കാര്‍ഷിക വയനാടിന്റെ താളങ്ങള്‍ക്കെല്ലാം വള്ളിയൂര്‍ക്കാവ് സാക്ഷ്യം നല്‍കിയിരുന്നു. ഓണം കഴിഞ്ഞാല്‍ നേരം വെളുക്കുകയും വിഷു കഴിഞ്ഞാല്‍ നേരമിരുട്ടന്നതുമായ കാലം. കാര്‍ഷിക സമൃദ്ധിയുടെ നല്ല കാലങ്ങളില്‍ കാവിലെ ആറാട്ട് ഈ നാടിന്റെ ഐശ്വര്യങ്ങള്‍ക്കെല്ലാം നിദാനമായി എന്നായിരുന്നു പഴമക്കാരുടെ വിശ്വാസം. ഒരാണ്ടത്തെ ഉത്സവങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് ഇവിടുത്തെ ആറാട്ട് മഹോത്സവം. കാലത്തെ കണക്കാക്കുമ്പോള്‍ കാവിലെ ആറാട്ടിന് മുമ്പും പിമ്പും ഇങ്ങനെയായിരുന്നു വയനാട്ടിലെ കാര്‍ഷിക കലണ്ടര്‍. മലബാറിലെ തീര്‍ത്ഥാടക ടൂറിസം കലണ്ടറിലും ഇങ്ങനെയൊക്കെ വള്ളിയൂര്‍ക്കാവ് ഇടം പിടിച്ചു. മാന്തവാടിയില്‍ നിന്നും വിളിപ്പാടകലെയാണ് ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം.

Valliyoorkkavu 1

മീന മാസമെത്തിയാല്‍ വയനാടിന്റെ വഴികളെല്ലാം കാവിലേക്കായിരുന്നു. പിന്നീട് ആറാട്ട് കഴിയുന്നതോടെ മാത്രമാണ് മടക്കം. നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ശീലങ്ങളില്‍ നിന്നും ഗോത്രജനതയും വഴിമാറിയില്ല. കാവിലമ്മയുടെ ആറാട്ടിന് കുടുംബസമേതം എത്തുക എന്നത് ആത്മ നിര്‍വൃതിയുടെ നിമിഷങ്ങളായി ഇവരും കരുതിപ്പോന്നു. ഗോത്രസംസ്‌കൃതിയുടേയും കാര്‍ഷിക സമൃദ്ധിയുടെയും വേരോട്ടമുളള മണ്ണില്‍ കാവിലെ ഉത്സവം അങ്ങിനെ വയനാട്ടുകാരുടെ മഹോത്സവമായി. ജീവിതത്തിന്റെ നാനാവഴികളില്‍ നിന്നും ഭഗവതിയുടെ സന്നിധാനത്തില്‍ വന്ന് മടങ്ങുന്നത് പതിവാക്കിയവരാണ് അനേകം പേര്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കബനി നദിക്കരയിലെ വള്ളിയൂരമ്മയുടെ ആറാട്ട് ഗോത്ര മനസ്സുകളില്‍ ഇടം തേടിയിരുന്നു. അടിമവേലയുടെ ഓര്‍മ്മകളില്‍ പോലും എല്ലാംമറന്ന് ജന്മിമാരോടെപ്പം കാവിലെ ഉത്സവത്തില്‍ പങ്കുചേര്‍ന്നതാണ് ഗോത്രജനതയുടെയും ചരിത്രം.     

വേനല്‍ ചൂടിന്റെ പാരവശ്യത്തില്‍ കാവിലെ ഉത്സവത്തിനാണ് ഒരുകാലത്ത് മഴപോലും ലഭിച്ചിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. തിമിര്‍ത്തുപെയ്യിന്ന കാലവര്‍ഷത്തിന് മുമ്പേ ആഘോഷങ്ങള്‍ക്കെല്ലാം കൊട്ടിക്കലാശമാണ് കാവിലെ ആറാട്ട്. താഴെക്കാവിലെ അമ്മായത്തില്‍ ജലദുര്‍ഗയെ ആരാധിച്ച് പരമ്പരാഗത വേഷവുമായി ഉത്സവം കഴിയുന്നതുവരെ ചെലവഴിച്ചാണ് ആദിവാസികളുടെ പോലും മടക്കയാത്ര. മുറുക്കി ചുവപ്പിച്ച് തുടിയും ചീനിവാദ്യവുമായി ഗോത്രജനത പൗരാണികതയുടെ മുഖഭാവമാണ് നല്‍കുന്നത്. കാളവണ്ടിയിലും കാല്‍നടയുമായി കാവിലെ ആറാട്ട് എഴുന്നളെളത്തിന് കിലോമീറ്ററുകള്‍ താണ്ടിയെത്തിയവരാണ് വയനാട്ടിലെ പഴമക്കാര്‍. കാര്‍ഷിക ഉപകരണങ്ങളും വീട്ടുപകകരണങ്ങളും വാങ്ങാനുളള വേദിയായും വയനാട്ടിലെ പഴയതലമുറ വളളിയൂര്‍ക്കാവ് മഹോത്സവത്തെ കണ്ടിരുന്നു. ജാതി മത ഭേദമില്ല. കാവിലെ ഉത്സവം കര്‍ഷക നാടിന്റെ കലണ്ടറാണ്. കാവ് വരട്ടെ, കാവ് കഴിയട്ടെ എന്നെല്ലാമാണ് മുന്‍തലമുറ കാലത്തെ കണക്കാക്കി പറഞ്ഞിരുന്നത്.ഇവിടെ ഉത്സവങ്ങള്‍ക്ക് തുടക്കമായത് എപ്പോഴെന്ന് പഴയ തലമുറകള്‍ക്ക് പോലും നിശ്ചയമില്ല.അത്രയധികം പൗരാണികതയില്‍ നിന്നാണ്  കാവിന്റെ വഴികള്‍ നടന്നെത്തിയത്.

Valliyoorkkavu 2

കബനിയാല്‍ ചുറ്റപ്പെടുന്ന പാട്ടുപുരയും  മഴ നനയുന്ന ശ്രീകോവിലും ചെമ്മണ്‍ പാതയും നടവഴിയും ആരാധനാകേന്ദ്രങ്ങളില്‍ കാവിനെ വ്യത്യസ്തമാക്കുന്നു. കാലമേറെ കഴിഞ്ഞെങ്കെലിലും കാവിനെ ആധുനികത കൂടുതലായെന്നും മുഖം മാറ്റിയിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉത്സവം കണ്ടിരുന്ന വയനാട്ടിലെ പഴമക്കാര്‍ കാവിലെത്തുന്നതിന് ഒരു കരുതല്‍ സമ്പാദ്യവും അന്ന് ശീലമാക്കിയിരുന്നു. കാലത്തെ കാഴ്ചകളിലേക്ക് കൂട്ടിവായിക്കുമ്പോള്‍ കാവ് ഇന്നും വിസ്മയമാണ്. പകരം വെക്കാനില്ലാത്ത കര്‍ഷകനാടിന്റെ ഒരേ ഒരു വള്ളിയൂര്‍ക്കാവ്. വയനാടിന്റെ നാട്ടുവഴികള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും കാവില്‍ തന്നെയാണ്.

കാര്‍ഷിക പെരുമയുടെ കാവ്         

ഗോത്ര താളത്തില്‍ നാടുമുഴുവന്‍ അലിയുമ്പോഴും കര്‍ഷകനാടിന്റെ കൃഷിയോര്‍മ്മകള്‍ പോയകാലത്തിലേക്ക് തിരിച്ചുനടക്കുന്നു. കൊരമ്പക്കൂട ചൂടിയ ആദിവാസി സ്ത്രീയും നാട്ടു പെരുമകളും വയനാടിന്റെ ഓര്‍മച്ചിത്രമാണ്. നിലം ഉഴുതുമുറിക്കാനുള്ള കലപ്പകള്‍ നിരത്താനുള്ള താവകള്‍ പുല്ല് ഇളക്കി മറിക്കാനുള്ള പക്കകള്‍ എന്നിങ്ങനെ  കാര്‍ഷിക വയനാടിന്റെ കൃഷിയുപകരണങ്ങളെല്ലാം വളളിയൂര്‍ക്കാവിന്റെ ഉത്സവ ചന്തയില്‍ നിന്നാണ് മുന്‍തലമുറ വാങ്ങിയിരുന്നത്. കത്തി മുതല്‍ കൃഷി ആവശ്യത്തിനുള്ള എല്ലാ ഉപകരണങ്ങളും ഈ ചന്തയിലേക്ക് പഴയകാലത്തും  മറുനാടന്‍ വ്യാപാരികള്‍ എത്തിച്ചിരുന്നു. മണ്‍പാത്രങ്ങളും കുട്ട വട്ടി തുടങ്ങിയ മുളയുത്പന്നങ്ങളും കിട്ടണമെങ്കില്‍ ഇവിടെ തന്നെ വരണം. ഒരുവര്‍ഷക്കാലം ഉപയോഗിക്കാനുളള മുഴുവന്‍ സാധനങ്ങളും ഇവിടെ നിന്നും വാങ്ങി സൂക്ഷിക്കുന്ന പതിവും വയനാടന്‍ ജനത ശിലിച്ചെടുത്തിരുന്നു. കുടിയേറ്റക്കാര്‍ വന്നതോടെ ഇവരും ഈ ഉത്സവത്തിന്റെ ഭാഗമായി. മറ്റു വിപണികളും വ്യാപര കേന്ദ്രങ്ങളും സക്രിയമല്ലാത്ത അക്കാലത്ത് കാവിലെ ചന്ത തന്നെയായിരുന്നു ഇവരുടെയും ആശ്രയം.

Valliyoorkkavu 3

പണത്തിന് പകരം നെല്ലും കാര്‍ഷിക വിളകളും നല്‍കിയാണ് പല വീട്ടുപകരണങ്ങളും ഇവിടെ നിന്നും മുന്‍തലമുറ വാങ്ങിയിരുന്നത്. കുരുമുളകും പകരമായി നല്‍കി കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിന്റെ ഓര്‍മ്മകളാണ് മുന്‍ തലമുറ പങ്കുവെക്കുന്നത്. കാര്‍ഷിക സമൃദ്ധിയുടെ  ഭൂതകാലം ഗോത്രജീവിതത്തിന്റെ  നല്ലകാലം കൂടിയാണ്. അടിയാന്‍മാരും ജന്മിമാരും പങ്കിട്ടെടുത്ത കാര്‍ഷിക സംസ്‌കാരമായിരുന്നു വയനാടിനും സ്വന്തമായിരുന്നത്. കാവിലെ ഉത്സവത്തിന്റെ ചന്തയില്‍ നിന്നും ആടയാഭരണങ്ങള്‍ വാങ്ങാന്‍ കരുതല്‍ സമ്പാദ്യം ഉണ്ടാക്കുന്നവരായിരുന്നു ആദിവാസികളടക്കമുള്ളവര്‍. പുല്ലുമേഞ്ഞ വീടിന്റെ മുള കൊണ്ടുള്ള ഉത്തരത്തില്‍ ദ്വാരങ്ങളുണ്ടാക്കി ഇതില്‍ നാണയ തുട്ടുകള്‍ ഇട്ടുവെക്കുന്നത് ഇവരുടെ ശീലമായിരുന്നു. കാവില്‍ ആറാട്ട് മഹോത്സവം എത്തുമ്പോള്‍ ഇവ അടര്‍ത്തിയെടുത്ത് ചന്തയിലേക്ക് പോകുന്നതായിരുന്നു നാട്ടുനടപ്പ്. അങ്ങിനെ കാവിലെ ചന്തയും ചരിത്രത്തിന്റെ ഭാഗമായി.

കൃഷിയുമായി നേരിട്ട് ഇടപെട്ട ജനതയുടെ ഉത്സവങ്ങളെല്ലാം ഗോത്രജനതയുടെ ജീവിതങ്ങള്‍ക്ക് നിറം നല്‍കി. ജന്മിമാരുടെ തറവാടുകളിലും ഗോത്രങ്ങളുടെ സങ്കേതങ്ങളിലും ഒരുപോലെ സന്തോഷം നല്‍കിയ ഈ ദിനങ്ങളില്‍ പരമ്പരാഗത ആചാര ക്രമങ്ങള്‍ക്കും പ്രധാന്യമുണ്ടായിരുന്നു. ഇവയുടെ ഓര്‍മകള്‍ കൂടിയാണ് വള്ളിയൂര്‍ക്കാവ്  തിരികെയെത്തിക്കുന്നത്. നെല്ലായിരുന്നു പ്രധാനമായും വയനാടിന്റെ കൃഷി ശീലം. ഇതിനൊക്കയും പണിയാളുകളും ധാരാളമായി വേണം. നല്ല കരുത്തന്‍മാരായ പണിയാളുകളെ കിട്ടാനും വള്ളിയൂര്‍ക്കാവിന്റെ ഉത്സവ സ്ഥലത്തെത്തണം. ഒരാണ്ടിന് നിപ്പു പണം നല്‍കി പണിയാളുകളെ കണ്ടെത്താന്‍ ജന്മികളും കാവിന്റെ പരിസരത്ത് എത്തുമായിരുന്നു. 

അലിയുന്നു ഗോത്രതാളം

തുടിതാളവും ചീനിക്കുഴല്‍ വിളിയും താളത്തിനൊത്ത് ചിലങ്കയുമായി പണിയരുടെ ഉത്സവമേളം. ജന്മികുടിയാന്‍ വേര്‍തിരിവൊന്നുമില്ലാതെ കാവിലെ ഉത്സവം ആദിവാസികളുടേത് കൂടിയാണ്. ഉത്സവ നടത്തിപ്പിന് ആദിവാസി മൂപ്പന്‍മാരെ ഒപ്പം കൂട്ടി അവര്‍ തന്നെ ആറാട്ടിന് കൊടിയേറ്റ് നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം ഇതുമാത്രമാണ്. ആദിവാസികളില്‍ ഏറ്റവും കുടംബവലുപ്പമുള്ള പണിയ സമുദായം മുതല്‍ അടിയന്‍മാര്‍ വരെ വള്ളിയൂര്‍ക്കാവ് ഉത്സവ നടത്തിപ്പിന് പ്രഥമ സ്ഥാനീയരാണ്.അസുര ചെണ്ടകള്‍ക്കൊപ്പം ഗോത്ര വാദ്യങ്ങളും ഇവിടെ ഇഴപിരിയുന്നു. ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നിന്നെത്തുന്നവരെല്ലാം ഇവിടെ പതിനാല് ദിവസം പിന്നിടുന്ന ഉത്സവ ലഹരിയുടെ ഭാഗമാകുന്നു.

Valliyoorkkavu 4

ആദിവാസി കുടംബങ്ങള്‍ ഒന്നാകെ കാവിന്റെ സന്നിധിയിലെത്തി രാപകല്‍ കഴിച്ചു കൂട്ടുന്നത് കാവിന്റെ നിറം മങ്ങാത്ത ചിത്രമാണ്. മറ്റുള്ളവര്‍ക്കൊപ്പം വള്ളിയൂരമ്മയുടെ അനുഗ്രഹം മാത്രമാണ് വരും വര്‍ഷത്തിന്റെ സമൃദ്ധിക്കെല്ലാം നിദാനമെന്ന് ഇവരും കാലങ്ങളായി കരുതിപോകുന്നു. വെറ്റില മുറുക്കി കാവിലെ കാഴ്ചകള്‍ കണ്ട് ആറാട്ടിന്റെ പിറ്റേന്നാളാണ് ഇവരുടെ വീട്ടിലേക്കുള്ള മടക്കം. അതുകൊണ്ടു തന്നെ മുറുക്കി ചുവന്ന കാവ് എന്ന ചൊല്ലും വയനാട്ടുകാര്‍ക്ക് സുപരിചിതമാണ്. വേട രാജാക്കന്‍മാരുടെ പാരമ്പര്യത്തില്‍ നിന്നും കൈമാറി വന്ന സംസ്‌കൃതിയിലേക്ക് പില്‍ക്കാലത്ത് കാവും ഇണങ്ങിച്ചേര്‍ന്നതോടെ ഐതീഹ്യങ്ങളുടെ പെരുമ മാത്രമായി കാവിന്റെ കുലീനത.ചുറ്റമ്പലങ്ങളില്ലാതെ ആഢംബരങ്ങളില്ലാതെ കാവും വയനാടിന്റെ ആത്മീയ തേജസ്സായി. കാലത്തെ ജീവിതത്തോടിണക്കിയും ജീവിതത്തെ കൃഷിയോടിണക്കിയുമായിരുന്നുഗതകാല വയനാടിന്റെ സംസ്‌കൃതി.മാരി പെയ്തിറങ്ങിയ കഷ്ടപ്പാടുകള്‍ക്കിടയിലും നുറ്റാണ്‍ണ്ടുകള്‍ക്ക് മുമ്പെ ഗോത്ര നാടിന്റെ മനസ്സില്‍ ഉത്സവങ്ങള്‍ നിറം നല്‍കി.തിറക്കളങ്ങളിലും ക്ഷേത്ര മുറ്റത്തും അനുഷ്ഠാനങ്ങളെ ഭവ്യതയോടെ സ്വീകരിച്ചും വള്ളിപ്പടര്‍പ്പുകള്‍ക്ക് മുന്നിലെ കാവുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ചു നിന്നും പോയകാലം ഭക്തി സാന്ദ്രമായി.

Valliyoorkkavu 9
 
വയനാടിന്റെ വിശ്വാസ പ്രമാണങ്ങളില്‍ തിറയായും കളിയാട്ടമായും ഗദ്ദികയായും ഗുഡയായും ഉത്സവങ്ങള്‍ ഓരോന്നായി കടന്നു പോയി. ഗോത്ര ജീവിതത്തെ ഒപ്പം കൂട്ടിയ ഈ ഉത്‌സവങ്ങള്‍ക്കെല്ലാം ചരിത്രം അകമ്പടി നല്‍കി. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഈ നാടിന്റെ പൈതൃകങ്ങള്‍  അടിമുടി വളര്‍ന്നത്. കെട്ടുകാഴ്ചകളും ആഢംബരങ്ങളുമായി  മറ്റു നാടുകളൊക്കെ ഉത്സവങ്ങളുടെ പുതിയ മുഖം തേടുമ്പോള്‍ ഗോത്രനാട് ഇന്നും പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു. ചുറ്റമ്പലങ്ങളും വലിയ കമാനങ്ങളുമില്ലാതെ പച്ചപ്പുകള്‍ കുട പിടിക്കുന്ന കൂടാരത്തിനുള്ളിലാണ് ഇവിടുത്തെ ഗോത്ര കലകളും വളര്‍ന്നത്.
പ്രകൃതി ഭാവങ്ങളുടെ വിസ്മയം.

Valliyoorkkavu 5

പാട്ടുപുരയും നാഗങ്ങളിഴയുന്ന മണിപുറ്റും അമ്മായത്തിലെ മത്സ്യങ്ങളുമെല്ലാം വള്ളിയൂര്‍ക്കാവിന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു. കബനിയുടെ കൈവഴിയിലെ അമ്മായത്തില്‍ മത്സ്യങ്ങളെ ഊട്ടി താഴെക്കാവിലെ പാട്ടുപുരയുടെ മുന്നിലുള്ള മണിപുറ്റിനെ വലംവെച്ച് മേലെ കാവിലെ വള്ളിയൂരമ്മ സന്നിധിയിലെത്തുന്നതാണ് പഴമക്കാരുടെയും ശീലം. ഏതുവേനലിലും അമ്മായത്തില്‍  വെള്ളം നിറഞ്ഞു നിന്ന കാലം. ഉത്സവത്തിനായാലും അല്ലെങ്കിലും കുളിച്ചുതൊഴല്‍ പതിവാക്കിയവര്‍  ഈ കാവിന്റെ പുണ്യമായിരുന്നു. വയനാടിന്റെ ദേശീയ ഉത്സവമെന്നതിലുപരി  ആറാട്ട് ഉത്സവത്തിന് അന്യദേശത്തുനിന്നും ധാരാളം പേര്‍ മുടങ്ങാതെ എത്തുന്നതിനു പിന്നിലും ഈ അനുഭവങ്ങളുടെ കുളിരുണ്ട്. തലമുറകളിലേക്ക് സന്നിവേശിക്കപ്പെട്ട ആത്മീയഭാവമാണിത്.

Valliyoorkkavu 8

കോട്ടയം രാജവംശവുമായി ബന്ധപ്പെട്ടതാണ് വള്ളിയൂര്‍ക്കാവിന്റെ ചരിത്രം. വള്ളിയില്‍ തൂങ്ങിക്കിടക്കുന്ന വാളുമായി ബന്ധപ്പെട്ടതാണ് ഐതിഹ്യം. ജലദുര്‍ഗയായും വനദുര്‍ഗയായും വളളിയൂരമ്മ കുടികൊള്ളുന്നു. കൊടുങ്ങല്ലൂരമ്മയുടെ കോമരമായ വടക്കേള നമ്പ്യാരും സഹയാത്രികനും ഭരണി തൊഴാനായി പോകുന്ന വഴി വയനാടിന്റെ വനാന്തര്‍ഭാഗത്തുള്ള ഗ്രാമങ്ങളില്‍ നിന്നും വഴിപാടുകള്‍ സ്വീകരിച്ചിരുന്നു. യാത്ര മധ്യേ ക്ഷീണിതരായ ഇവര്‍ കബനീ തീരത്തുള്ള വനത്തില്‍ വിശ്രമിച്ചു. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ തിരുവായുധമായ വാള്‍ മരച്ചുവട്ടില്‍ വെച്ച ശേഷം കബനിയില്‍ കുളിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഇവര്‍ അല്‍പ്പമൊന്നുമയങ്ങി പോയി. ഉണര്‍ന്നതും വാള്‍ കാണാനില്ല. വടക്കേള നമ്പ്യാരും സഹയാത്രികനും ഇതോടെ പരിഭ്രമത്തിലായി. ആദിവാസിയായ കാലിനോട്ടക്കാരനെയും കൂട്ടി ഇവര്‍ വാള്‍ തിരഞ്ഞിറങ്ങി. ഈ സമയം തൊട്ടടുത്ത മരത്തില്‍ പടര്‍ന്ന് കയറിയ വള്ളിയില്‍ വാള്‍ തൂങ്ങി കിടക്കുന്നതായി ഇവര്‍ കണ്ടെത്തി. ഊരിയെടുക്കാന്‍ വേണ്ടി ഇവര്‍ വാളില്‍ സ്പര്‍ശിച്ചപ്പോള്‍ ഇടിമുഴക്കവും മേഘാവൃതവുമായി പ്രകൃതി സംഹാര രുദ്രയായി. ഇതിനിടയില്‍ ഒരു അശിരീരി മുഴങ്ങി. ''ഭക്താ ഞാന്‍ ഇവിടെ കുടികൊള്ളാന്‍ ആഗ്രഹിക്കുന്നു. നീ കുളിച്ച പുഴയില്‍ ജല ദുര്‍ഗയായും വാളിരിക്കുന്നിടത്ത് ശ്രീമൂല സ്ഥാനമായും വടക്ക് കുന്നിന്‍ മുകളില്‍ സ്വയംഭൂ ശിലാസ്ഥാനത്ത് ഭദ്രകാളിയായും ഞാനുണ്ടാകും.!'' അന്നു മുതലാണ് വയനാടിന്റെ പൈതൃകം വള്ളിയൂരമ്മയുടെ അനുഗ്രഹം തേടി ഈ കാവില്‍ എത്തിതുടങ്ങിയത്.  മഴ നനയുന്ന ശ്രീകോവിലും പച്ചപ്പിന്റെ കൂടാരങ്ങളും  കാവിന്റെ വിശുദ്ധിയായി.

Valliyoorkkavu 6

മഴക്കാലമായാല്‍ താഴെ കാവിലെ പാട്ടുപുരയും മണിപുറ്റുമെല്ലാം വെള്ളത്തില്‍ മുങ്ങും. ജല ദുര്‍ഗ്ഗയുടെ ആശ്ലേഷണമായി ഇതിനെ കാണുന്നവരുണ്ട്. ഒരിക്കല്‍ ഒരു മഴക്കാലത്ത് പാട്ടുപുരയില്‍ വെള്ളം കയറിയിറങ്ങിയപ്പോള്‍ ഇതിനുള്ളില്‍ ഒരു മത്സ്യവും അകപ്പെട്ടുപോയി. ഈ മത്സ്യ ദേവതയെ കമ്മലണിയിച്ചാണ് അന്ന് യാത്രയാക്കിയത്. പ്രകൃതി ഭാവങ്ങളുമായി അത്രയധികം ഇഴയടുപ്പമുള്ള കാവിന് ഇത്തരത്തില്‍ എത്രയോ വിസ്മയങ്ങളുണ്ട്.

ചരിത്രത്തിലും നിറയുന്ന കാവ് 

ഭക്തി സാന്ദ്രമായ കാവിന്റെ ഓര്‍മ്മകള്‍ക്കൊപ്പം ജന്മി അടിയാന്‍ ജീവിതത്തിന്റെ അകലങ്ങള്‍ അടയാളപ്പെടുത്തുന്ന വല്ലിപ്പണിയുടെ പശ്ചാത്തലവും ഇവിടെ കൂട്ടിവായിക്കേണ്ടി വരുന്നു. ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെങ്കിലും ആറാട്ടുത്സവത്തിന്റെ പരിസരങ്ങള്‍ ജന്മികള്‍ക്ക് നല്ല കരുത്തരായ അടിമകളെന്ന വല്ലിപ്പണിക്കാരെ തെരഞ്ഞെടുക്കാനുള്ള വേദിയായി ഒരു കാലം കണക്കാക്കപ്പെട്ടിരുന്നു.പില്‍ക്കാലം ഇതിനെ അടിമ വ്യാപാരം എന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തി. എഴുതപ്പെട്ട ഉടമ്പടികളൊന്നുമില്ലാത്തതിനാല്‍ ഇതിന് തെളിവുകളായി ഒന്നും ലഭിക്കാത്തതിനാല്‍ പിന്നീടാരും ഈ അടിമ വ്യാപരത്തെക്കുറിച്ച് ആധികാരികമായ പഠനത്തിന് മുതിര്‍ന്നതേയില്ല. അടിമകള്‍ക്ക് കൂലി നെല്ലായി നല്‍കും. വാക്കാല്‍ ഏറ്റെടുക്കുന്ന ഒരു വര്‍ഷത്തെ കരാറിന് വള്ളിയൂരമ്മയാണ് സാക്ഷ്യം. 1801 ല്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇതു സംബന്ധിച്ച പ്രതിപാദനം നടത്തിയിരുന്നു. പില്‍ക്കാലത്ത് സി.ഗോപാലന്‍ നായരും ഇക്കാര്യങ്ങള്‍ വയനാടിന്റെ ചരിത്രത്തിനൊപ്പം എഴുതിച്ചേര്‍ത്തിരുന്നു.

Valliyoorkkavu 7

വയനാട്ടിലെ ആദിവാസികളുടെ ജീവിതങ്ങളെ അടുത്തറിഞ്ഞ പി വത്സലയുടെ നോവലായ നെല്ല്  രാമു കാര്യാട്ട് സിനിമയാക്കിയപ്പോള്‍ വള്ളിയൂര്‍ക്കാവും പരിസരവും ആദ്യമായി അഭ്രപാളിയിലെത്തി. വയനാടിന്റെ നഭസ്സില്‍ തലയുയര്‍ത്തി നിന്നിരുന്ന കാവിന് അതോടെ പുറം നാട്ടുകാരുടെ മനസ്സില്‍ വേരോട്ടമുണ്ടാക്കി. വരേണ്യ ലോകം മനുഷ്യജീവിതങ്ങളെ ജാതി നിന്ദകളെ നിരവധി തുണ്ടങ്ങളായി പകുത്തെടുത്തപ്പോഴും എല്ലാവരും ഒന്നിച്ചു നിന്നുള്ള ഉത്സവത്തിന് കൊടിയേറ്റിയാണ് വള്ളിയൂര്‍ക്കാവ് ഈ നാടിന്റെ യശസ്സുയര്‍ത്തിയത്.