പാപവും പുണ്യവും ഇരുചുമടുകളിലാക്കി, കാട്ടുവഴികളുടെ കാഠിന്യം ഏറ്റുവാങ്ങിയൊരു യാത്ര. ഭക്തിയുടെ മുന്നില്‍ പ്രതിസന്ധികള്‍ വഴിമാറുന്ന യാത്ര. തത്ത്വമസിയുടെ പൊരുള്‍ തേടിയുള്ള യാത്ര... പരമ്പരാഗത കാനനപാതയായ പുല്‍മേടിലൂടെയുള്ള തീര്‍ഥാടന അനുഭവം, വാക്കുകള്‍ക്കുമതീതമാണ്. ശബരിമലയിലേക്ക് 'കയറി' ചെല്ലുന്നതിന് പകരം 'ഇറങ്ങി' ചെല്ലുന്നു എന്ന പ്രത്യേകതയും ഈ പാതയ്ക്കുണ്ട്.

വണ്ടിപ്പെരിയാറിലെ സത്രത്തില്‍ നിന്നാണ് പെരിയാര്‍ കടുവാസങ്കേതത്തിലൂടെയുള്ള 12 കിലോമീറ്റര്‍ പാത തുടങ്ങുന്നത്. സത്രം വരെ ബസ് സര്‍വീസുണ്ട്. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍, വള്ളക്കടവില്‍ നിന്ന് കാല്‍നടയായും പോകാം. സ്വകാര്യ കമ്പനിയുടെ തേയിലത്തോട്ടത്തിലൂടെയാണ് നടത്തം. നേരത്തെ കോഴിക്കാനം വഴി പുല്ലുമേടിലേക്ക് വാഹനഗതാഗതം അനുവദിച്ചിരുന്നു. പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് ഇവിടം അടയ്ക്കുകയും പിന്നീട് കാല്‍നടയാത്രയ്ക്കായി എസ്‌റ്റേറ്റ് റോഡ് തുറന്നുകൊടുക്കുകയുമായിരുന്നു. 

2
സത്രത്തിലേക്കുള്ള വഴി

വള്ളക്കടവില്‍ നിന്ന് ഏതാനും ദൂരം താണ്ടുന്നതോടെ തേയിലത്തോട്ടങ്ങള്‍ അപ്രത്യക്ഷമാകുകയും മനോഹരമായ പുല്‍മേടുകള്‍ തെളിഞ്ഞുതുടങ്ങുകയും ചെയ്യും. സത്രം വരെ ഏകദേശം നാലു കിലോമീറ്റര്‍ ദൂരമാണുള്ളത്. വിശേഷദിവസങ്ങളില്‍ മാത്രമാണ് ഭക്തജനങ്ങള്‍ക്കായി കാനനപാത തുറന്നുകൊടുക്കുക.

3
സത്രത്തില്‍ നിന്ന് പുല്‍മേട്ടിലേക്കുള്ള വനംവകുപ്പ് ചെക്ക് പോസ്റ്റ്

സത്രത്തില്‍ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുണ്ട്. പുല്‍മേട് വഴി പോകുന്ന എല്ലാ ഭക്തരുടെ പേരുംവിവരങ്ങളും ഇവിടെ രേഖപ്പെടുത്തുന്നു. പെരിയാര്‍ വെസ്റ്റ് ഡിവിഷനു കീഴിലുള്ള അഴുത റെയിഞ്ചിലൂടെയാണ് തുടര്‍ന്നുള്ള കാനനപാത. തുടക്കത്തില്‍ ഒരു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റമാണ്. പിടിച്ചുകയറാനായി ഇരുവശങ്ങളിലും വടം കെട്ടിയിട്ടുണ്ട്. എന്നാല്‍ കയറ്റത്തിന്റെ കാഠിന്യം, നിത്യഹരിതവനത്തിലെ കുളിര്‍ക്കാറ്റ് ഏല്‍ക്കുന്നതോടെ ഇല്ലാതാകുന്നു.

4

മലകയറി ചെല്ലുന്നത് വിശാലമായ പുല്‍മേട്ടിലേക്കാണ്. പെരിയാര്‍ നദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മലനിരകളാണിവ. തുറസ്സായ ഭൂപ്രകൃതിയിലൂടെയുള്ള യാത്രയാണ് പിന്നീട് അങ്ങോട്ടുള്ളത്. അവിടെയിവിടെയായി ഷോലവനങ്ങളും കാണാം. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ ഈ കാനനപാത, സീതക്കുളം, സീറോ പോയിന്റ്, ഉപ്പുപാറ, തണ്ണിത്തൊട്ടി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. ആറുകിലോമീറ്റര്‍ നടന്നുകഴിയുമ്പോള്‍ വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ഭോജനശാലയെത്തും. കപ്പയും കഞ്ഞിയുമാണ് പ്രധാനവിഭവം. വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ നിരീക്ഷണനിലയങ്ങള്‍ വഴിയുടെ പല ഭാഗങ്ങളിലായി നിര്‍മാണം പുരോഗമിച്ചുവരുന്നു.

6

പുല്‍മേടുകള്‍ അസാനിക്കുന്നിടത്ത് കുത്തനെയുള്ള ഇറക്കം ആരംഭിക്കുകയാണ്. ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ, ഇടുങ്ങിയ വഴികള്‍. പാറക്കല്ലുകളും മരച്ചില്ലകളും കാലുകളുടെ ആയാസം ഇരട്ടിയാക്കും. നാലുകിലോമീറ്ററിലധികം ദൂരം ഇതേ അവസ്ഥയില്‍ തുടരും. വഴിയോരത്താണ് ഉരക്കുഴി തീര്‍ഥം. മലമുകളിലെ വെള്ളം വന്നുപതിക്കുന്നത് ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ പാകത്തിനുള്ള വിസ്താരം കുറഞ്ഞ കുഴിയിലേക്കാണ്. പേരിനു പിന്നിലും ഈ പ്രത്യേകത തന്നെയെന്ന് പറയപ്പെടുന്നു. ഇവിടെ സ്‌നാനം ചെയ്ത ശേഷം സന്നിധാനത്തേക്ക് പ്രവേശിക്കാം. 

8
വനംവകുപ്പിന്റെ ഭോജനശാലയിലെ വിഭവങ്ങള്‍

രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പുല്ലുമേട് പാതയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ പുറപ്പെട്ടാല്‍ വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തിച്ചേരാം. അന്യസംസ്ഥാന തീര്‍ഥാടകരാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നവരില്‍ അധികവും.

9

11About - sathram- sannidhanam traditional route map for sabarimala pilgrimage

Route by road - can be reached through kk road. catch kumily bus and get down at kakkikavala. catch vallakkadavu bus ( 8 kms). from busstop, enter plantation area

Caution - avoid bright colored dress, perfumes. forest laws to be strictly followed. keep poongavanam neat and clean

Contacts - kerala forest & wildlife department, periyar tiger reserve, azhutha range, peermade
            phone - 04869-224571
            ksrtc kumily, pamba service enquiry phone-04869-211200