ണ്ണന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം ഒരു ഇടറോഡിന്റെ തുടക്കത്തിലാണ് ആ കല്‍ത്തൂണ് ശ്രദ്ധയില്‍പ്പെട്ടത്... പറവൂരിലുണ്ടായിരുന്ന 'ജൂതത്തെരുവി'ന്റെ തുടക്കമാണത്. കേരളത്തിലെ ജൂതാധിവാസ കേന്ദ്രങ്ങളിലെല്ലാം ജൂതതെരുവും കല്‍ത്തൂണുകളും കാണാം.

തൊട്ടടുത്ത് ആളും ബഹളവുമില്ലാതെ പൈതൃകപ്പെരുമ നിറഞ്ഞ മാര്‍ക്കറ്റ്. ഒരാഴ്ചയായി ഈ മാര്‍ക്കറ്റ് ഇങ്ങനെയാണ്. ഇവിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടച്ചത്.

മാര്‍ക്കറ്റിന്റെ അടുത്തുതന്നെയാണ് 'ജൂത സിനഗോഗ്'. അകത്തു കയറിയതോടെ ജൂതരുടെ കേരളചരിത്രവും ആരാധനാ രീതികളും ജൂത കാഴ്ചപ്പാടില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് കണ്ടു. സഞ്ചാരികളുടെ വരവും കാത്തിരിക്കുകയാണ് ആ പഴമയുടെ ശേഷിപ്പ്.

പാലിയം മ്യൂസിയം

പായ്ക്കപ്പലിന്റെ കഥയുള്ള കായലിലൂടെയും പുഴയുടെ കൈവഴികളിലൂടെയും കാറ്റേറ്റ് ഒരു യാത്ര. തെങ്ങുകള്‍ തിങ്ങിനിറഞ്ഞ കൊച്ചുകൊച്ചു തുരുത്തുകള്‍. പാലങ്ങള്‍ക്കടിയിലൂടെ ബോട്ടില്‍ യാത്രചെയ്ത് എത്തിയത് 'പാലിയം' ചരിത്രഭൂമിയില്‍. പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന 'പാലിയത്തച്ചന്‍'മാരുടെ പ്രൗഢിയുമായി ഉയര്‍ന്നുനില്‍ക്കുന്ന 'പാലിയം കോവിലകം'. പാലിയം ചരിത്ര മ്യൂസിയമാണിത്.

അകത്തുകയറിയപ്പോള്‍ സ്വാഗതമോതി മരയാന ശില്പം. ഡച്ച് ശൈലിയിലുള്ള കോവിലകത്ത് വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവ് നല്‍കിയ പാലിയം ചേപ്പാട്. അണയാതെ കത്തുന്ന തൂക്കുവിളക്കും മാടമ്പിവിളക്കും ഉള്‍പ്പെടെ വിളക്കുകളുടെ ശേഖരം, സപ്രമഞ്ചക്കട്ടില്‍, ക്ഷേത്ര ഗാലറി, പൂപ്പാലിക, പാലിയത്തച്ചന്റെ ഉടവാള്‍. പാലിയം നാലുകെട്ട് ജീവിതശൈലീ മ്യൂസിയമാണ്. സന്ദര്‍ശകരെ വിലക്കിയെന്ന് പുറത്തു ബോര്‍ഡ്. ആദ്യമായാണ് ഒറ്റയ്ക്ക് ഇവിടേക്കുള്ള സന്ദര്‍ശനം.

സാധാരണ സീസണില്‍ 500 മുതല്‍ 700 പേര്‍വരെ ഇവിടെ വരാറുണ്ട്. ഇതില്‍ 20 ശതമാനവും വിനോദസഞ്ചാരികള്‍. എന്നാല്‍, ഇത്തവണ ആരുമില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും വൈകാതെ സര്‍ക്കാര്‍ ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മ്യൂസിയത്തിന്റെ ചുമതലയുളള ഇബ്രാഹിം സബിന്‍ പറഞ്ഞു.

Paliyam Kovilakam
പാലിയം മ്യൂസിയം | ഫോട്ടോ: വി.എസ്.ഷൈന്‍ \ മാതൃഭൂമി

സ്‌പൈസ് റൂട്ട്

ജൂതരുടെ മലയാളിത്ത ശൈലി കണ്ട് പെരിയാറിന്റെ കൈവഴിയായ പറവൂര്‍പ്പുഴയുടെ ഓരത്തെത്തി. മുസിരിസ് ഹെറിറ്റേജ് 'സ്‌പൈസ് റൂട്ടി'ന്റെ തുടക്കമാണിവിടം. മുസിരിസ് മുദ്രയുള്ള 'ഹോപ് ഓണ്‍, ഹോപ് ഓഫ്' ബോട്ടുകള്‍ സഞ്ചാരികളെയും കാത്ത് കിടക്കുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഇങ്ങനെയാണ്. കോവിഡ് രൂക്ഷമായതോടെ ഇവയുടെ സര്‍വീസ് നിര്‍ത്തി. 24 പേര്‍ കയറുന്ന ബോട്ടും ആറുപേര്‍ കയറുന്ന 'വാട്ടര്‍ ടാക്‌സി'കളും ആള്‍പ്പെരുമാറ്റത്തിന് കാതോര്‍ത്തു കിടക്കുന്നു. ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കി. സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഇവരുടെ ഏക ഉപജീവനമായിരുന്നു ഇത്. ആറുമാസമായി അത് വഴിമുട്ടി. ഒക്ടോബറില്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബോട്ടിങ്ങിന്റെ ചുമതലയുളള മാനേജര്‍ സജല വസന്തരാജ് പറഞ്ഞു .

ചേന്ദമംഗലം ജൂതപ്പള്ളി

ചേന്ദമംഗലം ജൂതപ്പള്ളിയ്ക്കകത്ത് കയറിയപ്പോള്‍ ജൂതരുടെ ജീവിതശൈലിയുടെ പ്രത്യേകതകള്‍ കാണാനായി. ഇസ്രയേലിന്റെ പുത്രി സാറ (1269)യുടെ സ്മാരകശില കണ്ടു. അറേബ്യന്‍ സഞ്ചാരി ഇബ്നു ബത്തൂത്ത കണ്ട കോട്ടയില്‍ കോവിലകത്താണ് പള്ളി.

കേരളചരിത്രത്തിന്റെ 2000 വര്‍ഷത്തെ നേര്‍ക്കാഴ്ചകള്‍ മനസ്സിലൊതുക്കി ബോട്ടിലിരുന്നു. കൊച്ചോളങ്ങള്‍ മാത്രമുള്ള കായലും കടന്ന് 'അറബിക്കടലിന്റെ റാണി'യുടെ അഴിമുഖത്തേക്ക്. ചീനവലകളും പുതിയ കൂടുമത്സ്യ കൃഷിയും കണ്ടു. കോവിഡ് അവയെ അത്ര ബാധിച്ചിട്ടില്ല. മുമ്പത്തെ യാത്രയില്‍ ആസ്വദിച്ച രുചിയേറിയ കായല്‍ മത്സ്യങ്ങളുടെ രസം നാവിലെത്തി... കോവിഡ് കവര്‍ന്ന രുചിക്കൂട്ടുകള്‍.

Chendamangalam Jewsish Synagogue
ചേന്ദമംഗലം ജൂതപ്പള്ളി | ഫോട്ടോ: എം.വി.സിനോജ് ന മാതൃഭൂമി

പോര്‍ച്ചുഗീസ് ആധിപത്യത്തിന്റെ കോട്ടകളായ കോട്ടപ്പുറം കോട്ട, പള്ളിപ്പുറം കോട്ട, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി... എണ്ണിയാലൊടുങ്ങാത്തതാണ് 'മുസിരിസി'ന്റെ പൈതൃകപ്പെരുമ. ഒറ്റദിവസം കൊണ്ടു കണ്ടുതീര്‍ക്കുക അസാധ്യം. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായാകും ഈ മേഖലയില്‍ ഇത്രകാലം നീണ്ട വിജനത.

Content Highlights: International Tourism Day 2020, Muziris Heritage Tourism, Muzirs Site, Kerala Tourism