ഞ്ചാബ്..... സംസ്‌കൃതത്തില്‍  പറഞ്ഞാല്‍ പഞ്ചനദഃ അതായത് അഞ്ചുനദികളുടെ നാട്. വിതസ്താ, ചന്ദ്രഭാഗാ, ഇരാവതീ, വിപാശാ, ശതദ്രുഃ എന്നിവയാണത്രേ ആ പേരിനു പിന്നിലെ നദികള്‍. കതിരണിഞ്ഞ ഗോതമ്പു പാടങ്ങളും സിഖുകാരും മാത്രമായിരിക്കും സിനിമകളിലെ  പഞ്ചാബ്. എന്നാല്‍  ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്ന്  സംരക്ഷിക്കപ്പെടുന്ന ഇടമാണിവിടം. സഞ്ചാരികളുടെ പറുദീസ എന്നൊന്നും പഞ്ചാബിനെ പറയാനാകില്ല. എന്നാല്‍ അമൃത്‌സറും, സുവര്‍ണ ക്ഷേത്രവും, ചരിത്രമുറങ്ങുന്ന ജാലിയന്‍ വാലാബാഗും വാഗാ ബോര്‍ഡറുമെല്ലാം ഉള്‍പ്പെടുന്ന സ്ഥിരം കാഴ്ചകള്‍ തേടി എത്തുന്നവര്‍ ഒട്ടും കുറവല്ല.

ഞങ്ങളുടെ പഞ്ചാബ് യാത്ര തുടങ്ങുന്നത് ബട്ടിന്റയില്‍ നിന്നാണ്. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് നേരിട്ട് ട്രെയിനുണ്ട് ബട്ടിന്റയിലേക്ക്. ഒറ്റ രാത്രിയുടെ ദൂരത്തില്‍  ഇവിടെയെത്താന്‍ സാധിക്കും. സത്യത്തില്‍ ആ സ്ഥലത്തോടുള്ള സ്‌നേഹമല്ല മറിച്ച് അവിടെ  പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ സുഹൃത്തുക്കളും അവരൊരുക്കിത്തരുന്ന താമസസൗകര്യവുമായിരുന്നു മനസില്‍. ഒപ്പം സ്ഥിരം ലിസ്റ്റിനു പുറത്ത് ഏതെങ്കിലും സ്ഥലങ്ങള്‍ കൂടി കാണാമെന്ന അത്യാഗ്രഹവും.

Panjab 1

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോ പിടിച്ച് യൂണിവേഴ്‌സിറ്റിയിലേക്ക്. അല്‍പം ദൂരം കൂടുതലുണ്ട്. വാഹനങ്ങളിലെ ഭക്തിഗാനമേള സഹിക്കാന്‍ ഒരല്‍പം പാടുപെട്ടെന്നു പറയാതിരിക്കാനാകില്ല. ഒപ്പം നല്ല തണുപ്പും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ഇവിടെ നല്ല തണുപ്പാണ്. ഇവിടുത്തെ ആരാധനാലയങ്ങള്‍ സജീവമാകുന്നതും ഈ സമയത്താണ്. പഞ്ചാബ് സന്ദര്‍ശത്തിന് അനുയോജ്യമായ സമയവും ഇതുതന്നെയാണ്.  ഇതൊരു മുന്നറിയിപ്പുകൂടിയാണ്. ഏതായാലും യൂണിവേഴ്‌സിറ്റിയിലെത്തി കുളിച്ചൊരുങ്ങി.  പ്രാതലിന് ക്യാന്റീനില്‍ നിന്ന് നല്ല ചൂടന്‍ ആലുപറാത്ത. സുഹൃത്തിനെ കൂട്ടി പുറത്തേക്കിറങ്ങി. യൂണിവേഴ്‌സിറ്റി അല്‍പം ഉള്ളിലേക്കാണ്. അതുകൊണ്ടുതന്നെ അവിടെ നിന്ന് വന്നവഴി കുറച്ച് തിരിച്ചുവരേണ്ടതുണ്ട് നഗരത്തിലേക്കെത്താന്‍.

അതിര്‍ത്തികളില്‍ നിന്നും വന്നു പാര്‍ക്കുന്നവരേറെയുള്ളതിനാല്‍ കടന്നുകയറ്റക്കാരുടെ നഗരം എന്നറിയപ്പെടുന്നയിടമാണ് ബട്ടിന്റ. നല്ല തിരക്കേറിയ മാര്‍ക്കറ്റുകളുണ്ട് ഇവിടെ. അതിനിടയിലൂടെ നടക്കുന്ന നമ്മളെ ആരും സാധനം വാങ്ങാന്‍ വിളിച്ച് നിര്‍ബന്ധിക്കില്ല എന്നൊരു ഗുണം കൂടിയുണ്ട്.  ഏതായാലും ചെലവുചുരുക്കലിന്റെ ഭാഗമായി ഇവിടെയും പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ തന്നെ തീരുമാനിച്ചിരുന്നു. നേരേ ബസ്സുപിടിച്ചു. ടിക്കറ്റെടുക്കാതെ മിഴിച്ചുനിന്ന് ഞങ്ങളുടെ രക്ഷകനായി സുഹൃത്തെത്തി. നേരെ ബീര്‍ത്തലാബിലേക്ക്. പ്രശസ്തമായ ഡിയര്‍ പാര്‍ക്കാണ് അവിടെ. മാനുകളാണ് കൂടുതലും. മറ്റുമൃഗങ്ങള്‍ ഏറെയില്ല. ഒരോട്ടപ്രദക്ഷിണം നടത്തി പുറത്തിറങ്ങി.

Panjab 2

പുറത്ത് റോഡിലൂടെ ചെറിയ ചെറിയ ആട്ടിന്‍പറ്റങ്ങള്‍ നീങ്ങുന്നു. കുറച്ചുനേരം അവരുടെ കൂടെക്കൂടി. ഒരു ചെറിയ ഗ്രാമപ്രദേശത്ത് ചെന്നെത്തിയാണ് ആ നടപ്പവസാനിച്ചത്. ഒറ്റപ്പെട്ട വീടുകളേയുള്ളു. ചെറുതെങ്കിലും താമസയോഗ്യമായവ. ആളുകളാകട്ടെ ഞങ്ങളെക്കണ്ട് അകന്നുമാറുകയായിരുന്നു. രാജസ്ഥാനിലെ ഗ്രാമങ്ങളെ അപേക്ഷിച്ച് ആശ്വാസം തരുന്ന കാഴ്ചകളായിരുന്നു ഇവിടെ. സ്ത്രീകളുടെ മുഖം കാണാം എന്നത് തന്നെ വലിയ ആശ്വാസമായിത്തോന്നി. അവര്‍ പുറത്തു നിന്ന് ആളുകളോട് സംസാരിക്കുന്നതും കയര്‍ക്കുന്നതും എല്ലാം ഏറെ സന്തോഷിപ്പിച്ച കാഴ്ചകളാണ്.

കുറച്ചുദൂരം നടന്ന് ചെന്ന് ഗോതമ്പുപാടങ്ങളിലേക്കെത്തി. ആഹാ. അങ്ങനെ സിനിമയിലെ പഞ്ചാബെത്തി. ഏറ്റവും മനോഹരം പൂത്തു നില്‍ക്കുന്ന കടുകുചെടികളായിരുന്നു. മഞ്ഞപ്പൂക്കള്‍ കൊണ്ട് നിറഞ്ഞ പാടങ്ങള്‍. അങ്ങനെ പ്രകൃതിഭംഗി ആസ്വദിച്ച് കുറേനേരം. തിരിച്ചു നടന്ന് റോഡിലെത്തി. അടുത്ത ബസ് കാത്തിരുന്നു. കൃത്യം രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബസ്സോ, ലോറിയോ, ട്രക്കോ എന്നൊന്നും തിരിച്ചറിയാത്ത ഒരു വാഹനം വന്നു. കാത്തിരുന്നുകളയാന്‍ സമയം അധികമില്ലത്തതുകൊണ്ട് മൂന്നുപേരും ചാടിക്കയറി.

Panjab 3

ഇന്ത്യയിലെ ആദ്യത്തെ റാണിയായ സുല്‍ത്താന റസിയയെ തടവില്‍ പാര്‍പ്പിച്ച ക്വിലാ മുബാറക്കായിരുന്നു ലക്ഷ്യം. സ്ഥലത്തെത്തി. കോട്ട ഗംഭീരം. പക്ഷേ പല ഭാഗങ്ങളും അപകടാവസ്ഥയിലാണ്. സന്ദര്‍ശകരെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യം. പഞ്ചാബിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകമാണ് അത്.  കോട്ടക്കു പുറത്ത് വിശാലമായ പുല്‍ത്തകിടിയുണ്ട്.  അതിനോട് ചേര്‍ന്ന് കുറേയധികം പടികള്‍ കയറിച്ചെല്ലാവുന്ന സിഖ് ക്ഷേത്രം. പ്രാവുകളെ തീറ്റകൊടുത്തു വിളിച്ചുവരുത്തി പിന്നീട് കല്ലെറിഞ്ഞ് പറപ്പിച്ച് പടമെടുക്കുന്ന ആചാരവും അവിടെ കണ്ടു. ഞങ്ങളും പരീക്ഷിച്ചു. ക്ഷീണം കൂടുതലായിരുന്നതുകൊണ്ട് റോസ് ഗാര്‍ഡനും കണ്ടെന്നുവരുത്തി തിരിച്ചു നടന്നു. യാത്ര തുടരണം, രാത്രി ട്രെയിനുണ്ട്. നേരെ അമൃത്‌സര്‍.

ഇന്ത്യന്‍ റെയില്‍വേ സഹായിച്ചതുകൊണ്ട് അമൃത്‌സറിലേക്കുള്ള ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തലാക്കി. പിന്നെ യാത്രക്കാരോട്  നടുപ്പാതിരായ്ക്ക് ഇറങ്ങി ഏതെങ്കിലും വഴിക്ക് പൊയ്‌ക്കോളാനും പറഞ്ഞു. ടി.ടി.ആര്‍ മുതല്‍ സ്റ്റേഷന്‍ മാസ്റ്റര്‍വരെ അന്തസോടെ കൈമലര്‍ത്തിക്കാട്ടി. സ്ഥലം ജലന്ധറാണ്. ആരെ വിളിക്കണമെന്ന് അറിയില്ല. ചെറിയൊരു പേടിയോടെ സ്റ്റേഷനു പുറത്തിറങ്ങി. ഏതായാലും പോയേ പറ്റൂ. കൂടെ ഇറങ്ങി അന്തംവിട്ടുനിന്ന രണ്ടു പേരെക്കൂടി കിട്ടി. പിന്നെ പേരറിയാത്ത ഏതൊക്കെയോ സ്ഥലങ്ങളിലൂടെ  കിട്ടിയ വണ്ടികള്‍ മാറിക്കേറി വെളുപ്പിന് അമൃത്‌സറിലെത്തി. സമയം അഞ്ചുമണി.

Panjab 4

ബാക്ക് പാക്കേഴ്‌സ് ഹോസ്റ്റല്‍ ബുക്ക് ചെയ്തിരുന്നു. പക്ഷേ എട്ടുമണി കഴിഞ്ഞേ ചെല്ലാനൊക്കൂ. നേരെ സുവര്‍ണ ക്ഷേത്രത്തിലേക്ക്.  ബാഗും ചെരുപ്പും  സൂക്ഷിക്കാന്‍ കൊടുത്തു. അകത്ത് നിരന്നു കിടക്കുന്നവരുടെ ഇടയില്‍ ഞങ്ങള്‍ക്കും കിടക്കാന്‍ സ്ഥലം കിട്ടി. രണ്ടുമണിക്കൂര്‍ ഉറക്കം.  പിന്നെ പതുക്കെ എഴുന്നേറ്റ് നടന്നു നേരേ ഭക്ഷണം. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് പല്ലുതേപ്പിനെക്കുറിച്ചൊന്നും ആലോചിച്ചേയില്ല. റോട്ടിയും കറിയും, മധുരവും കഴിച്ചു. ആവശ്യത്തിലധികം ചായ കുടിച്ചു. ആഹാ നാടുവിട്ടുവരുന്നവര്‍ക്ക് തെരെഞ്ഞടുക്കാവുന്ന സ്ഥലമാണ്. ഇതിലും സൗകര്യം സൗജന്യമായി വേറൊരിടത്തും കിട്ടില്ല.

ഭക്ഷണം കഴിച്ച് ബാഗുമെടുത്ത് പുറത്തിറങ്ങി. ഒരു റിക്ഷാക്കാരനെ വളച്ചെടുത്ത് നേരെ ഹോസ്റ്റലിലേക്ക്. 250 രൂപയ്ക്ക് നല്ല വൃത്തിയുള്ള ഡോര്‍മെറ്ററി. കുളിച്ചു ഫ്രഷായി ഒന്നു ചെറുതായി മയങ്ങി. 10 മണിയോടെ വീണ്ടും ഇറങ്ങി. വാഗാ ബോര്‍ഡറില്‍ പോകണം ഉച്ചയ്ക്കാണ് യാത്ര അതിന് വണ്ടി ഏല്‍പ്പിച്ച് അഡ്വാന്‍സ് നല്‍കി. രശീതൊന്നും ഇല്ല കാശുവാങ്ങി പിന്നീട് ഒരു കടലാസില്‍ ഫോണ്‍ നമ്പറും പേരും എഴുതി തന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പടും. പറഞ്ഞ സ്ഥലത്ത് എത്തണം. എത്താമെന്ന് സമ്മതിച്ചു. വിശ്വാസം അതല്ലേ എല്ലാം.

Panjab 6

അങ്ങനെ അതെല്ലാം പറഞ്ഞുറപ്പിച്ച് ജാലിയന്‍ വാലാബാഗിലേക്ക് നടന്നു. സ്‌കൂളിലെ ഹിസ്റ്ററി ക്ലാസുകള്‍ ഇല്ലാതെ തന്നെ  ഏതൊരു ഇന്ത്യന്‍ പൗരനും  ഓര്‍ത്തെടുക്കുന്ന ബ്രിട്ടീഷ് ഭരണകാലത്തെ കുപ്രസിദ്ധമായ കൂട്ടക്കൊല. അമൃത്സര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് 6.5 ഏക്കര്‍ സ്ഥലത്താണ് ജാലിയന്‍ വാലാബാഗ്. ദേശീയ പ്രാധാന്യമുള്ള ചരിത്ര ഭൂമി. 1919 ല്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരമായ വെടിവെപ്പില്‍ ജീവന്‍ ത്യജിച്ചവരുടെ ഓര്‍മയ്ക്കായാണ് ഇവിടെ ഈ  സ്മാരകം പണികഴിപ്പിച്ചത്. അന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ്  ഈ ചരിത്രസ്മാരകം ഉദ്ഘാടനം ചെയ്തത്.

അന്നത്തെ കൂട്ടക്കൊല ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഇന്നും ആ ഭിത്തികളില്‍ വെടിയുണ്ടകളുടെ പാടുകള്‍ അവശേഷിക്കുന്നു. അന്ന് രക്ഷപ്പെടാനായി നിരവധി പേര്‍ ചാടിയ സമീപത്തുള്ള കിണറും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്. ജാലിയന്‍വാലാബാഗിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഫലകം ഉദ്യാനത്തിന്റെ കവാടത്തിലായി സ്ഥാപിച്ചിരിക്കുന്നു. കൂട്ടക്കൊലയില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി കത്തുന്ന കെടാവിളക്കും അവിടെ കാണാം.

Panjab 7

ചരിത്രമോര്‍ത്ത് നടന്ന് സമയം ഏതാണ് തീരാറായിരുന്നു. ആദ്യം കണ്ട കടയില്‍ ചെന്ന് ചായ കുടിച്ചു. അപ്പോഴേക്കും വാഗാ അതിര്‍ത്തിയിലേക്കുള്ള വണ്ടിയെത്തി. എട്ടുപേരുണ്ടായിരുന്നു വണ്ടിയില്‍. ഓട്ടോയാണ്. പക്ഷേ ഇരിപ്പിടങ്ങള്‍ കൂടുതലുണ്ട്. പിറകിലിരുന്നതിനാല്‍ സ്ഥലങ്ങള്‍ കണ്ട്  പോകാന്‍ കഴിഞ്ഞു. കുറച്ചു ദൂരമുണ്ട്. ഒരുമണിക്കൂറിലേറെ.

വീണ്ടുമൊരു ഇന്ത്യാ പാക് അതിര്‍ത്തി. യാത്ര തുടങ്ങിയതില്‍ പിന്നെ ഇത് രണ്ടാമത്തെ അതിര്‍ത്തി പ്രദേശമാണ്. ഇവിടെ പക്ഷേ കാണാനുള്ളത് ചില പ്രകടനങ്ങളാണ്. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഇരുരാജ്യങ്ങളും ഗേറ്റ് തുറന്ന് പതാക ഇറക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. പേരുപോലെ തന്നെ പരസ്പരം അടിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

Panjab 8

ദേശസ്‌നേഹം ജ്വലിപ്പിക്കുന്ന മുദ്രാവാക്യങ്ങളും പാട്ടുകളുമെല്ലാം കേള്‍ക്കാം. ഇരു രാജ്യങ്ങളുടേയും ജവാന്മാര്‍ പരേഡ് നടത്തി സല്യൂട്ട് സ്വീകരിക്കുന്നു. പതാക താഴ്ത്തി ഗേറ്റ് അടച്ച് പരിപാടികള്‍ അവസാനിക്കുന്നു. ചുറ്റും കൂടി നില്‍ക്കുന്നവര്‍ ഉറക്കെ ഭാരത് മാതാകി ജയ് വിളിക്കുന്നു. പെണ്‍കുട്ടികള്‍ പതാകയും കൊണ്ടോടുന്നു. നൃത്തം ചെയ്യുന്നു. ഇതെല്ലാം അപ്പുറത്തും അതേ പടി നടക്കുന്നുണ്ട്. ദേശീയ പതാക വാങ്ങാതെയും കയ്യിലും മുഖത്തും ഇന്ത്യ പച്ചകുത്താതെയും ഞങ്ങള്‍ മാത്രമായിരിക്കും അവിടെ ചെന്നിരുന്നത് എന്നു തോന്നുന്നു. പലരും അതു ശ്രദ്ധിക്കുന്നതായും തോന്നിയിരുന്നു. ഏതായാലും ചടങ്ങുകഴിഞ്ഞ് അവിടെനിന്നും മടങ്ങി.

അമൃത്‌സറിലെത്തിയപ്പോഴേക്കും രാത്രിയായിരുന്നു. പുറത്തൊക്കെ കറങ്ങി. പര്‍ച്ചേസിംഗ് ഒക്കെ ഒഴിവാക്കിയതിനാല്‍ വല്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ല. ഇടയ്ക്ക് ഒരു സര്‍ദാര്‍ജി കയ്യില്‍ കടന്നു പിടിച്ചു. അടിക്കണോ അതോ കരയണോ എന്നാലോചിച്ചപ്പോഴാ സംഗതി കത്തിയത്, കയ്യില്‍ വളയിടാനായിരുന്നു. സ്‌നേഹം കൊണ്ടാണെന്നു കരുതി  നന്ദി പറഞ്ഞപ്പോ മൂപ്പര് മുറി മലയാളത്തില്‍ കാശ് ചോദിക്കുന്നു അമ്പത് താ അമ്പത് താ എന്ന്. അതേ പരിപാടി തന്നെ ശ്രുതിക്കും കിട്ടി. അവസാനം 100 രൂപയും കൊടുത്തു തൊഴുതു യാത്രപറഞ്ഞു. ദേഷ്യപ്പെട്ട് ഊരിക്കളഞ്ഞാല്‍... ആ വളയൊക്കെ അവരുടെ വികാരമാണെന്നാ പറയുന്നേ. വെറുതേ എന്തിനാ?  വിട്ടു കളഞ്ഞു. പിറ്റേന്ന് വെളുപ്പിന് ഡല്‍ഹിയിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. കുറച്ചുനേരം അവിടെത്തന്നെ ചുറ്റിക്കറങ്ങിയിട്ട് പരമാവധി നേരത്തേ പോയി ഉറങ്ങാന്‍ തീരുമാനിച്ചു.

Panjab 9ചിലയിടങ്ങള്‍ പോകാന്‍ കഴിയാതിരുന്നതില്‍ കുറച്ചൊന്നുമല്ല വിഷമം തോന്നിയത്. ചണ്ഡിഗഢും, ജലന്ധറും പോയിരുന്നെങ്കിലും കാര്യമായ കറക്കം നടന്നില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ആസൂത്രിത നഗരങ്ങളിലൊന്നാണ് ചണ്ഡിഗഢ്.  പ്രകൃതിയെ അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസനം കൊണ്ടുവന്ന നഗരം. ഒരു രാത്രിയാത്രയിലൂടെ തന്നെ അതനുഭവപ്പെട്ടിരുന്നു എങ്കിലും അവിടുത്തെ പ്രധാനകാഴ്ചകള്‍ പലതും ഒഴിവാക്കേണ്ടി വന്നിരുന്നു. പക്ഷേ നീണ്ട യാത്രകളില്‍ പ്രായോഗികമായി ചിന്തിക്കേണ്ടതായും വരും എന്നതില്‍ ആശ്വാസം കണ്ടെത്തി.

വീണ്ടും സുവര്‍ണ ക്ഷേത്രത്തിനകത്ത് കയറി. രാവിലെ അഭയാര്‍ഥികളായി എത്തിയവര്‍ വൈകീട്ട് സന്ദര്‍ശകരായി. രാത്രിയില്‍ സുവര്‍ണക്ഷേത്രത്തിന്റെ  ഭംഗി ഇരട്ടിയായതായി തോന്നി. സംഗീതം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം അവിശ്വാസിയെപ്പോലും സ്പര്‍ശിക്കും എന്നത് തീര്‍ച്ചയാണ്. പഞ്ചാബില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന സ്ഥലം സുവര്‍ണ ക്ഷേത്രമാണ്. സിഖ് ഗുരുദ്വാരകളില്‍ പ്രഥമവും അതിവിശുദ്ധവുമായ ആരാധനാലയം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ തന്നെ ക്ഷേത്രം വൃത്തിയാക്കാനും മുന്‍കയ്യെടുക്കുന്നതായി കാണാം.ക്ഷേത്രത്തില്‍ മാത്രമല്ല പൊതുവേ പഞ്ചാബില്‍ പോയ സ്ഥലങ്ങളെല്ലാം തന്നെ സമാന്യം വൃത്തിയുള്ളതാണെന്ന് കണ്ടിരുന്നു. ഹര്‍മന്ദര്‍ സാഹിബിന് എന്ന സുവര്‍ണക്ഷേത്രത്തിന് നാല് വാതിലുകലുളുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും കടന്നു വരാം എന്ന അര്‍ത്ഥത്തിലാണ് ഈവാതിലുകള്‍ എന്നു പറയപ്പെടുന്നു. അതേതായാലും സത്യമാണെന്ന് ബോധ്യപ്പെട്ടു.

Panjab 10

ഏതായാലും പഞ്ചാബ് യാത്ര അവസാനിപ്പിക്കാനുള്ള സമയം അടുത്തുവരുകയായിരുന്നു. തിരിച്ച് ഹോസ്റ്റലിലേക്ക് നടക്കാന്‍ തീരുമാനിച്ചു. അധിക ദൂരമില്ല. മൂന്നു ദിവസത്തെ അനുഭവത്തില്‍ ഒരു ചെറിയ രാത്രി നടത്തത്തിന് പഞ്ചാബ് അനുകൂലസ്ഥലമാണെന്ന് തോന്നിയിരുന്നു. അങ്ങനെ തലസ്ഥാനത്തേക്കുള്ള യാത്ര പ്ലാന്‍ ചെയ്ത് നടത്തം തുടങ്ങി.

Content Highlights: International Tourism Day 2020, Panjab, Amritsar Travel, Jallianwala Bagh Travel, Jallianwala Bagh Massacre