വര്‍ഷത്തെ ലോക ടൂറിസം ദിനത്തിന്റെ മുദ്രാവാക്യം ടൂറിസം ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് എന്നതാണ്. ലോകം വിനോദസഞ്ചാരത്തിലൂടെ പ്രാദേശിക വികസനം എന്ന ആശയം ചര്‍ച്ചചെയ്തു തുടങ്ങുമ്പോള്‍ കേരളം ആ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ലോകം അംഗീകരിച്ച കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍  പ്രവര്‍ത്തനങ്ങളിലൂടെയാണ് നാം ആ രംഗത്ത് മുന്നേറ്റം കൈവരിച്ചത്. 

ടൂറിസത്തിന്റെ  ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിനു ലഭ്യമാക്കുക, ദോഷഫലങ്ങള്‍ പരമാവധി കുറക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ടു വയ്ക്കുന്ന പ്രധാനപ്പെട്ട ആശയം. ഒരുനാടിന്റെ പരിസ്ഥിതിയെയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ട് തദ്ദേശീയര്‍ക്കു ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പു വരുത്തി ആ പ്രദേശത്തെ ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാനും തദ്ദേശീയര്‍ക്കു നന്നായി ജീവിക്കാനും കഴിയുന്ന സ്ഥലമാക്കി മാറ്റുക എന്നുള്ളതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നിങ്ങനെ മൂന്നു അടിസ്ഥാന ഉത്തരവാദിത്തങ്ങളില്‍ ഊന്നിയുള്ളതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 2008 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ (കുമരകം, കോവളം, വൈത്തിരി, തേക്കടി) ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചു. 2017-ല്‍ ഉത്തരവാദിത്ത ടൂറിസം രംഗത്തെ വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനപരമായി വിലയിരുത്തിയ ശേഷം  പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗവണ്മെന്റ് ഉത്തരവാദിത്ത ടൂറിസം സംസ്ഥാനത്തിന്റെ ടൂറിസം നയമായി അംഗീകരിച്ചുകൊണ്ട് അത് നടപ്പിലാക്കുന്നതിനായി 2017-ല്‍ ജൂലൈ മാസം 27-ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. 

2017 ഒക്ടോബര്‍ 20-ന്   കേരള  മുഖ്യമന്ത്രി പിണറായി വിജയന്‍ കുമരകത്ത് വച്ച് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നുവര്‍ഷം പൂര്‍ത്തിയാവുകയുമാണ്. പ്രാദേശികമായി വിനോദസഞ്ചാര പ്രവത്തനങ്ങള്‍ ആരംഭിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക, ടൂറിസം വ്യവസായവുമായി പ്രാദേശിക സമൂഹത്തെ ബന്ധിപ്പിക്കുക, ഉത്തരവാദിത്ത ടൂറിസം ആശയങ്ങള്‍ പ്രചരിപ്പിക്കുകയും പ്രയോഗവല്‍ക്കരിക്കുന്നതിനു പ്രോത്സാഹനം നല്‍കുക എന്നീ പ്രധാന ലക്ഷ്യങ്ങളോടെ രൂപീകരിച്ച മിഷന്‍  മൂന്നു വര്‍ഷം കൊണ്ട് ഗ്രാമീണ വികസനരംഗത്ത് വലിയമാറ്റമാണ് സൃഷ്ടിച്ചത്. 

'പെപ്പര്‍', മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികള്‍ 

ഒരു കാലത്തു തദ്ദേശീയരായ ജനങ്ങള്‍ക്ക് എടുത്തുപറയത്തക്ക യാതൊരു പങ്കും ഇല്ലാതിരുന്ന ടൂറിസം വികസന പ്രക്രിയയില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിച്ച പദ്ധതിയാണ് 'പെപ്പര്‍' എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന 'പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം' എന്ന പദ്ധതിയും മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം ( മോഡല്‍ ആര്‍.ടി വില്ലേജ് ) എന്ന പദ്ധതിയും. പെപ്പര്‍ ഒരു താലൂക്കിലോ പഞ്ചായത്ത് പ്രദേശത്തോ നടപ്പാക്കുമ്പോള്‍, മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി ഒരു പഞ്ചായത്ത് പ്രദേശതോ ഒരു പ്രത്യേക വാര്‍ഡിലോ ദ്വീപ് പോലുള്ള ടൂറിസം സാധ്യത പ്രദേശങ്ങളിലോ, നടപ്പാക്കപ്പെടുന്നു.  ഈ പദ്ധതികളിലൂടെ പ്രാദേശിക വികസനത്തിന് ടൂറിസം ഉപയുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് അവ നടപ്പാക്കുകയും ചെയ്യുന്നു. ഒരു പ്രദേശത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ന്റെ സമഗ്ര ടൂറിസം വികസനത്തിന് വേണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നടന്നു വരുന്നു. ഇതിന്റെ ഭാഗമായി ആ പ്രദേശത്തു 'വിശേഷാല്‍ ഗ്രാമസഭ സംഘടിപ്പിക്കുന്നു, ഒരു പക്ഷെ ലോക ചരിത്രത്തില്‍  തന്നെ ആദ്യമായിട്ടായിരിക്കും ഒരു പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാനായി ഗ്രാമ സഭ സംഘടിപ്പിക്കുന്നത്. 
ഗ്രാമസഭയെത്തുടര്‍ന്ന് പ്രദേശത്തെ ടൂറിസം സാധ്യതകള്‍ രേഖപ്പെടുത്തുന്നതിനായി ടൂറിസം റിസോഴ്‌സ് മാപ്പിംഗ് നടക്കുന്നു, ടൂറിസം റിസോഴ്‌സ് ഡയറക്ടറി തയ്യാറാക്കുന്നു, ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കുന്നു, പ്രദേശവാസികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു,  ആ പ്രദേശത്തു ടൂറിസം വികസനവുമായി ബന്ധപ്പെട്ടു ചെയ്യാവുന്ന വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നു, അവ നടപ്പാക്കുന്നു  എന്നിങ്ങനെ വിവിധ തലങ്ങളിലൂടെ ടൂറിസം ആസൂത്രണം മുതല്‍ നിര്‍വഹണം വരെ  പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന പദ്ധതികളാണ് പെപ്പറും മോഡല്‍ ആര്‍.ടി. വില്ലേജും. പരിശീലനം കിട്ടിയവര്‍ വിവിധ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു ടൂറിസം മേഖലയില്‍ നിന്നും വരുമാനം നേടിത്തുടങ്ങി . കോട്ടയം ജില്ലയിലെ അയ്മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. 
 
1. പരിശീലനങ്ങള്‍ 

ഉത്തരവാദിത്ത ടൂറിസം മിഷന്‍ നിലവില്‍ വന്നതിനു ശേഷം  മൂന്നു  വര്‍ഷക്കാലം  കൊണ്ട് പേപ്പര്‍ബാഗ് നിര്‍മ്മാണം, തുണി സഞ്ചി നിര്‍മ്മാണം, വിവിധ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കല്‍, പപ്പട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, സാമ്പിള്‍ സോപ്പ് നിര്‍മ്മാണം, എന്നിങ്ങനെ ഉള്ള ട്രെയിനിങ്ങുകള്‍, പ്രാദേശിക ടൂര്‍ ലീഡേഴ്‌സിനുള്ള ട്രെയിനിങ്, സ്റ്റോറി ടെല്ലിങ് ട്രെയിനിങ്, ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനുള്ള ട്രെയിനിങ് എന്നിങ്ങനെ വിവിധ 5432 ആളുകള്‍ക്ക് പരിശീലനം നല്‍കി. 

യൂണിറ്റുകളുടെ എണ്ണത്തിലെ കുതിച്ചു കയറ്റം 

മൂന്ന്  വര്‍ഷക്കാലത്തെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം എന്ന ആശയം പ്രചരിപ്പിക്കാനും അതിന്റെ ഭാഗമായി യൂണിറ്റുകളുടെ എണ്ണത്തില്‍ കുതിച്ചുകയറ്റം നടത്താനും മിഷന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. 

കള്‍ച്ചറല്‍ യൂണിറ്റുകള്‍, കരകൗശല നിര്‍മ്മാണ യൂണിറ്റുകള്‍, പേപ്പര്‍ ബാഗ് യൂണിറ്റുകള്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റുകള്‍, നെയ്ത്തു യൂണിറ്റുകള്‍, ജൈവ പച്ചക്കറി ഉല്‍പ്പാദന യൂണിറ്റുകള്‍, മൂല്യ വര്‍ധിത ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍, ഇളനീര്‍ യൂണിറ്റുകള്‍,  പ്രാദേശിക ടൂര്‍ ലീഡേഴ്‌സ്, ടൂറിസം അനുബന്ധ സര്‍വീസ് യൂണിറ്റുകള്‍, മെടഞ്ഞ ഓല വിതരണം ചെയ്യുന്ന യൂണിറ്റുകള്‍ എന്നിങ്ങനെ  ടൂറിസം മേഖലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തങ്ങളായ 18600 യൂണിറ്റുകള്‍ ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് ജില്ലയിലെ നടുത്തുരുത്ത് എന്ന ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളും ഉത്തരവാദിത്ത ടൂറിസം മിഷനില്‍ വിവിധ ഗ്രൂപ്പുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ആര്‍ ടി മിഷന്റെ വിവിധ യൂണിറ്റുകളിലൂടെ പ്രത്യക്ഷമായി 32562 ആളുകളും പരോക്ഷമായി 60373  ആളുകളും വിനോദ സഞ്ചാരമേഖലയുടെ ഗുണഭോക്താക്കളായി മാറിയിട്ടുണ്ട്.

2. പ്രാദേശിക വരുമാനം
 

പ്രാദേശിക സമൂഹത്തിനു ടൂറിസം മേഖലയില്‍ നിന്നും നിയമവിധേയ മാര്‍ഗങ്ങളിലൂടെ വരുമാനം ലഭ്യമാക്കുക എന്നത് ഉത്തരവാദിത്ത ടൂറിസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ പ്രാഥമിക ലക്ഷ്യമാണ്. ഈ ലക്ഷ്യത്തില്‍ മുന്നേറുമ്പോള്‍ 2008 മുതല്‍ 2017 വരെയുള്ള കാലയളവില്‍  ഉത്തരവാദിത്ത ടൂറിസം പദ്ധതി വഴിയുണ്ടായ പ്രാദേശിക വരുമാനം ഏതാണ്ട് 12 കോടി രൂപയായിരുന്നു. എന്നാല്‍ ആര്‍ ടി മിഷന്‍ നിലവില്‍ വന്ന് പ്രവര്‍ത്തനം ആരഭിച്ച 2017 ഓഗസ്റ്റ് മുതല്‍ 2020 സെപ്തംബര്‍ 31 വരെ ആകെ ലഭിച്ചിരിക്കുന്ന പ്രാദേശിക വരുമാനം 32.12 കോടി രൂപയാണ്. 

3. പ്രാദേശിക ടൂര്‍ പാക്കേജുകള്‍

സാധാരണ ടൂര്‍ പാക്കേജുകളില്‍  നിന്നും തികച്ചും വ്യത്യസ്തമായ ടൂര്‍ പാക്കേജുകളാണ് ആര്‍ ടി മിഷന്‍ നടത്തുന്നത്. കേരളത്തിലെ മനോഹരമായ ഗ്രാമങ്ങളാണ് കേരളത്തിന്റെ ഏറ്റവും വലിയ ടൂറിസം ആകര്‍ഷണം. പൂര്‍ണമായും കേരളത്തിലെ ഗ്രാമീണ ജീവിതം വിനോദസഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുന്ന  ടൂര്‍ പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്നത്. ടൂറിസം ഭൂപടത്തില്‍   ഇടം പിടിച്ചിട്ടില്ലാത്ത പലയിടങ്ങളിലും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടൂര്‍ പാക്കേജുകള്‍ നടത്തുന്നു. അവിടുത്തെ വീടുകളില്‍ പപ്പടം ഉണ്ടാക്കുന്നതും ഓല മെടയുന്നതും കാണാന്‍ വിദേശ സഞ്ചാരികള്‍ വരുന്നു. അതിലൂടെ അവര്‍ വരുമാനം നേടിത്തുടങ്ങിയിരിക്കുന്നു. കുമരകത്തും, തേക്കടിയിലും, വയനാട്ടിലും നേരത്തെ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ പാക്കേജുകള്‍ ഇന്ന് കേരളത്തിലുടനീളം വ്യാപിപ്പിച്ചിരിക്കുകയാണ്. അനുഭവവേദ്യമാകുന്ന ടൂര്‍ പാക്കേജുകള്‍ (Experiyential tour packages) എന്ന പുതിയ ടൂറിസം ഉല്‍പ്പന്നം കേരളത്തിന് സമ്മാനിക്കുന്നതില്‍ ഉത്തരവാദിത്ത ടൂറിസവും ഉത്തരവാദിത്ത ടൂറിസം മിഷനും വഹിച്ച പങ്ക് ചെറുതല്ല . 

കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിവിധങ്ങളായ 140 എക്‌സ്പീരിയന്‍ഷ്യല്‍ ടൂര്‍ പാക്കേജുകള്‍ ഇപ്പോള്‍ ലഭ്യമാണ് .
 

 • വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂര്‍ പാക്കേജുകള്‍- 120
 • കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജുകള്‍- 8
 • സ്റ്റോറി ടെല്ലിങ് പാക്കേജുകള്‍-2
 • സൈക്കിള്‍ ടൂറുകള്‍-2
 • ഗ്രാമയാത്രകള്‍-3
 • ഉത്സവകാല ടൂര്‍ പാക്കേജുകള്‍-5

ഈ പാക്കേജുകളിമായി 850 കുടുംബങ്ങള്‍ പ്രത്യക്ഷമായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.കേരളത്തില്‍ എല്ലാ ജില്ലകളിലും ഈ പാക്കേജുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ നിന്നു ഒരു രൂപ പോലും ഉത്തരവാദിത്ത ടൂറിസം മിഷന്‍ എടുക്കുന്നില്ല എന്നു മാത്രമല്ല തീര്‍ത്തൂം പാവപ്പെട്ട പരമ്പരാഗത തൊഴിലാളികള്‍ക്ക് ഈ പാക്കേജുകള്‍ ഒരു ജീവനോപാധിയാകുന്നുമുണ്ട്. തെങ്ങില്‍ കയറി സെല്‍ഫി എടുക്കുന്ന വിദേശിയും മണ്‍പാത്ര നിര്‍മാണവും നെയ്ത്തും തഴപ്പായ നെയ്ത്തും ഓല മെടയലും മീന്‍ പിടുത്തവും കാണാന്‍ നാട്ടിലെത്തുന്ന സഞ്ചാരികളും ഇന്ന് കേരളീയ ഗ്രാമങ്ങളിലെ കാഴ്ചയാണ്. ഒപ്പം നാട്ടിലെ പാവപ്പെട്ടവരുടെ വരുമാനമാര്‍ഗവും ആണത്. ആകെ 1469 പാക്കേജുകള്‍ മൂന്ന്  വര്‍ഷം കൊണ്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയപ്പോള്‍ 64800  വിദേശ ടൂറിസ്റ്റുകളും 24812 ഡൊമസ്റ്റിക് ടൂറിസ്റ്റുകളും ഈ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ എത്തി. അതുവഴി 3.5 കോടി രൂപയുടെ വരുമാനം തീര്‍ത്തൂം സാധാരണക്കാരായ പരമ്പരാഗത  തൊഴിലാളികള്‍ക്ക് ലഭിച്ചു. ഇവര്‍ സ്വന്തം കൈത്തൊഴിലല്ലാതെ മാറ്റൊന്നും ടൂറിസത്തിന് വേണ്ടി നിക്ഷേപം നടത്തിയിട്ടില്ല. കേരളത്തിലെ ടൂറിസം സാധാരണക്കാരുടേത് കൂടി ആവുകയാണ്.

രാത്രി ജീവിതം ആസ്വദിക്കാന്‍, ഈ നാട്ടിലെ അസംഖ്യം ഉല്‍സവങ്ങളും പെരുന്നാളുകളും മറ്റിതര കലാപ്രവര്‍ത്തനങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാല ജീവിതം ആസ്വദിക്കാന്‍ കഴിയുംവിധം  കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്

4. ടൂറിസത്തിന്റെ നേട്ടങ്ങള്‍  തദ്ദേശീയ സമൂഹത്തിന്- ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകളുടെ നെറ്റ് വര്‍ക്കിംഗ് 

ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ സാധാരണക്കാരായ തദ്ദേശീയ സമൂഹത്തെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിക്കതിനും അതിലൂടെ അധിക വരുമാനം കണ്ടെത്തുന്നതിനും വേണ്ടിയുള്ളതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തി പ്രത്യക്ഷമായോ പരോക്ഷമായോ ടൂറിസം മേഖലക്കാവശ്യമായ പെരിഷബിളും നോണ്‍ പെരിഷബിളുമായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങള്‍ ആര്‍ ടി മിഷന്‍ നല്‍കി വരുന്നു. പരിശീലനം ലഭിച്ചവരെ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം യൂണിറ്റുകളെ ടൂറിസം മേഖലയുമായി നെറ്റ് വര്‍ക്ക് ചെയ്യുന്നു. നിലവില്‍ ഇത്തരം കാര്യങ്ങള്‍ തദ്ദേശീയമായി ചെയ്തു വരുന്നവരെയും കണ്ടെത്തി ആര്‍ ടി മിഷന്‍ നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നു. ആര്‍ ടി മിഷന്റെ രജിസ്റ്റേഡ് യൂണിറ്റുകളെ ടൂറിസം മേഖലയുമായും മറ്റു ആവശ്യക്കാരുമായും ബന്ധപ്പെടുത്തുന്നതിനു നാല് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യൂണിറ്റുകളെ നെറ്റ് വര്‍ക്ക് ചെയ്യുന്നതിനായി നാല് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളുടെ ഔപചാരിക സമര്‍പ്പണം 2019 ജനുവരി 18 നു നടന്നു.

 • വിവിധ കലാപ്രവര്‍ത്തകര്‍ക്കായി ആര്‍ ടി ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം
 • വിവിധ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം നെറ്റ് വര്‍ക്ക്
 • പ്രാദേശിക തൊഴില്‍ സേവനങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഹ്യുമന്‍ റിസോഴ്‌സ് ഡയറക്ടറി
 • കേരളത്തിന്റെ തനതു ഭക്ഷണ വൈവിധ്യം അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കുന്ന എക്‌സ്പീരിയന്‍സ് എത്‌നിക് ക്യുസീന്‍ 

യൂണിറ്റുകളുടെ ഓണ്‍ ലൈന്‍ നെറ്റ് വര്‍ക്ക് 

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും അല്ലാതെ നേരിട്ടും ആര്‍ ടി യൂണിറ്റുകളെ ടൂറിസം മേഖലയുമായും ടൂറിസ്റ്റുകളുമായും  ബന്ധിപ്പിക്കുന്നതിനു ഒരു ഫെസിലിറ്റേറ്റര്‍ റോളില്‍ ആ ര്‍ ടി മിഷന്‍ പ്രവര്‍ത്തിക്കുന്നു.

5. സ്ത്രീ ശാക്തീകരണവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളും 

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രധാന സവിശേഷത സ്ത്രീശാക്തീകരണത്തിന് നല്‍കിയിട്ടുള്ള ഊന്നലാണ്. പതിനായിരക്കണക്കിനു സ്ത്രീകള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാര മേഖലയില്‍ നിന്നും വരുമാനം നേടുന്നു. ആകെയുള്ള 18600 യൂണിറ്റുകളില്‍ 14132 യൂണിറ്റുകള്‍ സ്ത്രീകളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും ഉള്ളതാണ്.  അതായത് 76 % യൂണിറ്റുകളും സ്ത്രീകള്‍ നയിക്കുന്നു എന്നര്‍ത്ഥം. പരിശീലനം നേടിയവരില്‍ 90% സ്ത്രീകളാണ്. കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. പ്രാദേശികമായുള്ള സ്ത്രീകളുടെ കലാഗ്രൂപ്പുകളാണ് ഇന്ന് ഉത്തരവാദിത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ പ്രമുഖ റിസോര്‍ട്ടുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. ആര്‍ ടി മിഷന്റെ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലകര്‍ തന്നെയും മഹാഭൂരിപക്ഷവും സ്ത്രീകളാണ്. സ്ത്രീകളുടെ പ്രത്യേക ടൂറുകള്‍ സംഘടിപ്പിക്കുന്ന വനിതകള്‍ നയിക്കുന്ന ടൂറിസം സംരഭങ്ങളും ആര്‍ ടി മിഷന്റെ ഭാഗമാണ്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ പ്രാദേശിക സ്ത്രീ പങ്കാളിത്തം ഉറപ്പിക്കുന്നതില്‍ ആര്‍ ടി മിഷന്‍ വഹിച്ച പങ്കു ചെറുതല്ല എന്ന് കാണാനാകും . 

6. പാരിസ്ഥിതിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍      

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പാരിസ്ഥിക ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ആര്‍ ടി മിഷന്റെ പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കെടിഎം ഫൗണ്ടേഷനുമായി ചേര്‍ന്ന് ക്ലീന്‍ കേരള ഇനീഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കുന്നു.   തിരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ വിവിധ തരത്തിലുള്ള പരിസ്ഥിതി സംരക്ഷണ/ സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ടൂറിസം സംരംഭകര്‍, ടൂറിസം കേന്ദ്രം ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,  ഹരിത കേരളം മിഷന്‍, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍.ജി.ഒകള്‍ എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സഹകരണത്തോടെ  ടൂറിസം കേന്ദ്രങ്ങളെ ഗ്രീന്‍ സെര്‍ട്ടിഫൈഡ് ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

ക്ലീന്‍ വേമ്പനാട് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വേമ്പനാട് കായലിലെ മാലിന്യ നിക്ഷേപം നീക്കം ചെയ്യാന്‍ ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം സംരഭകരും നടത്തിയ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. കുമരകം, തേക്കടി അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം മിഷനും അവിടുത്തെ ടൂറിസം സംഘടനകളായ ഡി.ടി.പി.സി, ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് എന്നിവരുമായി ചേര്‍ന്ന് എല്ലാ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കുവാനും പ്ലാസ്റ്റിക് സ്‌ട്രോകള്‍ ഒഴിവാക്കുവാനും പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് പകരം ഗ്ലാസ് ബോട്ടിലുകള്‍ പ്രചരിപ്പിക്കുവാനും നടത്തിയ ശ്രമങ്ങള്‍ ഒരുപരിധി വരെ വിജയം കണ്ടു കഴിഞ്ഞു. ഇനി വേണ്ടത് ഡെസ്റ്റിനേഷനുകളിലെ ശാസ്ത്രീയ മാലിന്യ സംസ്‌കരണമാണ്. ഇതിനൊപ്പം പാരിസ്ഥിക ഉത്തരവാദിത്തത്തിന്  പ്രാധാന്യം നല്‍കി ഉത്തരവാദിത്ത ടൂറിസം ക്ലാസ്സിഫിക്കേഷന്‍ എല്ലാ ജലയാനങ്ങള്‍ക്കും നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.കേരളത്തിലെ 1000 അക്കോമഡേഷന്‍ യൂനിറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷനും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും സംയുക്തമായി നടത്തിയ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്.  ഉടന്‍തന്നെ അക്കോമഡേഷന്‍ യൂണിറ്റുകള്‍ക്കും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ നടപ്പാക്കും. ഇതിനുള്ള പ്രവര്‍ത്തനം ഇപ്പോള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തി വരുന്നുണ്ട്. ടൂര്‍ പാക്കേജുകളില്‍ ഹരിത പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍  ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തി വരുന്നു. 
 
7. എക്‌സ്പീരിയന്‍സ് എത്‌നിക്/ലോക്കല്‍ ക്യുസിന്‍

കേരളത്തിന്റെ തനതു വിഭവങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും രുചികരമായതും വൃത്തിയുള്ളതുമായ ഭക്ഷണം സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പോലും ഉറപ്പു വരുത്തുന്നതിനുമായി ആര്‍ ടി മിഷന്‍ ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതിയാണിത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 2012 അപേക്ഷകരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  എത്‌നിക് ക്യുസിന്‍ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശ പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം, പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശുദ്ധമായ കുടിവെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യം എന്നിവ ഉറപ്പു വരുത്തണം.

പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയും യൂനിറ്റുകള്‍ക്ക് വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കൊവിഡ്-19 നാടിനെ ബാധിക്കുന്നത്. എങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയാണ് .  

അംഗീകാരങ്ങളും പുരസ്‌കാരങ്ങളും

2017 ജൂണ്‍ മാസത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നിലവില്‍ വന്നതിനു ശേഷം നാല് അന്താരാഷ്ട്ര അവാര്‍ഡുകളും മൂന്ന് നാഷണല്‍ അവാര്‍ഡുകളും  ഉള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് കേരളത്തിലെ ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് .

അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍

 • 2017 ല്‍-ഡബ്ലിയുടിഎം ന്റെ ഹൈലി കമെന്‍ഡഡ് അവാര്‍ഡ് - കുമരകം റെസ്‌പോണ്‌സിബിള്‍ ടൂറിസം പ്രൊജക്റ്റ്
 • 2018 ലെ 'ബെസ്‌റ് ഇന്‍ റെസ്‌പോണ്‍സിബിള്‍  ടൂറിസം'  എന്ന വിഭാഗത്തില്‍ ഗോള്‍ഡ് അവാര്‍ഡ്- കേരളം ടൂറിസം, റെസ്‌പോണ്‌സിബിള്‍ ടൂറിസം മിഷന്‍ 
 • വേള്‍ഡ് റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡ്സ് 2018 ലെ 'ബെസ്‌ററ്  ഫോര്‍  മാനേജിങ് സക്സസ്'- കുമരകം  
 • പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡ് 2019 ഫോര്‍ വിമെന്‍ എംപവര്‍മെന്റ്- ഉത്തരവാദിത്ത ടൂറിസം മിഷന്റെ കുമരകത്തെ സ്ത്രീ  ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു.

Content Highlights: International Tourism Day 2020, Responsible Tourism, Kerala Tourism, RT Mission