ത്താം നൂറ്റാണ്ടിന് മുന്‍പായിരുന്നു തൃച്ചംബരത്തെ ക്ഷേത്രനിര്‍മാണമെന്ന് പറയപ്പെടുന്നു. അതിനും മുന്‍പുതന്നെ ഇവിടെ ഉത്സവം നടന്നിരുന്നതായി രേഖകളുണ്ട്. നൂറിലേറെ ശ്ലോകങ്ങളുള്ള കൊടുംതമിഴില്‍ രചിച്ച തിരുച്ചംബരത്ത് അന്താളി എന്ന തമിഴ് കൃതിയിലും ക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്.

 ശംബര മുനിയുടെ ആശ്രമം നിലനിന്നിരുന്ന ശംബരവനമായിരുന്നു ഇവിടമെന്നും യോഗികളുടെയും വാനപ്രസ്ഥം സ്വീകരിച്ചവരുടെയും യാഗം നടത്തിയിരുന്നവരുടെയും മറ്റും സംഗമസ്ഥലമായിരുന്നു ഇതെന്നുമാണ് വിശ്വാസം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുണ്ട്, തൃച്ചംബരത്തിന്. ശിവരാത്രി ദിവസവും വിഷുദിവസവും തൃച്ചംബരത്തെ ഉണ്ണിക്കൃഷ്ണന്‍ രാജരാജേശ്വര ക്ഷേത്രത്തിലാണ് ഉണ്ടാവുക. പൗരാണികമായ പെരിഞ്ചെല്ലൂര്‍ ദേശമാണ് ഇന്നത്തെ തളിപ്പറമ്പ് എന്ന് പറയപ്പെടുന്നു.

 പെരിഞ്ചെല്ലൂരില്‍ നടന്നുവന്നിരുന്ന 60 ദിവസം നീണ്ട വസന്തോത്സവത്തെപ്പറ്റി അകനാനൂറ് എന്ന സംഘകാവ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജരാജേശ്വരക്ഷേത്രം കേന്ദ്രമാക്കി കുംഭമാസത്തിലും മേടമാസത്തിലുമായാണ് ഈ ഉത്സവം നടന്നിരുന്നത്. ശിവരാത്രിതൊട്ട് വിഷുവരെ ഏതാണ്ട് രണ്ട് മാസം നീണ്ടുനില്ക്കുന്ന ഉത്സവത്തെപ്പറ്റി പ്രാദേശികമായ പുരാവൃത്തങ്ങളിലും പറയുന്നുണ്ട്. ശിവരാത്രി ദിവസവും വിഷു സംക്രമത്തിന്റെ അന്നും തൃച്ചംബരത്തെ കൃഷ്ണന്‍ രാജരാജേശ്വരനെ കാണാനെത്തും. രണ്ട് ദേവന്മാര്‍ക്കും ഒരേ പീഠത്തില്‍ ഇരുത്തി വിശേഷാല്‍ പൂജ നല്കും. ഇവിടെ രാജരാജേശ്വരന്റെ മടിയില്‍ കൃഷ്ണന്‍ ഇരിക്കുന്നതായാണ് സങ്കല്പം. ശിവരാത്രി ചിലപ്പോള്‍ തൃച്ചംബരത്തെ ഉത്സവകാലത്തായിരിക്കും വരിക. അക്കാലത്ത് തിടമ്പാട്ടം കഴിഞ്ഞ് തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന കൃഷ്ണനെ വീണ്ടും പുറത്തേക്ക് എഴുന്നള്ളിച്ച് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ആനയിക്കും. 

മൂന്ന് വ്യത്യസ്തരീതികളിലുള്ള ഉത്സവങ്ങളുണ്ട്. താന്ത്രിക ക്രിയകളില്ലാതെ വെറുതെ കൊട്ടി എഴുന്നള്ളിക്കുന്നതാണ് പഠഹാദി ഉത്സവം. കൊടിയേറ്റത്തോടുകൂടിയത് ധ്വജാദി ഉത്സവം, ഓരോ ദേവനും വിശേഷപ്പെട്ട വിത്തുകള്‍ മുളപ്പിച്ച് ആ മുളദ്രവ്യങ്ങള്‍കൊണ്ട് നടത്തുന്ന അംഗുരാദി ഉത്സവമാണ് ഉത്സവങ്ങളില്‍ ഏറ്റവും പൂര്‍ണതയുള്ളത്. ഈ മൂന്ന് തരം ഉത്സവങ്ങളും ചേരുന്ന അപൂര്‍വ ആഘോഷമാണ് തൃച്ചംബരത്തേത്. കുംഭം ഒന്നുമുതല്‍ 21 വരെ പടഹാതി ഉത്സവം. 22 കൊടിയേറ്റം. 30ന് അംഗുരാദി ഉത്സവം തുടങ്ങും. 

തൃച്ചംബരത്തുത്സവത്തിന് ആനയെഴുന്നള്ളത്തോ, വെടിക്കെട്ടോ ഉണ്ടാകില്ല. തന്നെ വധിക്കുന്നതിനായി മഥുരയിലെത്തിയ കൃഷ്ണനെ കൊല്ലാന്‍ കംസന്‍ തന്റെ കൊട്ടാരവാതില്‍ക്കല്‍ കുവലയപീഠം എന്ന മദയാനയെ നിര്‍ത്തി. കുവലയപീഠത്തെ കൊന്ന് ആനക്കൊമ്പൂരി നില്ക്കുന്ന ഭാവത്തിലുള്ള പ്രതിഷ്ഠയായതുകൊണ്ടുതന്നെ ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കാറില്ല. ക്ഷേത്രത്തിന് മുന്‍വശത്തെ വഴികളില്‍കൂടിപോലും ഇന്നും ആനയെ കൊണ്ടുപോകാറുമില്ല. കൃഷ്ണന്‍ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെത്തുന്ന സമയങ്ങളില്‍ അവിടെ ആനയെ കാണാത്ത ദിക്കിലേക്ക് മാറ്റി തളയ്ക്കുകയാണ് പതിവ്. മീനം ആറിന് ആറാട്ട് കഴിഞ്ഞാലും ഉത്സവം തീരില്ല. തൊട്ടടുത്ത ദിവസമാണ് സമാപനം.

(മാതൃഭൂമി യാത്ര മാസികയില്‍ ആമി അശ്വതി എഴുതിയ യാത്രാവിവരണത്തില്‍ നിന്നും)

cover
തൃച്ചംബരത്തേക്കുറിച്ച് കൂടുതല്‍ വായിച്ചറിയാന്‍ മാര്‍ച്ച് ലക്കം യാത്ര ഇന്നുതന്നെ സ്വന്തമാക്കൂ

 

Content Highlights: trichambaram sreekrishna temple Taliparamba kannur