ഐതിഹ്യവും വിശ്വാസവും

ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹുവിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തിച്ചേര്‍ന്നു. ജ്യോതിഷവിധിപ്രകാരം ശ്രീരാമനെ തൃപ്രയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണനെ തിരുമൂഴിക്കുളത്തും ശത്രുഘ്‌നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്നപേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസംകൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പലയാത്ര.

രാവണനെ നിഗ്രഹിച്ച് ത്രൈലോക്യസംരക്ഷണമായിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍, അതിബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെക്കൂടി നിര്‍മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരംനല്‍കി. പാഞ്ചജന്യശംഖാണ് ഭരതന്‍,  ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്തഭാവരൂപങ്ങളിലെ ഭഗവദ്ദര്‍ശനം സാധ്യമാവുന്നുവെന്നും വിശ്വാസം. രാമായണമാസമായി ആചരിക്കുന്ന കര്‍ക്കടകത്തിലാണ് നാലമ്പലയാത്ര പുണ്യമാവുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

തൃപ്രയാറില്‍ തുടങ്ങണം

പുലര്‍ച്ചെ മൂന്നുമണിക്ക് തൃപ്രയാര്‍ തേവര്‍ ഉണരും. നിദ്രയിലാണ്ടുകിടന്ന തീര്‍ഥവാഹിനി കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങും. നാലുമണിക്കുതന്നെ നടതുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നുതുടങ്ങുന്നു. ഇനി നാലമ്പലദര്‍ശനത്തിനായുള്ള യാത്ര തുടങ്ങാം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ മുഖമണ്ഡപത്തിലെ ഹനുമല്‍സങ്കല്‍പത്തില്‍ തൊഴുതശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വലോകനാഥനും സര്‍വരോഗ നിവാരണനും സര്‍വവിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണിത്. പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ നായകത്വംവഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാഉപദ്രവങ്ങളില്‍നിന്ന് മുക്തിസിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതുവലംവെച്ച് മീനൂട്ടുംനടത്തി ഭരതക്ഷേത്രത്തിലേക്ക് പോവാം.

Triprayar Temple

കൂടല്‍മാണിക്യത്തില്‍ ഭരതനെ കാണാം 

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്പയാറില്‍നിന്ന് 13 കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെനിന്നും ഇടത്തോട്ടുതിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരികകേന്ദ്രം. ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുടക്ഷേത്രം ഭക്തര്‍ക്ക് പുറമേ ഏതൊരു സഞ്ചാരിയെയും അദ്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗ, യമുന, സരസ്വതി നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹപ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നും ഭക്തര്‍ കരുതുന്നു. ഭഗവാനും പിതൃക്കള്‍ക്കുംവേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെക്കുന്നതിനുപുറമേ ഈ തീര്‍ഥക്കുളവും വലംവെക്കണം. കൂത്തമ്പലവും ക്ഷേത്രത്തിനുചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ്  ക്ഷേത്രത്തില്‍. ഉപദേവതാപ്രതിഷ്ഠയില്ല. വിഗ്രഹത്തില്‍ക്കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്.

Koodal Manikyam

ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനംചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ളനിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷവഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടിനിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരുരോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.

തിരുമൂഴിക്കുളത്താണ്  ലക്ഷ്മണന്‍

ഇനി ലക്ഷ്മണസന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍നിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ടുനിന്നും വലത്തോട്ട് പുത്തന്‍ചിറവഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ടുതിരിഞ്ഞാല്‍ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയില്‍നിന്ന് 31 കിലോമീറ്റര്‍. നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍നില്‍ക്കുന്ന, വിളക്കുമാടത്തോടുകൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേനടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാരമണ്ഡപം. തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടുനിലയില്‍ ചെമ്പുമേഞ്ഞ വട്ടശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ത്തന്നെ രണ്ടുഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍. തെക്കുകിഴക്കുഭാഗത്ത് കൂത്തമ്പലവും. കിഴക്കേനടയില്‍ വലിയമ്പലത്തില്‍ക്കൂടി നാലമ്പലത്തില്‍ പ്രവേശിച്ച് മണ്ഡപത്തിന്റെ ഇടതുഭാഗത്തുകൂടി നടയില്‍വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക. തെക്കേനടയില്‍ ശ്രീഗണപതി, ദക്ഷിണാമൂര്‍ത്തി, ശ്രീരാമ,സീത,ഹനുമാന്‍മാരെയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ഥവും പ്രസാദവും വാങ്ങുക.

മാതൃക്കല്ലിനുപുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവന്‍മാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതില്‍ക്കകത്തേക്കിറങ്ങുക. പ്രദക്ഷിണമായിവന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിന് പ്രദക്ഷിണമായി കിഴക്കേനടയില്‍വന്ന് കൊടിമരത്തിന്റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്റെ ഇടതുഭാഗംവഴി നടയില്‍വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തുകൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത്.

പായമ്മല്‍ ശത്രുഘ്‌ന സന്നിധി

ഇനി ശത്രുഘ്‌നസന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തുനിന്ന് തിരിഞ്ഞ് രണ്ടുകിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്. അന്നമനടയ്ക്ക് ഏഴുകി.മീ, അവിടെനിന്ന് വലിയപറമ്പിലേക്ക് അഞ്ചുകി.മീ. മാളയ്ക്ക് മൂന്നുകി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോള്‍ 12 കിലോമീറ്ററുകൂടി.  മൂന്നുകിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് രണ്ടുകിലോമീറ്റര്‍കൂടി, അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ്  800 മീറ്റര്‍കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്റെ സന്നിധിയായി.

Payammal

കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്‌നസ്വാമിമാത്രം. ശംഖചക്ര ഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതിഭഗവാനും. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യമുണ്ട്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്ന് മുക്തിസിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനംനടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

യാത്രപുറപ്പെടുമ്പോള്‍

യാത്ര തുടങ്ങാന്‍ തൃപ്രയാറില്‍ തലേദിവസംതന്നെ എത്തേണ്ടിവരും. ഇവിടെ ദേവസ്വത്തിന്റെ സത്രവും സ്വകാര്യഹോട്ടലുകളും താമസിക്കാന്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ ഗുരുവായൂരില്‍ താമസിച്ച് പുലര്‍ച്ചെ ഇങ്ങോട്ടുവരാം. കോഴിക്കോട്ടുനിന്് തൃപ്രയാറിലേക്ക് 114 കിലോമീറ്ററാണ് ദൂരം. ഫറോക്ക് ചെട്ടിപ്പടി പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, ചമ്രവട്ടം പൊന്നാനി. ചാവക്കാടുവഴി പോവാം. ഗുരുവായൂര്‍കൂടി പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാവക്കാടുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗുരുവായൂര്‍ക്ക് പോവാം. ഗുരുവായൂരില്‍നിന്ന് തൃപ്രയാറിലേക്ക് 24 കിലോമീറ്ററാണ്. ട്രെയിനില്‍ പോകാനാഗ്രഹിക്കുന്നവര്‍ തൃശ്ശൂരിലിറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. 24 കിലോമീറ്ററാണ് തൃശ്ശൂര്‍-തൃപ്രയാര്‍ ദൂരം. തൃപ്രയാര്‍മുതല്‍ നാലമ്പലയാത്രയ്ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. തൃപ്രയാറില്‍നിന്ന് കാറുപിടിച്ചാല്‍ 1000 രൂപയാവും. വിവിധ ട്രാവല്‍സുകള്‍ നാലമ്പലദര്‍ശനം പാക്കേജുകളും സംഘടിപ്പിക്കാറുണ്ട്. രാമായണമാസമായാല്‍ ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് പ്രത്യേക സര്‍വീസ് ഉണ്ടാകാറുണ്ട്. രാവിലെ 6നും 6.30നും രണ്ട് സര്‍വീസ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. ആദ്യബസ് തൃപ്രയാറില്‍ 6.40ന് എത്തും. 7.10ന് അവിടെനിന്ന് പുറപ്പെടും. 7.50ന് കൂടല്‍മാണിക്യത്തിലെത്തും. 8.20ന് കൂടല്‍മാണിക്യത്തില്‍നിന്ന് പുറപ്പെട്ട് 9.10ന് മൂഴിക്കുളത്തെത്തും. 9.40ന് മൂഴിക്കുളത്തുനിന്ന് പുറപ്പെട്ട് 10.30ന് പായമ്മലെത്തും. 11ന് അവിടെനിന്ന് തിരിച്ച് 11.20ന് കൂടല്‍മാണിക്യത്തില്‍ തിരിച്ചെത്തും. ഈ ബസ്സില്‍ വരുന്നവര്‍ക്കായി ക്ഷേത്രങ്ങളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്താറുണ്ട്.

യാത്രയ്ക്കിടയില്‍ ഉപകാരപ്പെടുന്ന ചില നമ്പറുകള്‍കൂടി 

തൃപ്രയാര്‍ക്ഷേത്രം: 0487- 2391375.

ഇരിങ്ങാലക്കുട ക്ഷേത്രം: 0480 - 2826631.

മൂഴിക്കുളം: 0484 - 2473516.

പായമ്മല്‍: 0480 - 3291396.

കെ.എസ്.ആര്‍.ടി.സി: 0480 - 2823990, റെയില്‍വേ സ്റ്റേഷന്‍: 0480 2881243.

തൃപ്രയാറില്‍ താമസത്തിന് തൃപ്രയാര്‍ ദേവസ്വം ഗസ്റ്റ് ഹൗസ്: 0487 - 2391375

വിവേകാനന്ദ ട്രാവല്‍സ് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന രീതിയില്‍ പാക്കേജ് സംഘടിപ്പിക്കുന്നുണ്ട്. ജൂലായ് 30, ആഗസ്ത് 6, ആഗസ്ത് 13 തീയതികളിലാണ് പ്‌ളാന്‍ചെയ്തിരിക്കുന്നത്. 1200 രൂപയാണ് ചാര്‍ജ് ആദ്യ ദിവസം ഗുരുവായൂരില്‍ താമസിച്ച് പിറ്റേദിവസം നാലമ്പലദര്‍ശനവും നടത്തി മടങ്ങിവരുന്ന രീതിയിലാണ്.

വിശദവിവരങ്ങള്‍ക്ക്:  0495 - 2727800, 2727100, 09846098080