ണ്‍സൂണ്‍ കേരളത്തില്‍ റാഫ്റ്റിങ്ങിനുള്ളതാണ്. ഇന്ത്യയില്‍ ഹിമാലയന്‍ നദികളില്‍ സര്‍വസാധാരണമായിരുന്ന റാഫ്റ്റിങ് ഇപ്പോള്‍ കേരളത്തിലും പച്ചപിടിച്ചുകൊണ്ടിരിക്കുന്നു.

മഴയത്തായിരുന്നു യാത്ര. കോഴിക്കോട്ടുനിന്ന് പുലിക്കയത്തേക്ക് താമരശ്ശേരി, കൂടരഞ്ഞി മൈക്കാവ് വഴി താമരശ്ശേരി എത്തിയപ്പോഴേക്കും പുലിക്കയത്തുനിന്ന് വിളിവന്നു തുടങ്ങി. റാഫ്റ്റുമായി ദിനേഷും സംഘവും കാത്തിരിക്കയാണ്. പുലിക്കയത്തുനിന്ന് നേരെ ആനക്കാംപൊയില്‍ റോഡില്‍ ഇലന്തുകടവ് പാലംകടന്ന് ഇടത്തോട്ടുതിരിഞ്ഞു. കുറുങ്കയത്ത് സര്‍വസന്നാഹങ്ങളുമായി റാഫ്റ്റും അമരക്കാരനും കാത്തിരിപ്പുണ്ടായിരുന്നു. റോഡില്‍നിന്ന് പുഴയിലേക്ക് ഇറങ്ങാന്‍ അല്പം പാടുപെടേണ്ടിവന്നു. റാഫ്റ്റുമായി അമിതും ദിനേഷും എളുപ്പം ഇറങ്ങി. ഉത്തരാഖണ്ഡിലെ മലമടക്കുകളിലെ ഹിമവാഹിനികള്‍ കുറേ കണ്ടിട്ടുള്ളവരാണ് ഇരുവരും.

താഴെ 'മലബാര്‍ എക്‌സ്പ്രസി'നടുത്തെത്തി. ഇവിടത്തെ വെള്ളച്ചാട്ടത്തിന് അവരിട്ട ഓമനപ്പേരാണ് മലബാര്‍ എക്‌സ്പ്രസ് എന്നത്. പാറകളിലും കുറ്റിച്ചെടികളിലും തട്ടിത്തഴുകി ആര്‍ത്തുല്ലസിക്കുകയാണ് മഴക്കാലപ്പുഴ. വെള്ളിനുരകളും കരിമ്പാറകളും കാടിന്റെ പച്ചപ്പും ചേര്‍ന്നൊരുക്കുന്ന പ്രകൃതിയുടെ മാന്ത്രികഭംഗിയിലേക്കാണ് ഞങ്ങളിറങ്ങാന്‍ പോവുന്നത്.

സംഗതി ഒരു സാഹസികയാത്രയാണെന്നതുകൊണ്ടുതന്നെ അല്പം നീണ്ടൊരു ആമുഖമുണ്ട് ദിനേശിന്റെ വക. എങ്ങനെ തുഴയണം, എന്തൊക്കെ നിര്‍ദേശങ്ങളാണ് ഉണ്ടാവുക, വെള്ളത്തില്‍ വീണാല്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ കേട്ടാല്‍ തിരിച്ചുപോവണോ എന്ന് തോന്നിപ്പോവും. പക്ഷേ, സംഗതി ഒരു മുന്‍കൂര്‍ജാമ്യമാണ്. എന്തെങ്കിലും പറ്റിയാല്‍പ്പിന്നെ ഞങ്ങളൊന്നും അറിഞ്ഞില്ല, ആരുമൊന്നും പറഞ്ഞില്ലെന്നാരും പറയരുത്.

Rafting 2

ലൈഫ് ജാക്കറ്റ് അധികം അയച്ചോ അധികം മുറുക്കിയോ ഇടരുത്. മുറുകിയാല്‍ ശ്വാസംകിട്ടാന്‍ പാടുപെടും. അയഞ്ഞാല്‍ വെള്ളത്തില്‍ വീഴുമ്പോള്‍ അത് മുഖത്തേക്കുകയറി ശ്വാസംകിട്ടാതാവും. വെള്ളത്തില്‍ വീണൊരാളെ റാഫ്റ്റിലേക്ക് വലിച്ചുകയറ്റാനും ലൈഫ് ജാക്കറ്റിന്റെ മുകളിലാണ് പിടിക്കുക. വെള്ളത്തില്‍ വീണയാള്‍ക്ക് എറിഞ്ഞുതരുന്ന വടം എങ്ങനെയാണ് പിടിക്കേണ്ടത് എന്നും വിവരിച്ചുതന്നു. ഹെല്‍മെറ്റും കറക്ട് ഫിറ്റായിരിക്കണം. റാഫ്റ്റിന്റെ അരികിലുള്ള ഭാഗത്താണ് ഇരിക്കേണ്ടത്. കാല് മുന്നോട്ടും പിന്നോട്ടും റാഫ്റ്റില്‍ കറക്ട് ഫിറ്റാക്കി വെക്കണം. തുഴയുടെ ടി ഭാഗം കൈക്കുള്ളില്‍ ഒതുക്കിവെച്ച് സൗകര്യപ്രദമായി തുഴ പിടിക്കുക. തുഴയുമ്പോള്‍ കൈയ്ക്കല്ല ആയാസം കൊടുക്കേണ്ടത്. ഇടുപ്പിനാണ്. പാറക്കെട്ടുകളുടെ വിടവുകളിലൂടെ കുതിച്ചൊഴുകുന്നിടത്താണ് റാഫ്റ്റിങ്ങിന്റെ ത്രില്ല്. പാറക്കെട്ടില്‍ ചാടിയിറങ്ങി ഓളക്കുത്തില്‍ ചാഞ്ചാടിയാടി അതൊഴുകുന്നു. ഇടയ്ക്ക് കരയോരത്തെ വനനിബിഡതയുടെ ഇരുളിമയിലൂടെ ഒഴുകി, മരച്ചില്ലകള്‍ക്കുമുന്നില്‍ വിനീതനായി ഒഴുകിയൊഴുകി പോവാന്‍ തുടങ്ങി. ദിനേശ് തന്റെ തുഴ വെള്ളത്തില്‍ തട്ടിത്തെറിപ്പിച്ച് എല്ലാവരെയും നനച്ചുകഴിഞ്ഞിരുന്നു. ആകെ നനഞ്ഞാലേ കുളിരും പേടിയും മാറൂ. ഒരു കുത്തൊഴുക്കുകൂടി വന്നു. ആവേശം ആര്‍പ്പുവിളിയായി ഉയര്‍ന്നു. ചാഞ്ചാടിയാടി പൊങ്ങുതോണി ഒരു പാറയില്‍ കയറിയിരിപ്പായി. തുഴഞ്ഞിട്ട് നീങ്ങുന്നില്ല. ദിനേശ് ഇറങ്ങി നേരെയാക്കി വീണ്ടും ഒഴുകാന്‍ തുടങ്ങി.

എലന്തുകടവ് പാലത്തിനടുത്തെത്തി. വെള്ളത്തില്‍ ചാടാന്‍ ആഗ്രഹിക്കുന്നവര്‍ ചാടിക്കൊള്ളാന്‍ ഉത്തരവ് കിട്ടി. ചാടി നിലമില്ലാക്കയമാണ്. ലൈഫ് ജാക്കറ്റ് ഉള്ളതുകൊണ്ട് പൊങ്ങിനില്‍ക്കുന്നെന്നു മാത്രം. പാലത്തില്‍ അപ്പോഴേക്കും അടുത്ത യാത്രയ്ക്കായി ഒരു സംഘം അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായാണ് റാഫ്റ്റിങ് നടക്കുന്നത്. ചാലിപ്പുഴയില്‍ ചെമ്പുകടവ് പാറപ്പറ്റയില്‍നിന്നും ഇരവഞ്ഞിപ്പുഴയില്‍ പുല്ലൂരാംപാറ കുറുങ്കയത്തില്‍നിന്നുമാണ് റാഫ്റ്റിങ് ആരംഭിക്കുന്നത്. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് സ്ഥലം വ്യത്യാസപ്പെടും. കുത്തൊഴുക്ക് കൂടുതലാണെങ്കിലും റാഫ്റ്റിങ് ബുദ്ധിമുട്ടാണ്. പോവുംമുമ്പ് വിളിച്ച് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. മുക്കാല്‍മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റാഫ്റ്റിങ്ങിന് ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്. 1000, 1400, 1600 എന്നിങ്ങനെയാണ് ദൂരത്തിനനുസരിച്ച് ഇപ്പോഴുള്ള ചാര്‍ജുകള്‍. കയാക്കിങ് പഠിക്കാനും ഇവിടെ ആളുകളെത്തുന്നുണ്ട്. പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് സെന്ററും കയാക്കിങ് പരിശീലനം നല്‍കുന്നുണ്ട്. ഒരു ദിവസം 4500 രൂപയാണ് ചാര്‍ജ്. ബന്ധപ്പെടേണ്ട നമ്പര്‍9544672402. 94000 56753,

തേജസ്വിനിയില്‍ റാഫ്റ്റിങ്ങിന് പോവാന്‍ ചെറുപുഴയില്‍ പോയാല്‍ മതി. പയ്യന്നൂരില്‍ ട്രെയിനിറങ്ങി 30 കിലോമീറ്റര്‍ ബസില്‍ സഞ്ചരിച്ചാല്‍ ചെറുപുഴയിലെത്താം. ഇവിടെ ഒരാള്‍ക്ക് 1250 രൂപയാണ് ഈടാക്കുന്നത്. ബന്ധപ്പെടേണ്ട നമ്പര്‍ : 949532566901