ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ഭക്തിയും ശാന്തതയും നിറഞ്ഞ അന്തരീക്ഷമാണ് ഓരോ ക്ഷേത്രവും അവിടെയെത്തുന്നവരിലേക്ക് പകരുന്നത്. അത്തരത്തിലൊന്നാണ് തമിഴ് നാട്ടിലെ തിരുപ്പൂരിലെ സുഗ്രീശ്വരര്‍ ക്ഷേത്രം.

തിരുപ്പൂരില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ പെരിയപാളയത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. എ.ഡി 10 ാം നുറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ക്ഷേത്രത്തിന് 4 യുഗങ്ങളുടെ പഴക്കമാണ് കണക്കാക്കപ്പെടുന്നത്.
പരമശിവനാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ശിവന്‍ ഇവിടെ സുഗ്രീശ്വരര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അതിനാലാണ് ഈ ക്ഷേത്രം സുഗ്രീശ്വരര്‍ ക്ഷേത്രം എന്ന് അറിയപ്പെടുന്നത്. താലപുരാണം അനുസരിച്ച് സുഗ്രീവന്‍ ശിവാരാധന നടത്തിയതിനാലാണ് സുഗ്രീശ്വരര്‍ എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. സുഗ്രീശ്വരര്‍ക്കൊപ്പമുള്ള അംബാളെ അവുടൈനായകി എന്നും വിളിക്കുന്നു.

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ കാഴ്ചകളാണ് സുഗ്രീശ്വരര്‍ ക്ഷേത്രത്തില്‍ കാണാനാവുക. തെക്കോട്ടാണ് ക്ഷേത്രത്തിന്റെ പ്രധാനകവാടത്തിന്റെ ദര്‍ശനം. രണ്ടു നന്ദി പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഇതില്‍  ഒരു നന്ദിയുടെ പ്രതിഷ്ഠ കൊമ്പുകള്‍ മുറിഞ്ഞുപോയ നിലയിലാണ്. ആ നന്ദി മുന്നിലായും മറ്റൊരു നന്ദി പുറകിലായുമാണ് മണ്ഡപത്തില്‍ ഇരിക്കുന്നത്. ക്ഷേത്രത്തിന്റെ ഇടതു ഭാഗത്തായി ദേവി പ്രതിഷ്ഠയുമുണ്ട്. വിനായകന്‍, ദക്ഷിണാമൂര്‍ത്തി, സുബ്രഹ്മണ്യന്‍, ചണ്ഡീശ്വരന്‍, കാല ഭൈരവന്‍ ഇങ്ങനെയാണ് മറ്റു പ്രതിഷ്ഠകള്‍. ഭൂമി, വെള്ളം, ആകാശം, വായു, അഗ്‌നി എന്നിവയെ പ്രതിനിധീകരിക്കുന്ന പഞ്ചലിംഗങ്ങളും ക്ഷേത്രത്തിലുണ്ട്. 

പാണ്ഡ്യ രാജവംശത്തിന്റെ മാതൃകയിലാണ് ക്ഷേത്ര നിര്‍മാണം. പ്രധാന കവാടം തെക്ക് ദിശയിലേക്ക് തുറക്കുന്നു. 
തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും കാണാവുന്നതു പോലെ കൊത്തിയ കല്ലുകളിലാണ് ഈ ക്ഷേത്രത്തിന്റെ നിര്‍മാണവും. ദ്രാവിഡ ഭാഷയായ തമിഴില്‍ ഇവിടത്തെ തൂണുകളിലും ചുമുരുകളിലും പല ലിഖിതങ്ങളും കൊത്തിവച്ചതായി കാണാം. ഈ ക്ഷേത്രത്തിനകത്തും പുറത്തുമായി നിരവധി പുരാതന ശില്പങ്ങള്‍ കണ്ടെടുക്കുകയും അവ ക്ഷേത്രത്തില്‍ പ്രതിഷ്ട നടത്തിയതും കാണാം. ഭക്തര്‍ക്ക് നല്ല ദര്‍ശനം കിട്ടാനായി വിശാലമായ ഗര്‍ഭഗൃഹമാണ് ക്ഷേത്രത്തിലുള്ളത്. തൂണുകളില്‍ സുഗ്രീവനും ഐരാവതവും ശിവപൂജ നടത്തുന്നതായി കൊത്തിവച്ചിരിക്കുന്നു. 

അസ്തമയ സൂര്യന്റെ പ്രകാശമേറ്റ് ക്ഷേത്രച്ചുവരുകള്‍ സ്വര്‍ണവര്‍ണമാവുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കീഴില്‍ വരുന്ന ഈ ക്ഷേത്രത്തേ കുറിച്ച് പഠിക്കുവാനും, നിരവധി ചരിത്രകാരന്മാരും വിദ്യാര്‍ത്ഥികളും സന്ദര്‍ശനം നടത്തുന്നു.