ഴീക്കോട്ടേക്ക് കുടുംബവുമൊത്തുള്ള യാത്രയിലാണ് കുറച്ചുകാലംമുമ്പ് കണ്ണിലുടക്കിയ ഒരു ചിത്രം മനസ്സിലേക്ക് വന്നത്. അനവധി പടിക്കെട്ടുകളുള്ള ഒരു കുളം. ഭംഗിയുള്ള ചിത്രങ്ങള്‍ എവിടെ കണ്ടാലും അതിന്റെ പിന്നാലെ പോവുന്നത് പതിവാണ്. അങ്ങനെയൊരന്വേഷണത്തില്‍ ആ കുളം കണ്ണൂരുള്ള ഒരു ക്ഷേത്രക്കുളമാണെന്ന് മനസ്സിലാക്കി. കണ്ണൂരിലേക്കൊരു യാത്ര അടുത്തൊന്നും മനസ്സിലില്ലാഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷിച്ചില്ല. പക്ഷേ, യാദൃച്ഛികമായി അഴീക്കോട് വരേണ്ടി വന്നപ്പോള്‍ വീണ്ടും ആ ഓര്‍മ വന്നു. അന്വേഷിച്ചപ്പോള്‍ അത് പെരളശ്ശേരിയിലെ തീര്‍ഥക്കുളമാണെന്നറിഞ്ഞു. 

കണ്ണൂരില്‍നിന്ന് കൂത്തുപറമ്പ് റോഡിലൂടെ ഏതാണ്ട് അരമണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ പെരളശ്ശേരി ഗ്രാമത്തിലെത്താം. ഇവിടത്തെ ക്ഷേത്രം ഒരു പാട് പ്രത്യേകതകള്‍കൊണ്ട് ശ്രദ്ധേയമാണ്. അയ്യപ്പക്ഷേത്രമായിരുന്ന പെരളശ്ശേരിയില്‍ ത്രേതായുഗത്തില്‍ ശ്രീരാമനാണ് സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ ക്ഷേത്രവളപ്പില്‍ രണ്ട് അമ്പലങ്ങളുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രവും അയ്യപ്പക്ഷേത്രവും. കൂടാതെ ഗണപതി പ്രതിഷ്ഠയും ഭഗവതി നാഗ സ്ഥാനങ്ങളും ഇവിടെയുണ്ട്. ഭക്തരെ മാത്രമല്ല വാസ്തുനിര്‍മാണകലയില്‍ താത്പര്യമുള്ളവരെയും ആകര്‍ഷിക്കുന്ന ചിലത് ഇവിടെയുണ്ട്.

Perlassery 4

 

അനവധി പടിക്കെട്ടുകളുള്ള അമ്പലക്കുളമാണ് അതിലൊന്ന്. സാധാരണ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ കാണാത്ത സവിശേഷതയാണ് നാലുവശവും പടിക്കെട്ടുകളുള്ള കുളം. വടക്കേ ഇന്ത്യയിലെ ബാവ്ലി എന്ന് പേരുള്ള പടിക്കിണറുകളോട് സാമ്യംതോന്നുന്ന നിര്‍മിതിയാണ് ഇവിടത്തെ കുളത്തിന്റേത്. സാധാരണയായി കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി മുതലായ സംസ്ഥാനങ്ങളിലാണ് ബാവ്ലികള്‍ കാണപ്പെടുന്നത്. കേരളത്തില്‍ ഇതിനോട് സമാനമായ നിര്‍മിതികള്‍ അധികമില്ല. വെട്ടുകല്ല് കൊണ്ടാണ് പടവുകള്‍ നിര്‍മിച്ചിരിക്കുന്നത്. തുലാസംക്രമദിവസം ഇവിടെ കാവേരിനദിയിലെ പുണ്യതീര്‍ഥം എത്തുന്നു എന്ന് ഐതിഹ്യമുണ്ട്. ധനുമാസത്തിലാണ് ഇവിടെ ഉത്സവം നടക്കാറുള്ളത്. ആറ് ദിവസമാണ് ഉത്സവം. ധനുമാസം നാലിന് കൊടികയറി പതിനൊന്നിന് ആറാട്ടോടുകൂടി ഉത്സവമവസാനിക്കും. ആയില്യം, ഷഷ്ഠി, സംക്രമം, കാവേരീ സംക്രമം തുടങ്ങിയവയാണ് മറ്റു വിശേഷദിവസങ്ങള്‍.

Perlassery 1

 

Perlassery 2കേരളത്തിലെ നാഗാരാധന നടക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് പെരളശ്ശേരി ക്ഷേത്രം. സുബ്രഹ്മണ്യന്‍ പാമ്പായി വന്ന സ്ഥലമാണ് പെരളശ്ശേരിയെന്നാണ് വിശ്വാസം. അതിനാല്‍തന്നെ ഇവിടത്തെ നാഗാരാധന അതിവിശേഷമാണ്. എല്ലാ മലയാള മാസങ്ങളിലെയും ആയില്യം നാളിലാണ് ഇവിടെ നാഗപൂജ നടക്കാറുള്ളത്. നാഗദേവതകള്‍ക്ക് കോഴിമുട്ട സമര്‍പ്പിക്കല്‍ ഇവിടത്തെയൊരു പ്രത്യേക വഴിപാടാണ്. അശോകമരച്ചുവട്ടിലുള്ള സര്‍പ്പക്കൂട്ടില്‍ മുട്ട സമര്‍പ്പിക്കുകയാണ് ചെയ്യുക. ദേവസ്വം ഓഫീസില്‍നിന്ന് വാങ്ങിയോ സ്വന്തം നിലയില്‍ കൊണ്ടു വന്നോ മുട്ട സമര്‍പ്പിക്കാം. ആയില്യം നാളിലല്ലാതെയും ഈ വഴിപാട് നടത്താം. സര്‍പ്പബലി, സര്‍പ്പപൂജ, സര്‍പ്പപരിവാര പൂജ എന്നിവയാണ് പ്രധാനമായും നാഗത്തിനുള്ള വഴിപാടുകള്‍. നാഗങ്ങള്‍ക്ക് നീരും പാലും കൊടുക്കല്‍, മഞ്ഞച്ചോറ് നേദിക്കല്‍ തുടങ്ങിയ വഴിപാടുകളുമുണ്ട്. എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ നാഗാരാധന നടത്താം. സുബ്രഹ്മണ്യ ഭഗവാന്‍ ക്ഷേത്രത്തിനടുത്തുള്ള കിണറ്റില്‍ അഞ്ച് ഫണമുള്ള സര്‍പ്പമായി വളരെക്കാലം കഴിഞ്ഞു കൂടിയെന്നൊക്കെയാണ് കഥ. ശ്രീകോവിലിന്റെ നാലമ്പലത്തിനു വെളിയില്‍ മുറ്റത്ത്, തെക്കു പടിഞ്ഞാറേ കോണിലാണ് നാഗസ്ഥാനം. ശ്രീകോവിലിന്റെ തെക്കു ഭാഗത്തു ഗണപതി പ്രതിഷ്ഠയുമുണ്ട്. അയ്യപ്പ സ്വാമിയുടെ നാലമ്പലത്തിന് മുന്നില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയ ആല്‍മരമുണ്ട്. ആലിനെ വലംവെച്ചു വേണം അയ്യപ്പസ്വാമിയെ തൊഴാന്‍.

 

വനവാസകാലത്ത് രാവണന്‍ സീതയെ അപഹരിച്ചപ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനോടും ഹനുമാനോടുമൊപ്പം തെക്കേ ദിശയിലേക്കു യാത്ര പുറപ്പെട്ടു. യാത്രാമധ്യേ പെരളശ്ശേരിയിലെ അയ്യപ്പന്‍കാവിലെത്തിയ ശ്രീരാമന് അവിടെ സുബ്രഹ്മണ്യ സാന്നിധ്യം അനുഭവപ്പെടുകയും സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. വിഗ്രഹത്തിനാവശ്യമായ ശില കണ്ടെത്താന്‍ ശ്രീരാമന്‍ ഹനുമാനെ ചുമതലപ്പെടുത്തി. വിഗ്രഹം കൊണ്ടുവരാന്‍പോയ ഹനുമാന്‍ പ്രതിഷ്ഠാമുഹൂര്‍ത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ ശ്രീരാമന്‍ തന്റെ കൈയിലെ വള ഊരിയെടുത്ത് ബിംബത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ശിലയുമായെത്തിയ ഹനുമാന്‍ വളയുടെ മുകളില്‍ ബിംബം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച ശ്രീരാമനോട് വള മാറ്റി ബിംബം പ്രതിഷ്ഠിക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ചു. ഒരിക്കല്‍ പ്രതിഷ്ഠിച്ച വള തല്‍സ്ഥാനത്തുനിന്ന് എടുക്കാന്‍ കഴിയില്ല എന്ന് ശ്രീരാമന്‍ പറഞ്ഞു. ബലവാന്‍ എന്ന നാട്യേന ഹനുമാന്‍ വള പിടിച്ച് ആഞ്ഞുവലിച്ചു. വള ഇളകിയില്ല എന്നു മാത്രമല്ല, അതിന്റെ കടയ്ക്കല്‍നിന്ന് ഒരു സര്‍പ്പം ഉയര്‍ന്നു വരികയും വളയെടുക്കരുതെന്ന് അടയാളം കാണിച്ച് തിരികെ പോവുകയും ചെയ്തു. തുടര്‍ന്ന് ശ്രീരാമന്‍ വളയുടെ മുകളില്‍ തന്നെ ബിംബം പ്രതിഷ്ഠിച്ചുവത്രെ. അങ്ങനെ വലിയ വള പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രവും പ്രദേശവും പെരുവളശ്ശേരി എന്നറിയപ്പെട്ടു. കാലക്രമേണ അത് ലോപിച്ച് പെരളശ്ശേരിയായി.

Perlassery 3

ഏകദേശം വൈകുന്നേരത്തോടുകൂടിയാണ് ക്ഷേത്രത്തിലെത്തിയത്. വൈകിട്ട് നാലരയ്ക്കാണ് നട തുറക്കല്‍. തിരക്കൊഴിഞ്ഞ ശാന്തമായ ചുറ്റമ്പലം. അവിടവിടെയായി ചെറിയ തൊട്ടിലുകള്‍ കെട്ടിയിട്ടിരിക്കുന്നു. സന്താനലബ്ധിക്കുള്ള വഴിപാടായിരിക്കണം. തൊഴുതിറങ്ങിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. അമ്പലത്തിനു പുറത്തുള്ള കോലായയില്‍ കുറെ പേരിരുന്ന് വെടിവട്ടം പറയുന്നു. തൊട്ടുമുമ്പിലുള്ള ആല്‍ത്തറയിലും ഒരാള്‍ക്കൂട്ടമുണ്ട്. വൈകുന്നേരങ്ങളില്‍ അമ്പലങ്ങള്‍ സൗഹൃദസദസ്സുകള്‍ കൂടിയാണല്ലോ. തൊട്ടടുത്തുള്ള ബുക്ക്സ്റ്റാളില്‍നിന്ന് പെരളശ്ശേരിയുടെ ചരിത്രം പറയുന്ന പുസ്തകവും വാങ്ങി അഴീക്കോട്ടേക്ക് തിരിച്ചു.