കൊച്ചി: കോവിഡ് ആദ്യം ബാധിച്ച മേഖലയാണ് വിനോദസഞ്ചാരം. കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും നിറമാർന്ന ചിത്രങ്ങളിലൊന്നാണ് എറണാകുളം. ലോക വിനോദസഞ്ചാര ദിനത്തിൽ എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എസ്. വിജയകുമാർ ‘മാതൃഭൂമി’യോട് സംസാരിക്കുന്നു:

ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?

മാർച്ച് ആദ്യത്തോടെ അടച്ചിട്ട പാർക്കുകളും ബീച്ചുകളുമൊന്നും ഇതുവരെ തുറന്നിട്ടില്ല. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് ആളുകൾക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായി. കോടികളുടെ ധനനഷ്ടവുമുണ്ടായി.

ഏറ്റവുമധികം ബാധിച്ചത് തീരത്തോ മലയോരത്തോ ?

രണ്ടിടങ്ങളിലും ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. ഏറ്റവും വലിയ പ്രതിസന്ധി കൊച്ചിയിലാണ്. കഴിഞ്ഞവർഷം 4,80,000 വിദേശികളാണ് കേരളത്തിലെത്തിയത്. ഇവരിൽ 2,50,000 പേരും ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലെത്തി. കഴിഞ്ഞവർഷം കേരളത്തിലെത്തിയ ആകെ വിനോദസഞ്ചാരികളിൽ 25 ലക്ഷവും കൊച്ചി സന്ദർശിച്ചു. ഇത്തവണ അതൊന്നും ഉണ്ടായില്ല.

Kadamakkudi
കടമക്കുടിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

എങ്ങനെയുള്ള ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത് ?

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും സാമൂഹിക അകലം പാലിച്ച് ഉൾക്കൊള്ളാവുന്നവരുടെ കണക്കെടുത്തു. കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കാൻ കുടുംബശ്രീ പ്രവർത്തകരുടെ സഹായം തേടി. താമസിയാതെ സർക്കാരിൽനിന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Vijaya Kumar
വിജയകുമാർ

സഞ്ചാരികളുടെ വലിയൊരു ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ടോ ?

ഒരിക്കലുമില്ല, വളരെ സാവധാനം മാത്രമേ ഈ മേഖല ഉണരുകയുള്ളു. എല്ലായിടത്തും നിശ്ചിത ശേഷിയുടെ പകുതിയിൽ താഴെ ആളെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. അതുകൊണ്ടുതന്നെ, എല്ലായിടത്തും ടിക്കറ്റ് ചാർജ് ഉൾപ്പെടെയുള്ള ചെലവു കൂടും. അതും ആളുകളെ ബാധിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം ?

ലോക്ഡൗൺ മൂലം മിക്കയിടത്തും പരിപാലനം നന്നായി നടത്താൻ കഴിഞ്ഞിട്ടില്ല. തുറക്കുമ്പോൾ അറ്റകുറ്റപ്പണികൾക്കു മാത്രം കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

Content Highlights: International Tourism Day 2020, Kochi Tourism, Ernakulam DTPC, Kerala Tourism