ലോകത്തിലെ അതിവേഗ ട്രെയിന്‍ പാളത്തിലിറക്കാന്‍ ഉറച്ച് ചൈന. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മഗ്ലേവ് ട്രെയിനാണ് ചൈന പാളത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്ന ഖ്യാതി ചൈന സ്വന്തമാക്കും. 

ബെയ്ജിങ്ങില്‍ നിന്നും ഷാങ്ഹായ് വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇതിനിടയിലുള്ള 1000 കിലോമീറ്റര്‍ വെറും രണ്ടര മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ പിന്നിടും. നിലവില്‍ ബെയ്ജിങ്ങില്‍ നിന്നും ഷാങ്ഹായിലേക്ക് ട്രെയിന്‍ എടുക്കുന്ന സമയം അഞ്ചുമണിക്കൂറാണ്. വിമാനമാകട്ടെ മൂന്ന് മണിക്കൂറും. 

പുതിയ അതിവേഗ ട്രെയിന്‍ വരുന്നതോടെ വിമാനത്തിനേക്കാള്‍ വേഗത്തില്‍ യാത്രക്കാര്‍ക്ക് ബെയ്ജിങ്ങില്‍ നിന്നും ഷാങ്ഹായിലേക്ക് സഞ്ചരിക്കാം. സാധാരണ ട്രെയിനുകള്‍ സഞ്ചരിക്കുന്നപോലെ ചക്രങ്ങളിലല്ല മഗ്ലേവ് ട്രെയിനുകള്‍ സഞ്ചരിക്കുക. ഇലക്ട്രോ മാഗ്നറ്റുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. നിലവില്‍ ഫ്രാന്‍സ്, ജപ്പാന്‍, സ്‌പെയിന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ചൈനയ്ക്ക് പുറമേ ഇത്തരം ട്രെയിന്‍ സൗകര്യം ഉപയോഗിക്കുന്നത്. വളരെ ചെലവേറിയതാണിവ.

വൈഫൈ സൗകര്യവും വയര്‍ലെസ് ചാര്‍ജിങ്ങുമെല്ലാം ട്രെയിനില്‍ ഉണ്ടായിരിക്കും. നിലവില്‍ ട്രെയിന്‍ ഷാങ്ഹായിലൂടെ പരീക്ഷണ ഓട്ടം നടത്തുകയാണ്. പരീക്ഷണം വിജയിച്ചാല്‍ ഉടന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.

Content Highlights: China introduces the fastest train in the world; top speed 600 km/hr