ണാലി എത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്ന ഉപദേശമാണ് ; 'മക്കളേ നിങ്ങള്‍ എത്തിയ സമയം ശരിയായില്ല. ഇത് ഓഫ് സീസണ്‍ ആണ്. ഈ സമയത്ത് ഇത് വഴിയുള്ള ലഡാക്ക് യാത്ര അപകടം പിടിച്ചതാണ്. മണാലി രണ്ടു ദിവസം ചുറ്റിക്കണ്ടിട്ട് കുറച്ചു തണുപ്പൊക്കെ കൊണ്ടിട്ട് വണ്ടി തിരിച്ചു വിട്ടോ, അതാണ് നല്ലത്'. റോഡിന്റെ സൈഡില്‍ ഹാന്‍ഡ് മെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന അമ്മ മുതല്‍ ഞങ്ങള്‍ താമസിയ്ക്കുന്ന ഹോട്ടല്‍ മാനേജര്‍ക്ക് വരെയും ഇത് മാത്രമേ പറയാനുള്ളൂ. കേള്‍ക്കുമ്പോ കുറച്ചു വിഷമം ഒക്കെ തോന്നുമെങ്കിലും കാര്യം ശരിയാണ്. നവംബര്‍ മാസം രണ്ടാമത്തെ ആഴ്ച ആകുന്നു. ഒക്ടോബര്‍ പകുതിയോടെ മണാലിയില്‍ നിന്ന് ലേ യിലേക്കുള്ള റോഡുകള്‍ ക്ലോസ് ചെയ്യും.

വഴിമധ്യേ ഉള്ള ഭക്ഷണ-താമസ സൗകര്യങ്ങള്‍ എല്ലാം നിര്‍ത്തി കച്ചവടക്കാര്‍ മണാലിയിലേയ്ക്കും സ്വന്തം നാടുകളിലേയ്ക്കും പോകും. പോകുന്ന വഴികളില്‍ ശക്തമായ മഞ്ഞിടിച്ചിലും അതിഭീകരമായ തണുപ്പും. നമ്മുടെ വാഹനത്തിനോ അല്ലെങ്കില്‍ നമുക്കോ തന്നെയും എന്തെങ്കിലും സംഭവിച്ചാല്‍ പോലും ഒരു സഹായവും കിട്ടാത്ത അവസ്ഥ. ആകെപ്പാടെ നെഗറ്റീവ് ഫീല്‍. യാത്രയോട് പ്രാന്ത് തുടങ്ങിയ സമയത്തെ ഉള്ള സ്വപ്നമായിരുന്നു ലഡാക്ക്. താരതമ്യേനെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച എനിക്ക് ആ സ്വപ്നത്തിലേക്കെത്താന്‍ ഏതാണ്ട് ആറു വര്‍ഷമാണ് എടുത്ത സമയം.

Ladakh Travel

ഉള്ള പൈസയൊക്കെ സ്വരുക്കൂട്ടി വെച്ച് കുറച്ചൊക്കെ കടവും വാങ്ങി ഇരുന്നിരുന്ന് ലഡാക്ക് കാണാന്‍ വന്നപ്പോ ഇതായി അവസ്ഥ. എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഇരുന്നപ്പോ സഹ ട്രിപ്പന്റെ മാസ്സ് എന്‍ട്രിയും തട്ടുപൊളിപ്പന്‍ ഡയലോഗും. 'ഡേയ് എന്തായാലും നമ്മള്‍ വന്നു... നമുക്ക് പോകാന്‍ പറ്റുന്ന സ്ഥലം വരെ പോകാം. എവിടെ വെച്ച് നമ്മളെ തടയുമോ അവിടെ നിന്ന് നമുക്ക് തിരിച്ചുവരാം'. ചിക്കന്‍ പോക്‌സ് ബാധിച്ചു വീട്ടില്‍ ബെഡ് റെസ്റ്റ് ആണെന്നും പറഞ്ഞു ജോലി ലീവെടുത്തു വന്നവന്‍ ആണ് അവന്‍. വരുന്നത് വരട്ടെ എന്ന് തീരുമാനിച്ചു മുന്നോട്ട് പോകാന്‍ തന്നെ ഉറച്ചു ബാഗുകള്‍ പാക്ക് ചെയ്തു ഒമ്പത് മണിയോടെ ഹോട്ടല്‍ വെക്കേറ്റ് ചെയ്തു. സാം ഭായിയോട് യാത്രയും പറഞ്ഞു ഞങ്ങള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.

ആവേശത്തിന്റെ പേരില്‍  ഇറങ്ങി പുറപ്പെട്ടെങ്കിലും  മുന്നോട്ടു പോകുന്തോറും പേടി കൂടിക്കൊണ്ടേയിരുന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍, ആഹാരം കഴിയ്ക്കാന്‍ കയറിയ ഹോട്ടലിലെ മലയാളി, പകുതിവഴിയില്‍ യാത്ര മതിയാക്കി തിരിച്ചുവരുന്ന വേറെ കുറച്ചു റൈഡേഴ്സ് ഇവരെല്ലാം കൃത്യമായ ഇടവേളകളില്‍ ഭയം കൂട്ടിക്കൊണ്ടേയിരുന്നു. റോഹ്താങ് പാസ് പിന്നിട്ടപ്പോഴേയ്ക്ക് പ്രകൃതിയുടെയും ആകാശത്തിന്റെയും രൂപം മാറിക്കൊണ്ടേയിരുന്നു. റൈഡിങ് ജാക്കറ്റ് തുളച്ചു കയറുന്ന തണുപ്പ്, പോരാത്തതിന് ഇരുണ്ടു മൂടി നില്‍ക്കുന്ന സൂര്യന്‍... ഉള്ളിലെ പേടി മുഖത്ത് വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് ആക്സിലേറ്റര്‍ കൊടുത്തുകൊണ്ടേയിരുന്നു. റോഹ്താങ് പിന്നിട്ടപ്പോഴേക്ക് സമയം ഒരുമണി കഴിഞ്ഞു. കൂടുതല്‍ താഴേയ്ക്കിറങ്ങുന്തോറും റോഡുകള്‍ വിജനമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും കട്ട കട്ട ആയി മഞ്ഞ് കൂമ്പാരം കൂടിക്കിടക്കുന്നു.

Ladakh Travel 2

വിശപ്പിന്റെയാണോ പേടികൊണ്ടാണോ എന്നറിയാത്ത അസ്വസ്ഥത. റോഹ്താങ് എത്തുന്നതിനു മുന്‍പേ മരിച്ച മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍. ആകെപ്പാടെ ഒരു ടെറര്‍ ഫീല്‍. പേരറിയാത്ത ഏതോ ഒരു പുഴയുടെ അരികില്‍ വണ്ടി നിര്‍ത്തി മുഖമൊക്കെ കഴുകി നിന്നപ്പോള്‍ സഹ ട്രിപ്പന്‍ എത്തി. അവന്റെ തീരുമാനം വീണ്ടും മുന്നോട്ട് പോകാം എന്നതായിരുന്നു. അവിടെ നിന്ന് കുറച്ചു ഫോട്ടോ ഒക്കെ എടുത്തിട്ട് വീണ്ടും മുന്നോട്ട് തന്നെ. നമുക്ക് തിരിച്ചു പൊയ്ക്കൂടേ എന്ന് പല പ്രാവശ്യം ചോദിയ്ക്കണം എന്നുണ്ടായിരുന്നു പക്ഷെ 'അഭിമാന്‍' അതിനു അനുവദിച്ചതേയില്ല. കുറച്ചുകൂടി മുന്നോട്ട് പോയപ്പോ ചെറിയ ഒരു കടയും ചെക്ക്‌പോസ്റ്റും കണ്ടു. അവിടെ നിന്ന ഉദ്യോഗസ്ഥര്‍ പോകാന്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. ഞങ്ങളുടെ അയ്യോ പാവം നില്‍പ്പും തപ്പിത്തപ്പിയുള്ള സംസാരവും കേട്ടപ്പോ മനസ്സലിഞ്ഞ അതിലെ ഒരു ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നിട്ട് ചോദിച്ചു.

'ഇവിടെ നിന്ന് കുറച്ചുകൂടി മുന്നിലേക്ക് പോയാല്‍ 'സിസ്സു'എന്നൊരു ചെറിയ ഗ്രാമത്തില്‍ എത്തും. അവിടെ വരെ ചുമ്മാ പോയി ഒന്ന് കറങ്ങി വിശപ്പിനു വല്ലതും വാങ്ങിക്കഴിച്ചിട്ട് ഒരു മണിക്കൂറുകൊണ്ട് തിരിച്ചു എത്താമോ? അതിനപ്പുറത്തേക്ക് പോകാന്‍ പറ്റില്ല, നല്ല മഞ്ഞിടിച്ചിലുണ്ട്. റോഡില്‍ നല്ല വഴുക്കലും ..!'

Ladakh Travel 3

സിസ്സു എങ്കില്‍ സിസ്സു ... അവരോട് ഉറപ്പ് പറഞ്ഞു ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. മുന്നോട്ട് പോകുന്തോറും പ്രകൃതി കൂടുതല്‍ സുന്ദരിയായിക്കൊണ്ടേയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ റോഡുകളിലൂടെ പോകുന്ന ഒരു ഫീല്‍. രണ്ടു സൈഡിലും പേരറിയാത്ത മരങ്ങളും മുന്നില്‍ കണ്ണെത്താ ദൂരത്തോളം മലകളും. മണാലി വഴി ലഡാക്ക് പോകുന്ന റൈഡേഴ്സ് ഇടത്താവളം ആയി ഉപയോഗിയ്ക്കുന്ന സ്ഥലമാണ് സിസ്സു. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 19,000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. ശരീരം കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നുണ്ടോ? ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാനാണ് സഞ്ചാരികള്‍ ഇവിടെ തങ്ങുന്നതും.
 
സൈഡില്‍ അത്യാവശ്യം നല്ല സീനറി ഒക്കെ കണ്ടപ്പോ വണ്ടി നൈസിനു സൈഡ് ആക്കി അടുത്ത് കണ്ട ഒരു മരക്കുറ്റിയില്‍ ഇരിപ്പുറപ്പിച്ചു. സഹ ട്രിപ്പന്‍ തൗഫീഖ് ഗഹനമായി എന്തോ ആലോചിയ്ക്കുന്നുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് തിരിച്ചുവരാം എന്ന് ചെക്ക്‌പോസ്റ്റിലെ പോലീസുകാരന്റെ കയ്യില്‍ അടിച്ചു സത്യം ചെയ്തിട്ട് വന്ന മോന്‍ ആണ്. നിശബ്ദത കീറിമുറിച്ചുകൊണ്ട് ഞാന്‍ സംസാരിച്ചു തുടങ്ങി.

Ladakh Travel 4

'ഡേ ഇങ്ങനെ നിന്നാ മതിയോ ...??' അവന്‍ ഉത്തരം ഒന്നും പറഞ്ഞില്ല. കുറച്ചുനേരം കൂടി ആ നില്‍പ്പ് അങ്ങനെ തന്നെ തുടര്‍ന്നു. മുറി ഹിന്ദി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അളിയന്‍ അത് വഴി കടന്നുപോയ ഒരു അമ്മയോടും മകനോടും എന്തോ സംസാരിക്കുവാണ്. യോദ്ധയില്‍ ജഗതി ചേട്ടന്‍ കാട്ടില്‍ അകപ്പെടുമ്പോ വഴി ചോദിയ്ക്കുന്ന അതേ സീന്‍ ....! ആദ്യം തമാശയായിട്ട് തോന്നിയെങ്കിലും ആ യാത്ര തുടങ്ങി ആദ്യമായ് ആണ് ഒരാള്‍ പോസറ്റീവ് ആയി പ്രതികരിക്കുന്നത്. അമ്മയും മകനും ആ നാട്ടുകാര്‍ തന്നെയാണ്. ജോലി കഴിഞ്ഞു വരുന്നതാണ്. അവരുടെ സംസാരത്തില്‍ നിന്നും അങ്ങോട്ടുള്ള യാത്ര അപകടം നിറഞ്ഞതാണെങ്കിലും സാധ്യതകളുണ്ട്. താമസ സൗകര്യവും സപ്പോര്‍ട്ടും കിട്ടില്ല.

ഒറ്റ റൈഡില്‍ ഓടിക്കയറിയാല്‍ ലഡാക്ക് എത്താന്‍ പറ്റും. അതായത് ഇപ്പോ നില്‍ക്കുന്ന സ്ഥലം മുതല്‍ ഡെസ്റ്റിനേഷന്‍ വരെ 337 km ദൂരം. രാവിലെ വെയില്‍ അടിച്ചു തുടങ്ങുമ്പോള്‍ റോഡിലെ ഐസ് ഉരുകി കഷ്ട്ടിച്ചു പോകാനുള്ള വഴി ആകും. ഒരു മൂന്നുമണിയോടെ യാത്ര അവസാനിപ്പിയ്ക്കുകയും വേണം. അവരുടെ സംസാരത്തില്‍ നിന്നും കിട്ടിയ ആത്മവിശ്വാസം ചെറുതൊന്നും അല്ലായിരുന്നു. സംസാരത്തിനിടയ്ക്ക് ഞങ്ങള്‍ക്കിടയിലേക്ക് ഒരു കേരളാ രജിസ്‌ട്രേഷന്‍ ഹിമാലയന്‍ വന്നു നിന്നു. നമ്മുടെ വണ്ടി കണ്ടു നിര്‍ത്തിയതാണ്. മനു ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു, കോട്ടയംകാരനാണ്. അവനും കൂട്ടുകാരന്‍ കണ്ണനുമായിട്ട് ഞങ്ങള്‍ വന്നപോലെ റോഡ് റൈഡിനു ഇറങ്ങിയതാണ്. തുല്യ ദുഖിതര്‍. കണ്ണന്റെ വണ്ടിയുടെ ബാറ്ററി കേടായിട്ട് സിസ്സുവില്‍ റെഡിയാക്കാന്‍ വന്നതാണ്. അവരും മുന്നോട്ട് പോകണോ തിരിച്ചു പോകണോ എന്ന ആശയക്കുഴപ്പത്തില്‍ തന്നെ. അങ്ങനെ നമ്മള്‍ മൂന്നുപേരുംകൂടി സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലേക്ക് വേറൊരു കേരള വണ്ടികൂടി വന്ന് നിന്നു. ആശാന്മാരും ലഡാക്ക് പോകാന്‍ ഇറങ്ങിയത് തന്നെ. മലപ്പുറത്ത് നിന്ന് വരുവാണ്. അമീനും ജുബൈറും.  എല്ലാവരും തുല്യ ദുഖിതര്‍.

Ladakh Travel 5

ഞങ്ങള്‍ രണ്ടു പേരായി തുടങ്ങിയ യാത്രയില്‍ എന്തിനും എതിനും തയാറായി നാലുപേര്‍കൂടി. ധൈര്യവും ആത്മവിശ്വാസവും കൂടിയപ്പോ എന്നാല്‍ എന്തായാലും ഒരു കൈ നോക്കാം എന്ന തീരുമാനത്തില്‍ ആ മീറ്റിംഗ് അവസാനിപ്പിച്ചു. തീരുമാന പ്രകാരം നമ്മള്‍ നാലുപേരും ആ രാത്രി സിസ്സുവില്‍ തങ്ങും. മനു തിരിച്ചുപോകും, കീലോങ്ങില്‍ ആണ് അവര്‍ക്കുള്ള റൂം എടുത്തിരിക്കുന്നത്. രാവിലെ ആറുമണിയ്ക്ക് എല്ലാവരും കീലോങ്ങില്‍ വെച്ച് കണ്ടുമുട്ടും. അവിടെ നിന്ന് ഒരുമിച്ചു നേരെ ലഡാക്കിലേക്ക്.

അന്നത്തെ ദിവസം പാട്ടും ഡാന്‍സും ബഹളവുമായിട്ടൊക്കെ അവിടെ കൂടിയിട്ട് രാവിലെ അഞ്ചുമണി ആയപ്പഴേ എല്ലാവരും എഴുന്നേറ്റു റെഡി ആയി. ഉറക്കത്തിനോട് വൈകാരികമായ അടുപ്പുമുള്ളവനും മടി മാത്രമുള്ളവനുമായ ഞാന്‍ തന്നെയാണ് അന്നും അവന്മാരെയൊക്കെ പോസ്റ്റ് ആക്കിയത്. വല്ലവിധത്തിലും തട്ടിക്കൂട്ടി പുറത്തിറങ്ങുമ്പോ ബൈക്ക് സീറ്റ് ഒക്കെ ചെറുതായി മഞ്ഞില്‍ പുതച്ചുകിടപ്പുണ്ട്. കൃത്യം 6.20 ആയപ്പോ ഞങ്ങള്‍ സിസ്സുവിനോട് വിട പറഞ്ഞു. തണുത്ത കാറ്റ് ഇങ്ങനെ വീശി അടിയ്ക്കുന്നുണ്ട്. മഞ്ഞാണോ മഴയാണോ എന്നറിയില്ല, പൊഴിഞ്ഞു പൊഴിഞ്ഞു ദേഹത്തേയ്ക്ക് വീഴുന്നുണ്ട്. ഏതാണ്ട് ഏഴുമണി ആയപ്പോ ഞങ്ങള്‍ കീലോങ്ങില്‍ എത്തി. കണ്ണനും മനുവും അവിടെ തയ്യാറായി നില്‍പ്പുണ്ട്. കുറച്ചുനേരം തീയൊക്കെ കൂട്ടി ഒന്ന് ചാര്‍ജ് ആയിട്ട് അവിടെ നിന്ന് പുറപ്പെട്ടു.

Ladakh Travel 6

സൂര്യന്‍ ചെറുതായ് തെളിഞ്ഞു വരുന്നുണ്ട്. റോഡില്‍ അങ്ങിങ്ങായി മഞ്ഞുകട്ടകള്‍ കൂടി കിടക്കുന്നു. ആദ്യത്തെ മഞ്ഞുകട്ടയില്‍ ബൈക്കിന്റെ ചക്രം കേറിയപ്പോ കേട്ട ശബ്ദം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരാവശ്യവുമില്ലാതെ കണ്ട മഞ്ഞുകട്ടകളിലൊക്കെ തിരഞ്ഞുപിടിച്ചു കയറ്റാന്‍ തുടങ്ങി. അധികം താമസിയാതെ തന്നെ ഹിമാചല്‍ റോഡിന്റെ ടാര്‍ ഞാന്‍ ടെസ്റ്റ് ചെയ്തു. വണ്ടി കയ്യില്‍ നിന്ന് പോയപ്പഴേ ചാടിയതുകൊണ്ട് വലിയ അപകടം ഒഴിവായി. പിറകെ വന്ന മനുവും ഞാന്‍ വീണ അതെ സ്ഥലത്തെ ടാര്‍ തന്നെ ടെസ്റ്റ് ചെയ്തു ....! മുന്‍പോട്ട് പോകുംതോറും തണുപ്പും റോഡിലെ മഞ്ഞുകട്ടകളും കൂടിക്കൊണ്ടേയിരുന്നു, മഞ്ഞിനോടുള്ള ഇഷ്ടം മാറി ഏത് വഴിയില്‍ക്കൂടെയൊക്കെയോ പേടി വന്നു തുടങ്ങി ....! 

യാത്ര തുടങ്ങി ആദ്യത്തെ 20 km പിന്നിട്ടപ്പോഴേയ്ക്ക് ആദ്യത്തെ പണി കിട്ടി. മനുവിന്റെ ഹാന്‍ഡ് ബാഗ് നഷ്ടപെട്ടിരിക്കുന്നു. നേരത്തെ ടാര്‍ ടെസ്റ്റ് ചെയ്തിടത്തു പോയതാകണം. തിരിച്ചു പോകുക ദുഷ്‌കരം ആയതുകൊണ്ടും പ്രത്യേകിച്ച് ഉപയാഗം ഇല്ലാത്തതിനാലും വീണ്ടും ഞങ്ങള്‍ മുന്‍പോട്ട് തന്നെ പോയി. രണ്ടു സൈഡിലും മഞ്ഞു മാത്രമേ കാണാനുള്ളൂ. ആകെ നമ്മളെ കടന്നു പോകുന്നത് ക്യാമ്പ് ഷിഫ്റ്റ് ചെയ്യുന്ന പട്ടാളക്കാര്‍ മാത്രം. അവരുടെ വണ്ടികളില്‍ ചക്രങ്ങളില്‍ പോലും ചങ്ങല ഇട്ട് ബന്ധിച്ചാണ് യാത്ര.

Ladakh Travel 7

കുറച്ചുകൂടി മുന്‍പോട്ടു പോയപ്പോള്‍ തലകുത്തനെ മറിഞ്ഞു കിടക്കുന്ന ഒരു ജിപ്‌സി ഞങ്ങള്‍ കണ്ടു. (മഞ്ഞില്‍ തെറ്റി നിയന്ത്രണം വിട്ട് പോയതാണെന്ന് പിന്നെ അറിഞ്ഞു) ഇതിനിടയില്‍ ഞങ്ങള്‍ 'baralacha' പാസ് കഴിഞ്ഞിട്ടുണ്ടായിരുന്നു. അവിടെ നിന്ന് കുറച്ചുകൂടി മുന്നിലേയ്ക്ക് പോയപ്പോ അടുത്ത പണി ഹിമാലയന്‍ ബൈക്കിന്റെ രൂപത്തില്‍ കിട്ടി. മനുവിന്റെ വണ്ടിയ്‌ക്കൊരു സ്റ്റാര്‍ട്ടിങ് ട്രബിള്‍. പഠിച്ച പണി 18 നോക്കിയിട്ടും വണ്ടി അനങ്ങുന്നില്ല. മണാലിയിലേയ്ക്ക് തിരിച്ചു പോണമെങ്കില്‍ 190 കിലോമീറ്ററില്‍ അധികം ദൂരമുണ്ട്. ലഡാക്ക് വരെപോകണമെങ്കില്‍ 282-ഉം. ആകപ്പാടെ പെട്ട അവസ്ഥ. തണുപ്പ് കൂടുന്നു. സമയം പോകുന്നു. എല്ലാവരുടെയും ധൈര്യമൊക്കെ കുറഞ്ഞു തുടങ്ങിയ അവസ്ഥ. ആ സമയത്ത് ദൈവം അതിലെ ഞങ്ങളെ കടന്നു പോയ ട്രക്ക് ഡ്രൈവറിന്റെ രൂപത്തില്‍ അവതരിച്ചു. പുള്ളി പറഞ്ഞതനുസരിച്ചു ഒരു 500 മീറ്റര്‍ കൂടി മുന്‍പോട്ട് പോയാല്‍ ഒരു ചെറിയ ആര്‍മി ബേസ് ഉണ്ട്. അവര്‍ വെക്കേറ്റ് ചെയ്യുവാണ്, പെട്ടെന്ന് ചെന്നാല്‍ എന്തെങ്കിലും നടക്കുമെന്ന് ....!

വാ കൊണ്ടും കൈ കൊണ്ടും തള്ളി തള്ളി ഞങ്ങള്‍ വല്ല വിധത്തിലും വണ്ടി ബേസ് വരെ എത്തിച്ചു. കാര്യമൊക്കെ പറഞ്ഞപ്പോ അവര്‍ ആണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം കയ്യും കാലും പിടിച്ചു സ്വന്തം റിസ്‌കില്‍ ആണെങ്കില്‍ വണ്ടി വെച്ചിട്ട് പൊയ്‌ക്കോളാന്‍ ഒരുവിധത്തില്‍ അവരെക്കൊണ്ട്  സമ്മതിപ്പിച്ചു. മണാലി വിളിച്ചു മെക്കാനിക്കിനെ ഒക്കെ സെറ്റ് ആക്കിയിട്ട് മനുവിനെ   ഞങ്ങളുടെ ഒരു വണ്ടിയുടെ പിന്നില്‍ കയറ്റി സാധനങ്ങള്‍ എല്ലാം ബാക്കിയുള്ള വണ്ടികളില്‍ അഡ്ജസ്റ്റ് ചെയ്തു വെച്ചിട്ട് വീണ്ടും മുന്നോട്ട്...

Ladakh Travel 8

ഏതാണ്ട് ഉച്ചയാകുന്നു. എവിടെ നോക്കിയാലും മഞ്ഞും മഞ്ഞുമലകളും മാത്രം. ബ്ലാക്ക് ഫോറസ്റ്റ് കേക്കിലെ ക്രീം പോലെ മഞ്ഞിങ്ങനെ പരന്നു കിടക്കുന്നു. സൂര്യന്‍ തലയ്ക്കുമുകളില്‍ എത്തിയിട്ടും  ചൂട് ഫീല്‍ ചെയ്യാന്‍ പറ്റാത്ത ഡാര്‍ക്ക് അവസ്ഥ. ഇന്നിപ്പോ എന്തായാലൂം ലഡാക്ക് പിടിയ്ക്കാന്‍ പറ്റില്ല എന്ന് ഏറെക്കുറെ എല്ലാവര്‍ക്കും ഉറപ്പായി. അടുപ്പിച്ചുള്ള വീഴ്ചകളും മോശം കാലാവസ്ഥയും കഠിനമായ തണുപ്പും ഒക്കെ കൊണ്ടാകണം എല്ലാവരും തളര്‍ന്നു. എവിടെയെങ്കിലും ഒന്ന് കിടന്നാല്‍ മതി എന്നുള്ള അവസ്ഥ... നമ്മളെ കടന്നു പോകുന്ന പട്ടാള വണ്ടികള്‍ നമ്മളെ നോക്കി കൈവീശി കാണിക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. ഏതാണ്ട് ഒന്നരമണിക്കൂര്‍ ഡ്രൈവിംഗ് കൊണ്ട് ഞങ്ങള്‍ 'സര്‍ച്ചു' എന്ന ചെറിയ ഗ്രാമത്തിലെത്തി. മണാലി - ലഡാക്ക് യാത്രയിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവും തണുപ്പുകൂടിയതുമായ പ്രദേശം ഇതാണ്. -20 നു താഴെ വരെ ഇവിടത്തെ താപനില താഴാറുണ്ട്. ഞങ്ങള്‍  എത്തിയ ദിവസം -10  ലും താഴെ ആയിരുന്നു ...!

സീസണ്‍ സമയത്തു ഇതുവഴി പോകുന്ന സഞ്ചാരികള്‍ ആഹാരത്തിനും താമസത്തിനും ഒക്കെ  ആശ്രയിക്കുന്നതു  സര്‍ച്ചുവിനെയാണ്. ഇവിടത്തെ പ്രധാന വരുമാന മാര്‍ഗം ചെറിയ കടകളും അതിനോട് ചേര്‍ന്നുള്ള താമസസൗകര്യവുമാണ് (താമസ സൗകര്യം എന്നൊക്കെ പറയുമ്പോ ഒരു കട്ടില് കിട്ടും കുറച്ചു തീയും ) സെപ്റ്റംബര്‍ പകുതിയോടെ കടക്കാര്‍ ഒക്കെ ഈ ഗ്രാമം വിട്ടുപോകും. അതി ശൈത്യത്തെ അതിജീവിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നെ സീസണ്‍ തുടങ്ങുമ്പോഴാണ് അവര്‍ തിരിച്ചു വരുന്നതും. ഞങ്ങള്‍ ചെന്നപ്പോഴും ഏതാണ്ട് ആ ഗ്രാമം വിജനമായിരുന്നു. കടകള്‍ എല്ലാം താഴിട്ട് പൂട്ടിയിരിക്കുന്നു മാനും മനുഷ്യനുമില്ല. സാമാന്യം നന്നായി വിശക്കുന്നുമുണ്ട്. കുറച്ചുകൂടി മുന്‍പോട്ട് പോയപ്പോ പകുതി തുറന്നു വെച്ചിരിക്കുന്ന ഒരു കട ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അവിടെ 60 വയസ്സിലധികം പ്രായം വരുന്ന ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ ഒറ്റയ്ക്കാണ് ആ കട നടത്തുന്നതത്രേ.... അടുത്തെങ്ങും ഒരാവശ്യത്തിന് പോലും ആരുമില്ല. എന്തെങ്കിലും അസുഖം വന്നാല്‍ ആശുപത്രി ഇല്ല. ഞങ്ങള്‍ അന്തം വിട്ട് നില്‍ക്കുന്നത് കണ്ടിട്ടാകണം അവര്‍ ഞങ്ങളോടായി പറഞ്ഞു തുടങ്ങി 'ഇവിടെ ഏതാണ്ട് വളരെ കുറച്ചു കടകളേ ഉള്ളു. എല്ലാം എന്നെപ്പോലെയുള്ള പ്രായമായവരുടെ കടകളാണ്. നാളെ കഴിയുമ്പോ ഞാനും ഇവിടെ നിന്ന് പോകാന്‍ ഇരിക്കുകയാണ്'. ഇനി മുന്‍പോട്ടുള്ള യാത്ര ഈ സമയത്തു അപകടമാണെന്നും ഇന്ന് രാത്രി ഉറങ്ങാനുള്ള സ്ഥലം അവര്‍ നല്‍കാം എന്നും കൂടി പറഞ്ഞു അവര്‍ സംസാരം അവസാനിപ്പിച്ചു. ഒന്ന് ഇരുത്തി ചിന്തിച്ചപ്പോ അമ്മച്ചി പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് ഞങ്ങള്‍ക്കും മനസിലായി. കാരണം കഷ്ടി ഇനി രണ്ടുമണിക്കൂറുകൂടിേെയ ഡ്രൈവിംഗ് പറ്റുള്ളൂ. തണുപ്പ് കൂടി കൂടി വരുന്നു ...ലേ യിലേക്ക് ഇനിയും 200 കിലോമീറ്ററിലധികം ദൂരവുമുണ്ട്. ഉള്ള പരുവത്തില്‍ അവിടെ തന്നെ കൂടുന്നതാണ് നല്ലതെന്ന് അങ്ങ് ഉറപ്പിച്ചു.

Ladakh Travel 9

പുറമെനിന്ന് നോക്കുമ്പോള്‍ അതൊരു കുഞ്ഞു കട ആയിട്ട് തോന്നുമെങ്കിലും മദ്യം മുതല്‍ എല്ലാം അമ്മച്ചി അവിടെ സുലഭമായിട്ട് വിളമ്പുന്നുണ്ടായിരുന്നു. വൈകുന്നേരം ആയതോടെ കാലാവസ്ഥയുടെ സ്വഭാവം അങ്ങ് മാറി, തണുപ്പെന്നൊക്കെ പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത തണുപ്പ്. ശരിയ്ക്കും ഐസ് പെയ്യുന്ന രാത്രിയായിരുന്നു അത്. നീളന്‍ കമ്പിളിത്തൊപ്പിയൊക്ക വെച്ച് വായിലെ മുഴുവന്‍ പല്ലുകളും കാണിച്ചു നമ്മളോടൊപ്പം ആട്ടവും പാട്ടുമായി കൂടുമ്പോ അവരുടെ ഉള്ളിലെ ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത കുട്ടിയെ ഞങ്ങള്‍ ഓരോരുത്തരും വ്യക്തമായി കണ്ടിരുന്നു ...!

പുറത്തെ മരം കോച്ചുന്ന തണുപ്പില്‍ ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അകത്ത് ആഘോഷിയ്ക്കുകയായിരുന്നു. 30 ദിവസത്തോളം സമയമെടുത്ത ആ വലിയ യാത്രയിലെ ഏറ്റവും മനോഹരമായ രാത്രി ...! പിറ്റേന്ന് അമ്മയോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ആ കണ്ണ് നിറയുന്നത് കണ്ടിരുന്നു.ഉറപ്പായും ഈ വര്‍ഷവും അമ്മയെ കാണാന്‍ ചെല്ലും എന്ന ഉറപ്പിന്മേല്‍ ആണ് ഞങ്ങള്‍ അവിടുന്ന് ഇറങ്ങിയത്. ആ പറഞ്ഞതില്‍ അപ്പോ വലിയ ആത്മാര്‍ഥത ഇല്ലായിരുന്നെങ്കിലും, അവരുടെ വില എന്താണെന്ന് തുടര്‍ന്നുള്ള യാത്രയില്‍ നിന്ന് ഞങ്ങള്‍ ഓരോരുത്തര്‍ക്കും വ്യക്തമായി മനസ്സിലായിരുന്നു.

Ladakh Travel 10

അവിടെ നിന്നിറങ്ങി സ്വപനമായിരുന്ന ലഡാക്ക് കണ്ടു മടങ്ങി വരുന്ന വഴി  മൂന്നോളം ഇന്ത്യന്‍ സംസഥാനങ്ങള്‍ കറങ്ങി തിരിച്ചു നാട്ടിലെത്തി. പക്ഷേ ഇപ്പോഴും വഴിയില്‍ പ്രായമായൊരു അമ്മയെ കണ്ടാല്‍ അവരെ ഓര്‍മ വരും. മഞ്ഞുപെയ്യുമ്പോള്‍, ഒറ്റയ്ക്ക് എവിടേക്കെങ്കിലും സഞ്ചരിയ്ക്കുമ്പോള്‍ ഒക്കെ പല്ലുകള്‍ മുഴുക്കെ കാണിച്ചു ചിരിച്ചുകൊണ്ട് അവര്‍ മുന്നിലുണ്ട്. കൊറോണ വന്നില്ലായിരുന്നെങ്കില്‍ ഈ നവംബറില്‍ ഞങ്ങള്‍ വീണ്ടും തിരിച്ചു പോയേനെ. ഇനി ഈ പ്രശ്‌നങ്ങള്‍ ഒക്കെ മാറി തിരിച്ചു ചെല്ലുമ്പോള്‍ ആ 'അമ്മ അവിടെ ഉണ്ടാകുമോ ..? അതുപോലൊരു രാത്രി ഇനി തിരിച്ചു കിട്ടുമോ ...? അറിയില്ല.

Content Highlights: International Tourism Day 2020, Ladakh Travel, Malayali Bikers in Ladakh, Kerala to Ladakh Travel