കേരളത്തില്‍നിന്ന് ഇന്ത്യയുടെ വടക്കേ അറ്റത്തേക്ക് ഒരു യാത്രപോയി. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന നാരോപ ഉത്സവം കാണാനായിരുന്നു യാത്ര. ലഡാക്കിലെ ഹെമിസിലേക്കുള്ള യാത്രയില്‍ കണ്ടത് വ്യത്യസ്തമായ ഒട്ടേറെ കാഴ്ചകളാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ പരമ്പരാഗത ബുദ്ധിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ പ്രചാരകനായിരുന്ന നാരോപ എന്ന പണ്ഡിതന്റെ സ്മരണാര്‍ഥം 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മേളയാണ് നാരോപ ഫെസ്റ്റിവല്‍. 

1980-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്ത ആദ്യ ഫെസ്റ്റിവലില്‍ അരലക്ഷത്തോളം വിശ്വാസികളാണെത്തിയത്. പിന്നീട് 1992-ല്‍ എണ്‍പതിനായിരത്തോളം വിശ്വാസികളും 2004-ല്‍ 1,35,000 പേരും പങ്കെടുത്തു. 2016-ലെ മേളയില്‍ ദ്രുക്പ ബുദ്ധസന്ന്യാസി വിഭാഗത്തിന്റെ ആത്മീയാചാര്യനായ ഗ്യാല്‍വാങ് ദ്രുക്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാന ചടങ്ങുകള്‍ ഒരാഴ്ചയോളം നീണ്ടുനിന്നു. നാരോപ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും നിരവധിപേര്‍ എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും ഇവിടെ അരങ്ങേറി. ശ്രേയാ ഘോഷാല്‍, ശിവമണി, ശങ്കര്‍ മഹാദേവന്‍ തുടങ്ങി പ്രമുഖ കലാകാരന്മാര്‍ വ്യത്യസ്ത ദിവസങ്ങളിലായി പരിപാടികള്‍ അവതരിപ്പിച്ചു.

Naropa Festival Ladakh

Naropa Festival Ladakh

Naropa Festival Ladakh

Naropa Festival Ladakh

ഇത്തവണത്തെ നാരോപ ഫെസ്റ്റിവലിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ടായിരുന്നു. നാരോപയുടെ ജനനത്തിന്റെ ആയിരാമത്തെ വര്‍ഷംകൂടിയായിരുന്നു. ബുദ്ധമതാനുയായികള്‍ക്കിടയില്‍ വളരെ വിശേഷപ്പെട്ട ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഭൂട്ടാന്‍, തായ്ലാന്‍ഡ്, നേപ്പാള്‍, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം വിശ്വാസികള്‍ എത്തിയിരുന്നു. 2000-ത്തിലധികംവരുന്ന കുങ്ഫു സന്ന്യാസിനിമാര്‍ എന്നറിയപ്പെടുന്ന വിഭാഗം നേപ്പാളില്‍നിന്ന് ലഡാക്കിലെ ഹെമിസിലേക്കു നടത്തിയ സൈക്കിള്‍യാത്രയും വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആത്മീയാചാര്യന്മാരുടെ പ്രസംഗങ്ങളില്‍ മാനവികതയുടെയും പ്രകൃതിസ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും നിരവധി സന്ദേശങ്ങള്‍ നിറഞ്ഞുനിന്നു. ഇനി അടുത്ത ഫെസ്റ്റിവല്‍ 2028-ല്‍. അതുവരെ ആത്മീയ ആചാര്യന്മാര്‍ പകര്‍ന്നുതരുന്ന ആധ്യാത്മികപ്രഭാവത്തിന്റെ വിശുദ്ധവെളിച്ചത്തില്‍ വിശ്വാസികള്‍ ജീവിക്കും. 

Naropa Festival Ladakh

Naropa Festival Ladakh