ചിലയിടങ്ങളുണ്ട്, സ്വാഭാവിക പ്രകൃതിയില്‍നിന്ന് വേര്‍പെട്ട്, വേറിട്ട്, മറ്റൊരു ലോകമായി തോന്നിപ്പിക്കുന്ന ഇടങ്ങള്‍. മണ്ണും മരങ്ങളും ചിലപ്പോള്‍ കാറ്റുപോലും പ്രത്യേകമായി തോന്നിപ്പിക്കുന്ന, സ്ഥലങ്ങള്‍. മറ്റൊരു ഭൂപ്രകൃതിക്കുള്ളില്‍ ഒളിച്ചിരിക്കുന്നതുപോലെ, എത്തിപ്പെടുമ്പോള്‍ മാത്രം കണ്ടെത്താനാകുന്ന ചില 'ഒറ്റത്തുരുത്തുകള്‍'.
കര്‍ക്കടകമഴ തകര്‍ത്തുപെയ്യുന്നുണ്ട്. ഉരുപുണ്യകാവിലേക്ക് പോകാം എന്നു നിശ്ചയിച്ച ദിവസമാണ്. രണ്ടുദിവസത്തെ ഇടവേളയിട്ട് മഴ മടങ്ങിയതു കണ്ടാണ് യാത്രയ്‌ക്കൊരുങ്ങിയത്. 'മഴ പതുങ്ങുന്നത് പിന്‍വലിയാനല്ല, പെയ്തൊഴിയാനാണെന്ന്' ഓര്‍ത്തില്ലല്ലോ.
കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ റോഡില്‍ മുപ്പതു കിലോമീറ്റര്‍ യാത്രയുണ്ട് ഉരുപുണ്യകാവിലേക്ക്. കൊയിലാണ്ടി ടൗണ്‍ കഴിഞ്ഞ് നാലര കിലോമീറ്റര്‍ മുന്‍പോട്ടു പോയാല്‍ ഇടതുവശത്തായി കാണാം ഉരുപുണ്യകാവ് എന്നെഴുതിയ കവാടം. അത് കടന്ന് തണല്‍ നിഴല്‍വീഴ്ത്തിയ വഴികളിലൂടെ വളഞ്ഞും പുളഞ്ഞും യാത്ര. കടലിരമ്പം അടുത്തുവരുന്നു. വഴി എത്തിനില്‍ക്കുന്നത് ഒരു കുന്നിന്‍ചെരിവിലാണ്. പാറക്കെട്ടുകള്‍ അതിരിട്ട ചെരിവിന് താഴെ ആര്‍ത്തിരമ്പുന്ന കടല്‍. മുന്‍പില്‍ വലതുവശത്തായി പുതിയൊരു ഓഡിറ്റോറിയം പണിതീര്‍ന്നു വരുന്നുണ്ട്. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ ക്ഷേത്രം കണ്ണില്‍പെടില്ല. ചെറിയ തീര്‍ഥക്കുളങ്ങള്‍ക്കരികിലൂടെ നീങ്ങുമ്പോള്‍ കാണാം ഒരു ചെറിയ ക്ഷേത്രം. മുറ്റത്ത് പടര്‍ന്നുനില്‍ക്കുന്ന വമ്പന്‍ ചെമ്പകമരത്തിന്റെ ആഡംബരം മാത്രം. മഴ എപ്പോഴോ തോര്‍ന്നിരുന്നു. ചുറ്റിലും ഒരു മഴത്തണുപ്പ് തങ്ങിനിന്നു.
കേരളക്കരയെ കടല്‍ കീറിയെടുത്ത പരശുരാമന്‍ കടല്‍ക്ഷോഭത്തില്‍നിന്നും മറ്റും രക്ഷിക്കുന്നതിനായി കേരളത്തിലുടനീളം പ്രതിഷ്ഠിച്ച 108 ദുര്‍ഗാക്ഷേത്രങ്ങളിലൊന്നായാണ് ഉരുപുണ്യകാവ് അറിയപ്പെടുന്നത്. ഇവിടമാണ് കടലിനും കരയ്ക്കും കാവലായ ജലദുര്‍ഗയുടെ ഇരിപ്പിടം. ഇവിടെയാണ് ആത്മാക്കള്‍ മോക്ഷംതേടി പരാശക്തിയുടെ അനുഗ്രഹം വാങ്ങി ജലനിദ്രയിലാഴുന്നത്. ഒരു ജീവിതത്തിന്റെ ശേഷിപ്പുകള്‍ ഒരുപിടി ചാരത്തിലൊളിപ്പിച്ച് പ്രിയപ്പെട്ടവര്‍ സമുദ്രസ്‌നാനത്തിനെത്തുന്നത്.
പിതൃതര്‍പ്പണമാണ് ഉരുപുണ്യകാവിലെ പ്രധാന കര്‍മം. കര്‍ക്കടകമാസത്തിലെ വാവിന്റെ അന്നും അല്ലാതെയും ഇവിടെ പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ അനേകമാണ്. കടലിന് അഭിമുഖമായാണ് ശ്രീകോവില്‍. കൃഷ്ണശിലയില്‍ കൊത്തിയ ദേവിബിംബത്തിനും ശ്രീലകത്തിനും ലാളിത്യത്തിന്റെ ഭംഗിയുണ്ട്. വലതുമാറി ഗണപതിയുടെ പ്രതിഷ്ഠ കാണാം. ഗണപതിയും ശാസ്താവുമാണ് പ്രധാന ഉപദേവതകള്‍. ശാസ്താവിന് പ്രത്യേകമായി ഒരു കോവിലുണ്ട്. ക്ഷേത്രത്തിന്റെ അരികിലൂടെ മുകളിലേക്കുള്ള പടവുകള്‍ കയറിയാല്‍ ക്ഷേത്രത്തിന്റെയും നോക്കെത്താദൂരം പരന്നുകിടക്കുന്ന കടലിന്റെയും ഒരു വിഹഗവീക്ഷണം കിട്ടും. പിന്നില്‍ കുത്തനെയുള്ള കുന്നില്‍ചെരുവില്‍ നിറയെ വള്ളിപ്പടര്‍പ്പുകളാണ്. ക്ഷേത്രത്തിന്റെ പിന്നിലൂടെ ആ പടവിറങ്ങി ചെല്ലുന്നത് ഒരു പാറയില്‍ കൊത്തിയെടുത്ത ഒരു കുളപ്പടവിലേക്കാണ്. ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് പ്രത്യേകമായി ഒരു കടവുണ്ട്. അതിനരുകില്‍ പൊതുജനങ്ങള്‍ക്കുള്ള കടവ്.
അഞ്ചു തീര്‍ഥക്കുളങ്ങളുണ്ട് ക്ഷേത്രത്തില്‍. കുളങ്ങള്‍ എന്ന് കേട്ട് വലിയ ചിറകള്‍ പ്രതീക്ഷിച്ചാല്‍ പാടെ തെറ്റി. പാറയില്‍ ചിരട്ടകൊണ്ട് കോരിയെടുത്ത് കുഴിച്ചതുപോലെ ചെറിയ കുഴികളാണ് ഈ തീര്‍ഥക്കുളങ്ങള്‍. ക്ഷേത്രത്തിന് അകത്തുള്ള തീര്‍ഥക്കുളത്തില്‍നിന്നാണ് പൂജാദികര്‍മങ്ങള്‍ക്കുള്ള ജലമെടുക്കുന്നത്. ഏത് കൊടിയവേനലിലും വറ്റാതെ വെള്ളം കിട്ടും ഇവിടെ. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തില്‍ അടുത്തകാലംവരെ ഒരു കിണര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വേനല്‍ കടുത്തപ്പോള്‍ ജനത്തിരക്കേറുന്ന സമയങ്ങളില്‍ വെള്ളത്തിന് ദൗര്‍ലഭ്യമുണ്ടായി. അങ്ങനെ അമ്പലമുറ്റത്ത് ഒരു കിണര്‍ പുതുതായി കുഴിച്ചു. കടലിനോട് ചേര്‍ന്നുകിടക്കുന്നെങ്കിലും ഇവിടുത്തെ വെള്ളത്തിന് ഉപ്പുരസം ലവലേശമില്ല. പാറയില്‍നിന്ന് ഊറിയെത്തുന്ന വെള്ളമായതുകൊണ്ടാകാം. തൊഴുതുവന്നപ്പോള്‍ വലിയ കുളത്തിനരികിലായി ഒരു ചെറിയ പന്തല്‍ കാണാം. രണ്ടോ മൂന്നോ മേശകളും കുറച്ചു കസേരകളും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കുള്ള കാന്റീന്‍ ആണ്. ഭക്ഷണം സൗജന്യം. ഗോതമ്പ് ഉപ്പുമാവും നല്ല ചൂടന്‍ കട്ടന്‍ചായയും തന്ന് അവിടത്തെ അമ്മമാര്‍ സത്കരിച്ചു. പിന്നാലെ വരുന്നുണ്ട്, നല്ല നെയ്പ്പായസം.
അമ്പലമുറ്റത്തുനിന്ന് കടലിലേക്ക് കെട്ടിയിറക്കിയ നിരവധി പടിക്കെട്ടുകള്‍ കാണാം. കടലിലേക്കിറങ്ങിക്കിടക്കുന്ന പാറക്കൂട്ടങ്ങളിലിരുന്ന് ബലികര്‍മങ്ങള്‍ ചെയ്യുന്ന ചിലര്‍. പാറമേല്‍ ഉയര്‍ത്തിക്കെട്ടിയ തറയ്ക്കു താഴെ തിരമാലകള്‍ ആര്‍ത്തലച്ചു വന്നു വീഴുന്നു. പാറക്കെട്ടുകളില്‍ കടലില്‍നിന്നും സുരക്ഷിതമായ അകലത്തില്‍ ഇരുമ്പുവേലി കെട്ടി, കടലിലേക്കിറങ്ങരുത് എന്ന മുന്നറിയിപ്പ് ബോര്‍ഡുകളും വെച്ചിട്ടുണ്ട്. ദൂരെ ഇരുവശങ്ങളിലുമായി കടലിന് കര അതിരു തീര്‍ക്കുന്ന തീരങ്ങള്‍ കാണാം. തിക്കോടി ലൈറ്റ് ഹൗസ് തലയുയര്‍ത്തി നില്‍ക്കുന്നു. കേരളത്തിന്റെ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍പോലും കടലിലേക്കിറങ്ങിയെന്ന വണ്ണം നില്‍ക്കുന്ന കാവിനെ കടലൊന്നു തൊട്ടിട്ടുപോലുമില്ലെന്ന് ക്ഷേത്രം ഓഫീസില്‍ ക്ലാര്‍ക്കായ പ്രകാശന്‍ ചേട്ടന്‍ അനുഭവം പറഞ്ഞു. ദേശത്തെ നമ്പീശന്‍ കുടുംബത്തിനായിരുന്നു കാലങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിന്റെ പരമാധികാരം. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം.
വൃശ്ചികമാസത്തിലെ കാര്‍ത്തികയാണ് ജലദുര്‍ഗയുടെ തിരുവുത്സവനാള്‍. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് പോരുന്നവര്‍ കേട്ടുകൊള്ളൂ, ആരവങ്ങള്‍ പടിക്കുപുറത്ത്. തികച്ചും ശാന്തമായി, അങ്ങേയറ്റം ഭക്തിയോടെ ഉത്സവം കൊണ്ടാടുന്നതാണ് ഭഗവതിക്ക് ഇഷ്ടം. ഇവിടെ ഉത്സവത്തിന് കലാപരിപാടികള്‍ ഉണ്ടാകില്ല. വെടിക്കെട്ട് നിഷിദ്ധംതന്നെ. ഉരുപുണ്യകാവിലെ നിയമം അതാണ്, നിഷ്ഠയും. തിരമാലകളുടെ തുടിതാളം തന്നെ ഇവിടെ കാതുകള്‍ക്ക് പ്രിയം. ഉത്സവാരവം കേട്ട് പുറകിലെ വള്ളിപ്പടര്‍പ്പിലെ ഒരു കിളിക്കുരുന്നുപോലും നടുങ്ങരുത്. മനുഷ്യര്‍ക്കു മാത്രമല്ല ഇവിടെ വീശുന്ന കാറ്റിനുപോലും അധീശയാണ് ഇവിടെ പ്രകൃതീശ്വരി.