റംഗാബാദിലേക്കുള്ള രാത്രിവണ്ടി അനിശ്ചിതമായി വൈകിയപ്പോള്‍ ഒരു രാത്രി മുഴുവന്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ വെയ്റ്റിങ് റൂമില്‍ ചെലവഴിക്കേണ്ടിവന്നു. ട്രെയിന്‍ എപ്പോഴെത്തുമെന്നറിയാനായി മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തും വാച്ചിലേക്ക് നോക്കിയും കോട്ടുവായയിട്ടും ഉറക്കമൊഴിഞ്ഞ യാത്രക്കാര്‍ മിക്കവരും അസ്വസ്ഥരായിരുന്നു. അപ്പോഴാണ് നിലത്ത് ചമ്രംപടിഞ്ഞിരുന്ന് ഭഗവദ്ഗീതയുടെ ഇംഗ്ലീഷ് തര്‍ജമ താത്പര്യത്തോടെ വായിക്കുന്ന കാഷായവേഷം ധരിച്ച, ഒരു സായിപ്പിനെ കണ്ടത്.

wide
ക്ഷേത്രത്തിനകത്തെ പനോരമ ദൃശ്യം

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പുസ്തകമടച്ചുവെച്ച് വായപൊത്തിപ്പിടിച്ചുകൊണ്ട് കോട്ടുവായയിട്ട് സന്ന്യാസി എനിക്കു നേരെ നോക്കിച്ചിരിച്ചു. ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം കൈനീട്ടി സൗഹൃദം ക്ഷണിച്ചു. പരിചയപ്പെട്ടു. കാനഡക്കാരനാണ്. അഞ്ചുവര്‍ഷമായി ഇന്ത്യയിലാണ്. ഹരേകൃഷ്ണ പ്രസ്ഥാനത്തോടൊപ്പമാണ്. ഹരേകൃഷ്ണ എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് അധികമറിയില്ലെന്ന് പറഞ്ഞപ്പോള്‍ വിശദീകരിച്ചുതന്നു.

radha krishna
രാധാകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠ

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍) എന്നാണ് സന്ന്യാസിസംഘത്തിന്റെ പേര്. 1966-ല്‍ ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണാര്‍ഥം ഇന്ത്യയില്‍നിന്ന് കപ്പല്‍മാര്‍ഗം ന്യൂയോര്‍ക്കില്‍ ചെന്ന ഭക്തിവേദാന്ത സ്വാമി പ്രഭുദേവയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ഞാന്‍ താത്പര്യം കാട്ടുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം കൃഷ്ണദര്‍ശനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. കേരളത്തില്‍നിന്നാണ് ഞാനെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ നിര്‍ബന്ധമായും പോവണം. 

ആറുമാസം കഴിഞ്ഞാണ് അന്ന് തീര്‍ച്ചപ്പെടുത്തിയ യാത്രയ്ക്ക് സമയമായത്. ബെംഗളൂരുവിലെത്തി നെറ്റില്‍നിന്ന് നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. രാജാജി നഗറിലാണ് ക്ഷേത്രമെന്നും വൈകുന്നേരം നാലുമണിക്കെത്തുന്നതാവും സൗകര്യമെന്നും ക്ഷേത്രത്തിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു. 

prathi
ശ്രീനിവാസ ബാലാജി പ്രതിഷ്ഠ

നാലുമണിക്ക് മുന്‍പേ ക്ഷേത്രത്തിലെത്തി. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ വളപ്പിനുള്ളിലാണ് ഇസ്‌കോണ്‍ ക്ഷേത്രസമുച്ചയം. ക്ഷേത്രം ചുറ്റിനടന്ന് കാണിക്കാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഹരീഷ് ഞങ്ങള്‍ക്കൊപ്പം വന്നു. 1997-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്ന് ക്ഷേത്രങ്ങളാണ് ഈ സമുച്ചയത്തിലുള്ളതെന്ന് ഹരീഷ് പറഞ്ഞു. അയാളുടെ നിര്‍ദേശപ്രകാരം മുന്നിലെ റിസപ്ഷന് സമീപം ചെരിപ്പഴിച്ചുവെച്ച് അകത്തേക്ക് കയറി. 

tem
രാധാകൃഷ്ണ ക്ഷേത്രത്തിന്റെ ഉൾഭാഗം

ആദ്യം ചെല്ലുന്നത് പ്രഹ്ലാദ നരസിംഹ ക്ഷേത്രത്തിലേക്കാണ്. വൃത്തിയോടെ പരിപാലിക്കുകയും ക്രമീകരിക്കുകയും ചെയ്തിരിക്കുന്ന ക്ഷേത്രങ്ങളാണെന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍തന്നെ ബോധ്യപ്പെടും. പ്രഹ്ലാദക്ഷേത്രത്തില്‍ ഉപദേവന്‍മാരായി ഹനുമാന്റെയും ഗരുഡന്റെയും പ്രതിഷ്ഠയുണ്ട്. പ്രഹ്ലാദക്ഷേത്രം പിന്നിട്ട് മുന്നോട്ടുപോയാല്‍ ശ്രീനിവാസ കോവിലാണ്. ബാലാജിയാണ് ഇവിടത്തെ പ്രതിഷ്ഠ. തികഞ്ഞ അച്ചടക്കത്തോടെ വന്ന് തൊഴുത് മുന്നോട്ടുനീങ്ങുന്ന ഭക്തന്‍മാരുടെ നീണ്ടനിരയുണ്ട്. ഈ രണ്ട് ക്ഷേത്രങ്ങളും കഴിഞ്ഞാണ് ഇവിടത്തെ പ്രധാന ക്ഷേത്രമായ രാധാകൃഷ്ണ ക്ഷേത്രത്തിലേക്ക് പ്രവേശിക്കേണ്ടത്. വലിയൊരു പ്ലാറ്റ്ഫോമുണ്ട് മുന്നില്‍. ഇവിടെനിന്ന് പടവുകള്‍ കയറി വേണം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍. 

വിശാലമായൊരു ഹാളിന് പിന്നറ്റത്താണ് പ്രതിഷ്ഠ. ഹാളില്‍ നിലത്തിരുന്ന് ഗായകസംഘം ഭജന പാടുന്നു. ഹാര്‍മോണിയവും മൃദംഗവും വായിക്കുന്ന വാദ്യക്കാര്‍ക്ക് നടുവിലിരുന്ന് ഭജനയാലപിക്കുകയാണ് യുവസംന്യാസി. ചുറ്റുമിരിക്കുന്ന ഭക്തന്‍മാര്‍ കൈകൊട്ടി ഏറ്റുപാടുന്നു. രാധാകൃഷ്ണന്‍മാരുടെ മൂന്ന് വലിയ പ്രതിഷ്ഠകളാണ് സ്വര്‍ണപ്രഭ ചൊരിയുന്ന ആദ്യത്തേത് നൃത്തംചെയ്യുന്ന രാധാകൃഷ്ണന്‍മാര്‍. മൂന്നാമത്തേതില്‍ ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണനും രാധയുമാണ്. 
ചെമ്പില്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയതാണ് മണ്ഡപം. ഹാളിന്റെ മേല്‍ക്കൂരയില്‍ ശ്രീകൃഷ്ണന്റെ ജീവിതകഥയില്‍നിന്നുള്ള ദൃശ്യങ്ങള്‍ മനോഹരമായി പെയിന്റ് ചെയ്ത് വെച്ചിരിക്കുന്നു.

museum
ക്ഷേത്രത്തിനകത്തെ സ്റ്റാൾ

ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ ശില്പം സ്ഥാപിച്ച മണ്ഡപവും ഹാളിലുണ്ട്. ക്ഷേത്രദര്‍ശനത്തിനുശേഷം പുറത്തേക്കിറങ്ങുന്നത് ശ്രീകൃഷ്ണന്റെ ചിത്രങ്ങളും ശില്പങ്ങളും സുവനീറുകളും വില്പനയ്ക്കുവെച്ചിരിക്കുന്ന സ്റ്റാളുകളിലേക്കാണ്. മുന്നോട്ട് നടക്കുമ്പോള്‍ മധുരപലഹാരങ്ങളും മറ്റു ഭക്ഷണപദാര്‍ഥങ്ങളും വില്‍ക്കുന്ന സ്റ്റാളുകളുമുണ്ട്. ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാതെ പാകം ചെയ്തിരിക്കുന്ന സസ്യാഹാരമാണ് ഇവിടെ വില്പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. മൈദയും പാലും നെയ്യും പഞ്ചസാരയും ചേര്‍ത്ത് നിര്‍മിച്ച മാല്‍പൂവ എന്ന മധുരപലഹാരം വാങ്ങിക്കഴിച്ചു.

temple
ശ്രീനിവാസ കോവിൽ

നല്ല രുചിയോടെ പാചകം ചെയ്തിരിക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു കാര്യം ഇവിടെയെല്ലാം തികഞ്ഞ വൃത്തിയും അച്ചടക്കവും പാലിക്കുന്ന കാര്യത്തിലുള്ള നിഷ്‌കര്‍ഷയാണ്. പ്രാര്‍ഥനയ്ക്കായെത്തുന്നവരുടെ സൗകര്യങ്ങള്‍ കൂടി പരിഗണിച്ച് ചിട്ടയായി സംവിധാനം ചെയ്തിരിക്കുന്ന ആരാധനാലയമാണിതെന്ന ബോധ്യത്തോടെയാണ് അവിടെനിന്ന് തിരിച്ചുപോന്നത്.

2018 ഒക്ടോബർ ലക്കം യാത്രാ മാസികയിൽ പ്രസിദ്ധീകരിച്ചത്.

cover
യാത്ര വായിക്കാം

content highlights: Radhakrishna Temple in north west Bengaluru built by the International Society of Krishna Consciousness (Iskon)