ് പദ്ധതി. അഞ്ചുവർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്. 

കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, കളി ഉപകരണങ്ങൾ, ജുറാസിക് ഗുഹ, ചുമർചിത്രങ്ങൾ, ചെറുശില്പങ്ങൾ, മുതിർന്നവർക്കുള്ള ഇരിപ്പിടിങ്ങൾ, കഫറ്റീരിയ തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ പൂർത്തിയായിവരുന്നു. അവധിദിവസങ്ങളിലുംമറ്റും കുട്ടികളുമായി സമയം ചെലവഴിക്കാനെത്തുന്നവർക്ക് പ്രയോജനപ്രദമാകുന്ന നിലയിലാണ് ഇതിന്റെ പ്രവർത്തനം. വയോജനങ്ങൾക്ക് സൗകര്യപ്രദമായി വായിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. കൊല്ലം തോടിന്റെ കരയിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി കൂടുതൽ സൗന്ദര്യവത്കരിച്ച് സഞ്ചാരികളെ ആകർഷിക്കുംവിധമാണ് പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നത്.

കൊല്ലം-മൺറോത്തുരുത്ത് 

അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതാണ്‌ മൺറോത്തുരുത്ത്. കാഴ്ചകളുടെ കാണാപ്പുറം തേടിയുള്ള യാത്രയാണ് ഡി.ടി.പി.സി. ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 
പ്രദേശത്തുള്ള 14 വാർഡുകളും വള്ളത്തിൽ ചുറ്റിക്കാണുന്നതാണീ പാക്കേജ്. ചെറുതോടുകളിലൂടെ തുഴഞ്ഞുനീങ്ങുമ്പോൾ ഓലമേഞ്ഞ വീടുകളും ചെമ്മീൻ പാടങ്ങളും കാട്ടുചെടികളും കണ്ടൽക്കാടും തെങ്ങിൻ തോപ്പുകളും കൃഷിയിടങ്ങളും എല്ലാം നിറഞ്ഞ തനി നാടൻ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാകും ഈ യാത്രയിലുടനീളം. മൂന്നുമണിക്കൂറിന്റെയും ആറുമണിക്കൂറിന്റെയും രണ്ട് പാക്കേജുകളാണ് ഇവിടേക്ക്‌ ക്രമീകരിച്ചിട്ടുള്ളത്. 

അഷ്ടമുടി-സാമ്പ്രാണിക്കോടി പാക്കേജ്

അഷ്ടമുടിക്കായലിലൂടെ സാമ്പ്രാണിക്കോടി വഴി സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള യാത്രയാണിത്. കൊല്ലത്ത് നിന്നാരംഭിച്ച് കായലിലൂടെ സാമ്പ്രാണിക്കോടി തുരുത്തിലെത്തി അവിടെ കുറച്ചുനേരം തങ്ങാം. ഭക്ഷണവും പാക്കേജിൽ ഉൾപ്പെടും. തുരുത്തിന്റെ ഭംഗിയിൽ വിശ്രമിക്കുന്നതോടൊപ്പം മീൻ പിടിക്കുന്നതിനും ഉല്ലസിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും. കൂടാതെ ക്ലബ്ബ് മഹീന്ദ്രയിൽനിന്ന് ചായയും ഭക്ഷണവും കഴിഞ്ഞശേഷം മടക്കയാത്ര...

സീ അഷ്ടമുടി

അഷ്ടമുടിക്കാലിന്റെ ഓളപ്പരപ്പിലൂടെ അരമണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് ഈ പാക്കേജിലൂടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കൊല്ലം അഡ്വഞ്ചർ പാർക്കിൽനിന്ന്‌ ആരംഭിച്ച് സാമ്പ്രാണിക്കോടിവരെ സഞ്ചരിച്ച് തിരികെ പാർക്കിൽത്തന്നെ എത്തിക്കുന്നതാണിത്. ഒരാൾക്ക് 85 രൂപയാണ് നിരക്ക്.