ഞ്ചാരികളെ എന്നും ഹിമാലയം മോഹിപ്പിക്കുന്നു. പുരാണ, ഐതിഹ്യ മാനങ്ങളും ദാര്‍ശനികതലങ്ങളും പ്രകൃതി ജൈവവൈവിധ്യവും സാഹസികതയും ഫോട്ടോഗ്രാഫിക്കുള്ള അനന്തസാധ്യതകളുമെല്ലാമായി അതെന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഹിമാലയ യാത്രയ്ക്ക് ഒരുങ്ങാനുള്ള സമയമാണിത്. ഇതാ ചില വഴികള്‍...

  • കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് തീര്‍ത്തും അപരിചിതമായ കാലാവസ്ഥയാണ് ഹിമാലയന്‍ മേഖലയിലുള്ളത്. അതിനാല്‍ അങ്ങോട്ട് പോകും മുന്‍പ് കാര്യമായ ഒരുക്കങ്ങള്‍ വേണം. ട്രെക്കിങ് പോലുള്ളവയ്ക്ക് പദ്ധതിയുണ്ടെങ്കില്‍ മൂന്ന് മാസം മുന്‍പ് മുതല്‍ ഒന്നര മണിക്കൂര്‍ നേരം നടത്തം പതിവാക്കണം. ലഹരി വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുക.

 

  • തണുപ്പകറ്റാനുള്ള കമ്പിളിക്കുപ്പായങ്ങള്‍, ട്രെക്കിങ് ഷൂസ്, സോക്‌സ്, കൈയുറകള്‍, വാക്കിങ് സ്റ്റിക്, റെയിന്‍ കോട്ട്, കുട എന്നിവ കരുതണം. ഡ്രൈ ഫ്രൂട്‌സ്, കറുത്ത കണ്ണട, സണ്‍ ക്രീം ലോഷന്‍ എന്നിവയും ആവശ്യമായി വരും.

 

  • മലകയറുന്തോറുമുണ്ടാകുന്ന അന്തരീക്ഷവ്യതിയാനം ഹൈ ആള്‍ട്ടിറ്റിയൂഡ് സിക്ക്‌നസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ കുറച്ച് ദിവസം അതേ സ്ഥലത്തുതന്നെ വിശ്രമിക്കേണ്ടതായി വരും. അക്ലൈമറ്റൈസേഷന്‍ എന്നാണ് ഈ പൊരുത്തപ്പെടലിനെ പറയുക. ഇവയെക്കുറിച്ചുള്ള അറിവും അപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമായി മനസ്സിലാക്കിവെക്കണം. ആവശ്യമുള്ള മരുന്നുകള്‍ കൈയില്‍ കരുതുകയും വേണം.

 

  • കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് രണ്ടു ലക്ഷംമുതല്‍ രണ്ടര ലക്ഷം രൂപവരെ ചെലവ് വരും. ശാരീരികസ്ഥിരത ഉറപ്പുവരുത്താനുള്ള പരിശോധനകളുമുണ്ടാകും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് സാധാരണ യാത്രയുണ്ടാകുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ https://kmy.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ അയയ്‌ക്കേണ്ടത്. വിശദവിവരങ്ങള്‍ ഈ സൈറ്റില്‍നിന്ന് ലഭിക്കും. അപേക്ഷിക്കുന്നവര്‍ക്ക് ആറു മാസം മുന്‍പേ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. വയസ്സ് 18-നും 70-നും ഇടയിലാകുകയും വേണം. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ.) ഇരുപത്തഞ്ചോ അതില്‍ കുറവോ ആകണം. കൈലാസ് മാനസസരോവര്‍ യാത്ര രണ്ട് വഴിയിലൂടെയാണ് നടക്കുക. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസിലൂടെയുള്ള യാത്രയ്ക്ക് ഏകദേശം 24 ദിവസമെടുക്കും. സിക്കിമിലെ നാഥുലാ പാസിലൂടെയാണെങ്കില്‍ ഏകദേശം 21 ദിവസം മതി. യാത്രയ്ക്ക് മുന്‍പ് മൂന്നോ നാലോ ദിവസം ശാരീരികപരിശോധനകള്‍ക്കായി ഡല്‍ഹിയില്‍ താമസിക്കേണ്ടതായി വരും. അതായത് മൊത്തം യാത്രയ്ക്കായി ഒരു മാസമെങ്കിലും മാറ്റിവെയ്‌ക്കേണ്ടതായി വരും.

 

  • ട്രെക്കിങ്ങില്‍ സഹയാത്രികരുമായി മത്സരിക്കരുത്. അമിതവേഗവും അധികം സംസാരവും വേണ്ട. ബൈക്കിലാണ് യാത്രയെങ്കില്‍ ഇന്ധനത്തിന്റെ അളവ്, ക്ലച്ച്, ബ്രേക്ക് എന്നിവ ഇടയ്ക്കിടെ പരിശോധിക്കണം. ആവശ്യം വന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള അറിവുള്ളത് നല്ലതാണ്. സ്‌പെയര്‍ പാര്‍ട്ട്സുകള്‍ നിര്‍ബന്ധമായും കരുതണം. 

 

  • ധീരത കാണിക്കാനായി കടുത്ത തണുപ്പില്‍ കമ്പിളിക്കുപ്പായമില്ലാതെ യാത്ര ചെയ്യുന്നതും ഫോട്ടോയെടുക്കുന്നതുമൊക്കെ മലയാളികളുടെ പതിവാണ്. ഇത് മിക്കപ്പോഴും അസുഖങ്ങള്‍ വരുത്തിവെക്കും. കഠിനമായ തണുപ്പുള്ള സമയത്ത് കോട്ടണ്‍, കമ്പിളി വസ്ത്രങ്ങളും സോക്‌സുകളും ഇടവിട്ട് ഒന്നിന് മുകളില്‍ ഒന്നായി ധരിക്കണം. ശരീരഭാഗങ്ങള്‍ പൊതിഞ്ഞ് സംരക്ഷിക്കണം

 

  • സോക്‌സുകള്‍ നനഞ്ഞാല്‍ ഉടനടി മാറ്റണം. അല്ലെങ്കില്‍ വിരലുകള്‍ മരവിച്ച് മുറിച്ച് മാറ്റേണ്ട അവസ്ഥ വരെ വരും.