നാട്ടിലൊരു കഥയുണ്ട്. മരംവെട്ടുകാരനായ ഒരാൾക്ക് തന്റെ മഴു നഷ്ടമായി. പലയിടങ്ങളിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കളവ് പോയതാണെന്ന് ഉറപ്പായി. നാട്ടിലെ ചായക്കടയിൽവെച്ച് മഴു കിട്ടിയോ എന്ന് തിരക്കിയവരോട് അയാൾ പറഞ്ഞു, “ഞാനത് ഓടക്കാളിക്ക് നേർന്നിട്ടുണ്ട്'', നാടിന്റെ വിവരസിരാകേന്ദ്രമാണ് ചായക്കട. ഒരാളോട് പറഞ്ഞാൽ ഒമ്പത് പേരിലേക്ക് എത്തും. പിറ്റേദിവസം രാവിലെ മരംവെട്ടുകാരന്റെ വീടിനുമുന്നിൽ മഴുവുണ്ടായിരുന്നു. വിഷയം ഓടക്കാളിക്ക് മുന്നിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് മഴു എടുത്തയാൾ ഭയന്നുപോയിട്ടുണ്ടാകണം. 

Odakkali 2

മഴ ഭദ്രകാളിക്കോലം കെട്ടി ഉറഞ്ഞുതുള്ളിയ ഒരു വൈകുന്നേരമാണ് ഓടക്കാളിയെക്കുറിച്ച് സുഹൃത്തായ രഞ്ജിത്ത് പറയുന്നത്. സിനിമാസംഗീതരംഗത്ത് തുടക്കക്കാരനായ ഞാൻ പല പ്രൊഡ്യൂസർമാരെയും കണ്ട് നിരാശനായി നടക്കുന്ന സമയമാണ്. പ്രശ്നപരിഹാരത്തിന് രഞ്ജിത്ത് നിർദേശിച്ച പരിഹാരമാണ് ഓടക്കാളി. അല്ലെങ്കിൽ തന്നെ "നന്നായി പ്രാർഥിക്കൂ' എന്നതിനേക്കാൾ നല്ല ഉപദേശമില്ലല്ലോ!

Odakkali 3
ദേവീസന്നിധിയിൽ

ഓടക്കാളിയെക്കുറിച്ച് കേട്ടപ്പോൾ കൗതുകം തോന്നി. തെറ്റ് ചെയ്യുന്നവർ ഭയക്കുകയും ഭക്തർ ഇഷ്ടവരത്തിനായി ആശ്രയിക്കുകയും ചെയ്യുന്ന ദേവി. ഒരു ഗ്രാമത്തിന്റെ മുഴുവൻ വിശ്വാസവും ഭക്തിയും ആ സാകേതത്തെ പ്രദക്ഷിണം ചെയ്യുന്നു. രുദ്രരൂപത്തിന്റെ നിഗൂഢമായ വശ്യതയിലേക്ക് ഞാനും ആകർഷിക്കപ്പെട്ടു.  കോഴിക്കോട് ജില്ലയിൽ താമരശ്ശേരിക്ക് അടുത്ത് എകരൂൽ അങ്ങാടിയിൽ നിന്ന് രണ്ടര കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ ഓടക്കാളിക്കാവിലെത്താം. പ്രകൃതിരമണീയമായ മാനാംകുന്നിന്റെയും കൊയിലോക്കുന്നിന്റെയും മടിത്തട്ടിലെ കൊച്ചരുവിയുടെ ഓരത്ത്, ഇടതൂർന്ന വൃക്ഷലതാദികൾക്ക് ഉള്ളിലാണ് ക്ഷേത്രം. ഭയഭക്തിപൂർണം എന്നുവിശേഷിപ്പിക്കാവുന്ന അന്തരീക്ഷം. പ്രണവ മന്ത്ര ധ്വനികൾപോലെ കാതിനിമ്പമേകുന്ന ദലമർമരങ്ങൾ. മനസ്സ് അവിടെ അലിഞ്ഞു ചേരാൻ അധിക സമയമൊന്നും വേണ്ട. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഇവിടേക്ക് പ്രവേശനം.

Odakkali 4
പൂജയ്ക്കുള്ള ഒരുക്കം

പ്രാചീനകാലത്ത് ഒരു നമ്പൂതിരിയില്ലത്ത് ആരാധിക്കപ്പെട്ട ദേവീസങ്കല്പമായിരുന്നു ഓടക്കാളിയമ്മ എന്നാണ് ഐതിഹ്യം. തലമുറകൾ മാറിയപ്പോൾ പൂജാദികർമങ്ങളിലൊക്കെ അനാസ്ഥയായി. ദേവി ഇല്ലംവിട്ട് കുറച്ചകലെ കരിമ്പില്ലിക്കാവിലെത്തി. ശാക്തേയ പൂജാദികർമങ്ങളിൽ ആകൃഷ്ടരായി വരുന്ന ദേവീ ദേവന്മാരുടെ ആരൂഢമാണ് കരിമ്പില്ലിക്കാവ്. ശാക്തേയ കർമങ്ങളിൽ താത്പര്യമില്ലാത്ത ദേവി അവിടെ അസാ ധാരണ ചൈതന്യമുള്ള ഒരു ഉപാസകനെ ശ്രദ്ധിക്കുകയും അയാളുടെ ഓലക്കുടയിൽ കുടികൊള്ളുകയും ചെയ്തു. അങ്ങനെയാണ് ദേവി ഇന്നത്തെ ക്ഷേത്രാങ്കണത്തിൽ എത്തിയതെന്ന് ഭക്തർ വിശ്വസിക്കുന്നു.

Odakkali 5
വിശ്വാസത്തിന്റെ നീരും പൂവും

മാതൃദേവതയുടെ തൊട്ടടുത്തായി ഗുരുസ്ഥാനവും കരിയാത്തൻ ദൈവത്തിന്റെ പ്രതിഷ്ഠയുമുണ്ട്. കൗളാചാരപ്രകാരമാണ് ഇവിടെ ദേവിയെ ആരാധിക്കുന്നത്. കോഴിയെ ഗുരുതികൊടുക്കുന്ന വഴിപാട് ഇവിടെ പ്രശസ്തമാണ്. മനംനൊന്തുവിളിച്ചാൽ ദേവി വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. കുന്നും മലയും കാടും കുളവുമെല്ലാം അളവറ്റ ദൈവികചൈതന്യം വഴിഞ്ഞാഴുകുന്ന ദേവതാസ്ഥാനങ്ങളായി നമ്മൾ കണ്ടുവരുന്നു. പ്രകൃതിതന്നെ ഈശ്വരഭാവം കൈവരിക്കുന്ന മറ്റൊരു ക്ഷേത്രമാണ് ഓടക്കാളിക്കാവ്. പ്രകൃതിയെത്തന്നെ മാതൃഭാവത്തിൽ ആരാധിക്കുന്ന ഗോത്രസംസ്കാരത്തിന്റെ പിൻതുടർച്ചയിൽ ഈ ഭൂമിക ചൈതന്യപൂർണമാകുന്നു.

TRAVEL INFO

Odakkali Temple is located at Ekarool in Kozhikode District.

Yathra subscription
യാത്ര വാങ്ങാം

GETTING THERE

By Road: The temple is almost 3 kilometers from Koyilandy Thamarassery road through Ekarool Kappiyil Kinaloor road. One can take Koyilandy- Thamarassery bus from Calicut city

SITES AROUND

  • Kappad beach
  • Kadalundi bird sanctuary

Contact

Odakkalikkavu Temple offfice Ph: 0496-2647474, 9605989415

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Odakkali temple, Odakkalikkavu, pilgrimage, spiritual travel, mathrubhumi yathra