മൂന്നാര്‍ മലനിരകളില്‍ പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ വസന്തമൊരുക്കുന്ന നീലക്കുറിഞ്ഞിയുടെ കാഴ്ചകള്‍ക്കായി വനംവകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ്നവംബര്‍ മാസങ്ങളില്‍ ലക്ഷങ്ങളാകും മൂന്നാറിലേക്ക് ഒഴുകിയെത്തുക.

മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലേക്കു പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കുറിഞ്ഞിക്കാലമെത്തുന്നതിനു മുന്‍പേതന്നെ വനംവകുപ്പിന്റെ ആരണ്യം മാസികയില്‍ നീലക്കുറിഞ്ഞിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തി പ്രത്യേക പതിപ്പും പുറത്തിറക്കിക്കഴിഞ്ഞു. വനംവകുപ്പിന്റെ വൈബ്‌സൈറ്റില്‍ ഇത് ലഭ്യമാണ്. ഓണക്കാലത്ത് കുറിഞ്ഞി ഉദ്യാനത്തിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കുറിഞ്ഞി കാണാന്‍ പോകുന്നതെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.

രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 രൂപയും വീഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരുദിവസം 3500 സന്ദര്‍ശകരെ മാത്രമേ കുറിഞ്ഞി പാര്‍ക്കില്‍ അനുവദിക്കുകയുള്ളൂ. പാര്‍ക്കില്‍ പ്രവേശിക്കുന്നവരെ പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ചെലവഴിക്കാന്‍ അനുവദിക്കുള്ളൂ.

www.munnarwildlife.com, www.eravikulamnationalpark.org എന്നീ സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. പാര്‍ക്കില്‍ പ്രവേശിക്കേണ്ട സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കുറിഞ്ഞിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവര്‍ക്കായി വനംവകുപ്പ് ഇരവികുളം ദേശീയ ഉദ്യാനമായ അഞ്ചാം മൈലില്‍ വിസിറ്റേഴ്‌സ് ലോഞ്ച്, വിശ്രമസൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പാര്‍ക്കില്‍ പ്രവേശിക്കാനുള്ള വാഹനസൗകര്യം ലഭ്യമാകും.

നീലക്കുറിഞ്ഞി കാണാനുള്ള സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌:  8547603222, 8547603199