രോ യാത്രകളും ഒരു പുതിയ അദ്ധ്യായമാണ് ജീവിതത്തില്‍ സമ്മാനിക്കാറ്. അവിടം കാണാനും പല അനുഭവങ്ങളിലൂടെ സഞ്ചരിക്കാനും അവയിലൂടെ സ്വയം വിശകലനം ചെയ്യാനും കരുത്തു പകരുന്ന ഒന്ന്. ആഗ്രഹിച്ച സ്ഥലങ്ങളൊക്കെ പോയിട്ടില്ലെങ്കിലും പ്രതീക്ഷിക്കാതെ പല സ്ഥലങ്ങളിലും എത്തിപ്പെടാറുണ്ട്.

Dr Anoopa Narayanan

എല്ലാ യാത്രകളും പ്ലാന്‍ അനുസരിച്ചു തന്നെ സംഭവിച്ചാല്‍ എന്ത് വിരസതയായിരിക്കുമെന്ന് ചിന്തിക്കാറുണ്ട്.  അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഇഷ്ടമാണ് യാത്രകളില്‍. പക്ഷേ യാത്രയെന്നതു പോലും അനിശ്ചിതത്തില്‍ നില്‍ക്കുന്ന ഒരു കാലത്ത് ജീവിക്കുമെന്നു ചിന്ത  വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിട്ടില്ല.

Dr Anoopa Narayanan 2

ഇന്നില്‍ ജീവിക്കാന്‍ നമ്മളെ ഓര്‍മിപ്പിക്കാന്‍ വന്ന ദൂതനായി കൊറോണയെ കാണാനാണെനിക്ക് ഇഷ്ടം. ഇന്നത്തെ നിമിഷങ്ങള്‍ മറന്നു ഭാവിയിലേക്ക് ധനം സ്വരുക്കൂട്ടുന്ന നമ്മള്‍ക്ക് ഭാവിയെത്ര അനിശ്ചിതമെന്നും പണത്തിന് എല്ലാം വാങ്ങിക്കാന്‍ ആവില്ലയെന്ന തിരിച്ചറിവ്,  ബോധമുള്ള ഏതൊരാള്‍ക്കും പകര്‍ന്നു നല്‍ക്കാന്‍ ഈ മഹാവ്യാധിക്കു കഴിഞ്ഞിട്ടുണ്ട്.

Dr Anoopa Narayanan 3

വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന 'ഊരുതെണ്ടി'യെന്നത് പരിഹാസമല്ല, ഞാന്‍ അനുഭവിച്ച യാത്ര സ്വാതന്ത്ര്യത്തിന്റെ അംഗീകാരമാണെന്ന് തിരിച്ചറിയാന്‍ മാസങ്ങളോളം വീട്ടിലിരിക്കേണ്ടി വന്നു. ഏപ്രില്‍ മാസത്തിലെ കുടുംബസമേതമുള്ള ദുബായ് യാത്രയും മേയ് മാസത്തില്‍ ഒറ്റക്കുള്ള ബദരീനാഥ് യാത്രയും താലോലിച്ചു ദിവസങ്ങള്‍ എണ്ണിക്കഴിഞ്ഞ എന്നിലെ യാത്രികയെ ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും ചെറുതൊന്നുമല്ല അലോസരപ്പെടുത്തിയത്.

Dr Anoopa Narayanan 4

ആദ്യം ദേഷ്യം, പിന്നെ നിരാശ! പക്ഷെ ഇപ്പോള്‍ പ്രതീക്ഷയാണ്. ഒരുപാട് പേരുടെ അധ്വാനത്തിന്റെ കഥകള്‍ പറയുന്ന ആ ദുബായ് നഗരി എന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ അധ്വാനിച്ചവര്‍ക്കൊപ്പം കാണുമെന്ന പ്രതീക്ഷ! പ്രകൃതിരമണീയമായ ഛാര്‍ദാം തീര്‍ത്ഥാടന സ്ഥലങ്ങളും അതില്‍ മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന ബദ്രിനാഥനെയും, കളകളാരവം മുഴക്കി ഒഴുകുന്ന അളകനന്ദ നദിയും കണ്‍കുളിര്‍ക്കേ കാണാന്‍ ആ ഭൂവില്‍ ഞാനെത്തുമെന്ന പ്രതീക്ഷ! ഒരുപാട് കാത്തിരുന്നു കാണുമ്പോള്‍ ആ കാഴ്ചകള്‍ക്ക് മിഴിവേറുമെന്ന് പ്രതീക്ഷ!

Dr Anoopa Narayanan 5

ഒന്നുറപ്പാണ്, സ്വാന്തന്ത്ര്യത്തോടെ സഞ്ചരിക്കാനുള്ള സ്ഥിതി വന്നാല്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ ഇറങ്ങിയിരിക്കും ലോകമെന്ന വലിയ ക്യാന്‍വാസില്‍ ഇനിയും കാണാത്ത, അറിയാത്ത സുന്ദരകാഴ്ചകളും അനുഭവങ്ങളും തേടി.....

Content Highlights: International Tourism Day 2020, Dubai Tourism, Badrinath Travel, Women Travel, Mathrubhumi Yathra