റെ മുന്‍പാണ് നാഗാലാന്‍ഡിലെ അപൂര്‍വ ഗോത്രമായ കൊന്യാക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. ജോനാഥന്‍ ഗ്ലാന്‍സിയുടെ നാഗാലാന്‍ഡ്: എ ജേണി ടു ഇന്ത്യാസ് ഫോര്‍ഗോട്ടണ്‍ ഫ്രണ്ടിയര്‍ എന്ന പുസ്തകത്തിലൂടെ അറിഞ്ഞ കൊന്യാക്കുകളും നാഗാലാന്‍ഡും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗമാണോയെന്നുവരെ തോന്നിയിരുന്നു. 

Nagaland 1

സ്വന്തം ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറുന്നവരുടെ, ഗോത്രത്തിന്റെ ശത്രുക്കളുടെ, ശിരസ്സ് കൊയ്‌തെടുത്ത് വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഊറ്റം കൊള്ളുന്ന പോരാളിവംശമായ കൊന്യാക്കുകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൗതുകമേറി. ഇന്ത്യയിലും മ്യാന്‍മറിലുമായി പരന്നുകിടക്കുന്ന പ്രകൃതിസുന്ദരമായ ലങ്വ ഗ്രാമം. 19-ാം നൂറ്റാണ്ടുവരെ പുറംലോകവുമായി ബന്ധമില്ലാതെ ജീവിച്ച ഒരു ഗോത്രജനത. ബ്രിട്ടീഷ് ഭരണം നാഗാലാന്‍ഡ് വരെ എത്തിയപ്പോള്‍ ഒപ്പം കാടുകയറിയ മിഷണറിമാര്‍ 95 ശതമാനം ജനതയെയും ക്രിസ്തുമതത്തിലേക്ക് മാറ്റി. മറ്റു ഗോത്രങ്ങളോട് കലഹിച്ച് സൂര്യനെയും ചന്ദ്രനെയും ദൈവമായി കാണുന്ന ദോന്‍യി പോളോ വിശ്വസികളായിരുന്നു അവര്‍. 'തലവേട്ട'യൊഴിച്ച് ആദിമകാല പാരമ്പര്യവും ആചാരങ്ങളും ഇന്നും പിന്തുടരുന്ന വീരഗോത്രമായ കൊന്യാക്കുകള്‍. കറുപ്പും കാട്ടിറച്ചിയും മനോഹരമായ താഴ്വരകളും ലഹരി പടര്‍ത്തുന്ന ആ ഗ്രാമത്തിലേക്ക് പോകാതിരിക്കാനാവില്ലെന്ന് തോന്നി. 

ഗോത്രരാജാവിന്റെ കൊട്ടാരത്തില്‍ നേര്‍ പകുതി ഇന്ത്യയിലും മറു പാതി അയല്‍രാജ്യത്തുമായി കിടക്കുന്ന രസമാണിവിടെയുള്ളത്. രാജ്യാന്തര അതിര്‍ത്തികളെന്ന പദവിയില്ലാതെ അവിടെയുള്ളവര്‍ ആ അദൃശ്യരേഖയെ മറികടന്ന് ജീവിക്കുന്നു. നാഗാലാന്‍ഡിലെ മുഖ്യ നഗരങ്ങളായ ദിമാപുരില്‍നിന്നും കൊഹിമയില്‍നിന്നും 300 കിലോമീറ്റര്‍ ദൂരമുണ്ട് വടക്കേയറ്റത്തെ മോന്‍ ജില്ലയുടെ ആസ്ഥാനമായ മോണ്‍ പട്ടണത്തിലേക്ക്. മോണ്‍ പട്ടണത്തില്‍നിന്ന് 32 കിലോമീറ്റര്‍ ദൂരത്താണ് ലങ്വ. സന്ദര്‍ശകരുടെ സ്ഥിരം റൂട്ടില്‍നിന്ന് മാറ്റിപ്പിടിച്ച് കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാനത്തില്‍ അസമിലെ ദിബ്രുഗഡ് വിമാനത്താവളത്തിലെത്തി. അവിടെനിന്ന് അസം അതിര്‍ത്തിപ്പട്ടണമായ സൊനാരിയിലേക്ക്. സൊനാരിയില്‍നിന്ന് ഷെയര്‍ ടാക്സിയില്‍ 48 കിലോമീറ്റര്‍ അകലെയുള്ള മോണ്‍ പട്ടണത്തിലേക്ക് തിരിച്ചു. അവിടെനിന്ന് ലങ്വയിലെത്താന്‍ 30 കിലോമീറ്ററിലധികം യാത്ര ചെയ്യണം. മോണ്‍, ലങ്വ എന്നിവിടങ്ങളിലും മ്യാന്‍മറിലുമായി 135 കൊന്യാക് ഗോത്ര ഗ്രാമങ്ങളുണ്ടെന്നാണ് വിവരം. ലങ്വയിലാണ് കൊന്യാക്കുകളുടെ ഗ്രാമവും രാജാവും കൊട്ടാരവുമെല്ലാം.

Nagaland 1

കൊന്യാക് ഗോത്രത്തില്‍പ്പെട്ട ലോങ്ഷയായിരുന്നു എന്റെ ഗൈഡ്. മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മോന്‍ പട്ടണത്തിലാണ് ലോങ്ഷയും കുടുംബവും താമസിക്കുന്നത്. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള ലോങ്ഷ വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കും. മോനില്‍ നിന്ന് ലോങ്ഷയുടെ അമ്മാവന്റെ കാറില്‍ ഞങ്ങള്‍ ലങ്വയിലേക്ക് തിരിച്ചു. ലോങ്ഷയുടെ പിതാവ് 'തല കൊയ്യലില്‍' പങ്കെടുത്ത വീരനാണെന്നും മാതാവ് രാജകുടുംബാംഗമാണെന്നും ലോങ്ഷ പറഞ്ഞു. ലങ്വ താഴ്വരയില്‍ അവര്‍ക്കു പരമ്പരാഗതമായി കിട്ടിയ ഭൂമിയില്‍ ഗസ്റ്റ് ഹൗസുകള്‍ ഒരുക്കി സഞ്ചാരികള്‍ക്കായി നല്‍കുന്നുണ്ട്. ലോങ്ഷ എനിക്ക് താമസസൗകര്യമൊരുക്കിയതും അവിടെയായിരുന്നു. സൈനിക ആവശ്യത്തിനായി അവിടംവരെ വലിയ വാഹനങ്ങള്‍ക്ക് പോകാവുന്ന റോഡുണ്ട്. കൊന്യാക്ക് ഗ്രാമത്തിലെത്തണമെങ്കില്‍ അവിടെനിന്ന് കാട്ടുവഴികളിലൂടെ കുന്നുകയറി ചെരുവിലെത്തണം. ഗസ്റ്റ്ഹൗസിലെത്തി ക്യാമറയുമായി ലോങ്ഷയ്ക്കൊപ്പം ഗ്രാമത്തിലെത്തി. കാട്ടുവഴികളിലൂടെ തികഞ്ഞൊരു അഭ്യാസിയെപ്പോലെ ലോങ്ഷയെ അനുഗമിച്ചു. 

കൃഷിയാണ് കൊന്യാക്കുകളുടെ പ്രധാന തൊഴില്‍. കുന്നിന്‍ ചെരിവുകളില്‍ കാട് വെട്ടിത്തെളിച്ച് കൃഷിസ്ഥലമൊരുക്കി അരിയും ചോളവും തിനയുമെല്ലാം ഇവര്‍ കൊയ്‌തെടുക്കുന്നു. മെലിഞ്ഞ ഉറച്ച ശരീരവും വലിയ പതിഞ്ഞ മൂക്കും നെന്മണിയുടെ നിറവുമുള്ള കൊന്യാക്കുകള്‍ വീരന്‍മാരാണ്. ശത്രുക്കളുടെ തലവെട്ടിയെടുത്ത് ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നവനാണ് യഥാര്‍ഥ കൊന്യാക്ക് നായകന്‍. പണ്ടുകാലത്ത് ഇടയ്ക്കിടെ കൊന്യാക്കുകള്‍ ശത്രുഗ്രാമങ്ങളെ ആക്രമിക്കും. നാഗ ഗോത്രക്കാരുമായി ആയിരുന്നത്രേ മുഖ്യ പോരാട്ടങ്ങള്‍. രാജകുമാരിക്ക് വേണ്ടിയോ കൃഷിയിടത്തിനൊ നദിക്കൊ വേണ്ടിയാകുമത്രേ മറ്റ് ഗോത്രങ്ങളുമായി അങ്കമുണ്ടാവുക. ശത്രുക്കളുടെ ഛേദിക്കപ്പെട്ട ശിരസ്സുമായി വീരന്‍മാര്‍ അങ്കം ജയിച്ച് ഗ്രാമത്തിലെത്തും. ചോരവാര്‍ന്ന തലകള്‍ അവരുടെ വീടിനുമുന്നില്‍ പ്രദര്‍ശിപ്പിക്കും. വീരന്‍മാരാല്‍ ശിരസ്സെടുക്കപ്പെട്ടവന്റെ ആത്മാവ് തങ്ങളുടെ ഗ്രാമം കാക്കുമെന്നാണ് കൊന്യാക്കുകള്‍ വിശ്വസിച്ചിരുന്നത്. ഇത്തരത്തില്‍ ശത്രുക്കളുടെ ശിരസ്സുമായെത്തുന്ന പോരാളിയുടെ മുഖത്ത് കൊന്യാക്കുകള്‍ പച്ചകുത്തും. വലിയ ചടങ്ങുകളോടെയാണത്രേ ഈ ചുട്ടികുത്തല്‍. തലവെട്ടുന്ന പോരാളിയെ അനുഗമിച്ചവരുടെ നെഞ്ചിലാണ് പച്ച കുത്തുക.

Nagaland 2

Konyak Lady
കൊന്യാക് സ്ത്രീ. പ്രായപൂര്‍ത്തിയായതിന്റെ അടയാളമാണ്
കാലിലെ പച്ചകുത്തിയ പാടുകള്‍

എത്ര പേരുടെ ജീവനെടുത്തെന്ന് മുഖത്ത് ആലേഖനം ചെയ്തും കൊല്ലപ്പെട്ടവന്റെ തലയോട്ടികൊണ്ട് പൂമുഖം അലങ്കരിച്ചും ജീവിക്കുന്നവരെ കുറിച്ച് നമുക്ക് ആലോചിക്കാന്‍ കഴിയുമോ? എന്നാല്‍ ആ പച്ചകുത്തല്‍ ധൈര്യത്തിന്റെ അടയാളമായാണ് കൊന്യാക്കുകള്‍ കണക്കാക്കുന്നത്. കണ്ണിന്റെ ചുറ്റുമുള്ള വട്ടമൊഴിച്ച് കവിളിലും മൂക്കിലും നെറ്റിയിലുമെല്ലാം പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയ പച്ചമഷികൊണ്ട് ചുട്ടികുത്തും. പച്ചകുത്താനുള്ള അധികാരം ഗോത്രത്തിലെ രാജ്ഞിക്കാണ്. വലിയ മുത്തുകൊരുത്ത മാലയില്‍ തലവെട്ടിയ എണ്ണം സൂചിപ്പിക്കാന്‍ അത്രയും വെങ്കല തലരൂപങ്ങള്‍ ലോക്കറ്റായി തൂക്കിയിടും. ഒരു കാലത്ത് ലോക്കറ്റുകളുടെയും പച്ച കുത്തലിന്റെയും എണ്ണമായിരുന്നു അവരുടെ സ്ഥാനം നിര്‍ണയിച്ചിരുന്നത്. 

ലോങ്ഷ തന്റെ പൂര്‍വികന്‍മാരെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. പിതാവ് നഹ്യേ ശത്രുക്കളെ തലവെട്ടാന്‍ പോയ പോരാളികളുടെ സംഘത്തിലുണ്ടായിരുന്നുവെന്നും മാറില്‍ പച്ചകുത്തുണ്ടെന്നും പറഞ്ഞുചിരിച്ചു. കൊന്യാക് ആണ് ഗോത്രഭാഷ. കൊന്യാക് ഭാഷ എഴുതാന്‍ അവര്‍ ഇംഗ്ലീഷ് അക്ഷരങ്ങളാണുപയോഗിക്കുന്നത്. പുത്തന്‍ തലമുറക്കാര്‍ ഇംഗ്ലീഷ് പഠിച്ചുതുടങ്ങി. അവിടെയാര്‍ക്കും ഹിന്ദിയറിയില്ല. ഫ്രീക്കന്‍ മുടിയും ബോളിവുഡ് സ്റ്റൈല്‍ ഡ്രസിങ്ങുമായി ചെറുപ്പക്കാര്‍ അതിസുന്ദരന്‍മാരായി വിലസുന്നു. ദിമാപുരില്‍ നിന്നാണ് ലങ്വയിലേക്ക് ഫാഷന്‍ വരുന്നതത്രേ.  അധികം നടന്നു വിയര്‍ക്കുന്നതിന് മുന്‍പ് ഞങ്ങള്‍ ഒരു കുടിലിനുമുന്നിലെത്തി. മുഖത്തും നെഞ്ചിലും ചുട്ടികുത്തി അഞ്ചു വെങ്കലത്തലയോടുകള്‍ കൊരുത്ത മാലയിട്ട വൃദ്ധനെ ലോങ്ഷ പരിചയപ്പെടുത്തി. സഞ്ചാരികള്‍ക്ക് മുന്നില്‍ നിന്നു ശീലിച്ച അദ്ദേഹം മാലയും പരമ്പരാഗത തലപ്പാവുമെല്ലാം കാണിച്ചുതന്നു. പത്തും പതിനൊന്നും തലകളെടുത്ത വീരന്‍മാര്‍വരെ തങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. ഇപ്പോഴാണ് 'ശിരസ്സ് കൊയ്യലി'ന്റെ ഓര്‍മ പുതുക്കാന്‍ വെങ്കലത്തലയോട് മാലയില്‍ തൂക്കിയിട്ട് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുപേരെ കൊലപ്പെടുത്തിയ ആ 'വീരന്‍', ശാന്തമായ ഭാവത്തോടെ ഫോട്ടോയെടുക്കാന്‍ പോസ് ചെയ്തുനിന്നു. ചുട്ടികുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന മരത്തിലും ഇരുമ്പിലും തീര്‍ത്ത പ്രത്യേക സൂചികള്‍ ആ വീട്ടില്‍ നിന്നെടുത്ത് ലോങ്ഷ കാണിച്ചുതന്നു. 

വീരന്‍മാരുടെ കാതിലോല മാന്‍കൊമ്പുകള്‍ ഉരച്ചു മൂര്‍ച്ചകൂട്ടിയതാണ്. തലയില്‍ പരമ്പരാഗത തലപ്പാവിനൊപ്പം കാട്ടുമൃഗത്തിന്റെ കൊമ്പും. ഉരുക്കിനെ വെല്ലുന്നതരത്തില്‍ പരുവപ്പെടുത്തിയ തടികൊണ്ടുള്ള കുന്തം കൈയിലുണ്ടാകും. നിര്‍ദാക്ഷിണ്യം ഒരാളെ കൊന്ന് തലയറുത്ത് ഊറ്റംകൊള്ളുന്ന പോരാളിവംശത്തിന്റെ പിന്മുറക്കാരാണല്ലോ ചുറ്റുമെന്നാലോചിച്ചപ്പോള്‍ ഉള്‍ക്കിടിലമുണ്ടായി. 1960-കളില്‍ ശത്രുക്കളുടെ ശിരസ്സ് കൊയ്യല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 1990-ല്‍ ചാങ് ഗോത്രവുമായുണ്ടായ ഭൂമിതര്‍ക്കത്തില്‍ 70 പേരെയാണത്രേ കൊന്യാക്കുകള്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ നാലു കൊന്യാക്കുകള്‍ കൊല്ലപ്പെട്ടുവെന്നും ലോങ്ഷ പറഞ്ഞു. 'തലകൊയ്യല്‍' ആചാരം അവസാനിച്ചതോടെ പഴയ തലയോട്ടികളെല്ലാം മ്യൂസിയമുണ്ടാക്കി അതിലേക്ക് മാറ്റുന്നതിനായി ഒരിടത്ത് ശേഖരിച്ചുവെച്ചിട്ടുണ്ടത്രേ.

കൊന്യാക്ക് ഗോത്രത്തില്‍ സ്ത്രീകള്‍ ധൈര്യശാലികളാണ്. കൃഷി നടത്തുന്നതും വീട്ടുപണികള്‍ ചെയ്യുന്നതും കാട്ടില്‍ നിന്നുള്ള വിഭവങ്ങള്‍ ശേഖരിക്കുന്നതുമെല്ലാം സ്ത്രീകളാണ്. ലുങ്കിപോലുള്ള തുണിയും മേലുടുപ്പുമാണ് ഇവരുടെ വേഷം. ചുവപ്പും ഓറഞ്ചും നിറങ്ങളിലുള്ള വലിയ മുത്തു കൊരുത്ത മാലകളും ലോഹവളകളും കേശാലങ്കാരവുമെല്ലാം കൊന്യാക്ക് വനിതകള്‍ക്ക് അസാധാരണമായ ആകര്‍ഷകത്വം നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ ഋതുമതിയാകുമ്പോള്‍ കൈകാലുകളിലും തോളിലും പച്ചകുത്തും. 

സ്ത്രീകള്‍ അതിരാവിലെ എഴുന്നേറ്റ് ജോലികള്‍ തുടങ്ങും. അടുക്കളയിലും ഹാളിലും തീകൂട്ടും. പ്രഭാതഭക്ഷണം കഴിഞ്ഞാല്‍ ആണും പെണ്ണും കുട്ടികളുമെല്ലാം കൃഷിസ്ഥലത്തേക്ക് ഇറങ്ങുകയായി. ചെറിയ കുട്ടികളുള്ളവര്‍ അവരെ മുതുകില്‍ പൊതിഞ്ഞുകെട്ടി പണിയെടുത്തുകൊണ്ടിരിക്കും. വനിതകളുടെ ഇടുങ്ങിയ കണ്ണുകളില്‍ വീരം എന്ന ഭാവമാണ് കാണാന്‍ കഴിയുക. മുതിര്‍ന്ന സ്ത്രീകള്‍ സംരക്ഷണാര്‍ഥം നീളമുള്ള കത്തി കൈവശം കൊണ്ടുനടക്കും. സ്ത്രീകളും പുരുഷന്‍മാര്‍ക്കൊപ്പം കൃഷിയിടത്തിലേക്കു പോകും. മുതിര്‍ന്ന കുട്ടികളും അവരെ അനുഗമിക്കും. കൃഷിപ്പണിക്ക് പോകാത്ത മുതിര്‍ന്ന അംഗങ്ങള്‍ വീട്ടിലിരുന്ന് കുട്ടികളെ നോക്കുകയും മുള ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പുതിയ തലമുറയിലെ 30 ശതമാനം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്നും അവര്‍ക്ക് എഴുതാനും വായിക്കാനുമറിയാമെന്നും ലോങ്ഷ പറഞ്ഞു. വഴിയരികിലുടനീളം ടിന്‍ഷീറ്റ് മേഞ്ഞ വീടുകളും സാധാരണരീതിയില്‍ വസ്ത്രധാരണം ചെയ്തവരെയുമാണ് കാണാനായത്. ഗോത്രാചാരങ്ങള്‍ പിന്തുടരുന്ന കൊന്യാക്കുകളുടെ ഗ്രാമത്തിലേക്ക് കുന്നുകയറിപ്പോകണമെന്ന് ലോങ്ഷ പറഞ്ഞു. യാത്രാക്ഷീണമുള്ളതിനാല്‍ ആ യാത്ര അവിടെ അവസാനിപ്പിച്ച് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

ലങ്വയില്‍ നേരത്തെ സൂര്യനുദിച്ചു. പൊന്‍കിരണങ്ങള്‍കൊണ്ട് താഴ്വരയിലെ മഞ്ഞുപുതപ്പിനെ വലിച്ചുനീക്കി. മലമുകളില്‍ സൂര്യന്‍ ഉദിച്ചുപൊങ്ങുന്ന കാഴ്ച അതിമനോഹരമായിരുന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ് ഗൈഡിനെയും കൂട്ടി കൊന്യാക്കുകളുടെ തനത് ഗ്രാമത്തിലേക്ക് തിരിച്ചു. ഊടുവഴികളിലൂടെ കുന്നുകയറിയുള്ള യാത്രക്കിടെ നിരപ്പായ ഇടങ്ങളില്‍ വലിയ കുടിലുകള്‍ കാണാമായിരുന്നു. ഹം എന്നാണ് അവരുടെ വീടുകളെ വിളിക്കുന്നത്. മണ്‍തറയും മുളയലകുകള്‍കൊണ്ടുള്ള ചുവരും പനമ്പട്ടയോ പുല്ലോ മേഞ്ഞ മേല്‍ക്കൂരയും. മിക്ക വീടുകളും മേഞ്ഞിരിക്കുന്നത് കരിമ്പനപ്പട്ടകൊണ്ടാണ്. കാട്ടുമരങ്ങളും കുറ്റിച്ചെടികളും പുല്‍മേടുകളുമുള്ള ഈ മേട്ടില്‍ കരിമ്പനപ്പട്ടകളുടെ സാന്നിധ്യം എന്നെ കുഴപ്പിച്ചു. മലയുടെ മുകളിലേക്ക് കയറിയാല്‍ കാറ്റിനെ കുളിരാക്കി മാറ്റുന്ന കരിമ്പനക്കൂട്ടങ്ങളെ കാണാമെന്ന് ലോങ്ഷ പറഞ്ഞു. പല കുടിലുകള്‍ക്കു മുന്നിലും ഉണക്കിയ കരിമ്പനപ്പട്ടകള്‍ കെട്ടാക്കി തൂക്കിയിട്ടിരുന്നു. മിക്ക വീടുകളുടെയും അലങ്കാരം മൃഗങ്ങളുടെ കൊമ്പുകളും തലയോട്ടികളുമാണ്. കൊമ്പുകുത്തി ചുരമാന്തി വന്ന കാട്ടുപോത്തുകള്‍ അകത്തളത്തില്‍നിന്ന് മുക്രയിടുന്നപോലെ തോന്നി.

Naga New Gen
പുതിയ കാലത്തെ കൊന്യാക് യുവാവ്‌

കുടിലിനകത്ത് മുളയലകുകള്‍ കുത്തിമറച്ച് മുറികളായി തിരിച്ചിട്ടുണ്ട്. അകത്തെ തറ മണ്ണുകൊണ്ട് മെഴുകി മിനുക്കിയിട്ടിരിക്കുന്നു. പ്രകൃതിദത്തമല്ലാത്ത യാതൊന്നും ആ കുടിലുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് എന്നെ വിസ്മയിപ്പിച്ചു. മുളകൊണ്ടുള്ള പാത്രങ്ങളും മണ്‍പാത്രങ്ങളുമാണ് അവര്‍ ഉപയോഗിക്കുന്നത്. എപ്പോഴും തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ കോമണ്‍ ഹാളിന്റെ നടുവിലാണ് അടുപ്പുണ്ടാകുക. ഭക്ഷണമുണ്ടാക്കുകയും കഴിക്കുകയും കറുപ്പു വലിക്കുകയും പലരും കിടന്നുറങ്ങുകയുമെല്ലാം ഇതിനു ചുറ്റുംതന്നെ. ഹമ്മുകളിലേക്കെല്ലാം വൈദ്യുതി എത്തിയിട്ടുണ്ട്. പലരും മൊബൈല്‍ഫോണും മറ്റ് വൈദ്യുതോപകരണങ്ങളും ഉപയോഗിക്കുന്നുമുണ്ട്. എല്ലാം മെയ്ഡ് ഇന്‍ ചൈനയാണ്. നാഗാലാന്‍ഡിന് അപ്പുറത്തേക്ക് പോവുകയാണെങ്കില്‍ ഇന്ത്യയിലേക്ക് പോവുകയെന്നാണത്രേ അവര്‍ പറയുക. ഭൂരിഭാഗം ഗോത്രങ്ങളും ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ട്. ലങ്വയില്‍ ക്രിസ്ത്യന്‍ പള്ളിയും പള്ളി നടത്തുന്ന സ്‌കൂളുമുണ്ട്. ഞായറാഴ്ചകളില്‍ ലങ്വയില്‍ കടകളോ ഗതാഗതസൗകര്യമോ ഉണ്ടാകില്ല. പള്ളികളില്‍ ആരാധനയ്ക്ക് പോകുന്നതിനായി അതെല്ലാം അടച്ചിടും. 

കൊന്യാക് പുരുഷന്‍മാരുടെ കൈകളില്‍ അവര്‍ തദ്ദേശീയമായി നിര്‍മിക്കുന്ന യാങ് എന്ന തോക്കുകളുണ്ടാകും. ഇതിന് ലൈസന്‍സൊന്നുമില്ല. വേട്ടയ്ക്ക് പോകുന്നവര്‍ക്ക് മാത്രമല്ല, ഒരു പണിയുമില്ലാതെ കറുപ്പും വലിച്ച് ഇരിക്കുന്നവരുടെ കൈയിലും യാങ്ങും മൂര്‍ച്ചയേറിയ ദാവോ എന്നറിയപ്പെടുന്ന കത്തിയും ഇരുമ്പുമുനയുള്ള കുന്തവുമെല്ലാം കാണും. അതെല്ലാം പ്രൗഢിയുടെ പ്രതീകമായാണ് കൊന്യാക്കുകള്‍ കാണുന്നത്. പരിശീലനം ലഭിച്ചവര്‍ യാങ്ങും ദാവോയുമെല്ലാം അവരവരുടെ വീടുകളില്‍ ഇരുന്നുതന്നെയാണ് നിര്‍മിക്കുന്നത്. അതുപോലെ കറുപ്പുവലിക്കുന്നതിനും നിയന്ത്രണമില്ല. അവര്‍ പൂമുഖത്തെ അടുപ്പുകള്‍ക്ക് ചുറ്റുമിരുന്ന് കറുപ്പും വലിച്ച് വെടിവട്ടം പറഞ്ഞിരിക്കും. സഞ്ചാരികളുടെ കൈയില്‍നിന്നും പണം വാങ്ങുന്നത് കറുപ്പു വാങ്ങാന്‍ തന്നെയാണെന്ന് ലോങ്ഷ പറഞ്ഞു.

ചാം എന്ന മരഉരലും ഖാം എന്നുവിളിക്കുന്ന തടികൊണ്ടുള്ള നീളന്‍ ഡ്രമ്മും മിക്ക വീടുകളിലുമുണ്ടാകും. മരത്തിന്റെ ചുവടുഭാഗം മുറിച്ച് അതിനു നടുവില്‍ കുഴിയുണ്ടാക്കിയാണ് ചാം എന്ന മരഉരല്‍ നിര്‍മിക്കുന്നത്. സ്ത്രീകള്‍ ഉരലില്‍ ധാന്യമിടിക്കുന്ന ശബ്ദം കേട്ടാണ് ഗ്രാമമുണരുക.  മരത്തിന്റെ ഉള്‍ഭാഗം മുഴുവന്‍ ചെത്തിക്കളഞ്ഞ് കുഴിയുള്ള നീളന്‍പാത്രം പോലെ തോന്നുന്ന ഡ്രമ്മാണ് ഖാം. ഇത് പരസ്പരം കൊട്ടിക്കൊണ്ടാണ് ഇവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത്. അതുപോലെ ഉരലുണ്ടാക്കുന്നതിനുള്ള മരംമുറിക്കല്‍ കൊന്യാക്ക് ഗ്രാമങ്ങളിലെ സവിശേഷ ചടങ്ങാണ്. ചാം പൈ പങ്പു എന്ന ഈ ചടങ്ങിന് സാക്ഷിയാകാന്‍ എനിക്കു ഭാഗ്യമുണ്ടായി. ആചാരമനുസരിച്ച് വലിയ മരംവെട്ടി പാകത്തിനുള്ള തടിയാക്കി യുവാക്കള്‍ ഗ്രാമത്തിലേക്ക് ചുമടായി കൊണ്ടുവരും. പിന്നീട് അത് ഉരലാക്കി മാറ്റും. ചാം പൈ പങ്പു നടക്കുന്ന വീട്ടിലാണ് അന്ന് എല്ലാവര്‍ക്കും ഭക്ഷണം. ഗ്രാമമുഖ്യന്‍മാര്‍ ഭക്ഷണം കഴിക്കുന്നതുവരെ മറ്റുള്ളവര്‍ വീടിനു പുറത്തുനില്‍ക്കും.  ചടങ്ങിനെത്തിയ ഞങ്ങള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. ചൂടുപറക്കുന്ന കട്ടന്‍കാപ്പിയും മസ്തിഷ്‌കത്തെ ലഹരിയിലാഴ്ത്തുന്ന കറുപ്പും അവര്‍ ഞങ്ങള്‍ക്ക് വെച്ചുനീട്ടി. അവിടെ എല്ലാവരുമിരുന്ന് കറുപ്പ് വലിച്ചു. മുഖ്യനും ഉപമുഖ്യനും ഒഴികെ മറ്റെല്ലാവര്‍ക്കും കറുപ്പു വലിക്കാനുള്ള പൈപ്പ് പങ്കുവെച്ചു. മുഖ്യന്‍മാരുടെ അരയില്‍ കറുപ്പു വലിക്കാനുള്ള പൈപ്പ് തിരുകിവെച്ചിരുന്നു. പത്തുരൂപ കൊടുത്താല്‍പോലും ആവശ്യത്തിന് കറുപ്പ് കിട്ടും. വീടിനുള്ളില്‍ അടുപ്പിനു ചുറ്റുമിരുന്ന ചെറുപ്പക്കാര്‍ ഉണക്കിയ കറുപ്പ് തുണിയില്‍വെച്ച് ഞെരടി 20 മിനിറ്റിനുള്ളില്‍ അത് വലിക്കാന്‍ പാകമാക്കി. നെരിപ്പോടിനു ചുറ്റുമിരുന്ന് കാപ്പികുടിക്കുന്ന ലാഘവത്തില്‍ അവര്‍ കൂടിയിരുന്ന് കറുപ്പുവലിക്കും. ചെറുപ്പക്കാരും ചെറിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം മ്യാന്‍മറിലുള്ള കൊന്യാക്കുകള്‍ക്ക് കറുപ്പു വില്‍ക്കാറുണ്ടത്രേ. 

അരി, ചോളം, തിന, നാഗാപരിപ്പ്, ഇലവര്‍ഗങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷണം. യംഗായ് എന്നു വിളിക്കുന്ന ചീരയും അവര്‍ക്ക് പ്രിയമുള്ളതാണ്. തനി പ്രകൃതിവിഭവങ്ങള്‍ മാത്രമാണ് ഇവരുടെ ഭക്ഷണം. എണ്ണയോ അനാവശ്യ മസാലകളോ ഇല്ലാതെ തലമുറകളായി പകര്‍ന്നുലഭിച്ച ആ ഭക്ഷണശീലം അത്യധികം ആരോഗ്യകരമാണ്. നായാട്ടിലും കൊന്യാക്കുകള്‍ മിടുക്കരെന്ന് തെളിയിക്കുന്നതാണ് ചുവരില്‍ തൂക്കിയ മൃഗക്കൊമ്പുകളും തലയോട്ടികളുമെല്ലാം. പ്രിയപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മനുഷ്യരല്ലാത്ത എന്തിനെയും തിന്നുമെന്ന് ചിരിച്ചുകൊണ്ടവര്‍ മറുപടി പറഞ്ഞു. ഉടലെടുത്ത ഭയത്തെ ദീര്‍ഘനിശ്വാസമാക്കി ഞാനും ചിരിച്ചു. കൊന്യാക് ഗ്രാമത്തിലെ റോന്തുചുറ്റല്‍ അവസാനിപ്പിച്ച് ഞാനും ലോങ്ഷയും കുന്നിറങ്ങി. കാടിനെന്തൊരു കുളിരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ കാഴ്ച എവിടെയും കണ്ടില്ലെന്ന് അതിശയിപ്പിച്ചു. കൃഷിയിടത്തില്‍നിന്നും സ്ത്രീകളും പുരുഷന്‍മാരും ഗ്രാമവഴികളിലൂടെ നീങ്ങിത്തുടങ്ങിയിരുന്നു. മൂന്നു ചെറുപ്പക്കാര്‍ മുതുകില്‍ ഒരു ചുമട് വിറകുമായി കുന്നുകയറി വരുന്നതും ക്യാമറയില്‍ പകര്‍ത്തി താഴേക്ക് നടന്നു. 

ആകാശത്ത് ചിതറിക്കിടക്കുന്ന മേഘങ്ങള്‍ പോക്കുവെയിലിന്റെ തങ്കരശ്മികളാല്‍ വെട്ടിത്തിളങ്ങി. വന്‍മരങ്ങള്‍ക്കിടയിലൂടെ സ്വര്‍ണനൂലുകള്‍ നൂണ്ടിറങ്ങി. വഴികളില്‍ കൊഴിഞ്ഞുവീണ കരിയിലകളില്‍ തിളക്കമുള്ള സ്വര്‍ണപ്പൊട്ടുകള്‍... ആകെ ഒരു സ്വര്‍ണമയമായി മാറി ചുറ്റുപാടും. ചക്രവാളം തൊടുന്ന കുന്നുകള്‍ക്കിടയില്‍ സൂര്യന്‍ മുഖം പൂഴ്ത്തിവെക്കാന്‍ തുടങ്ങിയിരുന്നു. സൂര്യന്റെ ചുവപ്പുപടര്‍ന്ന ലങ്വ താഴ്വര വലിയ കാന്‍വാസില്‍ തീര്‍ത്ത ചിത്രംപോലെയായി. കുത്തനെയുള്ള വളഞ്ഞുപുളഞ്ഞ ഊടുവഴികളിലൂടെ ഞങ്ങള്‍ താമസസ്ഥലത്തേക്ക് വലിഞ്ഞുനടന്നു. റോഡിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനം പൊടിപാറിച്ച് കടന്നുപോകുന്നുണ്ടായിരുന്നു. 

രാജാവിന്റെ കൊട്ടാരവും ഗോത്രത്തിന്റെ കലാപരിപാടികളുമെല്ലാം അടുത്ത ദിവസം കാണിച്ചുതരുമെന്ന് ഉറപ്പുനല്‍കി ലോങ്ഷ ഗസ്റ്റ് ഹൗസില്‍നിന്ന് തിരിച്ചു. മുറിക്ക് പുറത്ത് കരിപിടിച്ച ആകാശത്തെ നോക്കിനില്‍ക്കുമ്പോള്‍ തണുത്ത കാറ്റുവന്ന് അകത്തേക്ക് പോകൂയെന്ന് ആജ്ഞാപിച്ചു. കൊന്യാക്കുകളുടെ ഗ്രാമത്തിലേക്കുള്ള വൈദ്യുതി നിലച്ചിട്ട് മാസം ഒന്നു കഴിഞ്ഞെന്ന ലോങ്ഷയുടെ വാക്കുകളെ ഓര്‍ത്തുകൊണ്ട് ലാപ്‌ടോപ്പ് തുറന്നുവെച്ചു. ചീരയും കിഴങ്ങും ചേര്‍ത്ത കറിയും ചോറും കഴിച്ച് ഉറങ്ങാന്‍ കിടന്നു. പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു. തലേദിവസം കുന്നും മേടും കയറി ഏറെ നടന്നെങ്കിലും ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ക്ഷീണം തോന്നിയില്ല. മഞ്ഞിന്റെ നേരിയ കമ്പളം പൊതിഞ്ഞുകിടക്കുന്ന ലങ്വ അതിമനോഹരിയാണ്. നോക്കിനില്‍ക്കെ കിഴക്കേക്കുന്നിന്‍മുകളില്‍നിന്ന് വെളിച്ചം പടര്‍ന്നുവന്നു. കഴിഞ്ഞ ദിവസം ഓടിയൊളിച്ചതിന്റെ ചമ്മലില്ലാതെ ലങ്വയെ നോക്കിച്ചിരിച്ച സൂര്യനൊപ്പം അവിടുത്തെ ജനങ്ങളും സജീവമായി. പ്രാതല്‍ കഴിച്ച് റെഡിയായപ്പോഴേക്കും ലോങ്ഷ അവിടെയെത്തി. കഴിഞ്ഞദിവസം പിരിയുമ്പോള്‍ കണ്ട അതേ ലുക്ക്, അതേ വേഷം. ഇവര്‍ക്കൊന്നും കുളിയും നനയുമൊന്നുമില്ലേയെന്ന് മനസ്സില്‍ കരുതി. കാട്ടരുവില്‍ നിന്നുള്ളതല്ലാതെ വെള്ളം കിട്ടാന്‍ മറ്റുമാര്‍ഗങ്ങളില്ല. ഞങ്ങള്‍ ക്യാമറാബാഗും തൂക്കിയിറങ്ങി. 

ലങ്വയില്‍ കൊന്യാക്കുകളുടെ രാജാവുണ്ട്. രാജാവിനെ അംഖ് എന്നാണ് വിളിക്കുന്നത്. അംഖിന്റെ കൊട്ടാരത്തിലേക്കായിരുന്നു ആ യാത്ര. ടൂറിസ്റ്റ് ഓഫ് സീസണായതിനാല്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. തോങ്യി പഫാങ് എന്ന പുതിയ അംഖ് ചെറുപ്പക്കാരനാണ്. ഒരു രാജാവിന്റെ ഗാംഭീര്യം അദ്ദേഹത്തിന്റെ മുഖത്തുണ്ട്. ഓറഞ്ചു മുത്തുകള്‍ പടിപടിയായി കോര്‍ത്ത കഴുത്ത് മുതല്‍ നെഞ്ചുവരെ പടര്‍ന്നുകിടക്കുന്ന മാലയും കൈമുട്ടിനുമുകളില്‍ തടികൊണ്ടുള്ള വീതിയേറിയ ഘടയും (വീതിയേറിയ വള) ലോഹവളയും ധരിച്ചിട്ടുണ്ട്. അംഗവസ്ത്രം കറുപ്പുനിറത്തിലാണ്. രാജചിഹ്നങ്ങള്‍ തുന്നിയെടുത്ത ജാക്കറ്റ് പോലൊരു മേലങ്കിയും അയഞ്ഞ് മുട്ടറ്റം വരെ കിടക്കുന്ന ട്രൗസേഴ്‌സുമാണ് അദ്ദേഹം ധരിച്ചിരുന്നത്. കാല്‍മുട്ടിന് താഴെ പ്രത്യേക വര്‍ണനൂലുകള്‍കൊണ്ടൊരു ബാന്‍ഡ്. ചൈനീസ് വിപണിയില്‍ നിന്നെത്തിയ ഷൂസും സോക്സും രാജവേഷത്തോട് ചേരാതെ നില്‍ക്കുന്നപോലെ തോന്നി. പ്രധാന ഹാളിലെ അടുപ്പിന് ചുറ്റുമിട്ട മുളകൊണ്ടുള്ള ഇരുപ്പിടത്തില്‍ ഇരുത്തി അദ്ദേഹം കുശലം പറഞ്ഞു. കൊട്ടാരം മറ്റു വീടുകളേക്കാള്‍ വലുപ്പമേറിയതാണ്. അടുക്കളയില്‍ ധാന്യങ്ങളും ഉണക്കിയ മത്സ്യമാംസങ്ങളും വലിയ മണ്‍കുടങ്ങളിലാക്കി ഉറിയില്‍ തുക്കിയിട്ടിരുന്നു. കാഴ്ച ഇതൊന്നുമല്ല. കൊട്ടാരത്തിന് നടുവിലൂടെയാണ് ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തി. രാജാവ് ഇരുന്നത് ഇന്ത്യയിലും ഞാനിരുന്ന ഭാഗം മ്യാന്‍മാറുമാണെന്ന് ലോങ്ഷ പറഞ്ഞു ചിരിച്ചു. 

1970-ല്‍ ഇന്ത്യ-ബര്‍മ അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ പരന്നുകിടന്ന ഈ പ്രദേശത്തെയും ഇരുരാജ്യങ്ങളിലാക്കി. ഭക്ഷണം കഴിക്കുന്നത് ഇന്ത്യയിലിരുന്നും കിടപ്പ് മ്യാന്‍മാറിലുമാണെന്നതൊന്നും അവരെ ബാധിക്കാറില്ല. രാജ്യാന്തര അതിര്‍ത്തി ലംഘനമെന്നതൊന്നും പ്രശ്നമേയല്ല. പ്രാചീന ഗോത്രവര്‍ഗമായതിനാല്‍ ഇരുരാജ്യവും ഇവരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. എന്നാല്‍, ക്രമസമാധാനം പാലിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലുകളുണ്ട്. ചൈനീസ് നിര്‍മിത തോക്കുകളുമായി രണ്ട് ചെറുപ്പക്കാരെ സൈനികര്‍ പിടികൂടിയതും അന്നാണ്. കറുപ്പ് വന്‍തോതില്‍ കടത്തുന്നതെല്ലാം സൈന്യം നിരീക്ഷിക്കാറുണ്ടത്രേ. കൊട്ടാരത്തില്‍ കിടപ്പുമുറികളുള്ള ഭാഗം ടിന്‍ ഷീറ്റുകൊണ്ട് മേഞ്ഞിരുന്നു. വര്‍ഷംതോറും മേല്‍ക്കൂര നന്നാക്കുന്നത് പ്രയാസകരമായതിനാലാണ് ഷീറ്റ് മേഞ്ഞതെന്നും എന്നാല്‍, അതുമൂലം ചൂടുകൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ചുവന്നമുത്തുകൊരുത്ത ചെറിയ മാല സമ്മാനിച്ചാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്.  ഉച്ചയോടെ ഞങ്ങള്‍ അവിടെനിന്നും ഗ്രാമത്തിലേക്കുതന്നെ തിരിച്ചു. ലങ്വയിലെ വെയിലിന് കടുപ്പം കുറവാണ്. മണ്‍പാതകളിലൂടെ കുന്നിന്‍ചെരുവിലുള്ള ഗ്രാമത്തലവന്റെ വീട്ടിലേക്ക്. തലയില്‍ വര്‍ണത്തൂവലുള്ള തൊപ്പിക്കിരീടവും കൈയില്‍ മൂര്‍ച്ചയേറിയ കുന്തവുമേന്തി മുഖ്യന്‍ വീട്ടില്‍നിന്ന് ഇറങ്ങിവന്നു. മെല്ലിച്ച് എല്ലുന്തിയ നെഞ്ചില്‍ എതിരാളിയുടെ തലയെടുക്കാന്‍ പോയ പടയാളിയെന്ന പച്ചകുത്തല്‍. കാതില്‍ വളഞ്ഞുകിടക്കുന്ന കറുത്ത മാന്‍ കൊമ്പ്. ചിരിച്ചില്ല, ഗൗരവം ചോരാതെ തലകുലുക്കി എന്തോ പറഞ്ഞു. ലോങ്ഷയാണ് മറുപടി പറഞ്ഞത്. വീടിന്റെ ചുമരില്‍ നാടന്‍ തോക്കും മൃഗങ്ങളുടെ തലയോടുകളും തൂങ്ങിയിരുന്നു. ലോങ്ഷയുടെ അഭ്യര്‍ഥന മാനിച്ച് മുഖ്യന്റെ ഭാര്യയും പുറത്തുവന്നു. കഴുത്തില്‍ ചുവന്ന മുത്തുമാല. ലുങ്കിയും കൈനീളമുള്ള കുപ്പായവുമാണ് വേഷം. ഭാവഭേദങ്ങളില്ലാതെ വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. മുറ്റത്ത് നാട്ടിയ തടികമ്പില്‍ വട്ടത്തിലുള്ള ഡ്രമ്മുകള്‍ തൂക്കിയിരുന്നു. കാമറ കണ്ണിലൂടെ എവിടേക്കു നോക്കിയാലും അത് ഒപ്പിയെടുക്കാന്‍ പാകത്തിനുള്ള ഫ്രെയിമുകളാണ്. അതാണ് ലങ്വയുടെ പ്രത്യേകതയും. 

Nagaland 3

വെയിലിന്റെ ചൂട് വീണ്ടും കുറഞ്ഞു കൊണ്ടിരുന്നു. കുന്നുകേറും തോറും തണുപ്പുള്ള കാറ്റ് ആശ്വാസമായി എത്തി. കൊന്യാക്കുകളുടെ കൃഷിയിടവും ഗ്രാമത്തില്‍ നാടന്‍ തോക്കായ യാങ് ഉണ്ടാക്കുന്ന വീടുകളും മറ്റും ചുറ്റിക്കണ്ടു. പഴയ ഗ്രാമസഭാ സംവിധാനത്തിലാണ് ഇവിടത്തെ ഭരണം. രാജാവ് കഴിഞ്ഞാല്‍ സ്ഥാനം ഗോത്രമുഖ്യനാണ്. അദ്ദേഹത്തിന്റെ കീഴില്‍ മുഖ്യസ്ഥാനമുള്ള രണ്ടോ മൂന്നോ പേരുണ്ടാകും. കുന്നില്‍ ചെരുവിനെ ചുവപ്പണിയിച്ച് സന്ധ്യകടന്നു വന്നപ്പോള്‍ ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ തയ്യാറായി. ചെമ്പന്‍ മുടിയും സ്വര്‍ണനിറവും തിളക്കമുള്ള കുഞ്ഞുകണ്ണുകളുമുള്ള കൊന്യാക്ക് പെണ്‍കുട്ടികള്‍ നാട്ടുവഴിയിലൂടെ വേഗത്തില്‍ നടന്നുനീങ്ങി. മുടിയെല്ലാം കുത്തനെ നിര്‍ത്തി പകുതി ചെമ്പന്‍ നിറമടിച്ച ഒരു പച്ചപരിഷ്‌കാരി കൊന്യാക് കൗമാരക്കാരന്‍ ഞങ്ങളെ നോക്കി ചിരിച്ചു. അവന്റെ മോഡേണ്‍ ലുക്കും ചിരിയും ക്യാമറയില്‍ പതിപ്പിക്കാന്‍ മറന്നില്ല. തനതായ ഭംഗി ഉള്ളവരാണ് കൊന്യാക് വംശജര്‍. അവരുടെ ഭംഗിയുള്ള രൂപവും മൃദുവായ പെരുമാറ്റവും കണ്ടാല്‍ പറയില്ല ശത്രുവിന്റെ ശിരസ്സ് ഛേദിച്ചെടുക്കുന്ന ഒരു വംശാവലിയിലെ പിന്മുറക്കാരാണെന്ന്.

അടുത്തദിവസം വീട്ടില്‍ കൊണ്ടുപോകാമെന്നും കൂടുതല്‍ കാഴ്ചകളിലേക്ക് പോകാമെന്നും ഉറപ്പ് നല്‍കി ലോങ്ഷ പിരിഞ്ഞു. ഗസ്റ്റ്ഹൗസിലെത്തി കുളിച്ച് വൃത്തിയായി ഭക്ഷണവും കഴിച്ചു. മൊബൈലും ലാപ്‌ടോപ്പും തുറന്നുവെച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ലങ്വയിലെ കുളിരില്‍ പാല്‍നിലാവ് പരത്തിയ പൗര്‍ണമിയെത്തി. നിലാവിലലിഞ്ഞ കാട്, തിരകള്‍ ശമിച്ച് ശാന്തനായ കടല്‍പോലെയുണ്ട്. രാത്രിക്കുവേറെ കുളിരെന്ന് ഓര്‍മിച്ച് ചൂളംകുത്തിയ തണുപ്പ് കോട്ടിനകത്തേക്കും അരിച്ച് കയറി. അസാധാരണമായ എന്തോ ശബ്ദം കേട്ടുകൊണ്ട് ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നു. അതിനുപിറകെ വെടിവെപ്പിന്റെ ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. എന്ത് അപകടമാണേലും സഹിക്കാനല്ലാതെ നിവൃത്തിയില്ലെന്ന വിചാരത്തില്‍ തണുത്തുറച്ച് വീണ്ടും കിടന്നു. ഗ്രാമമുഖ്യനിലൊരാള്‍ മരിച്ചത് അറിയിക്കുന്നതിനാണ് പെരുമ്പറകൊട്ടുകയും വെടിയുതിര്‍ക്കുകയും ചെയ്തതെന്ന് രാവിലെയാണ് അറിയാന്‍ കഴിഞ്ഞത്. 

Konyak 1

അന്യംനിന്ന് പോകാറായ ഒരു വംശത്തിലെ പരമ്പരാഗത മരണാനന്തര ക്രിയകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയുകയെന്നത് ഭാഗ്യം തന്നെയാണ്. മരിച്ചയാളുടെ ശവശരീരം ഗേത്രാചാരമനുസരിച്ച് പുതപ്പിച്ച് കിടത്തിയിരിക്കും. മുഖ്യസ്ഥാനങ്ങളിലുള്ള കാരണവന്‍മാര്‍ പരമ്പരാഗത വേഷവും ദാവോ എന്ന നീണ്ടകുന്തവുമായി ചുറ്റും നിന്ന് തനത് ഭാഷയില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. 'നമ്മള്‍ ശത്രുക്കളുടെ തലകൊയ്യാന്‍ പോയില്ലേ. നീ ശിരസ്സുകൊയ്തെടുത്ത് വംശത്തിന്റെ മാനം കാത്തില്ലേ' എന്നിങ്ങനെ അയാള്‍ ഭൂതകാലത്ത് ചെയ്ത വീരപ്രവൃത്തികളാണ് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതെന്ന് ലോങ്ഷ തര്‍ജമപ്പെടുത്തി. ഓരോ ചടങ്ങ് കഴിയുമ്പോഴും നിരയായി തോക്കും പിടിച്ചുനിന്ന ചെറുപ്പക്കാര്‍ നിറയൊഴിച്ച് എന്തോ വിളിച്ചുപറഞ്ഞു. അവര്‍ കൂട്ടമായിനിന്ന് മരിച്ചയാള്‍ ചെയ്ത സത്കര്‍മങ്ങള്‍ പാടി ഓരോ താളത്തില്‍ ചുവടുവെച്ചു. പോരാളിക്ക് നല്‍കുന്ന ഉചിതമായ യാത്രയയപ്പെന്ന് മനസ്സില്‍ തോന്നി. ക്രിസ്തുമതത്തിലേക്ക് മാറിയവരും മരണാനന്തരച്ചടങ്ങുകളില്‍ പഴയ ആചാരങ്ങളാണ് തുടരുന്നതെന്ന് ലോങ്ഷ പറഞ്ഞു. 

അന്യംനിന്നുപോയ ഒരു പ്രാചീന സംസ്‌കാരത്തിന്റെ അവസാന കണ്ണികളായ കൊന്യാക്കുകള്‍. പ്രകൃതിയെ ചേര്‍ത്ത് തങ്ങളുടെ ഗോത്രത്തെ സംരക്ഷിച്ചുവരുന്ന അവരോട് ബഹുമാനം തോന്നിത്തുടങ്ങിയിരുന്നു. അഞ്ചുദിവസത്തെ കാട്ടുവാസം അവസാനിപ്പിക്കുകയാണെന്ന് ലോങ്ഷയോട് നേരത്തെതന്നെ പറഞ്ഞിരുന്നു. ലങ്വയില്‍നിന്നും വല്ലപ്പോഴും മോണ്‍ നഗരത്തിലേക്കുള്ള ഷെയര്‍ ടാക്സിയിലാകാം മടക്കമെന്നു കരുതി. ലോങ്ഷ അമ്മാവന്റെ കാറില്‍ ലങ്വ പട്ടണം വരെയാക്കി. വീണ്ടും വരണമെന്നത് വെറും ഉപചാരവാക്കുകളായല്ല അവന്‍ പറഞ്ഞതെന്ന് തോന്നി. സുമയില്‍ കയറ്റി ബാഗ് മടിയില്‍വെച്ചുതന്ന് കൈ ചേര്‍ത്തുപിടിച്ച് ചെറുമീന്‍ കണ്ണുകളടച്ച് അവന്‍ ചിരിച്ചു. പ്രകാശം പരത്തുന്ന ആ ചിരി വണ്ടിയെ പിന്തുടരുന്നുണ്ടായിരുന്നു.

യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Highlights: Nagaland Travel, Konyaks in Nagaland, 10 Years of Mathrubhumi Yathra