മുംബൈ: വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ എത്ര പേര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടാകും? സ്വന്തമായി സ്വകാര്യ വിമാനമുള്ളവര്‍ക്ക് മാത്രമേ നിലവില്‍ ആ ഭാഗ്യം ലഭിക്കൂ. ആ യാത്രയ്ക്കും ലക്ഷങ്ങള്‍ ചെലവാകും എന്നാല്‍ വെറും 18000 രൂപയ്ക്ക് ഒരു സാധാരണക്കാരന്‍ മുംബൈയില്‍ നിന്നും ദുബായിലേക്ക് വലിയൊരു പാസഞ്ചര്‍ വിമാനത്തില്‍ ഒറ്റയ്ക്ക് യാത്രചെയ്ത് ചരിത്രം സൃഷ്ടിച്ചു.

ഭാവേഷ് ജാവേരി എന്ന 40 കാരനാണ് 360 സീറ്റുകളുള്ള വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് ഏവരെയും വിസ്മയിപ്പിച്ചത്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സംഗതി സത്യമാണ്. മുംബൈയില്‍ നിന്നും ദുബായിലേക്ക് പറന്ന എമിറേറ്റ്‌സിന്റെ ബോയിങ് 777 എന്ന വിമാനത്തില്‍ ജാവേരി മാത്രമാണുണ്ടായിരുന്നത്. വെറും 18000 രൂപ മാത്രമാണ് ടിക്കറ്റിനായി ജാവേരി മുടക്കിയത്. സാധാരണ പോലെ ടിക്കറ്റ് ബുക്ക് ചെയ്ത ജാവേരി വിമാനത്തില്‍ കയറുമ്പോഴാണ് താന്‍ മാത്രമാണ് യാത്രികനായുള്ളത് എന്ന വലിയ സത്യം മനസ്സിലാക്കുന്നത്. ഇന്ത്യ ടുഡെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്ക് വിലക്കുള്ളതുകൊണ്ടാണ് വിമാനത്തില്‍ മറ്റ് യാത്രക്കാരില്ലാതിരുന്നത്. എന്നാല്‍ ജാവേരിയ്ക്ക് ഗോള്‍ഡന്‍ വിസ ഉള്ളതുകൊണ്ട് ദുബായിലേക്ക് പറക്കാനാകും. വിമാനത്തിലേക്ക് കയറുമ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ വലിയ കൈയടികളോടെ തന്നെ സ്വീകരിച്ചുവെന്നും ഭാഗ്യനമ്പറായ 18-ാം സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്നും ജാവരി പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ദുബായില്‍ ജീവിക്കുന്നയാളാണ് ഭാവേഷ് ജാവരി. 

സാധാരണയായി ഒരു ബോയിങ് 777 വിമാനം മുംബൈയില്‍ നിന്നും ദുബായിലേക്ക് പറക്കുന്നതിന് ഏകദേശം എട്ടുലക്ഷം രൂപ ഇന്ധന ചെലവ് വരും. 

Content Highlights: Man flies solo from Mumbai to Dubai on 360-seater flight for Rs 18000