മടിപിടിച്ചിരിക്കാനുള്ളതല്ല മഴക്കാലം. പിന്നെന്ത് ചെയ്യും എന്നാണോ? ഒരു യാത്ര പൊയ്ക്കൂടേ? എങ്ങോട്ടെന്നാണ് ചോദ്യമെങ്കില്‍ ഹിമാലയത്തിലേക്ക് എന്നായിരിക്കും ഉത്തരം. മഴക്കാലത്ത് അവിടെ എന്ത് കാണാനാ എന്ന ചോദ്യം ചോദിക്കാന്‍ വരട്ടെ...കാണാനുണ്ട്. ശ്വാസം അടക്കിപ്പിടിച്ച്, സ്വയം മറന്ന് കാണാന്‍ വേണ്ടുവോളമുണ്ട് മഴക്കാലത്ത് ഹിമാലയത്തില്‍. അങ്ങനെയുള്ള അഞ്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.
1. പൂക്കളുടെ താഴ്വര
ആ പേരില്‍ത്തന്നെയുണ്ട് എല്ലാം. 500 ഓളം സ്പീഷീസുകളില്‍പ്പെട്ട പൂക്കള്‍ വിരിയാറുണ്ടിവിടെ. ബ്ലൂ പോപ്പി, ബ്രഹ്മ കമലം എന്നിവ അതില്‍ ചിലതുമാത്രം. ഹേമകുണ്ഡ് സാഹിബ്, ഹാഥി പര്‍ബത്, സപ്തര്‍ഷി മലനിരകള്‍ എന്നിവയും ഇതേ പരിസരത്തുതന്നെയുണ്ട്. തീര്‍ത്ഥാടകരും ട്രക്കര്‍മാരും ഒരേപോലെ തിരഞ്ഞെടുക്കുന്ന പ്രദേശം കൂടിയാണിവിടം.
2. കാശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രെക്ക്
മനോഹരം എന്ന് ഒറ്റവാക്കില്‍ പറയാം. പ്രകൃതി സൗന്ദര്യവും സാഹസികതയും ഒരുപോലെ പ്രദാനം നല്കുന്ന, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഇവിടെ നിന്നും ലഭിക്കുക. നിശ്ശബ്ദതയുടെ സൗന്ദര്യം വേണ്ടുവോളം ഒരു സഞ്ചാരിക്ക് ഈ തടാകക്കരയില്‍ നിന്നും ലഭിക്കും. ഏഴ് മുതല്‍ ഒമ്പത് ദിവസം വരെ നീളുന്ന ട്രെക്കിങ്ങിന് മികച്ച കായികക്ഷമതയും മാനസികാരോഗ്യവും അത്യാവശ്യമാണ്. നാല് മലകളാല്‍ ചുറ്റപ്പെട്ട വിശന്സര് തടാകം, 1.2 കിലോ മീറ്റര്‍ മാത്രം മാറി കിശന്സര് തടാകം, ഗഡ്സര്‍ ചുരം എന്നിവ ഇവിടെയുണ്ട്. യാംസിര് തടാകവും ഏഴ് തടാകങ്ങള്‍ ചേരുന്ന സത്സര്‍ നദി, ഗംഗാബാല്‍-നന്ദ്കോല്, നാരാനാഗ് എന്നിവയും മനംകവരും.
3. ഹംപ്താ പാസ്
കുളുവിന്റെ പച്ചപ്പ് ഒരു ഭാഗത്ത്. മറുഭാഗത്താകട്ടെ ലാഹൗളിലെ മരുഭൂമിയും. ഇതാണ് ഹംപ്താ പാസ്. മഴക്കാലത്ത് കുറച്ച് സ്പെഷലായ ട്രെക്കിങ് ആണ് പ്ലാന്‍ ചെയ്യുന്നതില്‍ ഈ വഴിയൊന്ന് വച്ചുപിടിക്കാം. ലഹൗള്‍ സ്പിറ്റി താഴ്വരകളുടെയും പിര്‍ പാഞ്ജല്‍ റേഞ്ചിന്റേയും ഇന്ദ്രസേന മലയുടേയും 180 ഡിഗ്രിയിലുള്ള കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം.
4. താര്‍സര്‍ മാര്‍സര്‍ കൊടുമുടികള്‍
മുകളില്‍ പറഞ്ഞ സ്ഥലങ്ങളെ അപേക്ഷിച്ച് അത്ര ജനപ്രിയമല്ല ഇവിടം. എങ്കിലും സ്ഫടികസമാനമായ ജലാശയങ്ങള്‍ കൊണ്ടാണ് സഞ്ചാരപ്രിയരെ ഇവ മാടി വിളിക്കുന്നത്. ഏഴു ദിവസമെടുത്ത് 13,500 അടി ഉയരത്തിലേക്കായിരിക്കും ട്രെക്കിങ് നടത്തേണ്ടി വരിക. ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തിലെ വിദൂരമായൊരു സ്വപ്നം തന്നെ സാധിക്കാന്‍ പോകുന്നു എന്ന തോന്നല്‍ വരെയുണ്ടായേക്കാം. പച്ചപ്പുല്‍മേടുകളും പൈന്മരക്കൂട്ടവും നിങ്ങളെ കാത്തിരിക്കുന്നു.
5. ഭൃഗു തടാകം
വിട്ടുവീഴ്ച ചെയ്യാത്ത സൗന്ദര്യം തന്നെയാണ് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഭൃഗു തടാകത്തിനും അവകാശപ്പെടാനുള്ളത്. കുളു താഴ്വരയിലെ നിരവധി ദേവതകള്‍ സ്നാനം ചെയ്തതുകൊണ്ട് പ്രദേശവാസികള്‍ ഏറെ പവിത്രമായി കരുതുന്ന നദിയാണിത്.
മണാലിയില്‍ നിന്നും 22 കി.മീ അകലെയുള്ള ഗുലാബയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. മെയ് പകുതി മുതല്‍ ഒക്ടോബര്‍ പകുതി വരെയാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.
(Courtsey : Trek The Himalayas.Com)